നംറൂദിന്റെ നാവടക്കിയ ചോദ്യം

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

(ഇബ്‌റാഹീം നബി(അ): 6)

തീയിലേക്ക് എറിയപ്പെട്ട ഇബ്‌റാഹീം നബി(അ)യെ അല്ലാഹു രക്ഷപ്പെടുത്തി. അതോടെ പൂര്‍വാധികം ശക്തിയോടെ പ്രബോധനരംഗത്തിറങ്ങുകയാണ് അദ്ദേഹം ചെയ്തത്; ഭയന്ന്പിന്‍മാറുകയല്ല. ആ നാട്ടില്‍ രാജപദവി അലങ്കരിച്ചിരുന്നവരുടെ പേരാണ് നംറൂദ് എന്നത്. നംറൂദുമാരില്‍ പെട്ടയാളാണ് ഇബ്‌റാഹീം നബി(അ)യുടെ കാലത്തും നാട്ടിലെ രാജാവ്. അധികാരത്തിന്റെ ഹുങ്ക് അയാളില്‍ പ്രകടമായിരുന്നു. സുഖ സൗകര്യങ്ങള്‍ മുന്നില്‍ യഥേഷ്ടം ലഭ്യമായതിനാല്‍ തന്റെ കഴിവുകൊണ്ടാണിതെല്ലാം എന്ന് അയാള്‍ക്ക് തോന്നി. സ്രഷ്ടാവിനെ തള്ളിപ്പറയാന്‍ അവനെ അത് പ്രേരിപ്പിച്ചു. അല്ലാഹു അവന്റെ ഈ സ്വഭാവത്തിലേക്ക് സൂചന നല്‍കുന്നത് കാണുക:

''ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്)'' (ക്വുര്‍ആന്‍ 2:258). 

സമ്പന്നത കൈവന്നാല്‍ ആരും തന്റെ മീതെ ഉയരുന്നത് അധികമാളുകള്‍ക്കും ഇഷ്ടമല്ല. ഇത് മനുഷ്യമനസ്സുകളെ ബാധിക്കുന്ന ഒരു രോഗമാണ്. ഈ രോഗം ആരെ ബാധിച്ചുവോ അവന്‍ ധിക്കാരിയും അഹങ്കാരിയുമായി മാറുന്നതുമാണ്. ക്വുര്‍ആന്‍ തന്നെ പറയുന്നത് കാണുക:

''നിസ്സംശയം, മനുഷ്യന്‍ ധിക്കാരിയായി തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍'' (ക്വുര്‍ആന്‍ 96:6,7).

''സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ'' (ക്വുര്‍ആന്‍ 56:82).

ഈ അഹന്ത നംറൂദിനെയും കടുത്ത നിഷേധിയാക്കി. ഫിര്‍ഔനിനെ പോലെ ദിവ്യത്വം വാദിച്ചവനായിരുന്നു ആ രാജാവ്. ദൈവികമായ അധികാരവും കഴിവും തനിക്കുമുണ്ടെന്ന് അയാള്‍ വാദിച്ചു. ഇത്തരം ധാര്‍ഷ്ഠ്യമുള്ള രാജാവിനെയാണ് ഇബ്‌റാഹീം നബി(അ)ക്ക് യഥാര്‍ഥ ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാനുള്ളത്. അതിനായി അവിടുന്ന് രാജാവിനെ സമീപിച്ചു. രാജകൊട്ടാരത്തില്‍ നടന്ന ആ സംഭവം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക.

''ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെനാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്). എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്‌റാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (2:258).

രാജാവ് ദിവ്യത്വം വാദിക്കുന്നവനാണല്ലോ. ഇബ്‌റാഹീം(അ) രാജാവിനെ സമീപിക്കുന്നതോ, സാക്ഷാല്‍ ദൈവം അല്ലാഹുവാണെന്നും അവനെ മാത്രമെ ആരാധിക്കാവൂ എന്നും പറയുവാനും. രാജാവ് ചോദിച്ചു: ആരാണ് നീ പരിചയപ്പെടുത്തുന്ന റബ്ബ്?  ഇബ്‌റാഹീം(അ) പറഞ്ഞു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്. ലളിതമായ; ആര്‍ക്കും എതിര്‍ത്തൊന്നും പറയുവാന്‍ സാധിക്കാത്ത മറുപടി. 

