മുഹര്‍റം ഒരു പവിത്ര മാസം 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

ഈ ലോകത്തിന്റെയും അതിലുള്ള മുഴുവന്‍ പ്രതിഭാസങ്ങളുടെയും സ്രഷ്ഠാവ് അല്ലാഹുവാണ്. മനുഷ്യരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ ഒരു പ്രതിഭാസമാണ് രാവും പകലും. തങ്ങള്‍ക്ക് അല്ലാഹു നിര്‍ണയിച്ചിട്ടുള്ള ഉപജീവനം കണ്ടെത്തുവാന്‍ ഉപയുക്തമായ രൂപത്തിലുള്ള പകലും ക്ഷീണം മാറ്റുവാന്‍ ശാന്തസുന്ദരമായ രാത്രിയും നല്‍കിയതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ഠാന്തമുണ്ടെന്നാണ് അല്ലാഹു പറയുന്നത്.

''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ഠിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ഠാന്തങ്ങളുണ്ട്'''(ക്വുര്‍ആന്‍ 3:190). 

അല്ലാഹു സൃഷ്ഠിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടെണെന്ന് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''ആകാശങ്ങളും ഭൂമിയും സൃഷ്ഠിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്...'' (ക്വുര്‍ആന്‍ 9:36). 

അല്ലാഹു ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും സമയത്തിനും പ്രത്യേകത നല്‍കിയിട്ടുണ്ട്. ഉപരിസൂചിത സൂക്തത്തില്‍നിന്ന് നാല് മാസങ്ങള്‍ക്ക് പ്രത്യേകതയുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. അതുപോലെ റമദാന്‍ മാസത്തിന് പ്രത്യേകതയുണ്ടെന്നും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവോ പ്രവാചകനോ ശ്രേഷ്ഠതയുണ്ടെന്ന് പറഞ്ഞിട്ടുള്ള മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും പ്രത്യേകതയും ശ്രേഷ്ഠതയുമുണ്ട്. അത് അങ്ങനെ തന്നെ അംഗീകരിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. 

അല്ലാഹു പവിത്രമാണെന്ന് വിശുദ്ധക്വുര്‍ആനിലൂടെ വ്യക്തമാക്കിയ മാസങ്ങളില്‍ ഒരു മാസമായ മുഹര്‍റം മാസത്തിലെ ചില ദിവസങ്ങളുടെ ശ്രേഷ്ഠതകളെ സംബന്ധിച്ചാണ് ചില കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുന്നത്. 

ജാഹിലിയ്യത്തില്‍

ഇസ്‌ലാമിന് മുമ്പ് ജാഹിലിയ്യത്തില്‍ (അജ്ഞാനകാലം) പോലും ക്വുറൈശികള്‍ മുഹര്‍റം മാസത്തില്‍ ചില ദിവസങ്ങളില്‍ നോമ്പനുഷ്ഠിച്ചിരുന്നു. റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് ആശൂറാഇന്റെ നോമ്പ് അനുഷ്ഠിക്കുവാനായി പ്രവാചകന്‍ ﷺ ജനങ്ങളോട് കല്‍പിച്ചിരുന്നു. റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതിന് ശേഷം അത് സുന്നത്താക്കുകയാണ് ചെയ്തത്. ഒരു ഹദീഥ് ശ്രദ്ധിക്കുക:

ആഇശ(റ) പറയുന്നു: ''ക്വുറൈശികള്‍ ജാഹിലിയ്യത്തില്‍ ആശൂറാഇ(മുഹര്‍റം പത്ത്)ന്റെ നോമ്പ് അനുഷ്ഠിച്ചിരുന്നു. പ്രവാചകന്‍ ﷺ യും അനുഷ്ഠിച്ചിരുന്നു. മദീനയിലേക്ക് വന്നപ്പോള്‍ പ്രവാചകന്‍ ﷺ അത് അനുഷ്ഠിക്കുകയും ജങ്ങളോട് അനുഷ്ഠിക്കുവാന്‍ കല്‍പിക്കുകയും ചെയ്തിരുന്നു. അങ്ങനെ റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅഇന്റെ നോമ്പ് ഉപേക്ഷിക്കുകയുണ്ടായി. ഉദ്ദേശിക്കുന്നവര്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കുവാന്‍ ഉദ്ദേശിക്കാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തു'''(ബുഖാരി).

