നീതി പുലരേണ്ട നിയമപാലനം

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2
മൃദുവായ പെരുമാറ്റത്തിലൂടെ ക്രമസമാധാനം കാത്ത് സൂക്ഷിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി സേവനമര്‍പ്പിക്കുക എന്നതാണ് പൊലീസ് സേനയുടെ മുദ്രാവാക്യം. എന്നാല്‍, പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കുന്നതിനായി എത്തുന്ന സാധാരണക്കാരോടും സ്ത്രീകളോടും വളരെ പരുഷമായി പെരുമാറുകയും നീതിയുക്തമല്ലാത്ത സമീപനങ്ങള്‍ വഴി അവര്‍ക്ക് സ്‌റ്റേഷനുകളിലേക്ക് കടന്നുചെല്ലാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. എന്തുകൊണ്ടാണിങ്ങനെ? 

'മൃദു ഭാവെ, ദൃഢ കൃത്യെ' എന്ന സംസ്‌കൃത വാക്യമാണ് കേരളത്തിലെ പോലീസ് സേനയുടെ മുദ്രാവാക്യം. 'മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മ്മങ്ങള്‍' എന്നാണതിന്റെ അര്‍ഥം. ഈ ആപ്തവാക്യവും പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം യാഥാര്‍ഥ്യബോധത്തോടെ പരിശോധിക്കേണ്ടിയിരിക്കുന്നു. അറുപതാണ്ടു പിന്നിട്ട കേരള പോലീസ് സേനയുടെ യഥാര്‍ത്ഥ ദൗത്യം എന്തെന്ന് അന്വേഷിക്കുമ്പോഴാണ് ഓരോ പോലീസുകാരനും സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ ഉരുവിടുന്ന വാചകങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ വരുന്നത്. 'ഭാരത ഭരണഘടനയോട് കൂറുപുലര്‍ത്തി അച്ചടക്കവും, ആദര്‍ശധീരതയും ഉള്‍ക്കരുത്താക്കി മനുഷ്യാവകാശങ്ങള്‍ മാനിച്ച് ജനങ്ങളുടെ ജീവനും, സ്വത്തും അന്തസ്സും സരംക്ഷിച്ചു ന്യായമായും, നിഷ്പക്ഷമായും, നിയമം നടപ്പാക്കി അക്ഷോഭ്യരായി അക്രമം അമര്‍ച്ചചെയ്ത് വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ആത്മപരിശോധന നടത്തി ജനങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളോടൊത്ത് പ്രവര്‍ത്തിച്ച് ക്രമസമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ഞങ്ങള്‍.'

ചുരുക്കത്തില്‍ മൃദുവായ പെരുമാറ്റത്തിലൂടെ ക്രമസമാധാനം കാത്ത് സൂക്ഷിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി സേവനമര്‍പ്പിക്കുക എന്ന മഹത്തായ കര്‍മ്മമാണ് പോലീസ് ചെയ്യേണ്ടത് എന്നാണ് ഇതില്‍ നിന്നും നമുക്ക് മനസ്സിലാവുന്നത്. 1956 ല്‍ രൂപീകൃതമായ കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കുന്നതിനായി എത്തുന്ന സാധാരണക്കാരോടും സ്ത്രീകളോടും വളരെ പരുഷമായി പെരുമാറുകയും നീതിയുക്തമല്ലാത്ത സമീപനങ്ങള്‍ വഴി അവര്‍ക്ക് സ്‌റ്റേഷനുകളിലേക്ക് കടന്നുചെല്ലാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം പതിറ്റാണ്ടുകളായി നാം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഈ പരാതികള്‍ക്ക് അറുതി വരുത്തുന്നതിന് വേണ്ടിയായിരുന്നു 2006ല്‍ ജനമൈത്രി പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രവരി 13ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളും ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാക്കി മാറ്റുമെന്ന പ്രഖ്യാപനവും സര്‍ക്കാര്‍ നടത്തിയിരിക്കുകയാണ്. അതിന്റെ പ്രാഥമിക നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് നേതൃത്വം ജില്ലാ പോലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. ജനങ്ങളുമായി സംവദിക്കുകയും അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസിലാക്കുകയും ചെയ്തുകൊണ്ട് ജനങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പോലീസ് സംവിധാനം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

