പരീക്ഷണങ്ങളിൽ പതറാതിരിക്കുക

മെഹബൂബ്‌ മദനി ഒറ്റപ്പാലം

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

കൊടും പരീക്ഷണങ്ങളിൽ പതറാതെ പോരാടി സ്വർഗം നേടിയെടുത്തവരാണ്‌ പ്രവാചകൻമാർ. മട്ടുപ്പാവിൽ അന്തിയുറങ്ങിയും അധികാരത്തിന്റെ മേലങ്കിയണിഞ്ഞും ഭൗതിക പ്രമത്തദകളിൽ മുഴുകി കാലം കഴിച്ചുകൊണ്ടുമായിരുന്നില്ല അവർ ലോകത്തിന്‌ മാതൃകകളായത്‌. ആദർശ പ്രബോധന രംഗത്ത്‌ കൂരമ്പുകൾ കണക്കെ തുടർച്ചയായ പരീക്ഷണങ്ങൾ ഏറ്റുവാങ്ങിയപ്പോഴും ആ സാത്വികൻമാർ വിശ്വാസത്തിൽ അധിഷ്ഠിതമായ ക്ഷമയും പ്രാർഥനയുമായി അതിനെയെല്ലാം അതിജയിച്ചു. സത്യമതത്തിന്റെ പ്രകാശത്തെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളാരായിരുന്നാലും അവർക്കൊന്നും അന്തിമ വിജയമുണ്ടായിട്ടില്ലെന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. തീർച്ചയായും ആ യാഥാർഥ്യം തന്നെയാണ്‌ ഈ പ്രബോധനത്തിന്റെ വഴിത്താരയിൽ അഗ്നിപർവത സ്ഫോടനങ്ങൾ കണക്കെ പ്രതിസന്ധികളുണ്ടായാലും അതിനോടെല്ലാം അവധാനതയോടു കൂടി പ്രതികരിച്ച്‌ ലക്ഷ്യത്തിലേക്കു നീങ്ങുവാൻ വിശ്വാസികളായ നമുക്കും പ്രചോദനം നൽകുന്നത്‌.

ഇഹലോക ജീവിതത്തെ തീർത്തും ഒരു പരീക്ഷണാലയമായിക്കൊണ്ടാണ്‌ വിശ്വാസികൾ നോക്കിക്കാണേണ്ടത്‌. പ്രപഞ്ച നാഥൻ പറയുന്നത്‌ കാണുക: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക്‌ സന്തോഷ വാർത്ത അറിയിക്കുക“ (2:155).

ജീവിതത്തിന്റെ വിവിധ മേഖലകളിലെല്ലാം തന്നെ റബ്ബിന്റെ പരീക്ഷണങ്ങൾ ഉണ്ടാവാമെന്ന യാഥാർഥ്യമാണ്‌ ഈ വചനം നമ്മെ പഠിപ്പിക്കുന്നത്‌. പ്രത്യക്ഷത്തിൽ അതെല്ലാം നമുക്ക്‌ പ്രയാസകരമായി അനുഭപ്പെട്ടാലും അതിലെല്ലാം നാമറിഞ്ഞതും അറിയാത്തതുമായ നന്മകൾ ഉണ്ടെന്ന സത്യം നമ്മൾ അംഗീകരിച്ചേ മതിയാകൂ.

