മൗലികാവകാശവിനിയോഗം മതസ്പര്‍ധ വളര്‍ത്തലോ?

ടി.കെ.അശ്‌റഫ്

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

മുജാഹിദ് പ്രബോധന സംരംഭമായ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി ഇസ്‌ലാമിക പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍  നടന്നുവരുന്നു. ഒരു നൂറ്റാണ്ട് കാലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ് ഈ കൂട്ടായ്മയും അത് നിര്‍വഹിക്കുന്ന ദൗത്യവും. ഇസ്‌ലാമിന്റെ സമാധാന സന്ദേശം ജനങ്ങളിലെത്തിക്കുക, തെറ്റുധാരണകള്‍ അകറ്റുക, ആത്മീയ ചൂഷണത്തിനും തീവ്രവാദത്തിനുമെതിരെ ബോധവത്കരണം നടത്തുക, ഇന്ത്യയുടെ മതനിരപേക്ഷ നിലപാട് നിലനിര്‍ത്തുക, മാനവ സൗഹാര്‍ദം കാത്തുസൂക്ഷിക്കുക, സാമൂഹ്യ തിന്മകള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുക, ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഈ കൂട്ടായ്മ സജീവമായി നടത്തിവരുന്നുണ്ട്. 

കാലിക പ്രസക്തമായ പ്രമേയങ്ങള്‍ സ്വീകരിച്ചുകൊണ്ട് ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുകയെന്നത് ഈ കൂട്ടായ്മയുടെ പ്രധാന പ്രവര്‍ത്തനമാണ്. പ്രസ്തുത ലക്ഷ്യങ്ങള്‍ 2014 മെയ് പതിനൊന്നിന് കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിച്ചതുമാണ്.  അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും ഇടതുപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇതിന് സാക്ഷികളുമാണ്.

'ജീവിതം എന്തിന് വേണ്ടി?' എന്ന കൊച്ചു പുസ്തകമാണ് പ്രധാനമായും വീടുകളില്‍ വിതരണം ചെയ്യുന്നത്. കൂടാതെ ഐ.എസ് ഭീഷണി കേരളത്തിലേക്കും വ്യപിക്കുന്നുവെന്ന ഭീതിയുണ്ടായപ്പോള്‍ ഐ.എസ്: മതനിഷിദ്ധം, മാനവ വിരുദ്ധം എന്ന ലഘുലേഖയും ഒരു വര്‍ഷം മുമ്പ് മുതല്‍ വിതരണം ചെയ്ത് വരുന്നുണ്ട്. വര്‍ഗീയ ധ്രുവീകര ശ്രമങ്ങള്‍ വ്യാപകമാകുന്ന സമകാലിക സാഹചര്യത്തില്‍ 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന ശീര്‍ഷകത്തില്‍ ആഗസ്റ്റ് 1 മുതല്‍ സെപ്തംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായുള്ള ലഘുലേഖയും ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ട്. സമാന ആശയമുള്ള ലഘു കൃതികളും പ്രാദേശികമായി നല്‍കാറുണ്ട്. ഇതിന് വിവിധ ജനവിഭാഗങ്ങളില്‍ നിന്ന് വര്‍ധിച്ച പിന്‍തുണയും ലഭിക്കുന്നുണ്ട്.

ജന്മനാടിനോടുള്ള സ്‌നേഹം മുസ്‌ലിമിന്റെ ബാധ്യതയാണ്, മദീനയില്‍ ഇസ്‌ലാമിക ഭരണം വന്നപ്പോഴും ജൂത സമൂഹത്തിന് അവരുടെ വിശ്വാസാചരങ്ങള്‍ പാലിക്കാന്‍ പ്രവാചകന്‍ അനുവാദം കൊടുത്തത് മതജീവിതത്തിന് ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്യേണ്ടതില്ല, ഐ.എസ് മതനിഷിദ്ധവും മാനവ വിരുദ്ധവുമാണ്, ഗോമാംസ വിഷയം യഥാര്‍ഥത്തില്‍ ഹിന്ദു-മുസ്‌ലിം പ്രശ്‌നമേയല്ല തുടങ്ങി വര്‍ഗീയ ധ്രുവീകരണത്തെ തളര്‍ത്തുന്നതും തീവ്രവാദത്തെ എതിര്‍ക്കുന്നതുമായ ഒട്ടേറെ ഭാഗങ്ങള്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ കാണുവാന്‍ സാധിക്കും. 

