വംശവെറിയുടെ വമ്പ് പറയുന്ന ട്രംപ്

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19
അധികാരമേറ്റ് നാളുകള്‍ പിന്നിട്ടപ്പോഴേക്കും വംശവെറിയുടെ പ്രകോപന വര്‍ത്തമാനങ്ങളുമായി ട്രംപ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അഭയാര്‍ഥി വിഷയത്തില്‍ ട്രംപ് കൈക്കൊണ്ട നിലപാട് എത്രമാത്രം യുക്തിപൂര്‍ണമാണ്? അമേരിക്കയുടെ ഭൂതകാലം എത്രമാത്രം പരിശുദ്ധമാണ്? സമകാലിക പശ്ചാത്തലത്തില്‍ നിന്നൊരു അന്വേഷണം.

മനുഷ്യ മനസ്സുകള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ മതില്‍ കെട്ടി വംശവെറിയുടെ അപ്പോസ്തലനായി വാഴാനാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വംശീയ വിദ്വേഷവും വര്‍ണവെറിയും സ്ത്രീ വിരുദ്ധതയും പ്രകടിപ്പിച്ച് തികച്ചും ഭ്രാന്തമായ കുറെ തീരുമാനങ്ങളിലൂടെ അമേരിക്കന്‍ ജനതയെയും ലോകസമൂഹങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ട്രംപെന്ന വമ്പന്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നവകാശപ്പെടുന്ന, സൈനികശക്തികൊണ്ടും സാങ്കേതികമികവ് കൊണ്ടുമെല്ലാം സമ്പന്നമായ, ലോകസമൂഹങ്ങള്‍ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള, പ്രവിശാലമായ ഭൂപ്രദേശമുള്ള അമേരിക്കയുടെ തലപ്പത്തിരുന്നു കൊണ്ടാണ് ട്രംപ് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത്. അമേരിക്കയുടെ സമ്പന്നതയും സൈനികമേല്‍ക്കോയ്മയും അമേരിക്കന്‍ ജനതയുടെ അധ്വാനം കൊണ്ട് മാത്രമുണ്ടായതല്ല. കാലാകാലങ്ങളായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഒട്ടേറെ പേര്‍ തൊഴില്‍ തേടി അമേരിക്കയിലെത്തിയിട്ടുണ്ട്. അവരുടെ കൂടെ വിയര്‍പ്പു കൊണ്ടാണ് അമേരിക്ക ലോകത്തെ നമ്പര്‍ വണ്‍ രാജ്യമായത്. ഇതില്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരെല്ലാം പെടും. ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കാന്‍ ട്രംപ് തയ്യാറാവുന്നത് നല്ലതാണ്.

പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ കടല്‍ സഞ്ചാരികളായ ക്രിസ്റ്റഫര്‍ കൊളമ്പസും അമേരിഗോ വെസ്പുചിയും എത്തിയതോടെയാണ് അമേരിക്ക ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. മുമ്പ് പലരും അത് വഴി കടന്നു പോയിട്ടുണ്ടാവാമെങ്കിലും അമേരിക്കയെ കുറിച്ച് ലോകം അറിഞ്ഞു തുടങ്ങിയത് ഇവരടക്കമുള്ള യൂറോപ്യന്‍ നാവികരുടെ കടന്നുവരവോടെയായിരുന്നു. 15000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏഷ്യയില്‍ നിന്നു ബേറിംഗ് കടലിടുക്ക് വഴി അമേരിക്കയില്‍ എത്തിയ 'ഇന്ത്യക്കാരും' (അമേരിന്ത്യര്‍) അമേരിക്കന്‍ വന്‍കരയുടെ വടക്കുഭാഗത്ത് ജീവിച്ചിരുന്ന 'എസ്‌കിമോ'കളുമാണ് (ഇന്യൂട്ട്) അവിടുത്തെ ആദിമനിവാസികള്‍.