പോലീസിന്റെ അടിസ്ഥാനസ്വഭാവം മൃദുത്വമായിരിക്കണമെന്ന് പറയുമ്പോഴും പോലീസ് ജനങ്ങളുമായി മൈത്രീഭാവം സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി പോലീസിനെ കുറിച്ചുള്ള വിമര്‍ശനങ്ങളും പരാതികളും നിത്യേന ഉയര്‍ന്നുകേള്‍ക്കുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് ആസ്ഥാനത്ത് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പൊലീസിന് പറ്റിയ വീഴ്ചയെന്നാണ് ഈ സംഭവത്തെ കുറിച്ച് ഉന്നത പോലീസ് അധികാരികള്‍ വിശദീകരിച്ചത്. സര്‍ക്കാരില്‍ നിന്നും നീതി ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനുകളില്‍ വരുന്നവരോട് മാന്യമായി പെരുമാറേണ്ട പോലീസ് എന്തുകൊണ്ട് ഇത്ര ക്രൂരമാവുന്നു? ഉന്നത പോലീസ് അധികാരികളുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന സാധാരണ പോലീസുകാരന്‍ ഒടുവില്‍ ഈ പ്രശ്‌നങ്ങളുടെ മുഴുവന്‍ പഴിയും കേള്‍ക്കേണ്ട സാഹചര്യമുണ്ടാവുന്നു. മാറി വരുന്ന സര്‍ക്കാരുകളുടെ ഉപകരണങ്ങളായി പോലീസ് മാറുമ്പോള്‍ തന്നെയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പല വിഷയങ്ങളിലും സ്ഥാപിതമായ താല്‍പര്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. 

'നേര്‍പഥം' നേരത്തെ ചൂണ്ടിക്കാണിച്ച നാടകപ്രവര്‍ത്തകനായ കമല്‍ സി ചവറയുടെയും മാവോ ബന്ധം ആരോപിക്കപ്പെട്ട നദീറിന്റെയും പേരില്‍ യു. എ.പി.എ ചുമത്താന്‍ ശ്രമിച്ച സംഭവങ്ങള്‍ മാത്രമല്ല ഇക്കഴിഞ്ഞ നാലഞ്ച് മാസങ്ങള്‍ക്കുള്ളില്‍ കേരളത്തിലുണ്ടായ പല സംഭവങ്ങളിലും പോലീസിന്റെ അത്യുത്സാഹം ആര്‍ക്കുവേണ്ടിയാണെന്ന് മനസ്സിലാവുന്നില്ല. ഇവയിലൊക്കെയും പൊലീസിലെ ഉന്നതര്‍ നടത്തുന്ന വിശദീകരണങ്ങള്‍ ജനങ്ങള്‍ക്ക് ഒട്ടും ദഹിക്കുന്നില്ല എന്നതാണ് വാസ്തവം. സംസ്ഥാന പോലീസ് എഫ്.ഐ.ആര്‍. ഇട്ട് സാധാരണ നിലക്ക് അന്വേഷിക്കേണ്ട കേസുകള്‍ പോലും ഒരിക്കലും രക്ഷപ്പെടാന്‍ പോലും സാധിക്കാത്ത കേസുകളാക്കി രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നത് ആശ്ചര്യവും ആശങ്കയും ജനിപ്പിക്കുന്നു. പോലീസ് സേനയെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവര്‍ പോലീസില്‍ തന്നെയുണ്ടോ എന്ന കാര്യം അന്വേഷണവിധേയമാക്കേണ്ടതുണ്ട്. 

