നന്ദിയുള്ളവരായി ജീവിക്കുക

ഉസ്മാന്‍ പാലക്കാഴി

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

സര്‍വലോക രക്ഷിതാവ് മാനവസമൂഹത്തിന് ചെയ്ത് കൊടുത്ത അനുഗ്രഹങ്ങളെ ഇഹലോകത്ത് ലഭിക്കുന്ന ഏതെങ്കിലും ഒരു അളവ്‌കോല്‍ ഉപയോഗിച്ച് അളക്കുവാന്‍ സാധ്യമല്ല. പരമകാരുണികനായ രക്ഷിതാവ് മനുഷ്യര്‍ക്ക് ചെയ്തുകൊടുത്ത അനുഗ്രഹങ്ങള്‍ ആപേക്ഷികമാണ്. ഒരാള്‍ക്ക് ലഭിച്ച അറിവ്, സമ്പത്ത്, ആരോഗ്യം, ആയുസ്സ് തുടങ്ങി ഓരോ അനുഗ്രവും മറ്റൊരാളെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് കുറഞ്ഞോ കൂടിയോ ഇരിക്കും. എന്നാല്‍ ഇസ്‌ലാം എന്ന ഏറ്റവും ഉന്നതമായ, പവിത്രമായ അനുഗ്രഹം അത് മാത്രം അല്ലാഹു മാനവകുലത്തിന് പൂര്‍ത്തിയാക്കിക്കൊടുക്കുകയുണ്ടായി. അല്ലാഹു പറയുന്നു:

''ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു''(ക്വുര്‍ആന്‍ 5:3).

ആ മഹോന്നതമായ ആദര്‍ശത്തെ അറിയാനും അനുഭവിക്കാനും സാധിച്ചവരാണല്ലോ വിശ്വാസികള്‍. ആ വിശ്വാസിക്ക് തന്റെ നാഥനില്‍ നിന്നും ലഭിച്ച മഹത്തായ ഈ അനുഗ്രഹത്തിന് എന്താണ് പകരം വെക്കാനുള്ളത്?

വിശുദ്ധ ക്വുര്‍ആന്‍, തങ്ങള്‍ക്ക് ലഭിച്ച അനുഗ്രങ്ങള്‍ക്ക് നന്ദിചെയ്യണമെന്ന് നിരവധി സ്ഥലങ്ങളില്‍ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത് കാണാന്‍ സാധിക്കും. ചില കാര്യങ്ങള്‍ പറഞ്ഞതിനു ശേഷം 'നിങ്ങള്‍ നന്ദിയുള്ളവരായേക്കാം,' അതല്ലെങ്കില്‍ നിങ്ങള്‍ 'നന്ദിയുള്ളവരാകുന്നതിനുവേണ്ടി' എന്നിങ്ങനെയുള്ള പ്രയോഗങ്ങളും നമുക്ക് ക്വുര്‍ആനില്‍ കാണാം. നാഥന്‍ ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാനുള്ള കല്‍പനകളും നിര്‍ദേശങ്ങളും വിശുദ്ധ ക്വുര്‍ആനിലും പ്രവാചകവചനങ്ങളിലും നിറഞ്ഞുകിടക്കുകയാണ്.

എന്താണ് നന്ദിചെയ്യുക എന്ന് പറഞ്ഞാല്‍? എങ്ങനെയാണ് നന്ദികാണിക്കേണ്ടത്? മുന്‍ഗാമികളായ പണ്ഡിതര്‍ 'ശുക്‌റ്' എന്നതിന് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയില്‍ വളരെ പ്രസക്തമായ ഒരു വ്യഖ്യാനം ശ്രദ്ധിക്കുക:

''അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയെന്നത് അവന്റെ അടിമയുടെ നാവുകൊണ്ട് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്‍ നന്ദിപൂര്‍വം എടുത്ത് പറയുകയും ചെയ്യലാണ്. അവന്റെ ഹൃദയം കൊണ്ട് നന്ദികാണിക്കുക എന്നത് അവന്‍ അതിന് സാക്ഷിയാവുകയും അതായത് അനുഭവിക്കുകയും അതിയായ ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ്. അവന്റെ അവയവം കൊണ്ട് നന്ദികാണിക്കുക എന്നത് അവന്‍ (സത്യത്തില്‍) ഉറച്ച് നില്‍ക്കുകയും (അല്ലാഹുവിനെ) അനുസരിക്കുകയും ചെയ്യുക എന്നതാണ്'' (ഇബ്‌നുല്‍ ഖയ്യിം, മദാഹിബുസ്സാബിക്വീന്‍).

അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമ്പോള്‍ അവനെ സ്തുതിക്കുകയും 'എനിക്ക് നാഥന്‍ ഇന്നയിന്ന അനുഗ്രഹങ്ങള്‍ നല്‍കി' എന്ന് എടുത്ത് പറയുകയും ചെയ്യണം. അതാണ് ഒരാള്‍ നാവിലൂടെ ചെയ്യുന്ന ശുക്‌റ്. ഞാനിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എനിക്കെന്റെ റബ്ബ് ചെയ്തു തന്ന അനുഗ്രഹമാണല്ലോ എന്ന് ഓര്‍ത്ത് റബ്ബിനോട് അടങ്ങാത്ത സ്‌നേഹം വെച്ചു പുലര്‍ത്തുകയെന്നതാണ് ഹൃദയം കൊണ്ട് നന്ദികാണിക്കല്‍.

റബ്ബ് പറഞ്ഞതില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകാതെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഉറച്ചു നില്‍ക്കുക, അല്ലാഹു വിരോധിച്ചത് ചെയ്യാതിരിക്കുകയും അവന്‍ കല്‍പിച്ചത് എത്ര ക്ലേശമനുഭവിച്ചാലും അത് പ്രവര്‍ത്തിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, കിട്ടിയ അനുഗ്രങ്ങള്‍ അല്ലാഹുവിന് ഇഷ്ടമുള്ള കാര്യങ്ങളില്‍ മാത്രം വിനിയോഗിക്കുകയും ചെയ്യുക എന്നതെല്ലാം അവയവങ്ങളിലൂടെയുള്ള നന്ദി പ്രകടിപ്പിക്കലാണ്.

നമുക്ക് അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് അനുഗ്രഹങ്ങള്‍ ലഭിച്ചിരിക്കുന്നു എന്ന ബോധമാണ് മനുഷ്യരില്‍ ആദ്യമായി ഉണ്ടാവേണ്ടത്. അത് എന്റെ നാഥനില്‍ നിന്ന് മാത്രമാണെന്ന ബോധം ഉണ്ടാകുമ്പോഴാണ് താഴ്മയും വിനയവും സ്‌നേഹവും കാണിക്കുവാനും പരസ്പരം അംഗീകരിക്കാനും സഹകരിക്കുവാനും മനസ്സിലാക്കുവാനും മനുഷ്യന് സാധിക്കുന്നത്. ആ ബോധം നഷ്ടപ്പെടുകയും എല്ലാം തന്റെ അധ്വാനഫലമാണെന്ന മിഥ്യാധാരണ ഉണ്ടാകുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അഹങ്കാരിയും അത്യാഗ്രഹിയും പാപിയും അക്രമിയുമായി മാറുന്നത്.

പ്രവാചകന്‍(സ്വ)യുടെ കാലത്ത് ശക്തമായ മഴകിട്ടിയപ്പോള്‍ ആ മഴയെ സംബന്ധിച്ച് ജനങ്ങള്‍ രണ്ട് നിലക്ക് സംസാരിച്ചു. അന്നേരം അല്ലാഹുവിന്റെ റസൂലിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''ജനങ്ങളില്‍ നന്ദികാണിക്കുന്നവരും നിഷേധികളുമുണ്ട്. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അവര്‍ (ഈമാനുള്ളവര്‍) പറഞ്ഞു. എന്നാല്‍ അവരില്‍ ചിലര്‍ മഴ ഇന്നയിന്ന കാരണങ്ങളാല്‍ കിട്ടിയതാണെന്ന് പറയുന്നു.''

ഇതില്‍ ആദ്യത്തെ അഭിപ്രായം നന്ദിയുടെയും രണ്ടാമത്തേത് നന്ദികേടിന്റെയുമാണ്. അല്ലാഹു പറയുന്നു:

''നിന്റെ രക്ഷിതാവിന്റെ അനുഗ്രത്തെ സംബന്ധിച്ച് നീ സംസാരിക്കുക'' (ക്വുര്‍ആന്‍ 93:11).

മഹാന്മാരായ മുഴുവന്‍ പ്രവാചകന്മാരും നന്ദികാണിക്കുന്നവരായിരുന്നു എന്ന് ക്വുര്‍ആന്‍ എടുത്തുപറയുന്നത് കാണാം. ഇബ്‌റാഹീം(അ)നെക്കുറിച്ച് അല്ലാഹു പരിചയപ്പെടുത്തിയപ്പോള്‍ 'അദ്ദേഹം വളരെയേറെ നന്ദികാണിക്കുന്ന ഒരടിമയായിരുന്നു'വെന്ന് പറഞ്ഞത് കാണാം.