സ്വയം ദിവ്യത്വം അവകാശപ്പെടുന്ന ധിക്കാരിയായ രാജാവിന് തനിക്കും അതിനെല്ലാം കഴിയും എന്നത് തെളിയിക്കേണ്ടത് ആവശ്യമായി വന്നു. തെളിയിക്കുവാന്‍ ഒരുങ്ങുകയാണ്. രണ്ട് പേരെ മുന്നില്‍ ഹാജരാക്കി. ഒരാളെ കൊന്നു. രണ്ടാമനെ വെറുതെ വിട്ടു. എന്നിട്ട് പറഞ്ഞു: ഇതാ, ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്തിരിക്കുന്നു! (വ്യാജവാദികളുടെ കാര്യം ഇങ്ങനെയാണ്. ബുദ്ധിക്ക് നിരക്കാത്തതും പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതുമാകും അവര്‍ പറയുന്നതെല്ലാം). അപക്വവും തത്ത്വദീക്ഷയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണ് രാജാവ് കാണിച്ചത്. ജീവിപ്പിക്കുക, മരിപ്പിക്കുക എന്നീ കാര്യങ്ങള്‍ അയാളല്ലല്ലോ നടത്തിയത്. 

ഇബ്‌റാഹീം നബി(അ)യുടെ അടുത്ത വെല്ലുവിളി അതിഗംഭീരമായിരുന്നു. അല്ലാഹു കിഴക്കുനിന്ന് സൂര്യനെ കൊണ്ടു വരുന്നു. നീ റബ്ബാണെങ്കില്‍ അതിനെ പടിഞ്ഞാറു നിന്ന് കൊണ്ടു വാ! എന്ത് ചെയ്യും?  ഉത്തരം മുട്ടിപ്പോയി ആ ധിക്കാരിക്ക്. തനിക്കിതിന് ഉത്തരമില്ലെന്നും ഇബ്‌റാഹീം(അ) പറയുന്നതാണ് ശരിയെന്നും മനസ്സിലായിട്ടും അയാള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.


ഇസ്മാഈലിന്റെ ജനനം

ഇബ്‌റാഹീം(അ) സന്താനങ്ങളില്ലാതെ കുറെ കാലം പരീക്ഷിക്കപ്പെട്ടു. എന്നാലും നിരന്തരം അല്ലാഹുവിനോട് തേടിക്കൊണ്ടിരുന്നു; രക്ഷിതാവേ, സല്‍കര്‍മിയായ ഒരു സന്താനത്തെ നീ എനിക്ക് പ്രദാനം ചെയ്യേണമേ എന്ന്. കൂറെ കാലത്തെ കാത്തിരിപ്പിന് ശേഷം ഹാജറ(റ)യില്‍ ഒരു ആണ്‍ കുഞ്ഞ് പിറന്നു. അതാണ് ഇസ്മാഈല്‍(അ). സാറ(റ)യില്‍ കുഞ്ഞുങ്ങളൊന്നും അദ്ദേഹത്തിന് പിറന്നിട്ടില്ല; അവര്‍ വന്ധ്യയായിരുന്നു. സ്വാഭാവികമായും സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്ന ചില അസ്വാരസ്യങ്ങള്‍ അവര്‍ക്കിടയിലുമുണ്ടായി. രണ്ടു പേരും ഒരുമിച്ച് കഴിയുന്നതില്‍ പ്രയാസം ഉണ്ടാക്കുന്ന സാഹചര്യം വന്നപ്പോള്‍ ഹാജറ(റ)യെയും കുഞ്ഞിനെയും അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മക്കയില്‍ താമസിപ്പിക്കുവാന്‍ ഇബ്‌റാഹീം(അ) തീരുമാനിച്ചു. ഈ സംഭവം നബി ﷺ നമുക്ക് വിവരിച്ച് തന്നതിന്റെ ചുരുക്കം കാണുക:

