നവാതിഥിക്ക് അല്ലാഹു നല്‍കുന്ന അമൃത്

അശ്‌റഫ് എകരൂല്‍

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12

ഇസ്‌ലാമിക് പാരന്റിംഗ്: 9

ഭൂമിയുടെ അപരിചിതത്വത്തിലേക്ക് കടന്നുവരുന്ന നവാഗതനായ അതിഥിക്ക് പ്രപഞ്ച സ്രഷ്ടാവ് ഒരുക്കി വെച്ച 'വെല്‍ക്കംഡ്രിങ്കാ'ണ് മുലപ്പാല്‍. ചിന്തിക്കുന്ന മനുഷ്യന് ധാരാളം ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താവുന്ന ഒന്നാണിത്. ഒരു സര്‍വ സമീകൃതാഹാരം! മറ്റു ഭക്ഷ്യവസ്തുക്കള്‍ കഴിക്കാനുള്ള പല്ലുകളും ദഹിക്കാനുള്ള സംവിധാനവും ഇല്ലാത്ത നവാഗതശിശുവിന് ഏറ്റവും അനുയോജ്യമായ ആഹാരം.

മുലയൂട്ടുന്ന മനുഷ്യേതര ജീവികളുടെ മുലപ്പാലില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ് മനുഷ്യന്റെ മുലപ്പാല്‍. ആനയെ പോലുള്ള വലിയ ജീവികളുടെ മുലപ്പാലില്‍ ശാരീരിക വളര്‍ച്ചക്ക് ഉപയുക്തമായ ഘടകങ്ങളാണ് കൂടുതല്‍ അടങ്ങിയിട്ടുള്ളതെങ്കില്‍ സ്ത്രീയുടെ മുലപ്പാല്‍ തലയും തലച്ചോറും കൂടുതല്‍ വളരാന്‍ ആവശ്യമായ മൂലകങ്ങളും ഘടകങ്ങളുമടങ്ങിയതാണെന്നറിയുമ്പോഴാണ് മുലയൂട്ടലിന്റെ പ്രാധാന്യവും സ്രഷ്ടാവിന്റെ കാരുണ്യവും ഒരുപോലെ നമുക്കുള്‍ക്കൊള്ളാന്‍ കഴിയുക.

സ്ത്രീ പുരുഷന്മാരെ വിവാഹത്തിലൂടെ കണ്ണിചേര്‍ത്ത് കുടുംബബന്ധമെന്ന സ്ഥാപനത്തില്‍ സുരക്ഷിതമായി കുടിയിരുത്തി ഒരു ഉത്തമ സമൂഹസൃഷ്ടിക്ക് അനുയോജ്യമായ ഉത്തരവാദിത്തങ്ങള്‍ ഇരുവര്‍ക്കും നല്‍കി. അതിന്റെ ഭാഗമായി കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം പുരുഷന് നല്‍കി.ഗര്‍ഭം ചുമക്കുക, പ്രസവിക്കുക, കുഞ്ഞിനെ മുലയൂട്ടുക പോലുള്ള ഉത്തരവാദിത്തങ്ങള്‍ സ്ത്രീയെ ഏല്‍പിച്ചു.

അല്ലാഹു പറയുന്നു: ''മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ട് കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാകണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നില്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു പിതാവിനും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതുപോലുള്ള ബാധ്യതകളുണ്ട്. ഇനി അവരിരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. ഇനി നിങ്ങളുടെ കുട്ടിക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല. (ആ പോറ്റുമ്മമാര്‍ക്ക്) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തുതീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക'' (അല്‍ബക്വറ:233).

