നന്നാകാന്‍ ഒരു വഴി

അബൂ തന്‍സീല്‍

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

പണ്ടു പണ്ട് ഒരു പട്ടണത്തില്‍ ഒരു മഹാ പണ്ഡിതനുണ്ടായിരുന്നു. നാട്ടിലെ ഒരുപാട് ആളുകളുടെ ഗുരുവും മാതൃകയും ആയിരുന്ന അദ്ദേഹം പ്രയാസങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു.   

ഒരിക്കല്‍ അദ്ദേഹത്തിന്റെ അടുത്ത് ഒരു യുവാവ് എത്തി. എന്നിട്ട് പറഞ്ഞു: ''പണ്ഡിതരേ, ഒരു പാട് ചീത്ത ശീലങ്ങളുള്ള ഒരാളാണ് ഞാന്‍. ഇതില്‍ നിന്നും എനിക്ക് മുക്തി നേടണം. ഞാനെന്താണ് ചെയ്യേണ്ടത്?''

അദ്ദേഹം പറഞ്ഞു: ''താങ്കള്‍ ഇനി മേലില്‍ കളവ് പറയില്ല എന്ന് തീരുമാനിക്കുക. എന്ത് വന്നാലും കളവ് പറയാതിരിക്കുക. എന്നാല്‍ താങ്കള്‍ക്ക് ഇപ്പോള്‍ ശീലമായിമാറിയ എല്ലാറ്റില്‍ നിന്നും മോചനം ലഭിക്കും.'' 

ആ യുവാവ് അദ്ദേഹത്തിന്റെ കരം പിടിച്ച് ഇനി ഒരിക്കലും കളവ് പറയിെല്ലന്ന് ശപഥം ചെയ്തു. അവിടെ കൂടിയ ആളുകള്‍ കാണ്‍കെ ആ പണ്ഡിതന്‍ അദ്ദേഹത്തെ ആശ്ലേഷിക്കുകയും എല്ലാവരും കേള്‍ക്കെ യാത്ര പറയുകയും ചെയ്തു. 

ആ രാത്രി അദ്ദേഹം പതിവുപോലെ പുറത്തിറങ്ങി. വര്‍ഷങ്ങളായി രാത്രിയില്‍ മോഷണം നടത്തിയിരുന്ന അദ്ദേഹം ഇന്ന് എന്തു ചെയ്യണമെന്ന് ആലോചിച്ചു. രാവിലെ ആളുകള്‍ കാണ്‍കെ അദ്ദേഹം പണ്ഡിതന് നല്‍കിയ ഉറപ്പിനെക്കുറിച്ചാലോചിച്ചു. 

ഇന്നലെ നീ എന്തു ചെയ്‌തെന്ന് അദ്ദേഹം എന്നോട് ചോദിച്ചാല്‍ ഞാനെന്തു മറുപടി പറയും? സത്യം പറഞ്ഞാല്‍ അദ്ദേഹവും അവിടെയുള്ളവരും ഞാന്‍ കള്ളനാണെന്നു പറയും. ഇനിയും എന്നെ സംബന്ധിച്ച് അങ്ങനെ പറയുന്നത് ഞാനിഷ്ടപ്പെടുന്നില്ല. പോരാത്തതിന് ന്യായാധിപനില്‍ നിന്ന് മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടിയും വരും. കളവു പറഞ്ഞാല്‍ ഇന്ന് നല്‍കിയ ശപഥം വെറുതെയാവുകയും എന്റെ പാപത്തില്‍ നിന്നും മോചനം ലഭിക്കാതിരിക്കുകയും ചെയ്യും. 

എന്തായാലും വേണ്ടതില്ല, ഇന്ന് തല്‍ക്കാലം മോഷണം നടത്തേണ്ട എന്ന് തീരുമാനിച്ച് അയാള്‍  വീട്ടിലേക്ക് തിരിച്ചു പോയി. 