അന്ന് മക്കയില്‍ ഒരാളും ഉണ്ടായിരുന്നില്ല. വെള്ളവും (അവിടെ) ഉണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം ഇരുവരെയും (ഹാജറയെ(റ)യും ഇസ്മാഈല്‍(അ)നെയും) അവിടെ താമസിപ്പിച്ചു. അവരുടെ രണ്ടു പേരുടെയും അടുക്കല്‍ ഈത്തപ്പഴമുള്ള ഒരു തോല്‍പാത്രവും വെള്ളമുള്ള ഒരു തോല്‍പാത്രവും വെച്ചു. ഇരുവരെയും അവിടെ ആക്കി അദ്ദേഹം തിരിച്ച് നടക്കുമ്പോള്‍ ഇസ്മാഈലിന്റെ ഉമ്മ അദ്ദേഹത്തെ പിന്തുടര്‍ന്നു. എന്നിട്ട് അവര്‍ ചോദിച്ചു: 'ഓ, ഇബ്‌റാഹീം! ഒരു മനുഷ്യനോ മറ്റു വല്ലതോ ഇല്ലാത്ത ഈ താഴ്‌വരയില്‍ ഞങ്ങളെയും വിട്ട് എവിടേക്കാണ് താങ്കള്‍ പോകുന്നത്?' അവര്‍ അദ്ദേഹത്തോട് അതങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. അദ്ദേഹം അവരിലേക്ക് തിരിഞ്ഞു നോക്കുന്നുമില്ല. അപ്പോള്‍ അവര്‍ അദ്ദേഹത്തോട് ചോദിച്ചു: 'അല്ലാഹുവാണോ അങ്ങയോട് ഇങ്ങനെ കല്‍പിച്ചത്?' അദ്ദേഹം പറഞ്ഞു: 'അതെ.' അവര്‍ പറഞ്ഞു: 'എങ്കില്‍ അവന്‍ ഞങ്ങളെ നഷ്ടപ്പെടുത്തുകയില്ല.' പിന്നീട് അവര്‍ അവിടെ നിന്നും മടങ്ങി.

ആരാരും ഇല്ലാത്ത മണല്‍ക്കാട്ടില്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം സ്വന്തം ഇണയെയും അവരെ ഒരു കൈക്കുഞ്ഞിനെയും ഏല്‍പിച്ച് ഇബ്‌റാഹീം(അ) അവിടെ നിന്നും മടങ്ങുകയാണ്. 'എവിടേക്കാണ് അങ്ങ് ഞങ്ങളെ ആരുമില്ലാത്ത, അന്ന പാനീയങ്ങള്‍ ലഭ്യമാകാത്ത ഈ മരുഭൂമിയില്‍ തനിച്ചാക്കി പോകുന്നത്?' എന്ന ചോദ്യം ഇബ്‌റാഹീം(അ) കേള്‍ക്കാത്തതുകൊണ്ടല്ല; അദ്ദേഹത്തിന്റെ അന്നേരത്തെ മാനസികാവസ്ഥയെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കുക. 'അല്ലാഹുവിന്റെ കല്‍പനയുള്ളതിനാലാണോ അങ്ങ് ഇപ്രകാരം ചെയ്യുന്നത്' എന്ന ഭാര്യയുടെ ചോദ്യത്തിന് 'അതെ' എന്ന മറുപടി നല്‍കി. 'എങ്കില്‍ പോകുക. ആരാണോ അങ്ങയോട് ഇപ്രകാരം കല്‍പിച്ചത് ആ അല്ലാഹു ഞങ്ങളെ കൈവെടിയുകയില്ല' എന്ന ആത്മവിശ്വാസത്തിന്റെ മറുപടിയാണ് ഹാജറ ബീവി നല്‍കിയത്.   

ജനവാസമില്ലാത്ത മരുഭൂമിയില്‍ തന്റെ ഇണയെയും കുഞ്ഞിനെയും തനിച്ചാക്കി പോകണമെങ്കില്‍ ഇബ്‌റാഹീം നബി(അ)യില്‍ അല്ലാഹുവിലുള്ള വിശ്വാസവും അവനില്‍ ഭരമേല്‍പിക്കുന്നതിലുള്ള ആത്മാര്‍ഥതയും എത്ര ശക്തമാവണം എന്ന് നാം ചിന്തിക്കുക. അപ്രകാരം തന്നെ അല്ലാഹു കല്‍പിച്ചതാണെങ്കില്‍ പൊയ്‌ക്കോളൂ എന്ന് ഭര്‍ത്താവിനോട് പറയാന്‍ ഹാജറ ബീവി ധൈര്യം കാണിച്ചുവെങ്കില്‍ അവരുടെ വിശ്വാസദാര്‍ഢ്യവും അല്ലാഹുവിലുള്ള തവക്കുലും (ഭരമേല്‍പിക്കല്‍) എത്ര കടുത്തതായിരുന്നുവെന്ന് ആലോചിക്കുക. ക്വുര്‍ആന്‍ പറഞ്ഞത് എത്ര ശരി:

