പാർട്ടിയിൽ അംഗമാവുക; അങ്കം തുടങ്ങുക

ഡോ. സി.എം സാബിർ നവാസ്‌

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

മലയാളി മനസ്സാക്ഷിയുടെ മുഖത്ത്‌ മുറിവേൽപിച്ചു കൊണ്ട്‌ കണ്ണീരിൽ കുതിർന്ന കഥകളുമായി കണ്ണൂർ രാഷ്ട്രീയം ദേശീയ മാധ്യമങ്ങളിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്‌.

ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം അരങ്ങേറുന്ന വേളയിൽ തന്നെ ഇത്തരം ദുഷ്കൃത്യത്തിന്‌ നാൾകുറിച്ചവരുടെ മാനസിക നിലവാരം ഊഹിക്കാവുന്നതാണ്‌. മൃതദേഹം വഹിച്ച്‌ കലോത്സവ നഗരിയിലൂടെ നടത്തിയ വിലാപ യാത്രയായിരിക്കാം ഇത്തവണ എ ഗ്രോഡോടു കൂടി ഒന്നാം സ്ഥാനത്തെയിത്തിയത്‌.

ഓരോ തവണ സംഭവിക്കുമ്പോഴും ഇത്‌ അവസാനത്തേതായിരിക്കും എന്ന്‌ കരുതി സമാശ്വസിക്കാൻ ശ്രമിക്കുന്നവരാണ്‌ നാമെല്ലാവരും. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ്‌ ചോരകൊണ്ട്‌ ചായം പൂശിയ പതാകകൾ പറത്താൻ മത്സരിക്കുന്നത്‌. പരമ്പരാഗതമായി പകയും പ്രതികാരവും തലമുറകളിലൂടെ കൈമാറുന്ന പുരാതന ശിലായുഗത്തിലെ മനുഷ്യരിൽ നിന്ന്‌ ഏറെയൊന്നും സാംസ്കാരികമായി ഉന്നതി പ്രാപിച്ചിട്ടില്ല ആധുനികർ എന്ന്‌ തെളിയിക്കുകയാണ്‌ കണ്ണൂരിലും കേരളത്തിലെ ചില ഭാഗങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന കൊലപാതക പരമ്പരകൾ.

പാർട്ടിയിൽ അംഗമാകുന്നതോടു കൂടി മറ്റു പാർട്ടിക്കാരോടും പ്രഖ്യാപിത ശത്രുക്കളോടും അങ്കം വെട്ടാൻ തയ്യാറെടുക്കുക എന്ന അലിഖിത നിയമം നിലവിലുള്ളത്‌ പോലെയാണ്‌ പല പാർട്ടികളുടെയും നീക്കം കാണുമ്പോൾ തോന്നാറുള്ളത്‌. വെറുപ്പും വിദ്വേഷവും മൊത്തമായും ചില്ലറയായും വിതരണം ചെയ്തും വാരി വിതറിയും പാർട്ടി വളർത്താമെന്ന്‌ ചിന്തിക്കുന്നവരാണ്‌ പല സംഘടനകളുടെയും തലപ്പത്തിരിക്കുന്നത്‌.

അക്രമ രാഷ്ട്രീയം വളർത്തുന്നതിൽ ഏതെങ്കിലുമൊരു രാഷ്ട്രീയ കക്ഷിയെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. തങ്ങൾക്ക്‌ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ പാർട്ടി ഗ്രാമങ്ങളായി പ്രഖ്യാപിച്ച്‌ അപര സാന്നിധ്യം ഇല്ലാതാക്കാൻ ഏറെക്കുറെ എല്ലാ പാർട്ടിക്കാരും മുൻപന്തിയിൽ തന്നെയാണ്‌. പാർട്ടിപ്പതാകക്കു മേൽ ഒരു പരുന്തും പറക്കാൻപാടില്ല എന്ന്‌ തിട്ടൂരം.

തല മുതിർന്ന രാഷ്ട്രീയ യജമാനൻമാരുടെ കല്ലേപ്പിളർത്തുന്ന കൽപനകൾക്ക്‌ ഇരകളായി മാറുകയാണ്‌ നൂറുകണക്കിന്‌ മനുഷ്യ ജീവനുകൾ.

