നമ്മുടെ മാതാപിതാക്കള്‍

കെ.സഫ്‌വാന്‍ മുഹമ്മദ്, ആമയൂര്‍ 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഏറെ ലഭിച്ചവരാണ് നാമേവരും. ഈ ലോകത്ത് മനുഷ്യനായി ജനിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ വലിയൊരു അനുഗ്രഹമാണല്ലോ. അതിനു മുമ്പ് നാമെവിടെയായിരുന്നു? നമുക്ക് ഊഹിക്കാന്‍ കഴിയാത്ത വിധം ശൂന്യമായ ഒരു കാലം, ഒരു ലോകം നമുക്കുണ്ടായിരുന്നു. ഒമ്പത് മാസത്തിലേറെ കാലം നാം മാതാവിന്റെ ഗര്‍ഭാശയത്തില്‍ സുഖമായി കഴിഞ്ഞുകൂടി. വളരെ സുരക്ഷിതമായി നമ്മെ അല്ലാഹു അവിടെ വെച്ച് വളര്‍ത്തി. 

എന്നാല്‍, നമ്മുടെ മാതാവ് അതേസമയം പ്രയാസമനുഭവിക്കുകയായിരുന്നു. എന്തിന്? നമുക്കുവേണ്ടി! നമ്മുടെ ജീവനുവേണ്ടി! അല്ലാഹു പറയുന്നു: ''അവന്റെ മാതാവ് ക്ഷീണത്തിനുമേല്‍ ക്ഷീണത്തോടെ അവനെ (ഗര്‍ഭം) ചുമന്നു'' (സൂറഃ ലുക്വ്മാന്‍:14). ഈ വാക്യം വളരെ വ്യക്തമാണ്. മാതാവ് ഗര്‍ഭിണിയായിരിക്കെ ഓരോ ചലനവും വളരെ സൂക്ഷിച്ചും പ്രയാസപ്പെട്ടുമായിരുന്നു ചെയ്തിരുന്നത്. സുഖത്തോടെ ഒന്ന് തല ചായ്ക്കാന്‍ വരെ അവര്‍ക്ക് സാധിച്ചിരുന്നില്ല. നമ്മെ പ്രസവിച്ചതോ? മരണ വേദനക്ക് തുല്യമായ വേദനയോടെ. ശാസ്ത്രം പറയുന്നു; 28 അസ്ഥികള്‍ ഒരേ സമയം മുറിയുന്നത്രയും കഠിനമായതാണ് പ്രസവവേദന എന്ന്! ഇതെല്ലാം ആര്‍ക്കുവേണ്ടിയാണ് അവര്‍ സഹിച്ചത്? ഓര്‍ക്കുക, നമുക്ക് വേണ്ടി മാത്രം!

ഒരിക്കല്‍ ഖലീഫയായിരുന്ന ഉമര്‍(റ)വിന്റെ അടുക്കല്‍ വന്നുകൊണ്ട് ഒരാള്‍ ചോദിച്ചു: ''എന്റെ മാതാവിന് വളരെയധികം പ്രായമായിരിക്കുന്നു. അവര്‍ക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ അവരെ ഞാന്‍ ചുമലിലേറ്റിയാണ് അവരുടെ പലകാര്യങ്ങളും നിര്‍വഹിക്കാറുള്ളത്. എല്ലാ കാര്യത്തിനും അവര്‍ എന്നെയാണ് ആശ്രയിക്കാറുള്ളത്. അതുകൊണ്ട് അവര്‍ എനിക്ക് ചെറുപ്പത്തില്‍ ചെയ്തു തന്ന കാര്യങ്ങള്‍ക്ക് ഇത് പകരമാകുമോ?'' അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ''ഒരിക്കലുമില്ല! അവര്‍ നിന്നെ വളര്‍ത്തിയതും പരിചരിച്ചതും വളരെ പ്രതീക്ഷയോടെയാണ്. നിന്റെ ഓരോ ഉയര്‍ച്ചയും അവര്‍ സന്തോഷത്തോടെ വീക്ഷിച്ചിരുന്നു. എന്നാല്‍, നീ അവരെ പരിചരിക്കുമ്പോള്‍ നീ ആഗ്രഹിക്കുന്നത് അവരുടെ ആയുസ്സ് വേഗം തീരാനാണ്.''