മഹിജ സംഭവത്തെ തുടര്‍ന്ന് പൊലീസിന് ഒരു ഉപദേശകന്‍ വേണമെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ ഒരു ഉപദേശകനെ നിയമിച്ചിരിക്കുകയാണ്. രമണ്‍ ശ്രീവാസ്തവയാണ് കേരള പോലീസിന്റെ പുതിയ ഉപദേശകന്‍. കേന്ദ്ര സര്‍ക്കാരിന്റെ പല നടപടികളിലും ന്യൂനപക്ഷങ്ങളില്‍ ആശങ്ക പടരുന്ന സന്ദര്‍ഭത്തിലാണ് ന്യൂനപക്ഷ വിരോധിയെന്ന ആക്ഷേപങ്ങള്‍ക്ക് വിധേയനായ രമണ്‍ ശ്രീവാസ്തവയെന്ന പഴയ പോലീസ് മേധാവിയെ പൊലീസിന് ഉപദേശം നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഒരു വയര്‍ലസ് സന്ദേശമായിരുന്നു പാലക്കാട്ടെ പുതുപ്പള്ളിത്തെരുവിലെ സിറാജുന്നീസ എന്ന പതിനൊന്നുകാരിയുടെ ജീവനെടുത്തത് എന്നാണ് ശ്രീവാസ്തവക്കെതിരെയുള്ള പ്രധാന വിമര്‍ശനം. 

ഉത്തരേന്ത്യയില്‍ എല്‍.കെ അദ്വാനി നടത്തിയ രഥയാത്രക്ക് സമാനമായി ബി.ജെ.പി അധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ യാത്രയാണ് ഏകതയാത്ര. ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിച്ച് തെരഞ്ഞെടുപ്പുവിജയം ലക്ഷ്യമിട്ട് നടത്തിയ ഈ യാത്രയുടെ കാരണമായി പറഞ്ഞിരുന്നത് കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കുക എന്നതായിരുന്നു. ജോഷിയുടെ ഏകതാ യാത്രയും അതിന്റെ ഭാഗമായി ബി.ജെ.പി കേരളഘടകം കാസര്‍ഗോഡ് നിന്നാരംഭിച്ച ഉപയാത്രയും 1991 ഡിസംബര്‍ 13ന് വെളളിയാഴ്ച പാലക്കാട്ട് ഒത്തുചേര്‍ന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ പോലീസ് പിക്കറ്റിങ്ങുള്ള സംഘര്‍ഷപ്രദേശമായ മേപ്പറമ്പിലേക്ക് പുറപ്പെട്ടു. യാത്രക്ക് പോലീസ് വിലക്കുണ്ടായിരുന്നു. ജാഥ മേപ്പറമ്പിലേക്ക് പോയെങ്കിലും അവിടെ പോലീസ് ഇടപെട്ടില്ല. എന്നാല്‍ ജാഥക്ക് നേരെ കല്ലേറുണ്ടായി എന്ന് ആരോപിച്ചുകൊണ്ട് ബി ജെ പി നടത്തിയ പ്രതിഷേധത്തിന് പോലീസ് അനുമതി നല്‍കുകയും അത് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തു. അക്രമങ്ങളും കൊള്ളയും അരങ്ങേറി. കലാപകാരികളും പോലീസും കൊള്ളയില്‍ പങ്കുചേര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വിവരിച്ചത്. രണ്ടു ദിവസം അത് നീണ്ടു നിന്നു. സംഘര്‍ഷം നിയന്ത്രിക്കാനെന്ന പേരില്‍ പോലീസ് അഴിഞ്ഞാടി. വീടുകളില്‍ കയറി സ്ത്രീകളെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. 

