നൂഹ് നബി(അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

പ്രവാചകന്മാരുടെ എണ്ണം കൃത്യമായി നമുക്കറിയില്ലെന്നും, 25 പ്രവാചകന്മാരുടെ പേരുകളാണ് ക്വുര്‍ആനില്‍ വന്നിട്ടുള്ളതെന്നും അവരില്‍ 'ഉലുല്‍ അസ്മ്' എന്ന പേരിലറിയപ്പെടുന്ന അഞ്ച് നബിമാര്‍ക്ക് പ്രത്യക സ്ഥാനമുണ്ടെന്നും നാം മുമ്പ് മനസ്സിലാക്കിയതാണ്. ഈ അഞ്ച് നബിമാരില്‍ ആദ്യമായി എണ്ണപ്പെടുന്നത് നൂഹ്(അ) ആണ്. അല്ലാഹു റസൂലായി അയച്ചിട്ടുള്ളവരില്‍ ആദിമനാണ് അദ്ദേഹം. മഹ്ശറില്‍ ജനകോടികള്‍ ശുപാര്‍ശക്കായി ആദ്യപിതാവ് ആദമിന്റെ അടുക്കല്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഇപ്രകാരം പറയുന്നതായി ഹദീസില്‍ കാണാം.

''ആദം(അ) പറയും: നിങ്ങള്‍ നൂഹിന്റെ അടുത്തേക്ക് പോകുക.'' അങ്ങനെ അവര്‍ നൂഹ് നബി(അ)യുടെ അടുക്കല്‍ ചെല്ലും. എന്നിട്ട് അവര്‍ പറയും: ''ഓ, നൂഹ്. താങ്കള്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട ആദ്യത്തെ റസൂലാണല്ലോ'' (ബുഖാരി, മുസ്‌ലിം). 

ആദം(അ)ന് ശേഷം പത്ത് തലമുറകള്‍ പിന്നിട്ടതിന് ശേഷമാണ് നൂഹ്(അ) വരുന്നത്. ആദം നബി(അ)ന്റെയും നൂഹ്(അ)ന്റെയും ഇടയിലുള്ള കാലയളവ് എത്രയായിരുന്നുവെന്ന് നബി(സ്വ)യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് ഇപ്രകാരമായിരുന്നു:

''...പത്ത് നൂറ്റാണ്ട്''(ഇബ്‌നു ഹിബ്ബാന്‍). (പത്ത് തലമുറകള്‍ എന്നും അര്‍ഥം പറയാവുന്നതാണ്).  ഈ കാലയളവില്‍ ജീവിച്ചിരുന്നവരൊന്നും ശിര്‍ക്ക് ചെയ്യുന്നവരായിരുന്നില്ല. എന്നാല്‍ മറ്റു പാപങ്ങള്‍ ചെയ്യാത്തവരായിരുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കിക്കൂടാത്തതുമാകുന്നു. ആദം നബിയുടെ മക്കളില്‍ സംഭവിച്ചത് നാം മുമ്പ് വിവരിച്ചിട്ടുണ്ട്. അഥവാ ശുദ്ധ പ്രകൃതിയിലായിരുന്നു അവരുണ്ടായിരുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നത് കാണുക:

''ആദമിനും നൂഹിനും ഇടയില്‍ പത്ത് നൂറ്റാണ്ടുകളുണ്ടായിരുന്നു. അവരെല്ലാവരും ശരിയായ ശരീഅത്തിലായിരുന്നു'' (ഹാകിം). കളങ്കരഹിതമായ വിശ്വാസത്തിലായിട്ടാണ് അല്ലാഹു ഏതൊരുത്തനെയും സൃഷ്ടിക്കുന്നത്:

ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്''(ക്വുര്‍ആന്‍ 30:30). ഏതൊരു കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. അഥവാ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക എന്ന വക്രതയില്ലാത്ത അല്ലാഹുവിന്റെ മാര്‍ഗത്തിലണ്. അതില്‍ നിന്ന് വ്യതിചലിപ്പിക്കുന്നത് അവന്റെ മാതാപിതാക്കളാണ്. 