അമേരിഗോ വെസ്പുചിയുടെ യാത്രാവിവരണങ്ങളിലൂടെ അമേരിക്ക പ്രസിദ്ധിയാര്‍ജ്ജിച്ചതോടെ പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇംഗഌണ്ട്, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് (ഡച്ച്) തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഈ 'നവീന' ഭൂഖണ്ഡത്തില്‍ അധിനിവേശം നടത്താനും അധികാരം കൈയടക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സ്പാനിഷ് നാവികന്മാരിലൂടെ മെക്‌സിക്കോയിലെ വേരക്രൂസില്‍ ആദ്യത്തെ യൂറോപ്യന്‍ കോളനി സ്ഥാപിച്ചു. ഇംഗ്ലണ്ടുകാര്‍ ന്യൂ ഫൗണ്ട്‌ലാന്‍ഡ് കയ്യടക്കി. ഫ്രഞ്ച് നാവികന്‍ ഷാക്ക് കാത്തിയേര്‍ കാനഡ പിടിച്ചടക്കി. ഡച്ചുകാര്‍ ആദിവാസികളില്‍ നിന്നും മാന്‍ഹട്ടന്‍ ദ്വീപ് സ്വന്തമാക്കി. പിന്നീടത് ഇംഗ്ലീഷുകാര്‍ കൈവശപ്പെടുത്തിയതോടെ ആ പ്രദേശം ന്യൂയോര്‍ക്ക് എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. പിറകെ സ്വീഡനും റഷ്യയുമെല്ലാം അവരുടേതായ ആധിപത്യവും സ്ഥാപിച്ചു. നാട്ടുകാരായ അമേരിന്ത്യരെ കീഴടക്കിയും ഉന്മൂലനം ചെയ്തുമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ ആധിപത്യം ഉറപ്പിച്ചത്. യൂറോപ്യന്‍മാര്‍ സമ്മാനിച്ച ഒട്ടേറെ സാംക്രമിക രോഗങ്ങള്‍ ആ സമൂഹത്തിന്റെ പൂര്‍ണമായ നാശത്തിലേക്ക് നയിക്കുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്നീട് പരസ്പരം യുദ്ധം ചെയ്തുകൊണ്ട് മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമിച്ചു. 1777 നവമ്പര്‍ 15നു അമേരിക്കന്‍ ഐക്യനാടുകള്‍ (യു എസ് എ) നിലവില്‍ വന്നു.

ഒട്ടേറെ കുടിയേറ്റക്കാരിലൂടെയും അധിനിവേശക്കാരിലൂടെയും രൂപം കൊണ്ട രാജ്യമാണ് അമേരിക്ക എന്ന സത്യമാണ് ഈ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. പക്ഷേ, ഇതിപ്പോള്‍ ബോധ്യപ്പെടുത്തേണ്ടത് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയാണ്. സ്വന്തം രാഷ്ട്രത്തിന്റെ തന്നെ അടിസ്ഥാന സ്വഭാവവും പൈതൃകവും മറന്ന് കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും മുമ്പില്‍ അമേരിക്കയുടെ വാതില്‍ ട്രംപ് കൊട്ടിയടക്കുമ്പോള്‍ വിഡ്ഢിവേഷം കെട്ടിയ രാജാവിന്റെ കഥയാണ് ഓര്‍മവരുന്നത്. സിറിയ, ഇറാഖ്, ലിബിയ, യമന്‍, സൊമാലിയ, ഇറാന്‍, സുഡാന്‍ എന്നീ ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ട്രംപിന്റെ നീക്കത്തെ ലോകം അത്ഭുതത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് നോക്കിക്കണ്ടത്. ലോകരാഷ്ട്രങ്ങള്‍ ഓരോന്നോരോന്നായി ശക്തമായി നടപടിയെ അപലപിച്ചു. അമേരിക്കന്‍ ജനത തന്നെ മതവിശ്വാസത്തിനതീതമായി ഉത്തരവിനെതിരെ പ്രതിഷേധിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കൂടുതല്‍ മുസ്‌ലിം അഭയാര്‍ഥികളെ സ്വീകരിച്ചുകൊണ്ടാണ് ട്രംപിന് മറുപടി നല്‍കിയത്. ഫ്രാന്‍സും ജര്‍മനിയും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ട്. ആപ്പിളും, ഗൂഗിളും, ഫേസ്ബുക്കുമെല്ലാം ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