അതുകൊണ്ട് നാമെത്ര നന്‍മകള്‍ ചെയ്താലും സഹായങ്ങള്‍ ചെയ്താലും അതവരുടെ കര്‍മങ്ങള്‍ക്ക് പകരമാവില്ല. ഒരിക്കല്‍ നബി(സ്വ)യുടെ അരികില്‍ ഒരാള്‍ വരികയും ഞാന്‍ ഏറ്റവും നന്നായി പെരുമാറേണ്ടത് ആരോടാണെന്നു ചോദിക്കുകയും ചെയ്തു. തിരുനബി(സ്വ) പറഞ്ഞു: 'നിന്റെ ഉമ്മയോട്.' അയാള്‍ ചോദിച്ചു: 'പിന്നെ ആരോട്?' നബി(സ്വ) പറഞ്ഞു: 'നിന്റെ ഉമ്മയോട്.' ഇത് വീണ്ടും ആവര്‍ത്തിച്ചു. നാലാം തവണ അദ്ദേഹം ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: 'നിന്റെ ഉപ്പയോട്.'

ഉപ്പയെക്കാള്‍ ആദ്യത്തെ മൂന്ന് സ്ഥാനം നബി(സ്വ) ഉമ്മക്ക് നല്‍കി. പിതാവ് സഹിക്കാത്ത മൂന്ന് കാര്യങ്ങള്‍ മാതാവ് സഹിച്ചിട്ടുണ്ട്. ഗര്‍ഭം ചുമന്നു, പ്രസവിച്ചു, മുലയൂട്ടി വളര്‍ത്തി. ഈ മൂന്നു കാര്യങ്ങള്‍ പിതാവിനു കഴിയാത്തതാണ്. അതിനാലാണ് മാതാവിന് ആദ്യ മൂന്നു സ്ഥാനം. ഈ മൂന്ന് സ്ഥാനം നമ്മളും അവര്‍ക്ക് നല്‍കണം. അവരെ നാം അനുസരിക്കണം. അവരോട് നല്ലരീതിയില്‍ പെരുമാറണം.

എന്നാല്‍, നാമേവരും വളരെ വേഗം കയര്‍ക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത് നമ്മോട് ദേഷ്യപ്പെടാത്ത, നമ്മെ സ്‌നേഹിക്കുന്ന മാതാവിനോടാണ്. അല്ലാഹു പറഞ്ഞു: ''അവര്‍ (മാതാപിതാക്കള്‍) രണ്ടിലൊരാള്‍ അല്ലെങ്കില്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുന്ന പക്ഷം അവരോട് 'ഛെ' എന്നു നീ പറയരുത്. അവരോട് കയര്‍ക്കുകയും ചെയ്യരുത്. അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.'' (സൂറഃ അല്‍ ഇസ്‌റാഅ്:23).

'ക്രൂരനായ ഒരു ഭരണാധികാരിയുടെ മുന്നില്‍ ഒരു ദാസന്‍ എത്രമാത്രം ഭയത്തോടെയും സൂക്ഷ്മതയോടെയും പെരുമാറുമോ, സംസാരിക്കുമോ അതുപോലെ മാതാപിതാക്കളോട് പെരുമാറണം' എന്ന് ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞതായി കാണാം.അതുകൊണ്ട് നാമൊരിക്കലും നമ്മുടെ മാതാപിതാക്കള്‍ക്ക് തൃപ്തിയില്ലാത്ത ഒരു കാര്യവും ചെയ്തുകൂടാ. നമുക്കെതിരില്‍ നമ്മുടെ ഉമ്മയെങ്ങാനും കൈ ഉയര്‍ത്തിയാല്‍ തീര്‍ച്ചയായും അത് അല്ലാഹു സ്വീകരിക്കുന്നതാണ്. അതിന്റെ ഫലം ഈ ലോകത്തുവെച്ചു തന്നെ നമുക്ക് അനുഭവിക്കേണ്ടിവരും. അതില്‍ സംശയമില്ല. 

ബനൂ ഇസ്‌റാഈല്‍ ഗോത്രത്തിലെ ഒരു പണ്ഡിതനായിരുന്ന ജുറൈജ് തന്റെ ആരാധനാ സ്ഥലത്ത് നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉമ്മയുടെ വിളി. ആശയക്കുഴപ്പത്തിലായ അദ്ദേഹം ആരാധനക്ക് മുന്‍തൂക്കം നല്‍കി നമസ്‌കാരത്തില്‍ തുടര്‍ന്നു. ഉമ്മ തിരിച്ചുപോയി. അടുത്ത ദിവസവും ഇതാവര്‍ത്തിച്ചു. മൂന്നാം തവണയും ഉത്തരം ലഭിക്കാതെ ഉമ്മ മനംനൊന്ത് ജുറൈജിനെതിരെ അവിടെ വെച്ച് കൈയുയര്‍ത്തി. അത് സ്വീകരിക്കപ്പെടുകയും ജുറൈജ് അത് അനുഭവിക്കുകയും ചെയ്തു.