മുന്‍ സ്പീക്കറായിരുന്ന ബഹു: ജി. കാര്‍ത്തികേയന്‍ അവര്‍കള്‍ക്ക് അദ്ദേഹത്തിന്റെ വസതിയില്‍ എത്തി നേരിട്ട് സന്ദേശരേഖ നല്‍കിക്കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റു ജന നേതാക്കള്‍, പോലീസുദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് പ്രസ്തുത ലഘുലേഖകള്‍ എത്തിച്ചിട്ടുണ്ട്. അവരാരും മൂന്ന് വര്‍ഷങ്ങളായി ഇത് മതസ്പര്‍ധയുണ്ടാക്കുന്നതാണന്ന് അഭിപ്രായപ്പെട്ടിട്ടില്ല. ലഘുലേഖയിലെ ആശയങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്നാണ് ആവശ്യപ്പെടാറുള്ളത്.

എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, 2017ആഗസ്റ്റ് 20ന് എറണാകുളം ജില്ലയില്‍ ലഘുലേഖ വിതരണം ചെയ്ത പ്രവര്‍ത്തകരെ തീവ്രഹിന്ദുത്വ വാദികള്‍ തടഞ്ഞ് മര്‍ദിക്കുകയും പരുഷമായി പെരുമാറുകയും അവരെ വാഹനത്തില്‍ കയറ്റി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ വെച്ച് പോലും ദയനീയമായി മര്‍ദിക്കുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നു. 

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്! മതസ്പര്‍ധയുണ്ടാക്കുന്ന ലഘുലേഖയെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് അതിന് തെളിവായി ഒരു വരി പോലും ലഘുലേഖയില്‍ നിന്ന് തെളിവായി കാണിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. മതസ്പര്‍ധയുണ്ടാക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ 'വിമോചനത്തിന്റെ വഴി' എന്ന ലഘുലേഖയില്‍ ഇല്ലാത്ത ഒരു വരിയാണ് എഫ്.ഐ.ആറില്‍ കൊടുത്തിരിക്കുന്നത്. പ്രസ്തുത പരാമര്‍ശം മൂന്ന് വര്‍ഷമായി വിതരണം ചെയ്തുവരുന്ന 'ജീവിതം എന്തിനു വേണ്ടി' എന്ന ലഘുകൃതിയില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്ന് അത് പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകും. 

ഏകദൈവ വിശ്വാസമാണ് ശരി, ബഹുദൈവ വിശ്വാസം തെറ്റാണെന്ന് ലഘുലേഖയില്‍ പറയുന്നുവെന്നാണ് ചില ചാനല്‍ വാര്‍ത്തകളില്‍ ഇതിന് തെളിവായി ചിലര്‍ പ്രചരിപ്പിക്കുന്നത്. മുഹമ്മദ് നബിലയെ ആരാധിച്ചാല്‍ ആ വ്യക്തി ഇസ്‌ലാമിക വൃത്തത്തില്‍ നിന്നും പുറത്താണെന്ന പരാമര്‍ശവും ആ ലഘുലേഖയിലുണ്ട്. ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രമതിലിലെ കല്ലിളക്കാന്‍ പോലും ഇസ്‌ലാം അനുവാദം നല്‍കുന്നില്ല എന്ന പരാമര്‍ശവും ലഘുലേഖയിലുണ്ട്. ഇതെങ്ങനെയാണ് മതസ്പര്‍ധയുണ്ടാക്കുന്ന ആശയമാകുന്നത്? ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഏകദൈവ വിശ്വാസം തെറ്റാണന്നും ബഹുദൈവ വിശ്വാസമാണ് രക്ഷാമാര്‍ഗമെന്നും മുസ്‌ലിംകള്‍ അംഗീകരിക്കണമെന്നാണോ മതപ്രബോധനമെന്ന മൗലികാവകാശത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്? 

