നന്ദികേടിന്റെ ഫലം

അബൂറാഷിദ

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

പണ്ട്‌ ഒരു ഗ്രാമത്തിൽ ധർമിഷ്ഠനായ ഒരു കർഷകൻ ജീവിച്ചിരുന്നു. തന്റെ അടുക്കൽ എത്തുന്ന പാവങ്ങൾക്കെല്ലാം തന്നാൽ കഴിയുന്ന എന്തു ഉപകാരവും ചെയ്യാൻ അയാൾ സദാ സന്നദ്ധനായിരുന്നു. സർവശക്തനായ അല്ലാഹു അദ്ദേഹത്തിന്‌ അനുഗ്രഹമായി വളരെ വിശാലവും ഫലഭൂയിഷ്ടവും സമൃദ്ധവുമായ തോട്ടം നൽകിയിരുന്നു. പലതരം പച്ചക്കറികളും മുന്തിരി, ആപ്പിൾ, ഓറഞ്ച്‌, മാമ്പഴം... അങ്ങനെയങ്ങനെ വ്യത്യസ്ത നിറങ്ങളും രുചിയുമുള്ള പഴങ്ങൾ കായ്ച്ചു നിൽക്കുന്ന ആ തോട്ടം കാണാൻ തന്നെ മനോഹരമായിരുന്നു. എല്ലാ വിളവെടുപ്പ്‌ നാളിലും ഒരു വിഹിതം ദരിദ്രർക്കായി അദ്ദേഹം എന്നും മാറ്റിവെച്ചിരുന്നു. ഇതറിയാവുന്ന ആ പ്രദേശത്തുള്ള പാവങ്ങളായ ആളുകൾ അദ്ദേഹത്തിന്റെ തോട്ടത്തിൽ വന്ന്‌ പഴങ്ങളും പച്ചക്കറികളും മറ്റും കൊണ്ടുപോകാറുണ്ടായിരുന്നു.

അങ്ങനെ വളരെ സന്തോഷത്തോടെ വർഷങ്ങൾ കഴിഞ്ഞുപോയി. ആളുകൾ അദ്ദേഹത്തിന്റെ ഈ നന്മയിൽ വളരെ നന്ദിയുള്ളവരുമായിരുന്നു. അവർ അദ്ദേഹത്തെ അതിയായി സ്നേഹിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം കർഷകൻ മരണപ്പെട്ടു.

അന്ത്യകർമങ്ങൾ കഴിഞ്ഞ്‌ ദിവസങ്ങൾക്ക്‌ ശേഷം കർഷകന്റെ മക്കൾ തോട്ടത്തിലെത്തി. കർഷകനെപ്പോലെ ധർമിഷ്ഠരോ ദാനശീലരോ ആയിരുന്നില്ല അദ്ദേഹത്തിന്റെ മക്കൾ. തോട്ടത്തിൽ നിന്നും പതിവായി പാവങ്ങൾക്കു കൊടുക്കാറുള്ള ഓഹരിയൊന്നും അനുവദിക്കാൻ മക്കൾ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഒരു ദിവസം അക്കാര്യം തീരുമാനിക്കാനായി അവർ തോട്ടത്തിൽ ഒരുമിച്ചുകൂടി. ഓരോരുത്തരും ഓരോരോ അഭിപ്രായം പറഞ്ഞു. ചിലർ ഇനി മുതൽ ഒരാൾക്കും ഇതിൽ നിന്നും ഒരു പഴം പോലും നൽകേണ്ടതില്ലെന്നും തങ്ങളുടെ പിതാവിന്‌ ജീവിതത്തിലെ ഇതര പ്രയാസങ്ങളെക്കുറിച്ചൊന്നും യാതൊരു പരിഗണനയും ഇല്ലായിരുന്നു എന്നൊക്കെ അവർ പറഞ്ഞു.