പരീക്ഷണങ്ങളിൽ പതറിപ്പോകേണ്ടവരല്ല വിശ്വാസികൾ. ഒരു പ്രയാസം വരുമ്പോഴേക്ക്‌ റബ്ബിന്‌ ഇഷ്ടമില്ലാത്ത മേഖലകളിലേക്ക്‌ തിരിയുക എന്നത്‌ വലിയ നന്ദികേടുതന്നെയാണ്‌. എന്തു പ്രതിസന്ധി നേരിട്ടാലും നമുക്ക്‌ സംരക്ഷണം തേടാനുള്ളതും സുരക്ഷ നൽകുന്നതും റബ്ബ്‌ മാത്രമാണ്‌. അവനിലാണ്‌ നാം ഭരമേൽപിക്കേണ്ടത്‌. റബ്ബിനിഷ്ടമില്ലാത്തതായാലും ചിലതൊക്കെ പറയുകയും പ്രചരിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ കുഴപ്പമില്ലെന്നും ഭൗതികനേട്ടത്തിനതൊക്കെ ആവശ്യമാണെന്നും വിചാരിക്കുന്നവൻ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന്‌ പറയാതെ വയ്യ. പിശാച്‌ അവന്റെ വിശ്വാസത്തെയാണ്‌ നശിപ്പിച്ചു കളയുന്നത്‌. തനിക്കുള്ള ഉപജീവനം മുമ്പേ അല്ലാഹു കണക്കാക്കിയതാണെന്നും ആരു വിചാരിച്ചാലും അത്‌ മുടക്കാൻ സാധിക്കില്ലെന്നുമുള്ള അടിസ്ഥാന കാര്യം അത്തരക്കാർ വിസ്മരിക്കുന്നു. പരീക്ഷണത്തിന്റെ ഘട്ടങ്ങളിൽ പിശാച്‌ മനുഷ്യരെ വഴിതെറ്റിക്കുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണിത്‌. അല്ലാഹു എല്ലാവർക്കും സന്മാർഗം പ്രദാനം ചെയ്യുമാറാകട്ടെ.

എന്നാൽ എത്ര വലിയ പ്രതിസന്ധി നേരിട്ടാലും യഥാർഥ വിശ്വാസികൾക്ക്‌ അല്ലാഹുവിനെ കുറിച്ച്‌ സദ്വിചാരമല്ലാതെ ഉണ്ടാവുകയില്ല. സത്യപാതയിൽ അടിയുറച്ചു നിന്നാൽ നിലവിലുള്ള ജോലി നഷ്ടപ്പെട്ടെന്നു വരാം. ജനങ്ങളുടെ ആക്ഷേപങ്ങളും കുത്തുവാക്കുകളും ഒരുപാട്‌ കേൾക്കേണ്ടി വന്നേക്കാം. കുടുംബക്കാർ അകറ്റിയേക്കാം. മഹല്ലു ഭാരവാഹികളുടെ ബഹിഷ്കരണം ഉണ്ടായേക്കാം. സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടെന്നു വരാം. സുഹൃദ്‌ ബന്ധങ്ങൾ അറ്റുപോയേക്കാം. അങ്ങനെ എത്രയെത്ര പ്രയാസങ്ങൾ...! എന്നാൽ എത്ര പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നാലും വിശ്വാസികൾക്കതിൽ സങ്കടമില്ല. കാരണം അല്ലാഹു അവനിഷ്ടപ്പെട്ടവരെ ഏറെ പരീക്ഷങ്ങൾക്ക്‌ വിധേയരാക്കുമെന്ന്‌ റസൂൽ(സ്വ) അവരെ പഠിപ്പിച്ചിട്ടുണ്ട്‌. ആ നേതാവിന്റെ അധ്യാപനങ്ങളെ നെഞ്ചോട്‌ ചേർത്ത്‌ പിടിക്കാൻ അവസരം നൽകിയ റബ്ബിനെ സന്തോഷത്തോടെ സ്തുതിക്കാനേ അവർക്ക്‌ സാധിക്കൂ.