ആദം(അ)ന്റെയും ഹവ്വാ(റ)യുടെയും ചരിത്രം പറയുമ്പോള്‍ അവരുടെ മേല്‍ ചിലര്‍ ശിര്‍ക്കിന്റെ ഒരു ആരോപണം ചാര്‍ത്തിക്കൊടുത്തത് നാം എടുത്ത് പറഞ്ഞിട്ടുണ്ട്. ഇത് തികച്ചും പ്രമാണ വിരുദ്ധമാണ്. നബി(സ്വ)യും അനുചരന്മാരും മനസ്സിലാക്കിയതും വിശ്വസിച്ചതും ആദം(അ)നും ഹവ്വാ(റ)ക്കും ശേഷം നൂഹ്(അ) വരെയുള്ളവരെല്ലാം ശരിയായ ശരീഅത്തിലായിരുന്നുവെന്നാണ്. 

കേരളത്തില്‍, ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തല്‍ ഹറാമാണെന്ന് ഫത്‌വ നല്‍കിയവരില്‍ നിന്ന് തന്നെ ഒരു ക്വുര്‍ആന്‍ പരിഭാഷ പുറത്തിറങ്ങി. ആ പരിഭാഷക്ക് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ അവതാരിക എഴുതിയപ്പോള്‍ സുന്നത്ത് ജമാഅത്തിന്റെ തഫ്‌സീറാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. പരിഭാഷകനായ ടി.കെ അബ്ദുല്ല മൗലവി പറയുന്നത് കാണുക: ''അങ്ങനെ അല്ലാഹു അവര്‍ക്ക് നല്ല(കുട്ടിയെ) പ്രദാനം ചെയ്തപ്പോള്‍ അവര്‍ക്കു നല്‍കിയതില്‍ അവന്ന് അവര്‍ പങ്കാളികളെ (ദേ്യാതിപ്പിക്കുന്ന നാമം) ആക്കി. അബ്ദുല്‍ ഹാരിസ് -കര്‍ഷകദാസന്‍- എന്നു നാമകരണം ചെയ്തു. അബ്ദുല്ല -അല്ലാഹുവിന്റെ ദാസന്‍- അല്ലാതെ പാടില്ലായിരുന്നു. ആദം നബി മഅ്‌സ്വൂമാകയാല്‍ ഇത് ആരാധനയില്‍ പങ്കുചേര്‍ക്കലല്ല. നബി(സ്വ)യില്‍ നിന്ന് സംറത്ത് നിവേദനം ചെയ്യുന്നു: ഹവ്വാ ബീവി പ്രസവിച്ചപ്പോള്‍ ഇബ് ലീസ് അവരെ ചുറ്റിപ്പറ്റിക്കൂടി. അവള്‍ക്ക് കുട്ടികള്‍ ജീവിക്കയില്ലായിരുന്നു. നിങ്ങള്‍ കുട്ടിക്ക് അബ്ദുല്‍ഹാരിസ് എന്ന് നാമകരണം ചെയ്യുകയാണെങ്കില്‍ ജീവിക്കുമെന്ന് മന്ത്രിച്ചു. അങ്ങനെ അവര്‍ ആ പേര്‍ നല്‍കി. അപ്പോള്‍ അത് പൈശാചിക മന്ത്രത്താലുണ്ടായതാണ്. ഹാകിമും തുര്‍മുദിയും ഇതു നിവേദനം ചെയ്തിരിക്കുന്നു. എന്നാല്‍ അവര്‍ (മക്കാ നിവാസികള്‍) പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അല്ലാഹു ഉന്നതനായിരിക്കുന്നു.''

ശിര്‍ക്ക് പോലെയുള്ള മഹാപാപങ്ങളോ, ചതി, കൊലപാതകം, മോഷണം, വ്യഭിചാരം, കള്ളംപറയല്‍ തുടങ്ങിയ യാതൊരു തെറ്റും പ്രവാചകന്മാരില്‍ നിന്നും സംഭവിക്കില്ല. കാരണം അവര്‍ പാപസുരക്ഷിതരാണ്. അതിനാല്‍ ഈ വ്യാഖ്യാനത്തില്‍ കാണുന്നത് പോലെയുള്ള ശിര്‍ക്കിന്റെ വശങ്ങള്‍ ഒരിക്കലും ഒരു പ്രവാചകനിലേക്ക് ചേര്‍ത്തിപ്പറയാവുന്നതല്ല. 