പിതാവ്‌ ജീവിച്ചിരുന്ന കാലത്ത്‌ പാവങ്ങൾക്ക്‌ കൊടുത്തിരുന്നത്‌ കൊടുക്കാതിരുന്നാൽ അത്‌ കുടുംബത്തിന്‌ തന്നെ ചീത്തപ്പേര്‌ ഉണ്ടാക്കും. വിളവെടുപ്പ്‌ കണ്ടാൽ അവരൊക്കെ ഓടിവരും. അപ്പോൾ അവർക്ക്‌ പഴങ്ങളും പച്ചക്കറികളുമൊക്കെ കൊടുക്കേണ്ടിവരും. അതിനാൽ ആരുമറിയാതെ ഇതിലെ ആദായമെടുക്കലാണ്‌ നല്ലത്‌ എന്നായിരുന്നു മക്കളിൽ ഒരാൾ പറഞ്ഞത്‌.

ആ തീരുമാനത്തോട്‌ എല്ലാവരും യോജിച്ചു. എന്നാൽ സർവ അനുഗ്രഹങ്ങളും തന്റെ അടിമകൾക്ക്‌ ഉദാരമായി നൽകുന്ന കാരുണ്യവാനായ നാഥൻ മറ്റൊരു തീരുമാനമെടുത്തിരുന്നു.

കർഷകന്റെ മക്കൾ ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുന്ന നേരത്ത്‌ ഒറ്റയും തെറ്റയുമായി തോട്ടത്തിലെത്തി. ആരുമറിയാതെ രാത്രി തന്നെ പഴങ്ങളും പച്ചക്കറികളുമെല്ലാം പറിച്ചെടുത്ത്‌ അങ്ങാടിയിലെത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

എന്നാൽ തോട്ടത്തിലെത്തിയപ്പോൾ അവിടെയുള്ള കാഴ്ച അവർക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ അന്തംവിട്ട്‌ മിഴിച്ചുനിന്നു. അതിൽ ഒരൊറ്റ പഴം പോലും ബാക്കിയുണ്ടായിരുന്നില്ല. എല്ലാം പറിച്ചു മാറ്റപ്പെട്ട നിലയിൽ തോട്ടം തീർത്തും കാലിയായിരുന്നു!

അപ്പോൾ അവർക്ക്‌ തങ്ങളുടെ തീരുമാനം തെറ്റായിരുന്നു എന്ന്‌ ബോധ്യമായി. അവർ തങ്ങളുടെ തെറ്റിൽ അല്ലാഹുവിനോട്‌ മാപ്പു ചോദിച്ചു.

സർവലോക നാഥന്റെ അനുഗ്രഹങ്ങളായി നമുക്ക്‌ കിട്ടിയ അറിവ്‌, ആരോഗ്യം, സമ്പത്ത്‌,സമൃദ്ധി, സമാധാനം തുടങ്ങിയവയൊന്നും ശാശ്വതമായി സ്വന്തമാക്കിവെക്കാൻ മനുഷ്യന്ന്‌ സാധ്യമല്ല. എല്ലാം നാഥന്റെ അനുഗ്രഹം മാത്രം. അതിനാൽ അവനോട്‌ നന്ദികാണിക്കുക. നന്ദികാണിക്കുന്നവർക്ക്‌ അവൻ ധാരാളമായി നൽകും.