''ആര് അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നുവോ അവന് അല്ലാഹു മതി'' (ക്വുര്‍ആന്‍...). 

ഇബ്‌റാഹീം(അ), അവര്‍ അദ്ദേഹത്തെ കാണാത്തത്ര കുറച്ച് അകലേക്ക് പോയി. എന്നിട്ട് തന്റെ മുഖം കഅ്ബയുടെ നേരെ തിരിച്ചു. ശേഷം തന്റെ ഇരു കരങ്ങളും ഉയര്‍ത്തി ഈ വചനങ്ങള്‍ കൊണ്ട് ദുആ ചെയ്തു: ''ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്). അതിനാല്‍, മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ് വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്ന് വരാം'' (14:37).

ഹാജറ ബീവി മകനെ മുലയൂട്ടുകയും വെള്ളപ്പാത്രത്തില്‍ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. ഒടുവില്‍ അതിലെ വെള്ളം തീര്‍ന്നു. അവര്‍ക്കും മകനും ദാഹിക്കുവാന്‍ തുടങ്ങി. വിശന്ന് കരയുന്ന കുഞ്ഞിനെയും നോക്കി അവര്‍ (ദയനീയമായി) നോക്കി നിന്നു.

വെള്ളവും കാരക്കയുമായിരുന്നു ഹാജറാബീവിയുടെ ഭക്ഷണം. മുലയൂട്ടുന്ന ഒരു സ്ത്രീയാണ്. പോഷകാഹാരം അത്യാവശ്യം. കുടിവെള്ളം തീര്‍ന്നു. മുലപ്പാലിന്റെ കുറവ് സ്വാഭാവികമായും ഉണ്ടായി. വെള്ളമില്ലാത്തതിനാല്‍ അവര്‍ വിഷമിക്കുന്നു. പാല്‍ കിട്ടാത്തതിനാല്‍ കുഞ്ഞ് കരയുന്നു. ഹാജറ വിശന്ന് കരയുന്ന കുഞ്ഞിനെയും നോക്കി നിസ്സഹായയായി നില്‍ക്കുകയാണ്.

 അവര്‍ അടുത്തുള്ള സ്വഫാ മലയില്‍ കയറി നിന്ന് താഴ്‌വരയിലേക്ക് മുന്നിട്ട് ആരെയെങ്കിലും കാണുമോ എന്ന് നോക്കുന്നു; ആരെയും കാണുന്നില്ല. അങ്ങനെ സ്വഫായില്‍ നിന്ന് അവര്‍ ഇറങ്ങി. താഴ്‌വരയില്‍ എത്തിയപ്പോള്‍ വസ്ത്രം പൊക്കിപ്പിടിച്ച് പരമാവധി ഓടാന്‍ കഴിയുന്നത്ര വേഗത്തില്‍ അവര്‍ ഓടി. താഴ്‌വര വിട്ടുകടന്ന് മര്‍വയില്‍ എത്തി. എന്നിട്ട് അതില്‍ കയറി നിന്ന് ആരെയെങ്കിലും കാണുമോ എന്ന് നോക്കുന്നു; ആരെയും കാണുന്നില്ല. അപ്രകാരം ഏഴ് തവണ അവര്‍ ചെയ്തു (സ്വഫായിലും മര്‍വായിലും മാറി മാറി ഓടി എന്നര്‍ഥം).

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സഹിക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. അവര്‍ക്കും ദാഹിക്കുന്നു. ഒരു തുള്ളി വെള്ളം കൈയിലില്ല. ആരെയെങ്കിലും കണ്ടാല്‍ സഹായം ആവശ്യപ്പെടാമല്ലോ എന്ന് കരുതിയാണ് ഇരു മലകളിലും മാറിമാറി കയറിയത്. 