മുഹര്‍റം പത്ത്

മുഹര്‍റം മാസത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു, അതില്‍ തന്നെ പത്താം ദിവസത്തെ പ്രത്യേകം ശ്രേഷ്ഠതയുള്ളതായി പ്രഖ്യാപിച്ചിരിക്കുന്നു. കാരണം ആ ദിവസത്തിലാണ് അല്ലാഹു മൂസാ നബിൗയെ ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടുത്തിയിരിക്കുന്നത്. ഒരു ഹദീസ് ശ്രദ്ധിക്കുക: 

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം:'പ്രവാചകന്‍ ﷺ മദീനയിലേക്ക് വന്നു, ആ സന്ദര്‍ഭത്തില്‍ ജൂതന്മാര്‍ ആശൂറാഅ് (മുഹര്‍റം പത്ത്)ന് നോമ്പനുഷ്ഠിക്കുന്നതായി കണ്ടു, അപ്പോള്‍ തിരുമേനി ﷺ ചോദിച്ചു, ഇതെന്താണ്? (നിങ്ങള്‍ എന്ത്‌കൊണ്ടാണ് നോമ്പനുഷ്ഠിക്കുന്നത്) അവര്‍ പ്രത്യുത്തരം നല്‍കി: ഇത് നല്ല ഒരു ദിനമാണ്, ഈ ദിവസമാണ് ബനൂ ഇസ്‌റാഈല്യരെ അവരുടെ ശത്രുക്കളില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയത്. അത്‌കൊണ്ട് ഈ ദിവസം മൂസാൗ നോമ്പനുഷ്ഠിക്കുകയുണ്ടായി. അപ്പോള്‍ തിരുമേനി ﷺ പറഞ്ഞു: മൂസായോട് നിങ്ങളേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളവന്‍ ഞാനാണ്, അങ്ങനെ ആ ദിവസം തിരുമേനി ﷺ നോമ്പനുഷ്ഠിച്ചു, ആ ദിവസം നോമ്പനുഷ്ഠിക്കുവാന്‍ കല്‍പിക്കുകയുമുണ്ടായി'(ബുഖാരി)

ശ്രേഷ്ഠത

മുഹര്‍റം പത്തില്‍ നോമ്പനുഷ്ഠിക്കുന്നതിന്റെ പ്രത്യേകത നമുക്ക് സ്വഹീഹായ ഹദീസുകളില്‍ കാണുവാന്‍ സാധിക്കും. 

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. പ്രവാചകന്‍ ﷺ പറയുകയുണ്ടായി:'''റമദാന്‍ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാണ്, നിര്‍ബന്ധ നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രിയിലുള്ള നമസ്‌കാരമാണ്'' (മുസ്‌ലിം).

ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന്‍ വേണ്ടി ഉദ്ദേശിക്കുകയും പ്രതീക്ഷിച്ചിരിക്കുകയും ചെയ്യുന്നത്‌പോലെ മറ്റൊരു ശ്രേഷ്ഠമാക്കപ്പെട്ട ദിവസത്തെയും പ്രവാചകന്‍ ﷺ പ്രതീക്ഷിക്കുന്നതായി ഞാന്‍ കണ്ടില്ല, അതുപോലെ റമദാന്‍ മാസത്തെയും''(ബുഖാരി).

പ്രതിഫലം

മുഹര്‍റം പത്തിലുള്ള വ്രതത്തിന് പ്രത്യേകം പുണ്യവും പ്രതിഫലവുമുണ്ടെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്. 

