പള്ളിനിര്‍മാണം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡോ. അബ്ദുറസാഖ് സുല്ലമി 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

പള്ളികള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. നബി(സ്വ) മദീനയില്‍ എത്തിയ ഉടനെ ചെയ്ത ദൗത്യം മസ്ജിദുന്നബവിയുടെ നിര്‍മാണമാണ്. ഇബ്‌റാഹീം(അ) ഇറാഖിലെ ബാബിലോണിയായിലെ ഊര്‍ ഗ്രാമത്തില്‍നിന്നെത്തിയ ഉടനെ ഫലസ്തീനിലെ ഹൈബ്രോണ്‍ ഗ്രാമത്തില്‍ പള്ളിനിര്‍മിക്കുകയാണ് ആദ്യം ചെയ്തത്. 

പള്ളികള്‍ മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാനുള്ളത് മാത്രമല്ല. നബി(സ്വ)യുടെ പ്രവര്‍ത്തനകേന്ദ്രം തന്നെ പള്ളിയായിരുന്നു. അനേകം പള്ളികള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. പുതിയ പള്ളികള്‍ ഉയര്‍ന്ന് കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇന്നും ശ്രദ്ധിക്കാത്ത ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്താന്‍ വേണ്ടിയാണ് ഇത് എഴുതുന്നത്. 

തൗഹീദ് അനുസരിച്ചുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തനം നടത്താന്‍ പുതിയ ഒരു പള്ളി നിര്‍മിച്ചേ തീരൂ എന്ന് തോന്നുന്ന ഘട്ടത്തിലാണ് ഒരു മഹല്ലില്‍ പുതിയ പള്ളി നിര്‍മിക്കേണ്ടത്. മാത്രമല്ല, സ്ഥലം കിട്ടിയാല്‍ കുറെ വര്‍ഷം അത് വെറുതെ ഇടരുത്. സ്ഥലത്തിന് സംഭാവന ചെയ്തവര്‍ അവിടെ നമസ്‌കാരം നടക്കുന്നതിന് വേണ്ടിയാണല്ലോ അത് തന്നത്. അതിനാല്‍ മുപ്പതോ നാല്‍പതോ ലക്ഷങ്ങളുടെ പ്ലാനല്ല ആദ്യം ഇടേണ്ടത്. അമ്പതിനായിരമോ ഒരുലക്ഷമോ ചെലവാക്കി ഷെഡ്ഡ് കെട്ടി നമസ്‌കാരവും ജുമുഅയും തുടങ്ങുക. പിന്നെ പണം കിട്ടുമ്പോള്‍ നല്ല ബില്‍ഡിംഗ് ഉണ്ടാക്കാം. സംഘടനാപരമായുള്ള ആവേശവും വാശിയുമായിരിക്കരുത് പള്ളിനിര്‍മാണത്തിന്റെ പ്രേരണ. അല്ലാഹുവിന്റെ ദീനിന്റെ ഒരുപ്രവര്‍ത്തന കേന്ദ്രം എന്ന നിയ്യത്താണെങ്കില്‍ മാത്രമെ അതിന് പരലോകത്ത് പുണ്യം ലഭിക്കുകയുള്ളൂ.

നബി(സ്വ)യുടെ കാലത്ത് പള്ളികള്‍ക്ക് മിനാരമില്ല. നാല് ഖലീഫമാരുടെ കാലത്തും ഇല്ല. പിന്നീട് ഉമവിയ്യാ കാലത്താണ് മിനാരം ഉണ്ടായത്. അനേകം ബില്‍ഡിംഗുകള്‍ക്കിടയില്‍ നിന്ന് പള്ളി തിരിച്ചറിയാന്‍ ആവശ്യമായ ഒരു മിനാരം മതി. പ്രൗഢിക്ക് വേണ്ടിയാകരുത് മിനാരമുണ്ടാക്കുന്നത്.  

