മഴക്ക് വേണ്ടിയുള്ള നമസ്‌ക്കാരം

ഫൈസല്‍ പുതുപ്പറമ്പ്

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19
കടുത്ത ജലക്ഷാമം നേരിടുമ്പോള്‍ പകച്ചു നില്‍ക്കാനല്ല, മഴ വര്‍ഷിപ്പിക്കാന്‍ കഴിയുന്ന സ്രഷ്ടാവിനോട് പ്രാര്‍ഥിക്കുവാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തെ സംബന്ധിച്ച് പ്രാമാണികമായ ഒരു പഠനം.

അല്ലാഹുവിന്റെ എണ്ണമറ്റ അനുഗ്രഹങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണല്ലോ മഴ. എന്നാല്‍ പല കാരണങ്ങളാല്‍ അല്ലാഹു തന്റെ അടിമകള്‍ക്ക് മഴയെ തടയും. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ കേവലം ഭൗതിക കാരണങ്ങളെ മാത്രം അതിനു പിന്നില്‍ കണ്ടെത്തുകയും അതിന് പരിഹാരമായി ഭൗതിക പരിഹാര മാര്‍ഗങ്ങള്‍ മാത്രം തേടുകയും ചെയ്യുകയല്ല ഒരു വിശ്വാസി ചെയ്യേണ്ടത്. അതിനപ്പുറം മഴയുടെ ഉടമയായ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിക്കല്‍ കൂടി പ്രധാന പരിഹാര മാര്‍ഗമായി വിശ്വാസി കാണണം.

എന്ത് കൊണ്ട് മഴ തടയപ്പെടുന്നു?

അല്‍പം ദീര്‍ഘമായ ഒരു ഹദീഥില്‍ റസൂല്‍(സ്വ) ഇപ്രകാരം പഠിപ്പിച്ചതായി സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു അംറ് (റ) പറയുന്നു: ''നബി (സ്വ) ഞങ്ങളിലേക്ക് തിരിഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞു: 'അല്ലയോ മുഹാജിറുകളുടെ സമൂഹമേ, അഞ്ചു കാര്യം കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ (വളരെ പ്രയാസകരമായിരിക്കും കാര്യം)- അതുണ്ടാകുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍തേടുന്നു. ഏതൊരു സമൂഹത്തിലും തോന്നിവാസങ്ങള്‍ (അശ്ലീലതകള്‍) വ്യാപകമാവുകയും അത് പരസ്യമായി പോലും ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍ അവരില്‍ പ്ലേഗും മുന്‍കഴിഞ്ഞ സമൂഹങ്ങളിലൊന്നും ഇല്ലാത്ത വിധം വേദനയുള്ള രോഗങ്ങളും വ്യാപകമാകാതിരിക്കില്ല. അളവിലും തൂക്കത്തിലും അവര്‍ കൃത്രിമം കാണിക്കുന്നുവെങ്കില്‍ ക്ഷാമവും ജീവിത ചെലവുകളുടെ ഭാരവും ഭരണാധികാരികളുടെ അതിക്രമവും അവരെ പിടികൂടാതിരിക്കുകയില്ല. സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്ന പക്ഷം ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല. മൃഗങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒട്ടും മഴ ലഭിക്കുകയേ ഇല്ല...'' (ഇബ്‌നു മാജ:4019, ഹാകിം, സില്‍സില സ്വഹീഹ:106).

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹുല്‍ ബുഖാരിയില്‍ നല്‍കിയ ഒരു അധ്യായത്തിന്റെ തലവാചകം ഇപ്രകാരമാണ്: ''നിഷിദ്ധമായവയെ (അല്ലാഹുവിന്റെ വിലക്കുകളെ) സൃഷ്ടികള്‍ തകര്‍ത്തെറിയുമ്പോള്‍ അല്ലാഹു അവര്‍ക്ക് വരള്‍ച്ച നല്‍കിക്കൊണ്ട് പ്രതികാരമെടുക്കും എന്ന അധ്യായം.'' (ബുഖാരി: മഴയെ തേടുന്ന അധ്യായം).