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ''അവയ്ക്ക് രണ്ടിനും (സ്വഫാ, മര്‍വാ) ജനങ്ങള്‍ നടത്തുന്ന സഅ്‌യാണത്.''

അങ്ങനെ അവസാനം അവര്‍ മര്‍വയില്‍ എത്തിയപ്പോള്‍ ഒരു ശബ്ദം കേട്ടു. അവര്‍ സ്വന്തത്തോട് നിശ്ശബ്ദമാവാന്‍ പറഞ്ഞുപോയി! പിന്നീട് ഒന്നുകൂടി ശ്രദ്ധിച്ച് കേട്ടു. വീണ്ടും ശബ്ദം കേട്ടു.  (ആ ശബ്ദമുണ്ടാക്കിയ ആളോടായി) അവര്‍ പറഞ്ഞു: ''നിന്റെ അടുക്കല്‍ സഹായത്തിന് വല്ലതും ഉണ്ടെങ്കില്‍ സഹായിക്കൂ!''

അപ്പോഴതാ (സംസമിന്റെ സ്ഥാനത്ത്) ഒരു മലക്ക്. മലക്ക് തന്റെ ചിറക് കൊണ്ട് (കുഞ്ഞ് കിടക്കുന്ന ഭാഗത്ത്) മണ്ണ് തട്ടി മാറ്റി; അങ്ങനെ വെള്ളം പുറത്ത് വന്നു.''

ഇസ്മാഈല്‍(അ) കാലിട്ടടിച്ചാണ് സംസം ഉണ്ടായത് എന്ന് പറയുന്നത് ശരിയല്ലെന്ന് നബി ﷺ യുടെ ഈ വിവരണത്തില്‍ നിന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. 

ദൂരെ നിന്ന് വെള്ളം ഒഴുകുന്നത് കണ്ട മഹതി അവിടേക്ക് ഓടി വരികയാണ്. അവര്‍ അതിന് ഒരു ഹൗള്വ് (തടാകം) കെട്ടി. വെള്ളം കൈയിലാക്കി അടങ്ങൂ എന്ന് അവര്‍ പറയുന്നു. അവരുടെ അടുത്തുള്ള തോല്‍ പാത്രത്തില്‍ വെള്ളം കോരി നിറക്കുന്നുമുണ്ട്. വെള്ളം മുക്കിയെടുക്കുന്നതിന് അനുസരിച്ച് ഉറവ പൊട്ടി വരുന്നു! 

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ''ഇസ്മാഈലിന്റെ മാതാവിന് അല്ലാഹു കരുണ ചൊരിയട്ടെ. അവരെങ്ങാനും സംസം ഒഴിവാക്കിയിരുന്നുവെങ്കില്‍ -അല്ലെങ്കില്‍ നബി ﷺ പറഞ്ഞത്: ആ വെള്ളത്തില്‍ നിന്ന് കോരിയെടുത്തില്ലായിരുന്നുവെങ്കില്‍-സംസം വലിയ ഒരു അരുവി തന്നെ ആകുമായിരുന്നു.'' നബി ﷺ പറയുന്നു: ''അങ്ങനെ അവര്‍ കുടിച്ചു; കുഞ്ഞിനെ മുലയൂട്ടുകയും ചെയ്തു.'' 

അവരോട് മലക്ക് പറഞ്ഞു: ''അത് നഷ്ടപ്പെടുമെന്ന് നിങ്ങള്‍ പേടിക്കേണ്ടതില്ല. നിശ്ചയമായും ഇവിടെയാണ് ഈ കുഞ്ഞും അവന്റെ പിതാവും പണിയാന്‍ പോകുന്ന അല്ലാഹുവിന്റെ ഭവനം. തീര്‍ച്ചയായും അല്ലാഹു അതിന്റെ ആളുകളെ നഷ്ടത്തിലാക്കില്ല.''

ഭൂമില്‍ നിന്ന് അല്‍പം ഉയര്‍ന്ന ഒരു ചെറിയ കുന്നിലായിരുന്നു ആ ഭവനം. 