കേവലം മുലയൂട്ടേണ്ടുന്ന കാലാവധി സൂചിപ്പിക്കുകയോ മുലയൂട്ടണമെന്ന് കല്‍പിക്കുകയോ മാത്രമല്ല ഈ വചനത്തിലൂടെ അല്ലാഹു ചെയ്യുന്നത്. അതിന് വിഘാതമുണ്ടാക്കുന്ന വിവാഹമോചനം, രോഗം മൂലമോ, മരണം മൂലമോ മറ്റോ മാതാവിന്റെ അസാന്നിധ്യമുണ്ടായാല്‍ പോലും കുഞ്ഞിന് ലഭിക്കേണ്ട മുലയൂട്ടല്‍ അവകാശം ലഭ്യമാകാനാവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നിയമ നിര്‍ദേശങ്ങളും സമീപന രീതികള്‍ എന്നിവ പോലും ഈ വചനത്തിലൂടെ അല്ലാഹു വിശദമാക്കുന്നുണ്ട്. അല്ലാഹുവിനെ സൂക്ഷിക്കണമെന്നും നിങ്ങളുടെ പ്രവൃത്തികള്‍ അവന്റെ നിരീക്ഷണത്തിലാണെന്നും പറഞ്ഞ് ഈ സൂക്തം അവസാനിക്കുമ്പോള്‍ അതില്‍ അമാന്തം കാണിക്കുന്നവര്‍ക്കുള്ള താക്കീതു കൂടി പ്രകടമാണ്.

വിവാഹമോചനം വരുത്തുന്ന പരസ്പര വിദ്വേഷ സാഹചര്യം പോലും ഈ വിഷയത്തെ സ്വാധീനിക്കാന്‍ പാടില്ലാത്തതാണ്. അതിനാല്‍ മുലയൂട്ടാന്‍ മാതാവ് തയ്യാറാവണമെന്നും അതിന് ആവശ്യമായ ചെലവ് പ്രത്യേകം പിതാവിന്റെ അടുക്കല്‍ നിന്ന് വസൂലാക്കാവുന്നതുമാണെന്നും, ഒരു നിലയ്ക്കും മാതാവ് തയ്യാറാവാത്ത അവസ്ഥ വന്നാല്‍ കൂലികൊടുത്തെങ്കിലും മറ്റൊരാളെ കണ്ടെത്തണമെന്നും ക്വുര്‍ആന്‍ കണിശമായി പറയുമ്പോള്‍ നിസ്സാര കാരണങ്ങളുടെ പേരില്‍ പോലും കുപ്പിപ്പാലില്‍ പരിഹാരം കണ്ടെത്തുന്ന സ്ത്രീകളുടെ കാര്യം പരലോകത്ത് എന്താവുമെന്നത് ചിന്തനീയമാണ്.

മാതൃത്വത്തിന്റെ അണമുറിയാത്ത, മുറിക്കാന്‍ കഴിയാത്ത ബന്ധത്തിന്റെ അടയാളം കൂടിയാണ് മുലയൂട്ടല്‍. മുലപ്പാല്‍ കുഞ്ഞിന് പോഷകമാവുന്നത് പോലെ, മുലയൂട്ടുന്ന മാതാവില്‍നിന്ന് കുഞ്ഞിലേക്ക് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും വികാരമാണ് പ്രസരിക്കുന്നത്. ലോകാവസാനത്തിന്റെ ഭീകരത മനുഷ്യന് ബോധ്യപ്പെടുത്താന്‍ അല്ലാഹു എടുത്തു കാണിക്കുന്ന വിവിധ രംഗങ്ങളില്‍ ഒന്ന് മുലയൂട്ടുന്ന മാതാവ് തന്റെ കുഞ്ഞിനെക്കുറിച്ച് അശ്രദ്ധയിലായിപ്പോകുമെന്നാണ്. അല്ലാഹു പറയുന്നു: ''മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. തീര്‍ച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു. നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും'' (അല്‍ഹജ്ജ്: 1-2).

മുലയൂട്ടുന്ന മാതാവിന്റെയും തന്റെ കുഞ്ഞിന്റെയും ഇടയില്‍ വളര്‍ന്ന് പന്തലിക്കുന്ന ആത്മ ബന്ധത്തിന്റെ ശക്തി മനസ്സിലാക്കാന്‍ ഇതിലും വലിയ ഒരു ഉദാഹരണമില്ല.