അടുത്ത ദിവസം അയാള്‍ മദ്യം വില്‍ക്കുന്ന ഒരു കടയുടെ മുമ്പിലൂടെ നടക്കുകയായിരുന്നു. അദ്ദേഹത്തിന് ശീലമായി മാറിയതാണ് മദ്യം കഴിക്കല്‍. അതിനു മുമ്പിലൂടെ നടന്ന് പോകുമ്പോള്‍ മദ്യപിക്കാതിരിക്കല്‍ അയാള്‍ക്ക് അസാധ്യമായിരുന്നു. പക്ഷേ, ഇന്നത്തെ ദിവസം ഞാനെങ്ങനെ കഴിച്ചു കൂട്ടിയെന്ന് അദ്ദേഹം അന്വേഷിച്ചാല്‍ ഞാനെന്ത് മറുപടി പറയും? കളവ് പറയാന്‍ എനിക്കേതായാലും ഇനി സാധ്യമല്ല. എന്നാല്‍ സത്യം പറഞ്ഞാലോ ആളുകള്‍ ഇനിയും എന്നെപ്പറ്റി എന്തു പറയും. അദ്ദേഹം എന്നെ വെറുക്കാനും സാധ്യതയുണ്ട്. കാരണം ഒരു വിശ്വാസിക്ക് മദ്യം ഹറാമാണല്ലോ! അയാള്‍ ചിന്തിച്ചു.

അങ്ങനെ ഓരോ പ്രാവശ്യവും ഓരോ തെറ്റ് ചെയ്യാനുദ്ദേശിക്കുമ്പോഴൊക്കെ ഇത്തരത്തില്‍ അദ്ദേഹം ചിന്തിച്ചു. ചെയ്ത സത്യം മാറ്റിപ്പറയുന്നത് ശരിയല്ലെന്നുറച്ചു. ഇനിയും ചീത്ത പ്രവൃത്തികളില്‍ തന്നെ മുഴുകിയാലുണ്ടാകുന്ന ആപത്തിനെക്കുറിച്ച് ചിന്തിച്ചു. അങ്ങനെ അയാള്‍ എല്ലാ ദുശ്ശീലങ്ങളില്‍ നിന്നും മാറി മാറി നടക്കാന്‍ തുടങ്ങി. നന്മകള്‍ ധാരാളമായി ചെയ്യാനും തുടങ്ങി.

ഇതറിഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തെ സ്‌നേഹിക്കാനും വളരെ നന്നായി അദ്ദേഹത്തോട് ഇടപഴകാനും തുടങ്ങി. അതോടെ അദ്ദേഹം തീര്‍ത്തും ഉത്തമനായ ഒരു മനുഷ്യനായിത്തീര്‍ന്നു. സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുമെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.

കുട്ടികളേ, സത്യവും സല്‍കര്‍മങ്ങളും നമ്മെ സമൂഹത്തിലും അതിലുപരി സര്‍വലോക രക്ഷിതാവിന്റെയടുത്തും ഏറ്റവും ഉത്തമരായി മാറാനും ആത്യന്തിക വിജയം വരിച്ച് സ്വര്‍ഗം കൈവരിക്കാനും എങ്ങനെയല്ലാം സഹായിക്കുമെന്ന് മനസ്സിലായല്ലോ. അതിനാല്‍ നാം സത്യം പറയുന്നവരും സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരുമായി ജീവിക്കണം. 


ഒരു കോട്ടിന്റെ കഥ

റാഷിദ ബിന്‍ത് ഉസ്മാന്‍

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

യുദ്ധത്തിന്റെ ഭയാനകമായ വര്‍ഷങ്ങള്‍ സമ്പന്നനായിരുന്ന അഹ്മദിനെ ദരിദ്രനാക്കി മാറ്റി. സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. ഭാര്യ കൊല്ലപ്പെട്ടു. മകനെ കാണാതായി. ഒടുവില്‍ ദൂരെ നാട്ടിന്‍പുറങ്ങളില്‍ ആടിനെ മേയ്ക്കുന്ന ജോലി സ്വീകരിക്കേണ്ടിവന്നു.