നബി(സ്വ) രാത്രിയില്‍ വളരെ ദീര്‍ഘിച്ചു നമസ്‌കരിക്കുന്നത് സംബന്ധിച്ച് മഹതി ആഇശ(റ) ചോദിച്ചപ്പോള്‍ 'ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ' എന്ന് അവിടുന്ന് പ്രതിവചിച്ചത് ശ്രദ്ധേയമാണ്.

യൂനുസ്ബ്‌നു ഉബൈദ്(റഹി)യുടെ അടുക്കല്‍ ഒരിക്കല്‍ ഒരാള്‍ വന്ന് ഇല്ലായ്മയെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇവിടെ പ്രസക്തമാണ്: 'നിങ്ങളുടെ രണ്ട് കണ്ണ് എനിക്ക് തരുമോ? ഞാന്‍ നിങ്ങള്‍ക്ക് ഒരുലക്ഷം ദിര്‍ഹം തരാം. നിങ്ങളുടെ ഒരു കൈ എനിക്കു തരുമോ? ഒരു ലക്ഷം ദിര്‍ഹം തരാം. നിങ്ങളുടെ ഒരു കാലെനിക്ക് തരുമോ? ഒരു ലക്ഷം ദിര്‍ഹം തരാം.' ഇങ്ങനെ അദ്ദേഹത്തിന്റെ അവയവങ്ങളോരോന്ന് എണ്ണിയെണ്ണി അതിനു വിലയിട്ടുകൊണ്ട് അദ്ദേഹം ചോദിച്ചു. ആഗതന്‍ പറഞ്ഞു: 'ഒരിക്കലുമില്ല.' അപ്പോള്‍ യൂനുസ്ബ്‌നു ഉബൈദ് (റഹി) പറഞ്ഞു: 'ഞാന്‍ നിന്റെയടുക്കല്‍ കോടികള്‍ കാണുന്നു. എന്നിട്ടും ഇല്ലായ്മയെക്കുറിച്ച് ആവലാതിപ്പെടുകയോ?'

അതെ, എത്രയെത്ര അനുഗ്രഹങ്ങളാണ് റബ്ബ് നമുക്ക് കനിഞ്ഞരുളിയത്! നമ്മുടെ ശരീരം. അതിന്റെ ഏതെങ്കിലുമൊരു ഭാഗത്തിന് വല്ല അസുഖവും ബാധിച്ചാല്‍ ബോധ്യമാകും ആ അവയവത്തിന്റെ വില. സര്‍വശക്തന്‍ നമുക്ക് ഓരോരോ സെക്കന്‍ഡിലും നല്‍കികൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കാകട്ടെ കയ്യും കണക്കുമില്ല.

മനുഷ്യര്‍ പരസ്പരം ചെയ്യുന്ന ഉപകാരങ്ങള്‍ക്കും അന്യോന്യം നന്ദികാണിക്കേണ്ടതുണ്ട്. അതിന്റെ വാചികമായ രൂപമാണ് 'അല്ലാഹു നിനക്ക് നന്മചെയ്യുമാറാകട്ടെ' എന്ന പ്രവാചകന്‍(സ്വ) പഠിപ്പിച്ച പ്രാര്‍ഥന.

നന്മ ചെയ്തുതന്നവര്‍ക്ക് പ്രത്യുപകാരം ചെയ്യുവാനും അതിനു സാധിക്കാത്ത പക്ഷം അവര്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാനും നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്.

നാം ജീവിക്കുന്ന രാജ്യത്തോടും സമൂഹത്തോടും നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. അവനവന്റെ വിശ്വാസമനുസരിച്ച് ജീവിക്കുവാനും ആരാധനകളും അനുഷ്ഠാന കര്‍മങ്ങളും നിര്‍വഹിക്കുവാനും അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുവാനുമെല്ലാമുള്ള സ്വാതന്ത്ര്യവും നിര്‍ഭയത്വവും നമുക്ക് നമ്മുടെ നാട്ടിലുണ്ട്. സര്‍വശക്തനോട് അതിന് നന്ദികാണിക്കണം. രാജ്യത്തിന്റെ പൊതുനന്മക്കായി പ്രവര്‍ത്തിക്കലും മതവിരുദ്ധമല്ലാത്ത നിയമങ്ങള്‍ പാലിക്കലും അതിന്റെ വളര്‍ച്ചക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യലുമെല്ലാം രാജ്യത്തോടു കാണിക്കുന്ന നന്ദിയാണ്. നിര്‍ഭയമായി പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത എത്രയെത്ര രാജ്യങ്ങള്‍. സദാസമയവും കാതടിപ്പിക്കുന്ന ബോംബുവര്‍ഷവും രക്തച്ചൊരിച്ചിലുകളും മാത്രം കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ട ജനങ്ങള്‍! എന്നാല്‍ നമുക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ അങ്ങനെയൊരവസ്ഥയില്ല. അതിനാല്‍ ഈ അനുകൂലാവസ്ഥയെ ഹനിക്കുന്ന വിധത്തിലുള്ള രചനയോ പ്രസംഗമോ തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കനുകൂലമാകുന്ന ഏതെങ്കിലും രൂപത്തിലുള്ള ഇടപെടലുകളോ വിശ്വാസികളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല.