മറ്റുള്ളവരുടെ ആരാധ്യന്മാരെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇവരുടെ ആക്ഷേപത്തില്‍ കഴമ്പുണ്ടായിരുന്നു. അങ്ങനെയെെന്തങ്കിലും ആശയം പ്രസ്തുത ലഘുലേഖകളില്‍ കാണിക്കുവാന്‍ സാധ്യമല്ല താനും. മറ്റു മതസ്ഥരുടെ ആരാധ്യവസ്തുക്കളെ നിന്ദിക്കരുതെന്നത് വിശുദ്ധ ക്വുര്‍ആനിന്റെ (6:108) കല്‍പനയാണ്. മറ്റൊരാശയം തെറ്റാണന്ന് പറയുന്നതല്ല മതസ്പര്‍ധയുണ്ടാക്കുന്നത്; അത് പറയാനുള്ള അവകാശം ഇന്ത്യന്‍ പൗരനുണ്ട്. അതിനെ അവഹേളിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അങ്ങനെ ആരും ചെയ്തിട്ടുമില്ല. 

അനുവാദമില്ലാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുതെന്ന പ്രവാചക നിര്‍ദേശം കര്‍ശനമായി പാലിക്കുന്ന പ്രവര്‍ത്തകര്‍ സമ്മതമില്ലാതെ ഒരു വീട്ടിലും ലഘുലേഖ വിതരണം നിര്‍വഹിച്ചിട്ടില്ല. ഇതെല്ലാം മറച്ച് വെച്ച് നിര്‍ബന്ധമതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്ന വസ്തുതാപരമല്ലാത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രവര്‍ത്തകര്‍ക്കെതിരില്‍ കേസെടുത്തിരിക്കുന്നത്.

മതത്തില്‍ നിര്‍ബന്ധമില്ലെന്ന് വിശുദ്ധ ക്വുര്‍ആന്‍ 2:256ല്‍ വ്യക്തമായി പറയുന്നുണ്ട്. ഇക്കാര്യം പ്രചരിപ്പിക്കുന്നവരെപ്പറ്റി മതത്തിലേക്കു നിര്‍ബന്ധിച്ചു എന്ന് ആരോപിക്കുന്നത് അപ്പടി അംഗീകരിച്ച് പോലീസ് നീങ്ങുക എന്ന നിലപാട് അത്ഭുതകരമാണ്!  

ശാന്തമായി, വളരെ സൗഹാര്‍ദത്തോടെ ലഘുലേഖ വിതരണം ചെയ്ത് വീടുകളില്‍ നിന്നും ഇറങ്ങി നടന്ന പ്രവര്‍ത്തകരെ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമന്വേഷിക്കുന്ന ചിലര്‍ സംഘം ചേര്‍ന്ന് ഉത്തരേന്ത്യന്‍ മോഡലില്‍ അക്രമിക്കുകയും വാഹനങ്ങളില്‍ കയറ്റി സ്‌റ്റേഷനില്‍ ഏല്‍പിക്കുകയുമാണ് ചെയ്തിട്ടുള്ളത്.