പിശാചിന്റെ ദുര്‍ബോധനത്താല്‍ സംഭവിച്ച ഒരു പിഴവിന് അങ്ങേയറ്റത്തെ കുറ്റബോധത്താല്‍ ആദമും ഹവ്വായും അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും ആ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയും ചെയ്തുവെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയത് നാം വിവരിച്ചു കഴിഞ്ഞു. എന്നാല്‍ അതിലേറെ വലിയ മഹാപാപമായ ശിര്‍ക്ക് അദ്ദേഹത്തില്‍ നിന്ന് വന്നുവെങ്കില്‍ അല്ലാഹുവിനോട് അദ്ദേഹം അത് പൊറുത്തുകിട്ടാനായി നടത്തിയ പാപമോചനവും പശ്ചാത്താപവും അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെയോ അല്ലെങ്കില്‍ നബി(സ്വ) പഠിപ്പിച്ചതായി സ്വീകാര്യയോഗ്യമായ ഹദീഥിലൂടെയോ നമുക്ക് ലഭിക്കുമായിരുന്നു.  അങ്ങനെയൊന്ന് ഇല്ലെന്ന് നമുക്ക് തീര്‍ത്ത് പറയാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ ഇത് ആദം(അ)ന്റെ പേരില്‍ നിര്‍മിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടായി നമുക്ക് മനസ്സിലാക്കാം. 

ആദം(അ)ന്റെ മക്കളായ ക്വാബീലിന്റെ സന്തതികള്‍ അഗ്‌നിയെ ആരാധിക്കുന്നവരായിരുന്നുവെന്ന് ചില ചരിത്രകാരന്മാരുടെ പരാമര്‍ശങ്ങളില്‍ വന്നതും അടിസ്ഥാനരഹിതമാണ്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''ആദമിനും നൂഹിനും ഇടയില്‍ പത്ത് തലമുറകള്‍ ഉണ്ടായിരുന്നു. അവരെല്ലാവരും യഥാര്‍ഥ ശരീഅത്തിലായിരുന്നു. പിന്നീട് അവര്‍ ഭിന്നിച്ചു. അപ്പോള്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും താക്കീത് നല്‍കുന്നവരായും അല്ലാഹു പ്രവാചകന്മാരെ അയച്ചു.''

ആദം(അ) മുതല്‍ നൂഹ്(അ) വരെയുള്ള ജനങ്ങളെല്ലാം തൗഹീദിലായിരുന്നു. എന്നാല്‍ പിന്നീട് അവരില്‍ (നൂഹ്(അ)ന്റെ ജനതയില്‍) ശിര്‍ക്ക് സംഭവിച്ചു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റ) ഇതു സംബന്ധമായി പറയുന്നത് കാണുക:

''ആദം സന്തതികളില്‍ സംഭവിച്ച ആദ്യത്തെ ശിര്‍ക്ക് ഇതായിരുന്നു. അത് നൂഹ്(അ)ന്റെ ജനതയിലുമായിരുന്നു.''

മനുഷ്യ സമൂഹത്തില്‍ ശിര്‍ക്കിന്റെ തുടക്കം എങ്ങനെയായിരുന്നു? രണ്ട് അല്ലാഹു ഉണ്ടെന്ന് വാദിച്ചുകൊണ്ടായിരുന്നില്ല ശിര്‍ക്കിന്റെ രംഗപ്രവേശനം. നൂഹ് നബി(അ)ന്റെ ജനതയിലുള്ളവര്‍ അഞ്ച് പ്രധാനപ്പെട്ട ആളുകളെ ആരാധിച്ചിരുന്നു. അവരുടെ പേരുകള്‍ ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

''അവര്‍ പറഞ്ഞു: (ജനങ്ങളേ,) നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഉ്, യഗൂഥ്, യഊക്വ്, നസ്വര്‍ എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്'' (ക്വുര്‍ആന്‍ 71:23). 