കിട്ടിയ അനുഗ്രഹങ്ങളെ മറന്നുകളഞ്ഞ സബഅ് ദേശക്കാരായ രണ്ടുപേരെ വിശുദ്ധ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക:

''തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതായത് വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട് പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും! എന്നാല്‍ അവര്‍ പിന്തിരിഞ്ഞു കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത നന്ദികേട് കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടിയെടുക്കുമോ?'' (സബഅ് 15-17).

നന്ദികേടു കാണിച്ച മറ്റൊരു നാട്ടുകാരെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

''അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തു കാണിക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്ത് നിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ രാജ്യം അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം വിശപ്പിന്റെയും ഭയത്തിന്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിപ്പിക്കുമാറാക്കി'' (നഹ്ല്‍. 112).

സ്രഷ്ടാവിനോട് നന്ദികേട് കാണിച്ച ഒരു വ്യക്തിയുടെ കഥ അല്ലാഹു പറഞ്ഞുതരുന്നത്കാണുക: ''നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്മാര്‍. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി. ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കിവന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു. അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും. സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ച് കൊണ്ട് അവന്‍ തന്റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും. അവന്റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ? എന്നാല്‍ (എന്റെ വിശ്വാസമിതാണ്.) അവന്‍ അഥവാ അല്ലാഹുവാകുന്നു എന്റെ രക്ഷിതാവ്. എന്റെ രക്ഷിതാവിനോട് യാതൊന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. നീ നിന്റെ തോട്ടത്തില്‍ കടന്ന സമയത്ത്, ഇത് അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന് നിനക്ക് പറഞ്ഞ് കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍. എന്റെ രക്ഷിതാവ് എനിക്ക് നിന്റെ തോട്ടത്തെക്കാള്‍ നല്ലത് നല്‍കി എന്ന് വരാം. നിന്റെ തോട്ടത്തിന്റെ നേരെ അവന്‍ ആകാശത്ത് നിന്ന് ശിക്ഷ അയക്കുകയും, അങ്ങനെ അത് ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന് വരാം. അല്ലെങ്കില്‍ അതിലെ വെള്ളം നിനക്ക് ഒരിക്കലും തേടിപ്പിടിച്ച് കൊണ്ട് വരുവാന്‍ കഴിയാത്ത വിധം വറ്റിപ്പോയെന്നും വരാം. അവന്റെ ഫലസമൃദ്ധി (നാശത്താല്‍) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങള്‍) അവയുടെ പന്തലുകളോടെ വീണടിഞ്ഞ് കിടക്കവെ താന്‍ അതില്‍ ചെലവഴിച്ചതിന്റെ പേരില്‍ അവന്‍ (നഷ്ടബോധത്താല്‍) കൈ മലര്‍ത്തുന്നവനായിത്തീര്‍ന്നു. എന്റെ രക്ഷിതാവിനോട് ആരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അവന്‍ പറയുകയും ചെയ്ത്‌കൊണ്ടിരുന്നു. അല്ലാഹുവിന് പുറമെ യാതൊരു കക്ഷിയും അവന്ന് സഹായം നല്‍കുവാനുണ്ടായില്ല. അവന്ന് (സ്വയം) അതിജയിക്കുവാന്‍ കഴിഞ്ഞതുമില്ല'' (ക്വുര്‍ആന്‍ 18: 32-43).

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുക എന്നത് തന്നെയാണ് ആ അനുഗ്രഹങ്ങള്‍ നിലനിര്‍ത്തിക്കിട്ടുന്നതിനുള്ള മാര്‍ഗം. നമുക്ക് ലഭിച്ച അറിവ്, സമ്പത്ത്, ആരോഗ്യം, ഒഴിവ് സമയം തുടങ്ങിയവയെല്ലാം വിലയേറിയ അനുഗ്രഹങ്ങളാണ്. ഏത് അനുഗ്രഹവും -ചെറുതായാലും വലുതായാലും- അതെന്റെ റബ്ബെനിക്ക് തന്നതാണെന്ന ബോധമാണ് അതിപ്രധാനം.

''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍ നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രസ്താവിച്ച സന്ദര്‍ഭം ശ്രദ്ധേയമത്രെ''(7:14).

0
0
0
s2sdefault