പ്രവര്‍ത്തകരുടെ കയ്യില്‍ സ്ഥലമടയാളപ്പെടുത്തിയ മേപ്പുണ്ടായിരുന്നുവെന്നതാണ് സംഭവത്തിന് ദുരൂഹതയുണ്ടാക്കാന്‍ ലക്ഷ്യം വെച്ച് തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ച മറ്റൊരു വിഷയം. വീടുകള്‍ വിട്ടുപോകാതിരിക്കാനും വഴി തെറ്റാതിരിക്കാനും വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക സ്വാഭാവികമാണ്. കാനേഷുമാരി കണക്കെടുപ്പിന് പോകുന്ന ഉദേ്യാഗസ്ഥന്മാര്‍ മേപ്പിന്റെ സഹായത്താലാണ് വീട് കണ്ടെത്താറുള്ളതെന്ന് ആര്‍ക്കാണറിയാത്തത്? ഒരാളുടെ അനുവാദമുണ്ടങ്കില്‍ അയാളുടെ വീട്ടില്‍ കയറാനും സംവദിക്കാനുമുള്ള അവകാശം ഇന്ത്യാ രാജ്യത്തിന്റെ ഭരണഘടനയുടെ മൗലികാവകാശങ്ങളിലാണ് എഴുതിച്ചേര്‍ത്തിട്ടുള്ളത്.

വിഷലിപ്തമായ ആശയങ്ങളും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നതെങ്കില്‍, അതിന് വേണ്ടിയാണ് മേപ്പ് തയ്യാറാക്കുന്നതെങ്കില്‍ അത് കുറ്റമാണ്. അങ്ങനെ ഇവിടെ സംഭവിച്ചിട്ടില്ല. 

വര്‍ഗീയ ധ്രുവീകരണ ശക്തികള്‍ക്കെതിരില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലെ പോലീസ്, തീവ്ര ഹിന്ദുത്വ വാദികളുടെ അജണ്ടക്ക് വഴങ്ങിക്കൊടുക്കുന്നത് ആത്യന്തം അപലപനീയമാണ്. മൗലികാവകാശത്തെ മതസ്പര്‍ധയാക്കി ചിത്രീകരിക്കുന്നവര്‍ക്കെതിരെ രാജ്യത്തെ മതേതര മനസ്സുള്ള മുഴുവനാളുകളും മതരാഷ്ട്രീയ സംഘടനകളും രംഗത്ത് വരേണ്ടതുണ്ട്.

ജനാധിപത്യ രീതിയിലുള്ള നിയമ വിധേയമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരേണ്ട ഈ സന്ദര്‍ഭത്തില്‍, മതേതര കക്ഷികളുടെ പിന്‍തുണ നഷ്ടപ്പെടുത്തുകയും വര്‍ഗീയ ധ്രുവീകരണ സംഘങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യാനിടയാകുന്ന വൈകാരിക നീക്കങ്ങളില്‍ നിന്ന് സമുദായം പിന്‍തിരിയണം. എറണാകുളത്തേത് ഒരു കേവല മുസ്‌ലിം പ്രശ്‌നമല്ലാത്തതിനാല്‍ മതേതര കക്ഷികളുടെ യോജിച്ച പ്രതിഷേധമാണ് ഉയര്‍ന്നുവരേണ്ടത്. അല്ലാതെ ഒറ്റപ്പെട്ട പ്രതികരണമല്ല വേണ്ടതെന്നാണ് വിസ്ഡത്തിന്റെ അഭിപ്രായം.

പോലീസ് സംഘ്പരിവാറിന്റെ താല്‍പര്യത്തിനനുകൂലമായി സ്വീകരിച്ച നിലപാടും ലഘുലേഖയിലെ തീവ്രവാദ വിരുദ്ധ പരാമര്‍ശങ്ങളും പത്രങ്ങളും ഓണ്‍ലൈന്‍ മീഡിയയും നിഷ്പക്ഷമായി ചര്‍ച്ച ചെയ്യുന്നത് മതനിരപേക്ഷ നിലപാടിനെ ശക്തിപ്പെടുത്താന്‍ ഉപകരിക്കും.