ഇക്കാര്യം സത്യപ്പെടുത്തുന്നതാണ്‌ നബി(സ്വ)യുടെ ജീവിതം. ജീവിതത്തിലൊരിക്കലും ഒരു പിതാവിന്റെ ലാളനയേൽക്കാൻ പ്രവാചകന്‌ അവസരം ലഭിച്ചില്ല. സ്നേഹിച്ച്‌ കൊതിതീരും മുമ്പേ മാതാവും മരണപ്പെട്ടു. നാട്ടുകാരുടെ പരിഹാസം നബി(സ്വ)ക്ക്‌ കേൾക്കേണ്ടി വന്നു. ഭ്രാന്തനെന്നും പ്രശ്നക്കാരനെന്നും അവർ തിരുനബി(സ്വ)യുടെ മുഖത്ത്‌ നോക്കി വിളിച്ചു. ത്വാഇഫിൽ വെച്ച്‌ കുടുംബക്കാർ അദ്ദേഹത്തെ കല്ലെറിഞ്ഞോടിച്ചു. പട്ടിണികൊണ്ട്‌ വീട്ടിൽ നിന്നിറങ്ങി നടന്ന അവസ്ഥ തിരുമേനിയുടെ ജീവിതത്തിലുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ അദ്ദേഹം ഏറ്റുവാങ്ങി. പ്രിയ പത്നി ഖദീജ്യയെ നബി(സ്വ) ജീവിച്ചിരിക്കേ അല്ലാഹു തിരിച്ചുവിളിച്ചു. ഉണ്ടായ ആൺകുഞ്ഞുങ്ങളെല്ലാം പ്രവാചകന്റെ കൺമുമ്പിൽ വെച്ച്‌ പരലോകത്തേക്ക്‌ യാത്രയായി. തനിക്കു വേണ്ടി ജീവൻ കൊടുക്കാൻ വരെ തയാറായ അനുയായികളുടെ പിച്ചിച്ചീന്തപ്പെട്ട മൃതദേഹങ്ങൾക്ക്‌ മുന്നിൽ നിസ്സഹായനായി നിന്ന്‌ കണ്ണുനീർ വാർത്ത്‌ പ്രാർഥിക്കേണ്ട അവസ്ഥ പുണ്യറസൂലിന്റെ ജീവിതത്തിലുണ്ടായി. ഉഹ്ദിന്റെ രണാങ്കണത്തിൽ ആ തിരുദേഹത്ത്‌ നിന്ന്‌ രക്തമൊഴുകി. രോഗങ്ങൾ പ്രവാചകനെ അലട്ടി. അങ്ങനെ മരണംവരെ നിലനിന്ന പരീക്ഷങ്ങളുടെ വേലിയേറ്റമാണ്‌ നബി(സ്വ)യുടെ ജീവിതത്തിൽ നമുക്ക്‌ ദർശിക്കാനാവുന്നത്‌ .

ഇതുകൊണ്ടൊന്നും ആദർശ പ്രബോധന രംഗത്തുനിന്ന്‌ ഒരു തരിമ്പ്‌ പോലും നബി(സ്വ) പിൻമാറിയിട്ടില്ല. ആരോപണങ്ങളെ സധൈര്യം നേരിട്ടു. അതുകൊണ്ട്‌ തന്നെ അല്ലാഹുവിന്റെ സഹായം നിറഞ്ഞൊഴുകി. ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ നമുക്ക്‌ ചെയ്യാനുള്ളതും മറ്റൊന്നല്ല. മുന്നിലുള്ള പ്രതിസന്ധികളെത്ര വലുതായാലും അവ പ്രവാചകനും അനുയായികളും അനുഭവിച്ചതിന്റെ അടുത്തൊന്നും എത്തുന്നതല്ല എന്ന തിരിച്ചറിവ്‌ നമുക്കുണ്ടാവണം. സലഫുകളുടെ പാതയിലൂടെ മുന്നോട്ടു പോയാൽ റബ്ബിന്റെ സഹായമുണ്ടാവുമെന്നുറപ്പാണ്‌.