ജുര്‍ഹും ഗോത്രത്തില്‍ പെട്ട ഒരു യാത്രാ സംഘം അവരുടെ അടുത്തുകൂടെ നടന്നു പോയി. അവര്‍ കദാഅ് എന്ന് പ്രദേശത്തു നിന്നുമാണ് വരുന്നത്. അങ്ങനെ മക്കയുടെ ഈ താഴ്ന്ന ഭാഗത്ത് ഇറങ്ങി താമസമാക്കി. അങ്ങനെ അവര്‍ (താമസിക്കുന്ന ഭാഗത്ത് നിന്ന് അല്‍പം ദൂരെ) ഒരു പറവ വട്ടമിട്ട് പറക്കുന്നത് കണ്ടു. അവര്‍ പറഞ്ഞു: 'ഒരു പറവ വട്ടമിട്ട് പറക്കണമെങ്കില്‍ അവിടെ വെള്ളം വേണം. ഈ താഴ്‌വരയെ സംബന്ധിച്ച് നന്നായി പരിചയമുള്ളവരാണല്ലോ നാം. അവിടെ വെള്ളം ഉള്ളത് നമുക്ക് അറിയില്ലല്ലോ.' അങ്ങനെ അവര്‍ ഒന്നോ രണ്ടോ ആളുകളെ അവിടേക്ക് അയച്ചു. അപ്പോള്‍ അവിടെയതാ വെള്ളം! അവര്‍ മടങ്ങിച്ചെന്ന് മറ്റുള്ളവരോട് വെള്ളമുള്ള കാര്യം അറിയിച്ചു. അവര്‍ എല്ലാവരും അവിടേക്ക് ചെന്നു. നബി ﷺ പറയുന്നു: ''ആ വെള്ളത്തിനടുത്ത് ഇസ്മാഈലിന്റെ ഉമ്മയും ഉണ്ട്. അവര്‍ അവരോട് ചോദിച്ചു: 'നിങ്ങളുടെ അടുക്കല്‍ താമസിക്കുവാന്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അനുവാദം തരുമോ?'  ഹാജറ പറഞ്ഞു: 'അതെ. പക്ഷേ, നിങ്ങള്‍ക്ക് വെള്ളത്തില്‍ അവകാശം ഉണ്ടാകില്ല (ഉപയോഗിക്കാം).' അവര്‍ പറഞ്ഞു: 'ശരി.' ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ പറഞ്ഞു: ''അങ്ങനെ അവര്‍ എല്ലാവരും അവിടെ താമസിച്ചു. അവര്‍ അവരുടെ ജനതയിലേക്ക് ആളെ അയച്ചു. അങ്ങനെ അവരുടെ കൂടെ അവരുടെ ആളുകളും വന്ന് അവടെ താമസിച്ചു. അങ്ങനെ അവിടെ കുറെ വീടുകളായി...'' (ഹദീഥ് തുടരുന്നുണ്ട്. ശേഷം വിവരിക്കാം).

അവര്‍ക്കിടയില്‍ ആ മാതാവും മകനും വളര്‍ന്നു. ജുര്‍ഹൂം ഗോത്രക്കാര്‍ അറബി ഭാഷയുടെ തുടക്കക്കാരാണ്. മാതാവിനും മകനും ജുര്‍ഹൂം ഗോത്രം അവിടെ താമസിക്കുന്നതിന് മുമ്പ് അറബി അറിയില്ലായിരുന്നു. അവരോട് ഇടപഴകിയതോടെ അവര്‍ അറബി ഭാഷ പഠിച്ചു. കുട്ടി വളര്‍ന്ന് വലുതായി.

ഇബ്‌റാഹീം(അ) അവിടെയില്ലല്ലോ. പിന്നീട് ഇബ്‌റാഹീം(അ) തിരിച്ച് വന്നപ്പോഴേക്കും കുട്ടി ഓടിച്ചാടി നടക്കുന്ന പ്രായമായിട്ടുണ്ട്.  ആ സമയത്താണ് ഇബ്‌റാഹീം നബി(അ)യെ അല്ലാഹു മറ്റൊരു കടുത്ത പരീക്ഷണത്തിന് വിധേയനാക്കിയത്. (തുടരും)

0
0
0
s2sdefault