'അല്ലാഹു അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളെയും സന്‍മാര്‍ഗത്തെയും മറച്ചു വെക്കുന്നവരെ അല്ലാഹു ശപിക്കും. ശപിക്കുന്ന മുഴുവന്‍ പേരും ശപിക്കും' എന്ന സൂറത്തുല്‍ ബക്വറയിലെ 19-ാം വചനത്തെ വിശദീകരിച്ചു കൊണ്ട് താബിഈ പ്രമുഖനായ ഇമാം മുജാഹിദ്(റഹി) പറയുന്നു: ''ഭൂമിയില്‍ വരള്‍ച്ച നേരിട്ടാല്‍ മൃഗങ്ങള്‍ പറയും: 'പാപികളായ മനുഷ്യര്‍ കാരണമാണിത്. മനുഷ്യരില്‍ പാപികളെ അല്ലാഹു ശപിക്കട്ടെ' എന്ന്'' (ഇബ്‌നു കഥീര്‍ 1/137).

ഏതൊരു നാട്ടുകാരും ഈമാനും (സത്യവിശ്വാസം) തഖ്‌വയും (സൂക്ഷ്മത) കാത്ത് സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവര്‍ക്ക് ആകാശ ഭൂമികളിലെ ഐശ്വര്യങ്ങള്‍ ചൊരിഞ്ഞു നല്‍കുമെന്ന് ക്വുര്‍ആന്‍ പറഞ്ഞത് (7/96) ഇതോട് നാം ചേര്‍ത്ത് വായിക്കുക.

അലി(റ) പറയുന്നു: ''പാപം കാരണമായിട്ടല്ലാതെ ഒരു പരീക്ഷണവും ഇറങ്ങാറില്ല. പശ്ചാത്താപം (തൗബ) കൊണ്ടല്ലാതെ അത് ഒഴിവാകാറുമില്ല''(അല്‍ ജവാബുല്‍ കാഫീ: 142).

ചുരുക്കത്തില്‍ ക്ഷാമവും വരള്‍ച്ചയുമാകുന്ന പരീക്ഷണങ്ങള്‍ നീങ്ങിക്കിട്ടാന്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങലാണ് പ്രതിവിധി. പ്രധാനമായും നാലു തരത്തിലാണ് അതിന്റെ വഴി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അതില്‍ പ്രധാനമായത് മഴക്ക് വേണ്ടിയുള്ള നമസ്‌കാരമാണ്. ധാരാളം ഹദീഥുകളില്‍ ഇത് സ്ഥിരപ്പെട്ടതുമാണ്. നബി(സ്വ)യും സ്വഹാബത്തും ഇത് നിര്‍വഹിച്ചതുമാണ്. ഒരു ഹദീഥ് കാണുക:

ആഇശ(റ) പറയുന്നു: ''സൂര്യകിരണങ്ങള്‍ വെളിവായ നേരത്ത് നബി(സ്വ) പുറപ്പെട്ടു. എന്നിട്ട് മിമ്പറില്‍ ഇരുന്നു. ശേഷം തക്ബീറും തഹ്മീദും നിര്‍വഹിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: വരള്‍ച്ചയെ കുറിച്ചും മഴയില്ലാത്തതിനെ കുറിച്ചും നിങ്ങള്‍ പരാതി പറയുന്നു. അല്ലാഹു അവനോട് പ്രാര്‍ഥിക്കുവാന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. ഉത്തരം നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. ശേഷം നബി (സ്വ) അല്ലാഹുവിനെ സ്തുതിക്കുകയും അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. പിന്നീട് മഴക്ക് വേണ്ടി അവിടുന്ന് ദീര്‍ഘമായി പ്രാര്‍ഥിച്ചു. തന്റെ കക്ഷത്തിന്റെ വെള്ള വെളിവാകുമാറ് അവിടുന്ന് തന്റെ ഇരു കൈകളും ഉയര്‍ത്തിയിരുന്നു. പിന്നീട് ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നിന്നു. പിന്നീട് കൈ ഉയര്‍ത്തി ക്കൊണ്ട് തന്നെ തന്റെ മേല്‍ മുണ്ട് (തട്ടം) ഒന്ന് തിരിച്ചിട്ടു. ശേഷം ജനങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് മിമ്പറില്‍ നിന്ന് ഇറങ്ങി. രണ്ട് റക്അത്ത് നമസ്‌കരിച്ചു...'' (അബൂദാവൂദ്:1173)

(കൈകള്‍ ഉയര്‍ത്തുമ്പോള്‍ കയ്യിന്റെ ഉള്‍ഭാഗം ഭൂമിയിലേക്കും പുറംഭാഗം ആകാശത്തേക്കുമാക്കലാണ് പ്രവാചക മാതൃക.)