?“ആ തോട്ടക്കാരെ നാം പരീക്ഷിച്ചത്‌ പോലെ തീർച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. പ്രഭാതവേളയിൽ ആ തോട്ടത്തിലെ പഴങ്ങൾ അവർ പറിച്ചെടുക്കുമെന്ന്‌ അവർ സത്യം ചെയ്ത സന്ദർഭം. അവർ (യാതൊന്നും) ഒഴിവാക്കി പറഞ്ഞിരുന്നില്ല. എന്നിട്ട്‌ അവർ ഉറങ്ങിക്കൊണ്ടിരിക്കെ നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു. അങ്ങനെ അത്‌ മുറിച്ചെടുക്കപ്പെട്ടത്‌ പോലെ ആയിത്തീർന്നു. അങ്ങനെ പ്രഭാതവേളയിൽ അവർ പരസ്പരം വിളിച്ചുപറഞ്ഞു: നിങ്ങൾ പറിച്ചെടുക്കാൻ പോകുകയാണെങ്കിൽ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക്‌ നിങ്ങൾ കാലത്തുതന്നെ പുറപ്പെടുക. അവർ അന്യോന്യം മന്ത്രിച്ചുകൊണ്ടു പോയി. ഇന്ന്‌ ആ തോട്ടത്തിൽ നിങ്ങളുടെ അടുത്ത്‌ ഒരു സാധുവും കടന്നു വരാൻ ഇടയാവരുത്‌ എന്ന്‌. അവർ (സാധുക്കളെ) തടസ്സപ്പെടുത്താൻ കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത്‌ പുറപ്പെടുകയും ചെയ്തു. അങ്ങനെ അത്‌ (തോട്ടം) കണ്ടപ്പോൾ അവർ പറഞ്ഞു: തീർച്ചയായും നാം പിഴവു പറ്റിയവരാകുന്നു. അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു. അവരുടെ കൂട്ടത്തിൽ മധ്യനിലപാടുകാരനായ ഒരാൾ പറഞ്ഞു: ഞാൻ നിങ്ങളോട്‌ പറഞ്ഞില്ലേ? എന്താണ്‌ നിങ്ങൾ അല്ലാഹുവെ പ്രകീർത്തിക്കാതിരുന്നത്‌? അവർ പറഞ്ഞു: നമ്മുടെ രക്ഷിതാവ്‌ എത്രയോ പരിശുദ്ധൻ! തീർച്ചയായും നാം അക്രമികളായിരിക്കുന്നു. അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ അവരിൽ ചിലർ ചിലരുടെ നേർക്ക്‌ തിരിഞ്ഞു. അവർ പറഞ്ഞു: നമ്മുടെ നാശമേ! തീർച്ചയായും നാം അതിക്രമകാരികളായിരിക്കുന്നു. നമ്മുടെ രക്ഷിതാവ്‌ അതിനെക്കാൾ ഉത്തമമായത്‌ നമുക്ക്‌ പകരം തന്നേക്കാം. തീർച്ചയായും നാം നമ്മുടെ രക്ഷിതാവിങ്കലേക്ക്‌ ആഗ്രഹിച്ചു ചെല്ലുന്നവരാകുന്നു“ (അൽക്വലം 17-32).

വി.ക്വു സൂറത്തു ഖലം. 17 മുതൽ 32 വരെയുള്ള ആയത്തുകളിൽ അല്ലാഹു ഈ കഥയെ സംബന്ധിച്ച്‌ ഉദ്ധരിക്കുന്നു.


എന്ത്‌ തോന്നിടുന്നു?

ഹാരിസ്‌

2017 ജനുവരി 21 1438 റബിഉൽ ആഖിർ 22

ഒന്ന്‌ ചൊല്ലിടുമ്പോൾ
എന്ത്‌ തോന്നിടുന്നു?
ഒന്നു മാത്രമെന്റെ
നാഥനെന്ന കാര്യം!

രണ്ട്‌ ചൊല്ലിടുമ്പോൾ
എന്ത്‌ തോന്നിടുന്നു?
രണ്ടു പേരുണ്ടെന്നെ
ഇഷ്ടമാൽ വളർത്താൻ!

മുന്ന്‌ ചൊല്ലിടുമ്പോൾ
എന്ത്‌ തോന്നിടുന്നു?
മൂന്നു പള്ളി മാത്രം
പുണ്യയാത്ര പോകാൻ!

നാല്‌ ചൊല്ലിടുമ്പോൾ
എന്ത്‌ തോന്നിടുന്നു?
നാലുമാസമേറെ
ഉന്നതമാണെന്ന്‌!

അഞ്ച്‌ ചൊല്ലിടുമ്പോൾ
എന്ത്‌ തോന്നിടുന്നു?
അഞ്ചു നേരമെന്നും
നിസ്കരിച്ചിടേണം!

ആറ്‌ ചൊല്ലിടുമ്പോൾ
എന്ത്‌ തോന്നിടുന്നു?
ആറു കാര്യം നമ്മൾ
വിശ്വസിച്ചിടേണം!

ഏഴ്‌ ചൊല്ലിടുമ്പോൾ
എന്ത്‌ തോന്നിടുന്നു?
ഏഴു പാപം നമ്മൾ
തീരെ ചെയ്തു കൂടാ!

എട്ട്‌ ചൊല്ലിടുമ്പോൾ
എന്ത്‌ തോന്നിടുന്നു?
എണ്ണമെട്ടാണല്ലോ
സ്വർഗവാതിലിന്റെ!
 

0
0
0
s2sdefault