കലാപം നിയന്ത്രണവിധേയമായെന്ന് അന്നത്തെ ഷൊര്‍ണൂര്‍ എ.എസ്.പി. ബി സന്ധ്യ അറിയിച്ചിരുന്നു. പക്ഷെ അന്ന് ഉത്തര മേഖല ഡി.ഐ.ജി ആയിരുന്ന ശ്രീവാസ്തവയുടെ കര്‍ശനനിര്‍ദ്ദേശം വന്നുവത്രെ. 'ഐ വാണ്ട് ഡെഡ്‌ബോഡീസ് ഓഫ് മുസ്‌ലിം ബാസ്റ്റഡ്‌സ്' എന്ന് വയര്‍ലസ് വഴി അദ്ദേഹം അറിയിച്ചുവെന്നാണ് അദ്ദേഹത്തെ കുറിച്ചുള്ള ആരോപണം. അതിനെത്തുടര്‍ന്നുള്ള വെടിവെപ്പിലാണ് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരി സിറാജുന്നീസ മരണം പൂകിയത്. കൊളക്കാടന്‍ മൂസ ഹാജി എന്ന വ്യക്തി ഈ കേസുമായി സുപ്രീംകോടതി വരെ പോയി. അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അന്വേഷണമുണ്ടായില്ല. പിന്നീട് ബാബരി മസ്ജിദ് ധ്വംസനത്തിലും പിന്നീടുണ്ടായ കലാപങ്ങളിലും സിറാജുന്നീസ കേവലം ഓര്‍മയായി.

ഒഴിവാക്കാമായിരുന്ന വെടിവെപ്പില്‍ അശേഷം ഖേദപ്രകടനം നടത്താതിരുന്ന പോലീസ് പിന്നീടുണ്ടാക്കിയ കെട്ടുകഥയാണ് ഏറെ നൊമ്പരങ്ങള്‍ സൃഷ്ടിച്ചത്. കലാപത്തിന്റെ ഒരു കഥയുമറിയാതെ മണ്ണുകൊണ്ട് ചോറുണ്ടാക്കി ഇലകള്‍ കറിയാക്കി വീട്ടുമുറ്റത്ത് ചിരട്ടകൊണ്ട് കളിക്കുകയായിരുന്ന തൊണ്ടിക്കുളം യു.പി സ്‌കൂളിലെ ആറാം ക്ലാസ്സുകാരിയായ ആ പൈതലിനെ കുറിച്ച് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് ആരുടേയും ഹൃദയം ഭേദിക്കുന്ന തരത്തിലായിരുന്നു. അവളായിരുന്നുവത്രെ തൊട്ടടുത്ത ബ്രാഹ്മണ അഗ്രഹാരം തീവെച്ചു നശിപ്പിക്കാന്‍ പുതുപ്പള്ളി തെരുവിലെ അക്രമാസക്തരായ മുന്നോറോളം പേരടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കിയത്. വെടികൊണ്ട് തല പിളര്‍ന്നുപോയ സിറാജുവിനെ ആശുപത്രിയില്‍ കൊണ്ടുപോയ ബന്ധുക്കളെയും പോലീസ് തല്ലിച്ചതച്ചു. മകളുടെ വിരഹത്തിന്റെ വേദനയില്‍ നൊന്തുകഴിഞ്ഞ മാതാവ് നഫീസയും പിന്നീട് യാത്രയായി. ചായമക്കാനിക്കാരനായ പിതാവ് മുസ്തഫയെ പിന്നെയാരും തിരിഞ്ഞുനോക്കിയില്ല. പോലീസ് രേഖയില്‍ ക്രിമിനല്‍ ആയിരുന്നതുകൊണ്ട് നഷ്ടപരിഹാരം പോലും ലഭിച്ചത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം.

നിയമപാലക വൃന്ദത്തില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന നീതിയും സുരക്ഷയും അപ്രാപ്യമെന്ന് ജനങ്ങള്‍ക്ക് തോന്നുമ്പോള്‍ സമൂഹത്തില്‍ കടുത്ത നിരാശ ഉടലെടുക്കും. ഈ നിരാശയുടെ പ്രതികരണങ്ങള്‍ തീവ്രവാദങ്ങളായി രൂപാന്തരം പ്രാപിക്കുകയും കലാപങ്ങളും ഭീകരപ്രവര്‍ത്തനങ്ങളുമായി അവ പരിണമിക്കുകയും ചെയ്യും. നീതിനിഷേധവും പോലീസിന്റെ നിസ്സംഗതയും സമൂഹത്തെ വര്‍ഗീയ ധ്രുവീകരണങ്ങളിലേക്കും രാഷ്ട്രീയ വൈരങ്ങളിലേക്കും നയിക്കും. നടേ സൂചിപ്പിച്ച പോലെ പോലീസ് പലപ്പോഴും ബാഹ്യ ഇടപെടലുകളുടെ സമ്മര്‍ദത്തിലാണ്. ഈ സമ്മര്‍ദങ്ങളാണ് മുഖം നോക്കാതെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനു പൊലീസിന് തടസ്സമാവുന്നത്. 