മഴക്കു വേണ്ടിയുള്ള നമസ്‌കാരവുമായി ബന്ധപ്പെട്ട മര്യാദകളെ ഈ ഹദീഥിന്റെ വെളിച്ചത്തില്‍ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:

1. സമയം: മഴക്ക് വേണ്ടി നമസ്‌കരിക്കുവാന്‍ പ്രത്യേക ദിവസമോ സമയമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നബി(സ്വ) പ്രസ്തുത നമസ്‌കാരം നിര്‍വഹിച്ചത് പ്രഭാതത്തിലാണ്. അതിനാല്‍ പെരുന്നാള്‍ നമസ്‌കാര സമയമാണ് അതിന് ഏറ്റവും ഉത്തമം എന്ന് മേല്‍ ഹദീഥ(അബൂദാവൂദ്:1173) അടിസ്ഥാനമാക്കി ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടു കാണുന്നു.

(വിശദാംശങ്ങള്‍ക്ക് ഇബ്‌നു അബ്ദില്‍ ബര്‍റ്(റ)ന്റെ അത്തംഹീദ് 17/175, ഇബ്‌നു ഖുദാമയുടെ മുഗ്‌നി 3/327 എന്നിവ നോക്കുക).

2. നമസ്‌കാരം നിര്‍വഹിക്കുന്ന ദിവസം മുന്‍കൂട്ടി നിശ്ചയിച്ച് ജനങ്ങളെ അറിയിക്കണം. മുകളില്‍ ഉന്നയിച്ച ഹദീഥ് അക്കാര്യം വ്യക്തമാക്കുന്നുണ്ട്.

3. മൈതാനത്താണ് ഉത്തമം

നബി(സ്വ) മൈതാനത്തേക്ക് പുറപ്പെട്ടുവെന്നും അവിടെ നബി(സ്വ)ക്ക് വേണ്ടി മിമ്പര്‍ സ്ഥാപിക്കപ്പെട്ടുവെന്നും അതില്‍ കയറി നബി(സ്വ) ഉപദേശിച്ചുവെന്നും മേല്‍ ഹദീഥില്‍ തന്നെ കാണുന്നു.

ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) മൈമൂനുബ്‌നു മഹ്‌റാന്‍(റ)ന് ഇപ്രകാരം എഴുതി അറിയിച്ചു: ''ഇന്ന മാസത്തിലെ ഇന്ന ദിവസത്തില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനായി ഞാന്‍ പട്ടണങ്ങളിലേക്ക് എഴുതി അറിയിച്ചിട്ടുണ്ട്. നോമ്പ് നോല്‍ക്കുവാനും സ്വദക്വ ചെയ്യുവാനും സാധിക്കുന്നവര്‍ അപ്രകാരം ചെയ്യട്ടെ.അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു. തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും (ചെയ്തവന്‍) (സൂറഃ അല്‍ അഅ്‌ലാ 14,15). നിങ്ങളുടെ ആദ്യ മാതാപിതാക്കള്‍ പറഞ്ഞത് പോലെ നിങ്ങളും പറയുവിന്‍:'അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (7/23). നൂഹ് നബിൗ പറഞ്ഞത് പോലെയും നിങ്ങള്‍ പറയുക: ''(അല്ലാഹുവേ) നീ എനിക്ക് പൊറുത്തു തരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും'' (11/47). മൂസാ നബിൗ പറഞ്ഞതു പോലെയും നിങ്ങള്‍ പറയുക: 'അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ...' (അല്‍ ക്വസ്വസ്:16). യൂനുസ് നബിൗ പറഞ്ഞതു പോലെയും നിങ്ങള്‍ പറയുവിന്‍: ''...നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു'' (അല്‍ അന്‍ബിയാഅ് 87) അബ്ദുര്‍റസ്സാഖ് 3/82).

ഇമാം ജനങ്ങള്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കണം എന്ന് ഇവയില്‍ നിന്ന് ഗ്രഹിക്കാം.