അതേസമയം അമേരിക്കന്‍ നിയമവിദഗ്ധരും ന്യായാധിപരും ട്രംപിന്റെ ഉത്തരവിനെതിരെ രംഗത്ത് വരുന്നത് ട്രംപിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. അമേരിക്കന്‍ ഫെഡറല്‍ ജഡ്ജി ജെയിംസ് റോബര്‍ട്ട് വിഷയത്തില്‍ ഇടപെടുകയും ട്രംപിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും ചെയ്തത് ട്രംപിനെ വല്ലാതെ അലോസരപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ജഡ്ജിക്കല്ല പ്രസിഡന്റിനാണ് കൂടുതല്‍ അവകാശമെന്ന് പറഞ്ഞ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അപ്പീല്‍ കോടതിയില്‍ ട്രംപ് നല്‍കിയ അപേക്ഷ കോടതി നിഷ്‌കരുണം തള്ളിക്കളയുകയാണുണ്ടായത്. ട്രംപിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു അത്.

വംശവെറിയാണ് ട്രംപിന്റെ മുഖമുദ്ര. ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ സന്തോഷം പ്രകടിപ്പിച്ചവരുടെ പേരുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും ട്രംപ് ആരാണെന്ന്.

യൂറോപ്പിലെ മുസ്‌ലിം വിരുദ്ധ വംശവെറിക്ക് പേരുകേട്ട ഡേവിഡ് ഡ്യൂക്ക്, ഫ്രാന്‍സിലെ മുസ്‌ലിംകളുടെ കണ്ണിലെ കരടായ മാരിയ ലെ പെന്‍, ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ചെചന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ട് റഷ്യന്‍ ദേശീയവികാരം ആളിക്കത്തിച്ച് അധികാരത്തില്‍ തുടരുന്ന പുട്ടിന്‍ എന്നിവരൊക്കെ ട്രംപിന്റെ വിജയത്തില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ചവരാണ്. ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയ അമിത്ഷായുടെ പാര്‍ട്ടിയും ആഹ്ലാദത്തില്‍ കുറവ് വരുത്തിയിരുന്നില്ല.

കേവലമൊരു രാജ്യസുരക്ഷയാണ് ട്രംപിന്റെ തീരുമാനത്തിന് പിന്നിലെന്ന് കരുതാന്‍ നിര്‍വാഹമില്ല. കാരണം ട്രംപ് ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ക്രിസ്ത്യാനികളോട് ഭീകരമായാണ് മുസ്‌ലിംകള്‍ പെരുമാറുന്നത് എന്നും അതുകൊണ്ടുതന്നെ നമുക്കവരെ വേണ്ട എന്നുമാണ്. രാജ്യത്തിനു പുറത്ത് നമ്മുടെ സ്ത്രീകളും പുരുഷന്മാരും ആര്‍ക്കെതിരെയാണോ പോരാടുന്നത് അവരെ നമുക്ക് ഇവിടെയും വേണ്ട എന്നും നമ്മുടെ രാജ്യത്തെ പിന്തുണക്കുകയും നമ്മുടെ ജനങ്ങളെ അഗാധമായി സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമുക്ക് ആവശ്യമുള്ളൂ എന്നും ട്രംപ് പറയുകയുണ്ടായി. അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് തന്റെ വര്‍ഗീയ വിഷം ട്രംപ് പുറത്തെടുക്കുകയാണിവിടെ. മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിച്ച് അമേരിക്കന്‍ ജനതയെ മുഴുവന്‍ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും ഇസ്‌ലാമിനുമെതിരെ തിരിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണിത്.