ഇവിടെയാണ് സമൂഹത്തിനു ആശ്വാസകരമാവുന്ന വിധത്തിലുള്ള ജുഡീഷ്യറിയുടെ ഇടപെടല്‍ അനിവാര്യമായിത്തീരുന്നത്. പോലീസ് സംവിധാനം ജനോപകാരപ്രദമാവണമെന്നും ബാഹ്യമായ ഇടപെടലുകള്‍ക്ക് അതീതമാവണമെന്നുമുള്ള പ്രകാശ് സിംഗ് കേസില്‍ സുപ്രീംകോടതി നല്‍കിയ നിര്‍േദശം നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പോലീസ് സംവിധാനത്തെ കുറ്റമറ്റതാക്കുന്നതിനു വേണ്ടി വളരെയധികം പരിശ്രമിച്ച പ്രശസ്തനായ പോലീസ് ഓഫീസറായിരുന്നു പ്രകാശ് സിംഗ്. 1996ല്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞ ശേഷവും പോലീസിനെ ബാഹ്യ ഇടപെടലുകളില്‍ നിന്ന് മുക്തമാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി അദ്ദേഹം സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിക്ക് പത്തുവര്‍ഷം കഴിഞ്ഞാണെങ്കിലും സുപ്രീം കോടതിയുടെ അനുകൂല വിധി വന്നു. പോലീസ് സംവിധാനത്തെ നേരായ വഴിക്ക് നടത്താനുള്ള ജുഡീഷ്യറിയുടെ ശക്തമായ ഇടപെടലായി ജനങ്ങള്‍ അതിനെ വിലയിരുത്തി. പക്ഷെ സുപ്രീംകോടതി പുറപ്പെടുവിച്ച 17 ആക്റ്റുകളും കേന്ദ്രം മുതല്‍ സംസ്ഥാനം വരെയുള്ള ഭരണകൂടങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉപേക്ഷ വരുത്തുകയായിരുന്നു. പൂര്‍ണമോ ഭാഗികമോ ആയ നിരാകരണങ്ങളാണ് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടായത്. സുപ്രീം കോടതി പിന്നീട് 2010ല്‍ കോടതി വിധി നടപ്പാക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനായി കമ്മറ്റി രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല. 2013ല്‍ വീണ്ടും നിര്‍ദ്ദേശങ്ങള്‍ പുതുക്കി നല്‍കാന്‍ കോടതി പോലീസ് ആക്ട് ഡ്രാഫ്റ്റിംഗ് കമ്മറ്റി രൂപീകരിച്ചെങ്കിലും അവ ഇപ്പോഴും ബ്യുറോക്രസിയുടെ ചുവപ്പുനാടകളില്‍ കുരുങ്ങി കിടക്കുകയാണ്. ഇന്ത്യയില്‍ കോടതി നിര്‍േദശങ്ങള്‍ അവഗണിക്കപ്പെടുന്നതും അവയോട് സഹകരിക്കാതിരിക്കലും പലപ്പോഴും പതിവുസംഭവങ്ങളായി മാറിയിരിക്കുകയാണ്. മറ്റേതെങ്കിലും രാജ്യത്താണെങ്കില്‍ അവ ഭരണഘടനാ പ്രതിസന്ധിയായി രൂപാന്തരം പ്രാപിക്കുമായിരുന്നു.