പ്രവാചകന്‍ ﷺ പറയുന്നു: ''അറഫാദിനത്തിലുള്ള നോമ്പിനാല്‍ അതിന് മുമ്പുള്ള ഒരു വര്‍ഷത്തെയും അതിന് ശേഷമുള്ള ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ആശൂറാഅ് നോമ്പിന് അതിന് ശേഷമുള്ള ഒരു വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടുവാനുള്ള പ്രതിഫലം ഞാന്‍ അല്ലാഹുവില്‍ നിന്ന് പ്രതീക്ഷിക്കുന്നു'' (മുസ്‌ലിം). 

താസൂആഅ്

മുഹര്‍റം ഒമ്പതിനാണ് താസൂആഅ് എന്ന് പറയുന്നത്. ആ ദിവസവും നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണെന്ന് ഹദീഥുകളില്‍ നിന്ന് നമുക്ക് ഗ്രഹിക്കുവാന്‍ സാധിക്കും.

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: പ്രവാചകന്‍ ﷺ ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അതിന് കല്‍പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) പറയുകയുണ്ടായി: 'പ്രവാചകരേ, ഇന്നേ ദിവസത്തെ ജൂതക്രൈസ്തവര്‍ മഹത്വപ്പെടുത്തുന്നുണ്ടല്ലോ.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഒന്‍പതാമത്തെ ദിവസവും (താസൂആഅ്) നാം നോമ്പനുഷ്ഠിക്കുന്നതാണ്.' ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: 'അടുത്ത വര്‍ഷം വന്നപ്പോഴേക്ക് തിരുമേനി ﷺ വഫാതായിരുന്നു''(മുസ്‌ലിം) 

ശകുനപ്പിഴവിന്റെ മാസമല്ല

മുഹര്‍റം മാസത്തിന്റെ പൊന്നമ്പിളി മാനത്ത് പ്രത്യക്ഷപ്പെട്ട് കഴിഞ്ഞാല്‍ നമ്മുടെ നാട്ടില്‍ ചിലയാളുകള്‍ ഈ മാസത്തെ ശകുനമായി കാണാറുണ്ട്. പ്രത്യേകിച്ച് അതിലെ ആദ്യത്തെ പത്ത് ദിനങ്ങളെ. ആ ദിനങ്ങളില്‍ യാത്ര പുറപ്പെടുകയോ, വിവാഹം കഴിക്കുകയോ, മറ്റു നല്ല കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യാറില്ല. കാരണം അത് ദുശ്ശകുനത്തിന്റെ ദിനമായിട്ടാണ് അവര്‍ കണക്കാക്കുന്നത്. പണ്ഡിതന്മാര്‍ അങ്ങനെയാണ് അവരെ പഠിപ്പിക്കുന്നത്. 

എന്നാല്‍ പ്രവാചകന്‍ ﷺ യോ, പ്രവാചകനെ മുഴുവന്‍ കാര്യങ്ങളിലും പിന്‍പറ്റിയ സച്ചരിതരായ സ്വഹാബികളോ അങ്ങനെ പഠിപ്പിച്ചതായി നമുക്ക് കാണാന്‍ സാധ്യമല്ല. അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ പഠിപ്പിക്കുന്നത് പവിത്രമായ നാല് മാസങ്ങളില്‍ ഒരു മാസമാണ് മുഹര്‍റം എന്നാണ്. ഇസ്‌ലാം ഏതെങ്കിലും ദിവസത്തെയോ മാസത്തെയോ ദുശ്ശകനത്തിന്റെ ദിവസമായും മാസമായും പഠിപ്പിക്കുന്നില്ല. മുഹര്‍റം മാസത്തിലെ നഹ്‌സ് ഉണ്ടാക്കിയത് ഇസ്‌ലാമില്‍നിന്ന് വ്യതിചലിച്ച് പോയ ശിയാക്കളാണ് എന്ന് നമുക്ക് ആധികാരികമായ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. ശിയാക്കളുടെ ഒരുപാട് കാര്യങ്ങള്‍  പൗരോഹിത്യം കടമെടുത്ത കൂട്ടത്തില്‍ ദുശ്ശകുനവും സ്വീകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. 