ഇതില്‍ നിന്നും നാമുള്‍ക്കൊള്ളേണ്ട വലിയൊരു പാഠമുണ്ട്. ഒരു മഹാപണ്ഡിതന് മാതാവിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയാതിരുന്നത് ആരാധനയിലായതുകൊണ്ടായിരുന്നു. എന്നിട്ടും ആ മകനെതിരായുള്ള ഉമ്മയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. എങ്കില്‍ നമുക്കെതിരായി നമ്മുടെ ഉമ്മ പ്രാര്‍ഥിച്ചാല്‍ എന്തായിരിക്കും ഫലം? അല്ലാഹു അത് സ്വീകരിക്കും. അതിനാല്‍ ഇസ്‌ലാമിനെതിരല്ലാത്ത ഏത് കാര്യത്തിലും നമ്മുടെ മാതാപിതാക്കളെ നാം അനുസരിക്കണം. നമുക്ക് വേണ്ടി നമ്മുടെമാതാപിതാക്കള്‍ പ്രാര്‍ഥിക്കണം. അതിന് നാം അവരുടെ തൃപ്തി നേടണം. 

ഒരിക്കല്‍ മിമ്പറില്‍ കയറുകയായിരുന്ന നബി(സ്വ) മൂന്ന് തവണ 'ആമീന്‍' എന്ന് പറയുകയുണ്ടായി. എന്തിനാണിതെന്ന അനുയായികളുടെ ചോദ്യത്തിനുത്തരമായി റസൂല്‍(സ്വ) പറഞ്ഞു: ജിബ്‌രീല്‍(റ) മൂന്ന് പ്രാര്‍ഥന ചൊല്ലുകയുണ്ടായി. ഞാനതിന് ആമീന്‍ പറഞ്ഞു. അതില്‍ ഒന്ന് 'വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടായിട്ടും സ്വര്‍ഗം ലഭിക്കാത്തവന്‍ നശിക്കട്ടെ' എന്നായിരുന്നു.'' 

ഓര്‍ക്കുക! പ്രാര്‍ഥിച്ചത് ജിബ്‌രീല്‍(അ), ആമീന്‍ പറഞ്ഞത് നബി(സ്വ). അതുകൊണ്ട് ആ ശാപക്കാരില്‍ പെടാതിരിക്കാന്‍ നാം സൂക്ഷിക്കുക, പരിശ്രമിക്കുക. വൃദ്ധമാതാപിതാക്കള്‍ സ്വര്‍ഗം നേടാനുള്ള ഒരു വഴികൂടിയാണെന്നും നാമിതില്‍ നിന്ന് മനസ്സിലാക്കണം. 

എന്നാല്‍, ഇന്ന് നാം കാണുന്നതെന്താണ്? വൃദ്ധസദനങ്ങള്‍ അധികരിച്ചു വരുന്നു. തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരുടെ എണ്ണം കൂടുന്നു. വിദ്യാഭ്യാസവും ജോലിത്തിരക്കുകളും കൂടുമ്പോള്‍ നൊന്ത് പെറ്റ മാതാവും മക്കള്‍ക്കു വേണ്ടി അധ്വാനിച്ച് തളര്‍ന്ന പിതാവും ശല്യമായി മാറുന്നു! അങ്ങനെ മക്കള്‍ തങ്ങളുടെ സ്വര്‍ഗത്തിലേക്കുള്ള വഴി സ്വയം അടച്ചുകളയുന്നു.

നാം നമ്മുടെ മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കണം. അവരുടെ മരണശേഷവും അവര്‍ക്കുവേണ്ടി നമുക്കു ചെയ്യാന്‍ കഴിയുന്ന ഒന്നാണ് പ്രാര്‍ഥന. അല്ലാഹു പറഞ്ഞു: ''...കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക'' (സൂറഃ അല്‍ ഇസ്‌റാഅ്:24).

മാതാപിതാക്കളെ അനുസരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും അവരെ പരിചരിക്കുകയും അവരുടെ തൃപ്തി ലഭിക്കുകയും ചെയ്യുന്ന, അവരിലൂടെ സ്വര്‍ഗം കരസ്ഥമാക്കാന്‍ കഴിയുന്ന സല്‍കര്‍മികളായ മക്കളില്‍ അല്ലാഹു നാമേവരെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ!  

0
0
0
s2sdefault