4. വിനയവും താഴ്മയും പ്രകടിപ്പിച്ചു കൊണ്ടാവണം പുറപ്പെടേണ്ടത്

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''നബി(സ്വ) വളരെ നിലവാരം കുറഞ്ഞ വേഷത്തില്‍ വിനയത്തോടെയും താഴ്മയോടെയും ഭക്തിയോടെയും പ്രാര്‍ഥനാനിര്‍ഭരനായിക്കൊണ്ടുമാണ് പുറപ്പെട്ടത്'' (അബൂദാവൂദ്: 1165, തുര്‍മുദി:1028, മുസ്‌ലിം:894).

5. നമസ്‌കാരത്തിന് മുമ്പോ ശേഷമോ ഖുതുബ നിര്‍വഹിക്കാം

ഇതിലേക്കുമുള്ള സൂചനകള്‍ നബി(സ്വ)യുടെ കര്‍മങ്ങള്‍ ഉദ്ധരിച്ച വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍ ഒരു ഗംഭീര പ്രസംഗമല്ല വേണ്ടത്. പകരം, ഇമാമും അല്ലാത്തവരുമെല്ലാം വളരെ വിനയാന്വിതരായിരിക്കുകയും റബ്ബിലേക്ക് കൂടുതല്‍ ഭക്തിപ്പെടുകയുമാണ് വേണ്ടത്. അതിനായുള്ള ഉപദേശങ്ങളാണ് ഖുതുബയില്‍ ഉണ്ടാവേണ്ടത്.

സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാം ഒന്നടങ്കം പുറപ്പെടുകയാണ് വേണ്ടത്. എന്നാല്‍, മൃഗങ്ങളെയും മറ്റും കൊണ്ടുപോകുന്നതിന് പ്രവാചക പ്രവൃത്തിയുടെ മാതൃകയില്ലെന്ന് ഇബ്‌നു ഖുദാമ (റ) പറയുന്നു. (മുഗ്‌നി:3/335, കാഫീ: 1/535). അല്ലാഹു അഅ്‌ലം.

6. ബാങ്കും ഇക്വാമത്തും സുന്നത്തില്ല

നബി(സ്വ)യില്‍ നിന്ന് ഈ വിഷയത്തില്‍ പ്രത്യേകം നിര്‍ദേശം വന്നിട്ടില്ല. നബി(സ്വ) ബാങ്കോ ഇക്വാമത്തോ നിര്‍വഹിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. നബി(സ്വ)യില്‍ നിന്ന് മതം പഠിച്ച സ്വഹാബിമാരായ അബ്ദുല്ലാഹ് ബ്‌നു യസീദ് ബാങ്കോ ഇക്വാമത്തോ നിര്‍വഹിക്കാതെയാണ് മഴയെ തേടുന്ന നമസ്‌കാരം നിര്‍വഹിച്ചത് എന്ന് ഇമാം ബുഖാരി രേഖപ്പെടുത്തുന്നു (ബുഖാരി:1022). അബൂമൂസല്‍ അശ്അരി(റ) എന്ന സ്വഹാബിയും അപ്രകാരം ചെയ്തതായി ഇബ്‌നു അബീ ശൈബ(റ) തന്റെ മുസ്വന്നഫില്‍ (2/221) ഉദ്ധരിച്ചിട്ടുണ്ട്.

7. കൂടുതല്‍ ഭക്തരും മതനിഷ്ഠയുള്ളവരുമാണ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കേണ്ടത്

നബി(സ്വ) ജീവിച്ചിരിപ്പുള്ള കാലത്ത് സ്വഹാബത്തിന് ഈ വിഷയത്തില്‍ നേതൃത്വം നല്‍കിയിരുന്നത് നബി(സ്വ)യായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. (ബുഖാരി:933, 1010, മുസ്‌ലിം:897).

നബി(സ്വ)യുടെ കാല ശേഷം ഉമര്‍(റ) മഴയെ തേടിയപ്പോള്‍ നബി(സ്വ)യുടെ പിതൃവ്യന്‍ അബ്ബാസ് (റ)നെയാണ് നേതൃത്വം നല്‍കാനായി തെരെഞ്ഞെടുത്തത് (ബുഖാരി:1010). മുആവിയ (റ), ദ്വഹ്ഹാക്വ് (റ) എന്നിവര്‍ മഴക്കു വേണ്ടിയുള്ള നമസ്‌കാരത്തിന് യസീദ്ബ്‌നുഅസ്‌വദ്(റ)നെയാണ് നേതൃത്വം ഏല്‍പിച്ചത്. (മുഗ്‌നി 1/535).