അയല്‍രാജ്യമായ മെക്‌സിക്കോയില്‍ നിന്ന് കടന്നുകയറ്റം തടയുന്നതിനുവേണ്ടി ഒരു വന്‍മതില്‍ നിര്‍മിക്കാനാണ് അധികാരത്തില്‍ വന്ന ഉടനെ ട്രംപ് തീരുമാനിച്ചത്. 500 കോടി ഡോളര്‍ ചെലവിട്ട് 3200 കിലോമീറ്റര്‍ ദൂരമാണ് മതില്‍ കെട്ടുന്നത്. ഇതിന്റെ ചെലവ് മെക്‌സിക്കോ വഹിക്കണമെന്നും ട്രംപിന്റെ ഭ്രാന്തന്‍ തീരുമാനത്തില്‍ പറയുന്നു. എന്നാല്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന്യാ നിയെതോ ഒരു ചില്ലിക്കാശ് പോലും തരില്ലെന്ന് തുറന്നടിച്ചു. മാത്രവുമല്ല നേരത്തെ നിശ്ചയിച്ചിരുന്ന മെക്‌സിക്കന്‍ പ്രസിഡണ്ടിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിക്കുകയും ചെയ്തു. 1961 ല്‍ പൂര്‍വ ജര്‍മനിയിലെ കമ്യൂണിസ്റ്റ് ഭരണകൂടം പശ്ചിമ ജര്‍മനിയുടെ അതിര്‍ത്തിയില്‍ നിര്‍മിച്ച കുപ്രസിദ്ധമായ ബര്‍ലിന്‍ മതില്‍ ഒടുവില്‍ തകര്‍ത്തത് ജനങ്ങളായിരുന്നുവെന്നത് ട്രംപ് മറന്നുപോവുന്നു. മാത്രവുമല്ല, ബര്‍ലിന്‍ മതിലിനെതിരെയുള്ള പോരാട്ടത്തെ മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ് അന്ന് അമേരിക്കയും അന്നത്തെ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായിരുന്ന ജോര്‍ജ്ജ് ഡബഌൂ ബുഷും വിശേഷിപ്പിച്ചിരുന്നത്. ഇന്ന് അതേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റൊരു മതിലിനു വേണ്ടി പണിയെടുക്കുന്നുവെന്നത് ചരിത്രത്തിലെ വിരോധാഭാസം.

സിറിയയിലും ഇറാഖിലുമെല്ലാം അമേരിക്ക തന്നെ സൃഷ്ടിച്ച അരാജകത്വത്തിന്റെയും അരക്ഷിതാവസ്ഥയുടെയും പരിണിത ഫലമാണ് അവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ പ്രവാഹമെന്നതും ട്രംപ് മറന്നുപോവരുത്. ഏതൊരു മനുഷ്യനും സ്വന്തം നാട്ടില്‍ ജീവിക്കാനാണ് ആഗ്രഹം. പക്ഷേ, അശാന്തിയും അസമാധാനവും പടര്‍ന്നുകൊണ്ടിരിക്കുന്ന നാടുകളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടി ഇടപെടുന്നവര്‍ അവിടെ നിന്ന് ജീവന്‍ നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്നവര്‍ക്ക് നേരെ സ്വന്തം രാജ്യത്തിന്റെ കവാടങ്ങള്‍ കൊട്ടിയടക്കുകയല്ല വേണ്ടത്. രാജ്യങ്ങളും അതിരുകളും ഭരണകൂടങ്ങളുമെല്ലാം മനുഷ്യന്‍ വരച്ചുണ്ടാക്കുന്ന ചില ചിത്രങ്ങള്‍ മാത്രമാണ്. എവിടെയും ജീവിക്കുന്നത് മജ്ജയും മാംസവും മസ്തിഷ്‌കവുമുള്ള മനുഷ്യരാണ്. അവരുടെ വര്‍ണങ്ങള്‍ വ്യത്യസ്തമായേക്കാം. എന്നാല്‍ അവരുടെ സിരകളിലൂടെ ഒഴുകുന്ന രക്തവും ഹൃദയങ്ങളുടെ തുടിപ്പും ഒന്ന് തന്നെയാണ്. വംശത്തിനും വര്‍ണത്തിനും ജാതിക്കും ദേശത്തിനുമപ്പുറം മനുഷ്യരെ മനുഷ്യരായിക്കാണാനുള്ള വിവേകമാണ് രാഷ്ട്രങ്ങളും ഭരണകൂടങ്ങളും ഭരണാധികാരികളും കാണിക്കേണ്ടത്.

വിശുദ്ധ ക്വുര്‍ആനിന്റെ സന്ദേശം പ്രസക്തമാവുന്നത് ഇവിടെയാണ്. ''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.''

0
0
0
s2sdefault