ജമാഅത്ത് നമസ്‌കാരം കഴിഞ്ഞാല്‍ തിരക്കുള്ളവര്‍ക്ക് പോകാന്‍ പറ്റുന്ന വിധം പുറത്തിറങ്ങാന്‍ ക്വിബ്‌ലയുടെ ഭാഗത്ത് വാതില്‍ ഉണ്ടാക്കണം. എങ്കില്‍ വൈകി എത്തിയവര്‍ അവരുടെ നമസ്‌കാരം പൂര്‍ത്തിയാക്കുന്നത് കാരണം ആളുകള്‍ക്ക് ബ്ലോക്ക് ഉണ്ടാവില്ല.

എത്ര കടുത്ത വേനലിലും വുദൂഅ് ചെയ്യാന്‍ വെള്ളം പള്ളികളില്‍ എത്തിക്കുന്നു. വുദൂഅ് എടുക്കുന്ന സ്ഥലം കുറച്ച് ഉയരത്തില്‍ ഉണ്ടാക്കിയാല്‍ പള്ളി കോമ്പൗണ്ടില്‍ കൃഷിയുണ്ടാക്കുകയോ, പൂന്തോട്ടം നിര്‍മിക്കുകയോ ചെയ്ത് അതിലേക്ക് വുദൂഇന്റെ വെള്ളം തിരിച്ചുവിടാം. എന്നാല്‍ ഇപ്പോള്‍ എല്ലാ പള്ളികളും ഇക്കാര്യം ശ്രദ്ധിക്കാതെ വെള്ളം പാഴാക്കുകയാണ്.

കൂടുതല്‍ ഫണ്ട് ഉണ്ടെങ്കില്‍ പള്ളിയുടെ പ്രാര്‍ഥനാ ഹാളിന് പുറമെ ഇമാമിന്റെ റൂം, ഗസ്റ്റ് റൂം, റീഡിംഗ് റൂം, ലൈബ്രറി, സംഘടനാ ഓഫീസ്, ഓഡിറ്റോറിയം എന്നിവയും ഉണ്ടാക്കാം. എങ്കില്‍ പഠനക്ലാസ്സുകളോ ക്യാമ്പുകളോ ഉണ്ടാക്കുമ്പോള്‍ ആര്‍ക്കും അതില്‍ പങ്കെടുക്കാം. മാത്രമല്ല, ജമാഅത്ത് നമസ്‌കാരങ്ങള്‍ മുടങ്ങുകയുമില്ല. പള്ളികള്‍ എപ്പോഴും സജീവമാവുകയും ചെയ്യും.

ഇപ്പോഴത്തെ അവസ്ഥയില്‍ ഒരാള്‍ക്ക് ടോയ്‌ലറ്റില്‍ പോവണമെന്ന് തോന്നിയാല്‍ ടോയ്‌ലറ്റിന്റെ താക്കോലിന് ഇമാമിനെ തിരഞ്ഞ് നടക്കേണ്ട ഗതികേടാണ് ഉള്ളത്. ഇതിന് മാറ്റം വരണം. സോക്‌സ് അഴിക്കാതെ തന്നെ ഷൂ ഇട്ട് മൂത്രമൊഴിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ടോയ്‌ലറ്റുകള്‍ നിര്‍മിക്കണം. 

സോക്‌സ് അഴിക്കാതെ തടവുന്നവര്‍ക്ക് സോക്‌സ് നനയാതെ വുദൂഅ് ചെയ്യാനും സൗകര്യം വേണം. മിക്ക ആളുകളും പാന്റ്‌സ് ഇടുന്നതിനാല്‍ യൂറോപ്യന്‍ ടോയ്‌ലറ്റും, ഹാന്റ് ഷവറും വേണം. പള്ളിപരിസരം കാടും പൊന്തയും പ്ലാസ്റ്റിക്കും പേപ്പറും നിറഞ്ഞ് കിടക്കരുത്. പൂന്തോട്ടവും പുല്‍മേടുമുണ്ടെങ്കില്‍ മനസ്സുകളെ ആകര്‍ഷിക്കും. 