നാട്ടില്‍ സുരക്ഷിതത്വം പൂര്‍ണമായി നഷ്ടപ്പെടുകയും ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ പിടിച്ച് കൊന്നുകളയുകയും ചെയ്യുന്ന അതിഭീകരമായ ഒരു ചുറ്റുപാട് നിലനിന്ന ഫറോവയുടെ ഭരണകാലത്ത് മൂസാ(അ)യെ സുരക്ഷിതമാക്കാന്‍ അല്ലാഹു ഏര്‍പെടുത്തിയ സംവിധാനത്തെ കുറിച്ച് നാം വിശുദ്ധ ക്വുര്‍ആനില്‍ വായിക്കുന്നുണ്ട്. കുട്ടിയെ പെട്ടിയിലാക്കി അല്ലാഹുവിന്റെ കല്‍പന ശിരസ്സാവഹിച്ച് നൈലിന്റെ ഒഴുക്കിലേക്ക് വെച്ചുകൊടുക്കുന്നു. സംരക്ഷണം അല്ലാഹു ഏറ്റെടുക്കുന്നു. ആ കുഞ്ഞിന് മാതാവിന്റെ മുലപ്പാല്‍ തന്നെ ലഭിക്കാനുള്ള അവസരം സ്രഷ്ടാവ് ഒരുക്കിവെക്കുന്നു!

സ്വന്തം മാതാവിന്റെ മുലപ്പാല്‍ കിട്ടാനുള്ള അവസരം നഷ്ടമാക്കിക്കൂടാ എന്നര്‍ഥം. മറ്റൊന്നും അതിന് പകരമാകില്ല. കാരണം അല്ലാഹു അതില്‍ ഭൗതികവും ആത്മീയവുമായി നമുക്കറിയുന്നതും അറിയാത്തതുമായ പലതും ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. എന്നാല്‍ അനിവാര്യമെങ്കില്‍ മറ്റൊരു സ്ത്രീയെ അതിന് തിരഞ്ഞെടുക്കാം. മുലയൂട്ടലാകുന്ന മഹനീയ ദൗത്യം നിര്‍വഹിക്കുന്ന അന്യയായ ആ സ്ത്രീയെ ഇസ്‌ലാം തന്മൂലം യഥാര്‍ഥ മാതാവിന്റെ സ്ഥാനത്തേക്കുയര്‍ത്തുന്നു. രക്തബന്ധം പോലെ ആ ബന്ധത്തെ പവിത്രമാക്കുന്നു. മാതാവിന്റെ മഹാദൗത്യം നിര്‍വഹിച്ചതിനാല്‍ അവര്‍ മാതാവും അവരുടെ മക്കള്‍ വിവാഹബന്ധം പാടില്ലാത്ത വിധം സഹോദര- സഹോദരിമാരും ആയിത്തീരുകയും ചെയ്യുന്നു. അഥവാ ഇസ്‌ലാം അവര്‍ക്ക് ആ പദവി നല്‍കുന്നു. അല്ലാഹു പറയുന്നു: ''നിങ്ങളെ മുലകുടിപ്പിച്ച പോറ്റുമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാ മാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.'' (അന്നിസാഅ്: 23).

ഇമാം അഹ്മദ് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഗാമിദിയാ ഗോത്രത്തിലെ ഒരു സ്ത്രീ വ്യഭിചാരക്കുറ്റം സ്വയം ഏറ്റുപറഞ്ഞ് ശിക്ഷ ചോദിച്ചുവാങ്ങിയ സംഭവം പറയുന്നുണ്ട്. അന്നേരം അവര്‍ ഗര്‍ഭിണിയായിരുന്നു. നബി(സ) അവരോട് പ്രസവം കഴിഞ്ഞ് വരാന്‍ പറഞ്ഞു. പ്രസവാനന്തരം കുഞ്ഞിനെയുംകൊണ്ട് വന്ന് തന്റെ ശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരിച്ച് പോയി മറ്റു ഭക്ഷണം കഴിക്കാന്‍ ആകുന്നതുവരെ കുഞ്ഞിന് മുലയൂട്ടുവാനാണ് നബി(സ്വ) കല്‍പിച്ചത്.