8. പെരുന്നാള്‍ നമസ്‌കാരം പോലെ തന്നെയാണ് ഈ നമസ്‌കാരവും

വ്യത്യസ്ത ഹദീഥുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. (ബുഖാരി:1012,1026, മുസ്‌ലിം:894). ഇത് പ്രകാരം പെരുന്നാള്‍ നമസ്‌കാരത്തിലെന്ന പോലെ ഇതിലും രണ്ട് റക്അത്തിലും തക്ബീറുകള്‍ സുന്നത്താണ് എന്നാണ് പ്രബലാഭിപ്രായം. ക്വുര്‍ആന്‍ പാരായണം ഉറക്കെയാണ് വേണ്ടത്. ഖുത്വുബ നമസ്‌കാരത്തിന് മുമ്പും ശേഷവും ആവാം എന്നതിന് ഹദീഥുകളില്‍ തെളിവുണ്ട്. പ്രസ്തുത വിഷയത്തില്‍ വന്ന ഹദീഥുകള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ശൈഖ് ഇബ്‌നുബാസ് (റഹി) പറയുന്നു: 'നബി(സ്വ) ചില സമയങ്ങളില്‍ ആദ്യം ഖുത്വുബ നിര്‍വഹിക്കുകയും പിന്നീട് നമസ്‌കരിക്കുകയും ചെയ്‌തെന്നും ചില ഘട്ടങ്ങളില്‍ ആദ്യം നമസ്‌കരിക്കുകയും പിന്നെ ഖുത്വുബ നിര്‍വഹിച്ചെന്നും ഈ റിപ്പോര്‍ട്ടുകള്‍ അറിയിക്കുന്നു. അതിനാല്‍ രണ്ട് രീതിയും അനുവദനീയമാണെന്ന് ഇതറിയിക്കുന്നു' (ഫതാവാ ഇബ്‌നുബാസ്: 13/61).

നമസ്‌കാരത്തിനായി നോമ്പനുഷ്ഠിക്കല്‍

മഴയെ തേടുന്ന നമസ്‌കാരത്തിനു മുന്നോടിയായി നോമ്പ് നോല്‍ക്കണോ എന്ന വിഷയത്തില്‍ പണ്ഡിത ലോകത്ത് വ്യത്യസ്ത വീക്ഷണങ്ങള്‍ പഴയ കാലം മുതലേ നിലവിലുണ്ട്. ശാഫിഈ മദ്ഹബ് പ്രകാരം അതിനു മുമ്പായി മൂന്നു ദിവസം നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. മൂന്നാം ദിവസം നോമ്പുകാരായിക്കൊണ്ടാണ് നമസ്‌കാരത്തിന് വരേണ്ടത്. അതല്ല, മൂന്ന് ദിവസത്തെ നോമ്പിനു ശേഷം നാലാം ദിവസമാണ് നമസ്‌കാരത്തിന് വരേണ്ടത് എന്നും അഭിപ്രായമുണ്ട്.

ഹനഫികളും മാലികികളും ഏകദേശം ഈ അഭിപ്രായക്കാര്‍ തന്നെയാണ്. ഹമ്പലികള്‍ക്കും ഈ വിഷയത്തില്‍ കാര്യമായ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ മൂന്നാം ദിവസം പുറപ്പെടണോ അതോ മൂന്ന് ദിവസത്തെ നോമ്പിനു ശേഷം നാലാം ദിവസം പുറപ്പെടണോ എന്ന വിഷയത്തിലാണ് പണ്ഡിതന്‍മാര്‍ക്ക് വീക്ഷണ വ്യത്യാസമുള്ളത്. എന്നാല്‍ നബി(സ്വ)യില്‍ നിന്ന് ഈ വിഷയത്തില്‍ പ്രത്യേക അധ്യാപനമുള്ളതായി അവരാരും രേഖപ്പെടുത്തുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. നോമ്പുകാരന്റെ പ്രാര്‍ഥനക്ക് പ്രത്യേകം സ്വീകാര്യതയുണ്ട് എന്ന് ഇമാം തുര്‍മുദിയും ബൈഹഖിയും ഉദ്ധരിച്ച സ്വീകാര്യ യോഗ്യമായ ഹദീഥാണ് അവരൊക്കെയും ഇതിന് തെളിവായി ഉന്നയിച്ചു കാണുന്നത്. അതിനപ്പുറം ഈ വിഷയകമായി പ്രത്യേകം തെളിവില്ലാത്തതിനാല്‍ ഇങ്ങനെ ഒരു നോമ്പ് സുന്നത്താണെന്ന് പറയാവതല്ലെന്നാണ് ശൈഖ് ഇബ്‌നു ഉഥൈമീന്‍(റഹി) തന്റെ ഫതാവായില്‍ വ്യക്തമാക്കുന്നത്.