അഞ്ച് നേരത്തെ ഇമാമത്ത് മാത്രമാവരുത് ഇമാമുകളുടെ ജോലി. പള്ളിയില്‍ നിന്ന് അധികം ദൂരെയല്ലാത്ത സ്ഥലത്ത് പള്ളി ഇമാമിന് എന്തെങ്കിലും ജോലിനല്‍കിയാല്‍ ഇമാമിന്റെ സമയം നഷ്ടപ്പെടുകയില്ല. അദ്ദേഹത്തിന് ജീവിക്കാന്‍ മാന്യമായ വരുമാനവും കിട്ടും.

അടുക്കിവെക്കാവുന്ന കസേരകളും ഭാരം കുറഞ്ഞ ഡസ്‌കുകളും ഉണ്ടായാല്‍ പള്ളിയുടെ മുകളില്‍ തന്നെ മദ്‌റസ നടത്താം.

ഇപ്പറഞ്ഞതിനെല്ലാം പണം ഉണ്ടായിട്ട് തുടങ്ങാം എന്ന് വിചാരിച്ച് കാത്തിരിക്കേണ്ട. ഷെഡ്ഡ് കെട്ടി പ്രവര്‍ത്തനം തുടങ്ങാം.  

ശക്തമായ ഇസ്രായേല്‍ ബോംബിംഗില്‍ പള്ളികള്‍ തകര്‍ന്നാല്‍ ഉടന്‍തന്നെ ഷെഡ്ഡ് കെട്ടി ജമാഅത്തും ജുമുഅയും നിര്‍വഹിക്കുന്ന ഗസ്സാ നിവാസികള്‍ ഇക്കാര്യത്തില്‍ നമുക്ക് മാതൃകയാണ്. 

രണ്ടോ മൂന്നോ സ്വഫ്ഫിന് ആളുകള്‍ തികയാത്ത സ്ഥലങ്ങളിലും വലിയ പള്ളികള്‍ നിര്‍മിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം. ആവശ്യത്തിനനുസരിച്ചാണ് നിര്‍മിക്കേണ്ടത്.

തന്റെ മക്കള്‍ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആയിരങ്ങള്‍ ഫീസ് അടക്കാന്‍ മടിയില്ലാത്ത വ്യക്തികള്‍ പള്ളിക്കും ഇമാമിനും മദ്‌റസാ അധ്യാപകര്‍ക്കും അല്‍പം ശമ്പളം കൂട്ടുന്നതിനെ ശക്തിയായി എതിര്‍ക്കുന്നത് നീതിബോധമില്ലാത്ത പ്രവര്‍ത്തനമാണ്. പള്ളി ഇമാമിനും മദ്‌റസ അധ്യാപകര്‍ക്കും അര്‍ഹമായ ആദരവും മാന്യമായ ശമ്പളവും നല്‍കാന്‍ കമ്മിറ്റിക്കാര്‍ തയ്യാറാവാത്തതാണ് ഈ രംഗത്തേക്ക് പഠിപ്പും യോഗ്യതയുമുള്ളവര്‍ കടന്നുവരാതിരിക്കാന്‍ പ്രധാന കാരണം.

കമ്പ്യൂട്ടറുകള്‍ വളരെ വ്യാപകമാണെങ്കിലും ഇപ്പോഴും മദ്‌റസ പഠനരംഗം കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് പരിഷ്‌കരിക്കുന്ന കാര്യത്തില്‍ വളരെ പിന്നോക്കമാണ്. കുറച്ച് ബോധവും കാഴ്ചപ്പാടും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് ബോറടിക്കാതെ മദ്‌റസ വിദ്യാഭ്യാസം കൂടുതല്‍ ഫലവത്താക്കാം.

0
0
0
s2sdefault