മാതാവിന്റെ മുലപ്പാലിന് പകരം മൃഗത്തിന്റെ പാല്‍ നല്‍കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. മൃഗത്തിന്റെ മുലപ്പാലില്‍ അടങ്ങിയ പല മൂലകങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയില്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ്; പ്രത്യേകിച്ച് ആദ്യത്തെ ഒരു വര്‍ഷം. അത്‌പോലെ പ്രസവിച്ച ഉടന്‍ വരുന്ന കൊഴുപ്പുള്ള മഞ്ഞപ്പാല്‍ യാതൊരു കാരണവശാലും നിഷേധിക്കരുത്. കുഞ്ഞിന് അത്യാവശ്യമുള്ള ഒരുപാട് ഘടകങ്ങള്‍ നിറഞ്ഞ ഈ അമൃത് പിഴിഞ്ഞ് ഒഴിവാക്കുന്ന ഒരു രീതി ഉണ്ടായിരുന്നത് കേട്ടിട്ടുണ്ട്. പ്രസവിച്ച് അരമണിക്കൂറിനുള്ളിലും സിസേറിയനാണെങ്കില്‍ ഒരു മണിക്കൂറിനുള്ളിലും പാലൂട്ടാം. ഗര്‍ഭപാത്രം വേഗത്തില്‍ ചുരുങ്ങുന്നതിനും രക്തസ്രാവം കുറക്കുന്നതിനും നേരത്തെയുള്ള മുലയൂട്ടല്‍ സഹായകമാണ്. രണ്ട് വര്‍ഷമെങ്കിലും കൃത്യമായി മുലയൂട്ടുന്നത് അമ്മയുടെ ശരീരഭാരം ഗര്‍ഭത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

അല്ലാഹുവിന്റെ മതം പതിനാല് നൂറ്റാണ്ട് മുമ്പ് മനുഷ്യന് നല്‍കിയ മാര്‍ഗദര്‍ശനം എത്ര കൃത്യവും സുരക്ഷിതവുമാണ്! പക്ഷേ, നമ്മുടെ ന്യൂ ജനറേഷന്‍ മാതാക്കളെ മുലയൂട്ടലിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ ഏതെങ്കിലും ആരോഗ്യമാസികയിലെ ലേഖനങ്ങള്‍ വേണ്ടിവരുന്നു! ഡോക്ടര്‍മാര്‍ പറയുമ്പോള്‍ തോന്നുന്ന ഗാംഭീര്യം എന്ത്‌കൊണ്ടോ അല്ലാഹുവും റസൂലും പറഞ്ഞത് കേള്‍ക്കുമ്പോള്‍ ഉണ്ടാകാതിരിക്കുന്നത് കേവലം അജ്ഞത മാത്രമല്ല, വിശ്വാസത്തിന്റെ ദൗര്‍ബല്യവും കൂടിയാണ് എന്ന് നാം ഭയപ്പെടണം.

കുഞ്ഞ് ജനിച്ച ശേഷം ആദ്യരണ്ടുവര്‍ഷത്തിലെ ഇസ്‌ലാമിക പാരന്റിംഗിലെ മുഖ്യ ദൗത്യം മുലയൂട്ടല്‍ തന്നെയാണ്. അമ്മിഞ്ഞപ്പാല്‍ അമൃതിന് തുല്യം എന്നാണല്ലോ ചൊല്ല്! നവാഗതനായ അതിഥിക്ക് സ്രഷ്ടാവ് തന്നെ പ്രത്യേകം ഒരുക്കിവെച്ച ഈ അമൃത് നല്‍കുക എന്നതാണ് മാതാവിന്റെ പ്രധാന കടമ. അതിനെന്തിന് മടി കാണിക്കണം?

0
0
0
s2sdefault