പ്രവാചകന്‍ ﷺ പറയുന്നത് നാം ശ്രദ്ധിക്കുക. അബൂഹുറയ്‌റ(റ)വില്‍ നിന്ന്: പ്രവാചകന്‍ ﷺ പറയുകയുണ്ടായി: ''അദ്‌വയും (രോഗം വരുന്നത് അല്ലാഹുവിന്റെ വിധിയുടെ ഭാഗമല്ല, മറിച്ച് രോഗം തനിയെ വരുന്നതാണെന്ന വിശ്വാസം), ദുശ്ശകുനവും (പക്ഷികളെ പറപ്പിച്ച് കൊണ്ട് ഭാഗ്യ പരീക്ഷണം നടത്തല്‍), മയ്യിത്തിന്റെ എല്ലുകള്‍ പക്ഷികളായി രൂപപ്പെടുമെന്നുള്ള വിശ്വാസവും... ഇസ്‌ലാമില്‍ ഇല്ലാത്തതാണ്'' (ബുഖാരി, മുസ്‌ലിം). 

ഏത് തരത്തിലുള്ള ദുശ്ശകുനം നോക്കലും ഇതില്‍ പെടുന്നതാണ്. കറുത്ത പൂച്ച മുന്നിലൂടെ ഓടുന്നതും, പ്രഭാതത്തില്‍ കാലിക്കൊട്ടയോ കാലച്ചാക്കോ കാണുന്നതും, ചീവീട് കരയുന്നതും, കൈനീട്ടം, (രാവിലെ കടയില്‍ വന്ന് ആരെങ്കിലും കടം വാങ്ങിയാല്‍ ആ ദിവസം മുഴുവനും കടം തന്നെ യായിരിക്കുമെന്ന വിശ്വാസം), ഒരു യാത്രക്ക് ഒരുങ്ങുമ്പോള്‍ വഴിയില്‍ വെച്ച് ആരെങ്കിലും അതിനെ തടഞ്ഞാല്‍, ഇടക്ക് വെച്ച് ആരെങ്കിലും വാഹനത്തില്‍ നിന്ന് ഇറങ്ങിയാല്‍ അത് ശകുനമാണെന്ന വിശ്വാസം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നതാണ്.

പ്രവാചകന്‍ ﷺ പറയുകയുണ്ടായി: ''ദുശ്ശകുനം ശിര്‍ക്കാകുന്നു, ദുശ്ശകുനം ശിര്‍ക്കാകുന്നു...'' ' (അഹ്മദ്. സ്വഹീഹായ ഹദീഥ്). 

അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം. പ്രവാചകന്‍ ﷺ പറഞ്ഞു: ''ആരുടെയെങ്കിലും ആവശ്യം ദുശ്ശകുനത്താല്‍ തടയപ്പെടുകയാണെങ്കില്‍ അവന്‍ ശിര്‍ക്ക് ചെയ്തു.'''അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: ''പ്രവാചകരേ, അതിനുള്ള പ്രായച്ഛിത്തം എന്താണ്?'' തിരുമേനി ﷺ പറഞ്ഞു: ''ഇങ്ങനെ പറയലാണ്: അല്ലാഹുവേ, നിന്റെ നന്മയല്ലാതെ ഒരു നന്മയുമില്ല. നിന്റെ ശകുനമല്ലാതെ മറ്റൊരു ശകുനവുമില്ല, നീയല്ലാതെ യഥാര്‍ഥത്തില്‍ ഒരു ഇലാഹുമില്ല'' (അഹ്മദ്). 

ഒരു മുസ്‌ലിം മതത്തിന്റെ പേരില്‍ ചെയ്യുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും തെളിവ് വേണം. പ്രമാണങ്ങള്‍ പഠിപ്പിക്കാത്ത കാര്യങ്ങള്‍ മതത്തിന്റെ പേരില്‍ വെച്ചുകെട്ടുന്നത് കടുത്ത അപരാധമാണ്. 

''നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നാണ്. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്.(അതിന്) സാക്ഷിയായി അല്ലാഹു മതി'' (ക്വുര്‍ആന്‍ 4:79).

0
0
0
s2sdefault