ഒരു ദിവസം അദ്ദേഹം റോഡരികിലൂടെ ആടുകളെ മേയ്ച്ചുകൊണ്ട് നടക്കുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ ഒരു യുവാവിനെ താങ്ങിയെടുത്ത് കൊണ്ടുപോകുന്നത് കണ്ടു. അടുത്തുള്ള ആശുപത്രിയിലേക്ക് അവനെ കൊണ്ടുപോകുകയാണെന്ന് വ്യക്തം. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച പാവപ്പെട്ട ഒരു യുവാവാണതെന്ന് അഹ്മദിന് മനസ്സിലായി. അവന്‍ കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. അഹ്മദ് ഓടിച്ചെന്ന് തന്റെ ജാക്കറ്റഴിച്ച് അവനു നല്‍കി. വര്‍ഷങ്ങളായി തന്റെ പക്കലുള്ള കോട്ടാണത്. അയാള്‍ക്ക് അവനോട് വല്ലാത്ത അനുകമ്പ തോന്നി. ആടുകളെ ഭദ്രമായ ഒരിടത്താക്കി അയാള്‍ അവരെ പിന്തുടര്‍ന്നു.

ആശുപത്രിയില്‍ പരിശോധനക്കായി ഡോക്ടറെ കാത്തുനില്‍ക്കെ ആ യുവാവ് തനിക്ക് കോട്ട് നല്‍കിയ ആട്ടിടയനെ നോക്കി 'ഉപ്പാ' എന്ന് വിളിച്ചു. അയാളാകെ അമ്പരന്നു. അതു മനസ്സിലാക്കിയ യുവാവ് വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു: ''ക്ഷമിക്കണം. താങ്കളുടെ കോട്ട് കണ്ടപ്പോള്‍ ഞാന്‍ എന്റെ പിതാവിനെ ഓര്‍ത്തുപോയി. അദ്ദേഹത്തിന് ഇതുപോലുള്ള ഒരു കോട്ടുണ്ടായിരുന്നു. എത്രയോ വര്‍ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ട്. എന്റെ കുടുംബത്തില്‍ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്കറിയില്ല'' ആ യുവാവ് കടുത്ത പനിയാല്‍ വിറച്ചുകൊണ്ടാണ് ഇത്രയും പറഞ്ഞത്.

അയാള്‍ ആ യുവാവിനോട് കുടുംബത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ തന്റെ മകനാണിതെന്ന് മനസ്സിലായി. തനിക്ക് അപ്രതീക്ഷിതമായി കിട്ടിയ കോട്ട് തന്റെ പിതാവിന്റെത് തന്നെയാണെന്നും തന്റെ അടുത്തു നില്‍ക്കുന്നത് തന്റെ പിതാവാണെന്നും മനസ്സിലായപ്പോള്‍ അവന്‍ സന്തോഷത്താല്‍ കരഞ്ഞുപോയി. തിരിച്ചുകിട്ടുമെന്ന് ഒരിക്കലും കരുതാത്ത മകനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്താല്‍ അഹ്മദ് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

കൂട്ടുകാരേ, ആ മനുഷ്യന്‍ യുവാവിനെ സഹായിച്ചതും ആശുപത്രിയിലേക്ക് കൂടെ ചെന്നതും തന്റെ മകനാണെന്ന് അറിഞ്ഞതുകൊണ്ടല്ല. പ്രയാസപ്പെടുന്നത് കണ്ടപ്പോള്‍ അലിവു തോന്നി സഹായിച്ചതാണ്. അതുകൊണ്ട് അയാള്‍ക്ക് മകനെ തിരിച്ചു കിട്ടി. നല്ല മനസ്സുള്ളവരെ അല്ലാഹു സഹായിക്കാതിരിക്കില്ല. കഷ്ടപ്പെുന്നവരെ സഹായിക്കാനുള്ള നല്ല മനസ്സിന്റെ ഉടമകളായി നാം മാറുക.

0
0
0
s2sdefault