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍ നോമ്പ് ഉതകുമെന്നതിനാല്‍ പൊതുവായ ഒരു മാനദണ്ഡം എന്ന നിലക്ക് മുകളില്‍ പറഞ്ഞ ഹദീഥിന്റെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ പ്രവര്‍ത്തിക്കുകയുമാകാം. (അല്ലാഹു അഅ്‌ലം).

ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക, അന്യായമായി നേടിയവ അവകാശികള്‍ക്ക് തിരിച്ചു നല്‍കുക തുടങ്ങിയ മര്യാദകളെല്ലാം ചില പണ്ഡിതന്‍മാര്‍ പറഞ്ഞതും ഈ ഒരു അര്‍ഥത്തില്‍ തന്നെയാണ്.

നന്‍മകള്‍ വര്‍ധിപ്പിച്ചും തിന്‍മകളില്‍ നിന്ന് മാറി നിന്നും കൂടുതല്‍ വിനയാന്വിതരായും അല്ലാഹുവിലേക്ക് കൂടുതലായി അടുക്കുകയും ചെയ്യുക എന്നത് തന്നെയാണ് മഴക്ക് വേണ്ടിയുള്ള തേട്ടത്തിന്റെ മര്‍മം എന്ന് പൊതുവെ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നു.

 

ഖുത്വുബയിലുള്ള പ്രാര്‍ഥന

മഴയെ തേടാനുള്ള മറ്റൊരു രീതിയാണ് ഖുത്വുബയില്‍ വെച്ചുള്ള പ്രാര്‍ഥന. പ്രത്യേക നമസ്‌കാരമോ മറ്റോ നിര്‍വഹിക്കാതെ ഇമാം ഖുത്വുബയില്‍ മഴക്ക് വേണ്ടി പ്രാര്‍ഥിക്കുകയാണ് ഇതിന്റെ രീതി. കൈകള്‍ നന്നായി ഉയര്‍ത്തിക്കൊണ്ട് തന്നെയാണ് ഈ പ്രാര്‍ഥന നിര്‍വഹിക്കേണ്ടത്. നബി(സ്വ) ഇപ്രകാരം മഴക്ക് വേണ്ടി മിമ്പറില്‍ വെച്ച് പ്രാര്‍ഥിച്ചതും ജുമുഅ കഴിഞ്ഞ് ജനങ്ങള്‍ പിരിയും മുമ്പായി ശക്തമായ മഴ വര്‍ഷിച്ചതും അടുത്ത ആഴ്ച വരെ ആ മഴ തുടര്‍ന്നതും പ്രസിദ്ധമായ സംഭവമാണല്ലോ. ഇമാം ബുഖാരിയും മുസ്‌ലിമും അടക്കം ധാരാളം ഹദീഥ് പണ്ഡിതന്‍മാര്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മറ്റു സമയങ്ങളിലുള്ള പ്രാര്‍ഥന

നബി(സ്വ) പള്ളിയില്‍ ഇരിക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി 'പ്രയോജനമാവും വിധം സമൃദ്ധമായ മഴ നല്‍കണേ' എന്ന് പ്രാര്‍ഥിച്ചതായി അബൂദാവൂദ്(റ) 1119-ാം നമ്പറായി ഉദ്ധരിക്കുന്ന ഹദീഥില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. അതുപോലെ പള്ളിക്ക് പുറത്ത് സൗറാഅ് എന്ന സ്ഥലത്തിന് സമീപത്ത് വെച്ച് നബി(സ്വ) മഴക്ക് വേണ്ടി തേടി എന്ന് ഇമാം അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്. ഒരു യുദ്ധവേളയില്‍ നബി(സ്വ) മഴക്ക് വേണ്ടി പ്രാര്‍ഥിച്ച സംഭവം ഇമാം ഇബ്‌നുല്‍ ഖയ്യിം(റഹി) സാദുല്‍ മആദ് 1/458ല്‍ വിവരിക്കുന്നുണ്ട്.

