പക്ഷം ചേരുമ്പോൾ ശ്രദ്ധിക്കേണ്ടത്‌

അബൂ അമീൻ

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29
“സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ” (ക്വുർആൻ 43:67).

 

പലതിന്റെയും പേരിൽ പരസ്പര സ്നേഹബന്ധങ്ങളുള്ളവരും പക്ഷം ചേരുന്നവരുമാണ്‌ മനുഷ്യരിൽ ഭൂരിഭാഗവും. ഭൗതികലാഭങ്ങൾക്ക്‌ വേണ്ടിയും സ്വന്തം താൽപര്യങ്ങളെയും അഭിപ്രായങ്ങളെയും പിന്തുണക്കുന്നതിന്റെ പേരിലുമെല്ലാം ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നവരുണ്ട്‌. അത്തരം കൂട്ടുകെട്ടുകളുടെ പേരിൽ എന്തും ചെയ്യാനും ചെലവഴിക്കാനും തയ്യാറാകുന്നവർ സത്യവും നീതിയുമൊന്നും നോക്കാനോ ഗൗനിക്കാനോ സന്നദ്ധരാവുകയുമില്ല.

എന്നാൽ ഒരു വിശ്വാസി സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത്‌ നിലയുറപ്പിക്കാനാണ്‌ നിർദേശിക്കപ്പെട്ടിട്ടുള്ളത്‌. സ്വന്തം മാതാപിതാക്കൾക്കെതിരാണെങ്കിൽ പോലും നീതിയുടെയും നന്മയുടെയും ചേരിയിൽ അണിചേരാൻ പരിശ്രമിക്കുകയും അതിന്‌ അനുഗ്രഹിക്കാൻ സർവശക്തനോട്‌ സദാ പ്രാർഥിക്കേണ്ടതുമുണ്ട്‌. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്‌ വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത്‌ നിങ്ങൾക്ക്‌ തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട്‌ വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്‌. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന പക്ഷം തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.“ (4:135).

സത്യത്തോടും നന്മയോടുമാണ്‌ വിശ്വാസികൾക്ക്‌ പ്രതിബദ്ധതയുണ്ടാകേണ്ടത്‌. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം വ്യക്തികളോടും വിഭാഗങ്ങളോടുമുള്ള അടുപ്പവും അകൽച്ചയുമൊക്കെ. അല്ലെങ്കിൽ അത്തരം ബന്ധങ്ങളുടെ പേരിൽ ഖേദിക്കേണ്ടിവരുമെന്നാണ്‌ ക്വുർആൻ മുന്നറിയിപ്പ്‌ നൽകുന്നത്‌.

സത്യത്തെയും നന്മയെയും പിന്തുണക്കുവാനുള്ള ആർജവമുണ്ടാകുന്നതോടൊപ്പം തന്നെ വഴിതെറ്റിപ്പോകുന്നവരെ സ്നേഹബുദ്ധ്യാ ഉണർത്തുക എന്നതും ഒരു വിശ്വാസിയുടെ കടമയാണ്‌. സത്യവും പ്രമാണവും എത്രതന്നെ വ്യക്തമാക്കിയിട്ടും മർക്കടമുഷ്ടിയോടെ അവയെ നിരാകരിക്കുന്ന സ്ഥിതി വിശേഷമാണെങ്കിൽ കൂട്ടുകാരന്റെ വെറുപ്പ്‌ സമ്പാദിക്കേണ്ട എന്ന്‌ കരുതി സത്യത്തിന്റെ നേരെ കണ്ണടക്കുകയല്ല വേണ്ടത്‌. കൂട്ടുകാരൻ വെറുത്താലും പരമകാരുണികനായ അല്ലാഹുവിന്റെ വെറുപ്പ്‌ സമ്പാദിച്ചു കൂടാ എന്ന ഉറച്ച തീരുമാനമായിരിക്കണം സത്യവിശ്വാസിക്കുണ്ടാവേണ്ടത്‌.

ഈമാനിന്റെ (സത്യവിശ്വാസത്തിന്റെ) പൂർണതയെ വിശദമാക്കിക്കൊണ്ട്‌ നബി​‍ൃ പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിന്‌ വേണ്ടി സ്നേഹിക്കുകയും അല്ലാഹുവിന്‌ വേണ്ടി വെറുക്കുകയും അല്ലാഹുവിന്‌ വേണ്ടി നൽകുകയും അല്ലാഹുവിന്‌ വേണ്ടി തടയുകയും ചെയ്താൽ തീർച്ചയായും അയാൾ ഈമാൻ (സത്യവിശ്വാസം) പൂർത്തീകരിച്ചു” (അബൂദാവൂദ്‌).

അല്ലാഹുവിനെയും അവൻ ഇഷ്ടപ്പെടുന്നവയെയും സ്നേഹിക്കുന്നതോടൊപ്പം അല്ലാഹു വെറുക്കുന്ന എല്ലാറ്റിനോടും വെറുപ്പുണ്ടാവുകയും ചെയ്യുകയെന്നത്‌ ഈമാനിന്റെ സുപ്രധാന താൽപര്യമായിട്ടാണ്‌ നബി​‍ൃ പഠിപ്പിക്കുന്നത്‌.

നേതാക്കന്മാരും അനുയായികളും സുഹൃത്തുക്കളുമൊക്കെ ഈയൊരു അധ്യാപനം മനസ്സിൽ ഉറപ്പിച്ച്‌ മുന്നേറുന്ന പക്ഷം സത്യത്തോടും നീതിയോടും പ്രതിബദ്ധതയുള്ള ഒരു ഉത്തമസമൂഹം രൂപപ്പെടുമെന്ന്‌ പ്രത്യാശിക്കാം. മറിച്ചാണെങ്കിൽ പരലോകമെന്ന അല്ലാഹുവിന്റെ വിചാരണവേദിയിൽ നിന്ദ്യതയും നിരാശയുമായിരിക്കും തങ്ങൾക്ക്‌ വരാനിരിക്കുന്നത്‌ എന്ന ക്വുർആനിക മുന്നറിയിപ്പ്‌ അത്തരക്കാർ കാത്തിരുന്നു കൊള്ളുക: “പിന്തുടരപ്പെട്ടവർ (നേതാക്കൾ) പിന്തുടർന്നവരെ (അനുയായികളെ) വിട്ട്‌ ഒഴിഞ്ഞ്‌ മാറുകയും, ശിക്ഷ നേരിൽ കാണുകയും, അവർ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങൾ അറ്റുപോകുകയും ചെയ്യുന്ന സന്ദർഭമത്രെ (അത്‌). പിന്തുടർന്നവർ (അനുയായികൾ) അന്നു പറയും: ഞങ്ങൾക്ക്‌ (ഇഹലോകത്തേക്ക്‌) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കിൽ ഇവർ ഞങ്ങളെ വിട്ടൊഴിഞ്ഞ്‌ മാറിയത്‌ പോലെ ഞങ്ങൾ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കർമങ്ങളെല്ലാം അവർക്ക്‌ ഖേദത്തിന്‌ കാരണമായി ഭവിച്ചത്‌ അല്ലാഹു അവർക്ക്‌ കാണിച്ചുകൊടുക്കും. നരകാഗ്നിയിൽ നിന്ന്‌ അവർക്ക്‌ പുറത്ത്‌ കടക്കാനാകുകയുമില്ല“ (2:166,167).

0
0
0
s2sdefault