ആരായിരുന്നു ഈ പേര് പറയപ്പെട്ടവര്‍? ഇബ്‌നു അബ്ബാസ്(റ) ഇവരെക്കുറിച്ച് പറയുന്നത് കാണുക: ''നൂഹ് നബിയുടെ ജനതയിലുണ്ടായിരുന്ന ചില സജ്ജനങ്ങളുടെ പേരുകളാണവ. അങ്ങനെ അവര്‍ മരിച്ചു പോയപ്പോള്‍, അവര്‍ ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേരു നല്‍കിക്കൊണ്ട് ചില പ്രതിഷ്ഠകള്‍ സ്ഥാപിക്കണമെന്ന് പിശാച് ജനങ്ങള്‍ക്ക് ദുര്‍ബോധനം നല്‍കി. അവരതു ചെയ്യുകയും ചെയ്തു. എന്നാലവ ആരാധിക്കപ്പെട്ടിരുന്നില്ല. അങ്ങനെ, അക്കൂട്ടര്‍ നശിച്ചുപോകുകയും ചെയ്തു. (അങ്ങനെ അവരെക്കുറിച്ചുള്ള) അറിവ് (പിശാച്) മറപ്പിക്കുകയും (അവ) ആരാധിക്കപ്പെടുകയും ചെയ്തു'' (ബുഖാരി). 

ഇബ്‌നുല്‍ ക്വയ്യിം(റ) പറയുന്നു: ''പൂര്‍വികരില്‍ ചിലര്‍ പറഞ്ഞു: അവര്‍ മരിച്ചപ്പോള്‍ അവരുടെ ക്വബറിങ്കല്‍ അവര്‍ ഭജനമിരിക്കുകയും പിന്നീട് അവരുടെ രൂപങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കാലം കുറെ ദീര്‍ഘിച്ചപ്പോള്‍ അവര്‍ അവരെ ആരാധിച്ചു.''

മഹാന്മാരായിരുന്ന അഞ്ചാളുകളോടാണ് നൂഹ്(അ)ന്റെ ജനത പ്രാര്‍ഥിച്ചിരുന്നത്. ഇവര്‍ അല്ലാഹുവിനോട് ദുആ ചെയ്താല്‍ ഉത്തരം നല്‍കപ്പെടുന്നവരായിരുന്നു. ആളുകള്‍ക്ക് സംശയങ്ങള്‍ ദൂരീകരിച്ചു കൊടുക്കുന്നവരായിരുന്നു, എല്ലാവരാലും ആദരണീയരും ബഹുമാന്യരുമായിരുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം അവരെ ഉപയോഗപ്പെടുത്തി പിശാച് ആ ജനങ്ങളെ ശിര്‍ക്കിലേക്ക് എത്തിക്കുകയായിരുന്നു. തുടക്കത്തില്‍ പിശാച് അവരോട് കല്‍പിച്ചത് അവരെ ആരാധിക്കുവാന്‍ വേണ്ടിയായിരുന്നില്ല. കേവലം അവരുടെ ഒരു പ്രതിമ നിര്‍മിക്കുവാനാണ് പ്രേരിപ്പിച്ചത്. എന്നാല്‍ ഈ പ്രതിമ ഉണ്ടാക്കിയവര്‍ മരണപ്പെട്ടതിന് ശേഷം പില്‍കാലക്കാെര പിശാച് അവയോട് പ്രാര്‍ഥക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ അവര്‍ പ്രാര്‍ഥനകളും വഴിപാടുകളും നേര്‍ച്ചകളും അര്‍പ്പിക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ ശിര്‍ക്കില്‍ കൂപ്പുകുത്തി. അവരോടാണ് നൂഹ്(അ)ന് അല്ലാഹുവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന് പറയേണ്ടി വന്നത്. 

0
0
0
s2sdefault