മുഹമ്മദ് നബി(സ്വ) സമാനതയില്ലാത്ത മാതൃകാ വ്യക്തിത്വം

ശമീര്‍ മദീനി

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25
''യാസീന്‍. തത്ത്വസമ്പൂര്‍ണമായ ക്വുര്‍ആന്‍ തന്നെയാണ് സത്യം; നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേരായ പാതയിലാകുന്നു (നീ)'' (ക്വുര്‍ആന്‍ 36:1-4). 

വലിയ വലിയ ആദര്‍ശശാലികളായി പലരും ലോകത്ത് രംഗപ്രവേശം ചെയ്തിട്ടുണ്ട്; പക്ഷേ, അവരില്‍ അധികമാളുകളുടെയും ആദര്‍ശപ്രസംഗങ്ങള്‍ കേവലം പുറംപൂച്ച് മാത്രമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി(സ്വ)യുടെ പച്ചയായ ജീവിതം പഠനവിധേയമാക്കുന്ന ആര്‍ക്കും അവിടുത്തെ സത്യസന്ധതയുടെയും നിഷ്‌കളങ്കതയുടെയും സൗരഭ്യം പരത്തുന്ന ഏടുകളാണ് ചരിത്രത്തില്‍ കണ്ടെത്താനാവുക. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സ്വന്തം ജീവനെക്കാള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. ശത്രുക്കളായി വന്നവര്‍ ആ വിശുദ്ധ ജീവിതത്തിന്റെ സല്‍ഗുണങ്ങള്‍ കണ്ട് ആത്മമിത്രങ്ങളായി മാറി.

ലോകരക്ഷിതാവായ അല്ലാഹു തന്റെ ദൂതന്റെ എതിരാളികള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് ആ പ്രവാചകനെ പ്രശംസിച്ചു പറഞ്ഞ വാക്കുകളുടെ പൊരുളും മറ്റൊന്നല്ല അറിയിക്കുന്നത്. അല്ലാഹു പറയുന്നു: ''നൂന്‍-പേനയും അവര്‍ എഴുതുന്നതും തന്നെയാണ് സത്യം. നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് നീ ഒരു ്രഭാന്തനല്ല. തീര്‍ച്ചയായും നിനക്ക് മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ട്. തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു'' (ക്വുര്‍ആന്‍ 68:1-4).

ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയ ശത്രുക്കള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആദര്‍ശത്തെയും വികലമാക്കി അവതരിപ്പിക്കാന്‍ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുണ്ട്. എന്നാല്‍ തുറന്നപുസ്തകം പോലെ ആര്‍ക്കും പരിശോധിക്കുവാന്‍ സാധിക്കുമാറുള്ള അദ്ദേഹത്തിന്റെ ജീവിതത്തെയും ആദര്‍ശത്തെയും സത്യസന്ധമായ പഠനത്തിന് വിധേയമാക്കുവാനാണ് വിശുദ്ധ ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്.

''നീ പറയുക: ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി നിങ്ങള്‍ ഈരണ്ടു പേരായോ ഒറ്റയായോ നില്‍ക്കുകയും എന്നിട്ട് നിങ്ങള്‍ ചിന്തിക്കുകയും ചെയ്യണമെന്ന്. നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബിക്ക്) യാതൊരു ്രഭാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുമ്പില്‍ നിങ്ങള്‍ക്കു താക്കീത് നല്‍കുന്ന ആള്‍ മാത്രമാകുന്നു അദ്ദേഹം'' (34:46).

ഏതു രംഗത്തും തികഞ്ഞ മാതൃക അദ്ദേഹത്തില്‍ ദര്‍ശിക്കാനാകുന്നതാണ്. വികാരത്തിനടിമപ്പെടാതെ വിവേകത്തോടുകൂടിയുള്ള ഇടപെടലുകളാണ് ആ ജീവിതത്തില്‍ കാണാനാവുക. മറ്റുള്ളവര്‍ക്ക് നല്ല നല്ല ഉപദേശങ്ങള്‍ നല്‍കുകയും സ്വന്തം ജീവിതത്തില്‍ അവ വിസ്മരിക്കുകയും ചെയ്യുന്ന രീതി ആ മഹാനുഭാവന്റെ ജീവിതത്തില്‍ കാണുക സാധ്യമല്ല. അനുഗ്രഹദാതാവിന് ആരാധനകളര്‍പ്പിക്കുവാന്‍ അനുയായികളെ പ്രേരിപ്പിച്ചുകൊണ്ട് സുഖമായി കിടന്നുറങ്ങുന്ന ഉപദേശിയെയല്ല പ്രവാചകജീവിതത്തില്‍ നാം കാണുന്നത്. പ്രത്യുത, രാത്രിയുടെ നിശ്ശബ്ദതയില്‍ മറ്റാരുമറിയാതെ ഏകാന്തനായി, കാലുകളില്‍ നീരുകെട്ടുവോളം ദീര്‍ഘനേരം പ്രാര്‍ഥനകളും ആരാധനകളുമായി കഴിച്ചുകൂട്ടുന്ന പ്രവാചകനെ(സ്വ)യാണ് ആ ജീവിതത്തില്‍ നാം ദര്‍ശിക്കുന്നത് (ബുഖാരി).

മരണപ്പെട്ട അനുചരന്‍മാര്‍ക്ക് വേണ്ടി രാത്രിയുടെ ഏകാന്തതയില്‍ സര്‍വശക്തനോട് പ്രാര്‍ഥനാനിര്‍ഭരനാകുന്ന പ്രവാചകന്‍, ത്യാഗങ്ങളുടെ രംഗങ്ങളില്‍ അനുചരന്മാരെക്കാളും ഒരു പടി മുന്നില്‍ നിന്ന് അധ്വാനിക്കുന്ന മാതൃകാനേതാവ്, സ്വന്തം വീട്ടില്‍ ദിവസങ്ങളോളം തീ പുകയാഞ്ഞിട്ടും സ്വന്തം ജീവനെക്കാള്‍ തന്നെ സ്‌നേഹിക്കുന്ന അനുയായികളെപ്പോലും അറിയിക്കാതെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന മഹാത്മാവ്... ഇങ്ങനെ എത്രയെത്ര ഉദാത്ത ഗുണങ്ങള്‍! ഇത്തരം ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുള്ള വ്യക്തി ഒരു സ്വാര്‍ഥമോഹിയും വഞ്ചകനുമാകുമോ?

0
0
0
s2sdefault