നമുക്ക്‌ ലഭിക്കുന്ന പ്രതിഫലത്തിന്റെ വലിപ്പം പരീക്ഷങ്ങളെ അടിസ്ഥാനമാക്കിയാണെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്‌. അനസ്‌(സ്വ)വിൽ നിവേദനം നബി(സ്വ) പറഞ്ഞു: “പ്രതിഫലത്തിന്റെ വലിപ്പം പരീക്ഷണത്തിന്റെ വലിപ്പത്തിനനുസരിച്ചാണ്‌. നിശ്ചയം അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കും. അപ്പോൾ ആരെങ്കിലും തൃപ്തിപ്പെട്ടാൽ (അല്ലാഹുവിന്റെ) തൃപ്തി അവനുണ്ട്‌. ആരെങ്കിലും അസംതൃപ്തനായാൽ അല്ലാഹുവിന്റെ കോപം അവനുണ്ട്‌” (തിർമിദി).

സത്യവിശ്വാസികളെ പൂർണമായി ശുദ്ധീകരിക്കലും പരീക്ഷണങ്ങളുടെ ലക്ഷ്യമാണ്‌. ഉഹ്ദിന്റെ രണാങ്കണത്തിൽ വിശ്വാസികൾക്ക്‌ കഠിനമായ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. അതിന്റെ പിന്നിലുള്ള യുക്തിയെ കുറിച്ച്‌ അല്ലാഹു പറയുന്നത്‌ കാണുക: “നിങ്ങൾ ദൗർബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്‌. നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ്‌ ഉന്നതൻമാർ. നിങ്ങൾക്കിപ്പോൾ കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിൽ (മുമ്പ്‌) അക്കൂർട്ടർക്കും അതുപോലെ കേടുപാടുകൾ പറ്റിയിട്ടുണ്ട്‌. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപചയങ്ങൾ ആളുകൾക്കിടയിൽ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും നിങ്ങളിൽ രക്തസാക്ഷികളെ ഉണ്ടാക്കിത്തീർക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല. അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കാൻ വേണ്ടിയും സത്യനിഷേധികളെ ക്ഷയിപ്പിക്കുവാൻ വേണ്ടിയും കൂടിയാണത്‌. അതല്ല നിങ്ങളിൽ നിന്ന്‌ ധർമസമരത്തിൽ ഏർപെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങൾക്ക്‌ സ്വർഗത്തിൽ പ്രവേശിച്ചുകളയാമെന്ന്‌ നിങ്ങൾ വിചാരിച്ചിക്കുകയാണോ?” (ആലുഇംറാൻ 139-142). ഉഹ്ദിലുണ്ടായ പരീക്ഷങ്ങളുടെ ലക്ഷ്യം ഈ ആയത്തുകൾ വ്യക്തമാക്കുന്നുണ്ട്‌.

മാത്രമല്ല പരീക്ഷണങ്ങളിലൂടെ വിശ്വാസികൾ അല്ലാഹുവിന്റെ കഴിവിനെ കുറിച്ച്‌ കൃത്യമായി മനസ്സിലാക്കുന്നു. അഹങ്കാരമില്ലാതെ റബ്ബിന്‌ കീഴൊതുങ്ങാൻ അവരെ ഇത്‌ പ്രാപ്തരാക്കുന്നു. അല്ലാഹു പറയുന്നത്‌ കാണുക: “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്‌ മുമ്പ്‌ തന്നെ ഒരു രേഖയിൽ ഉൾപ്പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്‌). നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും നിങ്ങൾക്ക്‌ അവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല“ (അൽഹദീദ്‌ 22,23).

ഏത്‌ തരത്തിലുള്ള പരീക്ഷങ്ങളിലും അത്യന്തികമായി വിശ്വാസികൾക്ക്‌ നന്മയാണുള്ളതെന്ന തിരിച്ചറിവോടുകൂടി സത്യപാതയിൽ അടിയുറച്ച്‌ നിന്ന്‌ കാലിടറാതെ മുന്നേറാൻ നാം ശ്രമിക്കുക.

0
0
0
s2sdefault