എന്ത് പ്രാര്‍ഥിക്കണം?

നബി(സ്വ) മഴക്ക് വേണ്ടി പ്രാര്‍ഥിച്ച ധാരാളം പ്രാര്‍ഥനകള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ബുഖാരി: 1013, 1014, മുസ്‌ലിം:897, അബൂദാവൂദ്: 1169,1173, 1176, ഇബ്‌നു മാജ: 1269 തുടങ്ങി ഒട്ടനവധി ഹദീഥുകളില്‍ വ്യത്യസ്ത പ്രാര്‍ഥനകള്‍ കാണാം. അവയില്‍ ഏതും സ്വീകരിക്കാം.

മഴക്ക് വേണ്ടി നമസ്‌കരിച്ചിട്ടും മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പ്രസ്തുത നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്.

 

മഴ ലഭിച്ചാല്‍

അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട അനുഗ്രഹമാണ് മഴ. അതിനാല്‍ മഴ ലഭിച്ചാല്‍ അല്ലാഹുവിന് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാകുന്നു. സൈദ് ബിന്‍ ഖാലിദ് അല്‍ ജുഹനി(റ) പറയുന്നു: ''രാത്രി മഴ ലഭിച്ച ഒരു ദിവസം, ഹുദൈബിയ്യയില്‍ വെച്ച് പ്രഭാത നമസ്‌കാര ശേഷം നബി (സ്വ) ജനങ്ങളിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു: 'നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ക്കറിയുമോ?' അവര്‍ പറഞ്ഞു: 'അല്ലാഹുവിനും അവന്റെ പ്രവാചകനും അറിയാം.' നബി(സ്വ) പറഞ്ഞു: 'അല്ലാഹു പറഞ്ഞിരിക്കുന്നു: പ്രഭാതമായപ്പോള്‍ എന്റെ അടിമകളില്‍ ചിലര്‍ വിശ്വാസികളും മറ്റു ചിലര്‍ അവിശ്വാസികളുമായിരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും നമുക്ക് മഴ ലഭിച്ചു എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചിരിക്കുന്നു; നക്ഷത്രങ്ങളില്‍ അവിശ്വസിച്ചിരിക്കുന്നു. എന്നാല്‍ ഇന്നാലിന്ന നക്ഷത്രം കാരണമാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ അവിശ്വസിച്ചവരും നക്ഷത്രങ്ങളെ വിശ്വസിച്ചവരുമാകുന്നു'' (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 'ജാഹിലിയ്യഃ കാലത്തെ നാലു സ്വഭാവങ്ങള്‍ എന്റെ സമുദായത്തിലുണ്ട്. അവര്‍ അത് ഒഴിവാക്കുകയുമില്ല. തറവാടിന്റെ പേരിലുള്ള ദുരഭിമാനവും കുടുംബത്തിന്റെ പേരിലുള്ള ആക്ഷേപവും മയ്യിത്തിന്റെ പേരില്‍ ആര്‍ത്തു കരയലും നക്ഷത്രങ്ങളെ കൊണ്ട് മഴ തേടലും'' (മുസ്‌ലിം).

അതിനാല്‍ മഴ ലഭിക്കുമ്പോള്‍ കൂടുതല്‍ നന്ദിയുള്ളവരായി മാറാന്‍ ശ്രമിക്കുക.

ആഇശ(റ) പറയുന്നു: നബി(സ്വ) മഴ കണ്ടാല്‍ ഇങ്ങനെ പറയുമായിരുന്നു: 'അല്ലാഹുവേ, പ്രയോജനപ്രദമായ മഴ നല്‍കേണമേ...' (ബുഖാരി:1032).