വരമ്പത്ത്‌ തന്നെ കൂലി കൊടുക്കാനും പോലീസ്‌ സ്റ്റേഷനുകൾ ഗന്ധകപ്പുരകളാക്കാനും ആഹ്വാനം നൽകുന്ന അപകടകാരികളായ നേതാക്കൾ ഉണ്ടായിക്കൂടാ. ആണ്ടിലൊരിക്കൽ ഒന്നോ രണ്ടോ രക്തസാക്ഷികളെയും ബലിദാനികളെയും വീണുകിട്ടിയാലേ മൈലേജ്‌ ലഭിക്കുകയുളളൂ എന്നത്‌ നിലവിലുള്ള കക്ഷികളുടെ അജണ്ടാ ദാരിദ്ര്യം വിളിച്ചു പറയുന്നുണ്ട്‌. പാവങ്ങളെ പിഴിഞ്ഞുണ്ടാക്കുന്ന കേസ്‌ ഫണ്ട്‌ ഉപയോഗിച്ചാണ്‌ `മുടക്കോഴി മല`കളും ക്രിമിനലുകളെ പാർപ്പിക്കുന്ന സുഖവാസ കേന്ദ്രങ്ങളും നടന്നുവരുന്നത്‌.

അലമുറയിടുന്ന അമ്മമാരുടെയും വാവിട്ടു കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെയും ദീന രോദനങ്ങൾ നമ്മുടെ കാതുകളിൽ പ്രകമ്പനം കൊള്ളുകയാണ്‌. തെരുവുകളിൽ പക്ഷികൾക്ക്‌ കാഷ്ഠിക്കാൻ പാകത്തിൽ കൊത്തി വെച്ച പ്രതിമകളുടെ എത്രയോ ഇരട്ടിവരും ചലന ശേഷി നഷ്ടപ്പെട്ട്‌, അവയവങ്ങൾ ഛേദിക്കപ്പെട്ട്‌, മൃതദേഹങ്ങൾക്ക്‌ സമാനമായ ജീവിതം നയിക്കുന്ന ജീവഛവങ്ങൾ!

നാടിന്റ തീരാശാപമായി തുടരുന്ന അക്രമ രാഷ്ട്രീയം വരുത്തിവെക്കുന്ന ദൂരവ്യാപകമായ ദുരന്തങ്ങൾ തിരിച്ചറിയാൻ നേതാക്കൾ പക്വതയും ആർജവവും പ്രകടിപ്പിക്കണം. നിലവിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നയനിലപാടുകളോട്‌ പൊതുസമൂഹം കാണിക്കുന്ന വിമുഖത, യുവാക്കളിലും അഭ്യസ്ത വിദ്യരിലും വളർന്നുവരുന്ന അരാഷ്ട്രീയ വാസന തുടങ്ങി കലാപ രാഷ്ട്രീയത്തിന്റെ കെടുതികൾ അനവധിയാണ്‌. അക്രമരാഷ്ട്രീയത്തിന്റെ പാർശ്വഫലങ്ങളായി വരുന്ന ഹർത്താലുകളും ഭരണ സ്തംഭനങ്ങളും തൻമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും കണക്കറ്റതാണ്‌.

കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലങ്ങോളമിങ്ങോളം നടമാടുന്ന രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ നടക്കുന്ന പേക്കൂത്തുകളുടെ ഏറ്റവും വലിയ ഇരകൾ സ്ത്രീജനങ്ങളാണ്‌. വീട്ടമ്മമാർ സംഘടിച്ചാൽ ഒരു പരിധി വരെ ഇത്തരം ദുർനടപ്പുകൾ ഇല്ലായ്മ ചെയ്യാൻ പറ്റും. ആർക്കോ വേണ്ടി ചാവേറുകളാവേണ്ട `ചാപ്പിള്ളകൾ` അല്ല തങ്ങൾ ജന്മം നൽകിയിയ മക്കൾ എന്ന്‌ അമ്മമാർ ഉറച്ചു തീരുമാനിച്ചാൽ ബധിര കർണങ്ങൾ കേൾക്കുകയും അന്ധനേത്രങ്ങൾ കാണുകയും ചെയ്യും.

അഞ്ചാണ്ടു തികയുമ്പോൾ വോട്ടമർത്താനുള്ള യന്ത്രങ്ങളല്ല വോട്ടർമാരെന്ന്‌ പൗരൻമാരും തിരിച്ചറിഞ്ഞാൽ വരാനിരിക്കുന്നത്‌ ഭദ്രമായ ഭാവിയാണ്‌.

0
0
0
s2sdefault