കോടതിയുടെ മറ്റൊരു ശക്തമായ ഇടപെടലാണ് ഇപ്പോള്‍ സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ട സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന സുപ്രീം കോടതി വിധി പോലീസ് സംവിധാനത്തെ കുറിച്ച് ഇപ്പോള്‍ കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കക്ക് അല്‍പം മോചനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരം ഇടപെടലുകളിലൂടെ നിയമപാലക മേഖലയെ കുറ്റമറ്റതാക്കാനുള്ള ശക്തമായ ഇടപെടലുകള്‍ ജുഡീഷ്യറിയുടെയും സര്‍ക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. 

കുറുന്തോട്ടിക്ക് വാതമെന്ന് പറയുന്ന പോലെയാണ് കാര്യം. ജനങ്ങളില്‍ ഭീതിയുണ്ടാക്കാതെ നീതിയും നിയമവും നടപ്പാക്കി ജനമൈത്രി സ്ഥാപിക്കേണ്ട നിയമപാലക സമൂഹത്തെ ആരാണ് ചികില്‍സിക്കുക? പോലീസ് വകുപ്പിലെ എല്ലാവരും മോശക്കാരാണെന്നല്ല. അവരെ നയിക്കുന്നവരില്‍ കക്ഷിത്വവും വര്‍ഗ്ഗീയതയും പടര്‍ന്നാല്‍ പിന്നെ സമൂഹം ആരില്‍ നിന്നാണ് നീതിയും നന്മയും പ്രതീക്ഷിക്കുക. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും എന്നാണല്ലോ പഴഞ്ചൊല്ല്. പൊലീസിന് ഉപദേശം ആവശ്യമാണ്. പക്ഷെ ആരായിരിക്കണം ഉപദേശകന്‍? ഒരു ഭരണാധികാരിയുടെ അറിവില്ലായ്മയെ തിരുത്താനും നിയമപാലകസമൂഹത്തിനു ദിശാബോധം നല്‍കാന്‍ സാധിക്കുന്നതും കാര്യങ്ങളില്‍ മിതത്വം കാണിക്കുകയും സമചിത്തത പ്രകടിപ്പിക്കുകയും ചെയ്യുന്നവരായിരിക്കണം ഉപദേശിയുടെ റോള്‍ ഏറ്റെടുക്കേണ്ടത്. പോലീസ് സേനയെ ജനസേവകരാക്കി നവീകരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിക്കുന്നവരാവണം. ജനങ്ങളുമായി ഇടപഴകി നിയമപാലകരില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കുന്ന കമ്മ്യൂണിറ്റി പോലീസിങ്ങിന്റെ ഒട്ടേറെ മോഡലുകള്‍ നമ്മുടെ പോലീസ് ഉദ്യോഗസ്ഥരെയും പഠിപ്പിക്കുന്നത് നന്നായിരിക്കും. 

പോലീസ് മാന്വലില്‍ പറയുന്ന ഉപദേശങ്ങളെ കൃത്യമായി പാലിക്കാന്‍ തയ്യാറായാല്‍ തന്നെ ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കാം. 'നിയമം നടപ്പാക്കി അക്ഷോഭ്യരായി അക്രമം അമര്‍ച്ചചെയ്ത്' എന്ന് ചൊല്ലിപ്പറഞ്ഞത് കൊണ്ടായില്ല. അവ പഠിച്ചവര്‍ ക്ഷോഭം, പക്ഷപാതം, അസഭ്യം, തെറി തുടങ്ങി ഒരു പോലീസുകാരന് ഉണ്ടെന്നു പറയപ്പെടുന്ന 'മിനിമം യോഗ്യതകളില്‍' നിന്നു മുക്തമാവേണ്ടതുണ്ട്. പോലീസ് സേനയിലെ അംഗങ്ങള്‍ മാത്രമല്ല, സര്‍ക്കാര്‍ വേതനങ്ങളും ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന മുഴുവന്‍ ഉദേ്യാഗസ്ഥര്‍ക്കും ഇത് ബാധകമാണ്.

0
0
0
s2sdefault