അനസ്(റ) പറയുന്നു: ''ഒരിക്കല്‍ ഞങ്ങള്‍ നബി(സ്വ)യോടൊപ്പം ഉള്ളപ്പോള്‍ ഞങ്ങള്‍ക്ക് മഴ ലഭിച്ചു. അപ്പോള്‍ നബി(സ്വ) തന്റെ വസ്ത്രം അല്‍പം പൊക്കിക്കൊണ്ട് മഴ നനഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: 'പ്രവാചകരേ, താങ്കള്‍ എന്താണ് ഇങ്ങനെ ചെയ്യുന്നത്?' അവിടുന്ന് പറഞ്ഞു: 'അല്ലാഹുവില്‍ നിന്ന് ഇങ്ങോട്ട് വര്‍ഷിച്ചിട്ട് അധികം സമയമായില്ലല്ലോ''(മുസ്‌ലിം).

ഇടിമിന്നല്‍ ഉണ്ടായാല്‍ സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) സംസാരം നിര്‍ത്തുകയും ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു: ''മലക്കുകള്‍ ഭയക്കുകയും ഇടി മിന്നല്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന അല്ലാഹു എത്ര പരിശുദ്ധന്‍'' (അല്‍മുവത്വ).

ഇടിമിന്നല്‍ ഉണ്ടായാല്‍ നബി(സ്വ) ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു എന്ന് ഇമാം ബുഖാരിയും (അദബുല്‍ മുഫ്‌റദില്‍) ഇമാം ഹാകിമും തുര്‍മുദിയും ഉദ്ധരിച്ച ഹദീഥില്‍ കാണാം:

''അല്ലാഹുവേ! നിന്റെ കോപത്താല്‍ നി ഞങ്ങളെ കൊല്ലരുതേ. നിന്റെ ശിക്ഷയാല്‍ നീ ഞങ്ങളെ നശിപ്പിക്കല്ലേ. അതിനു മുമ്പേ നീ ഞങ്ങള്‍ക്ക് സൗഖ്യം നല്‍കേണമേ.'' ഈ ഹദീഥുകളുടെ സ്വീകാര്യതയില്‍ പണ്ഡിത ലോകത്ത് അഭിപ്രായ വ്യത്യാസമുണ്ട്. ശൈഖ് അല്‍ബാനി ഇത് ദുര്‍ബലമാണെന്നാണ് വിധി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് സ്വഹീഹാണെന്ന് ഇമാം ഹാകിമും ഇമാം ദഹബിയും പറയുന്നു. വ്യത്യസ്ത പരമ്പരകളില്‍ ഉദ്ധരിക്കപ്പെട്ടതിനാല്‍ സനദിന് ദുര്‍ബലതയുണ്ടെങ്കിലും അതിന് ബലം ലഭിക്കുന്നു എന്നാണ് ശുഐബ് അല്‍ അര്‍നാഊത്വ്(റഹി) പറയുന്നത്. (അല്ലാഹു അഅ്‌ലം).

മഴ റബ്ബിന്റെ അനുഗ്രഹമാണെന്നും ജനങ്ങള്‍ തോന്നിവാസങ്ങളില്‍ മുഴുകുക നിമിത്തം അവന്‍ മഴയെ തടഞ്ഞു വെക്കുമെന്നും പശ്ചാത്തപിച്ച് മടങ്ങലാണ് പരിഹാര മാര്‍ഗം എന്നും ഇതില്‍ നന്നും വ്യക്തമാണല്ലോ. ഒരു കാര്യം തീര്‍ച്ചയാണ;് അല്ലാഹു അവന്റെ അനുഗ്രഹമായ മഴയെ പിടിച്ചുവെച്ചാല്‍ അത് നല്‍കാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലാഹു ചോദിക്കുന്നു: ''...നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം ാെണ്ടുവന്ന് തരിക?'' (സൂറത്തുല്‍ മുല്‍ക് 30).

അതിനാല്‍ ഇന്ന് പലരും ചെയ്യുന്നതു പോലെ ജാറങ്ങളിലും മറ്റും പോയി മഴക്ക് വേണ്ടി തേടുകയോ സിദ്ധന്‍മാരെയും മറ്റും സമീപിക്കുകയോ അല്ല ചെയ്യേണ്ടത്. അത് അല്ലാഹുവിന്റെ കോപം വര്‍ധിക്കാനേ നിമിത്തമാകൂ.

അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ പ്രയോജനകരമായ മഴ വര്‍ഷിപ്പിക്കേണമേ... നീ ഞങ്ങളെ ക്ഷാമവും വരള്‍ച്ചയും നല്‍കി പരീക്ഷിക്കല്ലേ...

0
0
0
s2sdefault