സ്രഷ്ടാവില്‍ ഭരമേല്‍പിച്ച്, നിയതമായ മാര്‍ഗത്തിലൂടെ രാജ്യത്തിന്റെ സമാധാനമാഗ്രഹിക്കുന്നവരെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് നീങ്ങിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് വിശ്വാസികള്‍. ഒരാളും സഹായിച്ചില്ലങ്കിലും അല്ലാഹുവിന്റെ സഹായത്തില്‍ ഉറച്ച് വിശ്വസിക്കുന്നവരെ തളര്‍ത്താന്‍ ആര്‍ക്കാണാവുക?

പേടിപ്പിച്ച് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍തിരിപ്പിക്കാനുള്ള ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ഉത്തമ ബോധ്യമുള്ളവരാണ് വിശ്വാസികള്‍. പച്ചപ്പരവതാനി വിരിച്ച് കാത്തിരിക്കുന്ന കവാടമല്ല പ്രബോധനത്തിന്റെ വീഥി. കല്ലും മുള്ളും വാരി വിതറിയ ദുര്‍ഘടമായ മലമ്പാത താണ്ടിക്കടക്കുന്നവര്‍ക്കേ ആത്യന്തിക വിജയമുള്ളൂ എന്ന ഉത്തമ ബോധ്യവും ഉറച്ച കാല്‍വെപ്പുകളുമാണ് വിശ്വാസികളെ മുന്നോട്ട് നയിക്കുന്നത്. ത്യാഗം പ്രസംഗിക്കാനും എഴുതാനും മാത്രമുള്ളതല്ല; അനുഭവിക്കാന്‍ കൂടിയുള്ളതാണന്ന തിരിച്ചറിവുള്ളവര്‍ക്ക് മാത്രമെ പ്രബോധന രംഗത്ത് നിലനില്‍ക്കാന്‍ സാധിക്കൂ.

വര്‍ഗീയ ധ്രുവീകണത്തിനെതിരേ പ്രവര്‍ത്തിച്ചതിന് ഭക്ഷണം പോലും ലഭിക്കാതെ ഒരു ദിവസം മുഴുവന്‍ പോലീസ് സ്‌റ്റേഷനില്‍ 39 പ്രവര്‍ത്തകര്‍ക്ക് കഴിച്ചുകൂട്ടേണ്ടി വന്നു. ഒപ്പം ജാമ്യമില്ലാ കേസും! സ്‌റ്റേഷന്‍ മുറ്റത്തു പോലും അക്രമം നടത്തി ആ വീഡിയോ അക്രമികള്‍ സന്തോഷപൂര്‍വം പ്രചരിപ്പിച്ചതില്‍ പോലീസിന് യാതൊരു സങ്കോചവുമില്ല!

പൗരന് ഇന്ത്യന്‍ ഭരണഘടന നല്‍കിയ പ്രബോധന സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിനു നേരെയുള്ള കയ്യേറ്റമാണ് കൊച്ചിയില്‍ നടന്നത്. പോലീസിന്റെ വര്‍ഗീയ വല്‍ക്കരണം വടക്കേകര സ്റ്റേഷനില്‍ വ്യക്തമായതിനാല്‍ ആള്‍ക്കൂട്ട ആക്രമണം കേരളമാകെ വ്യാപിക്കുമെന്ന ആശങ്ക മതനിരപേക്ഷ സമൂഹം ചര്‍ച്ച ചെയ്തു വരികയാണ്. 'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന സന്ദേശ പ്രചാരണം ജനസമൂഹം ഏറ്റെടുക്കുകയും സംഘ്പരിപാവറിന്റെ അജണ്ടകളെ പ്രതികൂലമായി പ്രസ്തുത പ്രചാരണം ബാധിക്കുകയും ചെയ്തതാണ് ഈ അക്രമത്തിന്റെ പിന്നിലെന്ന് സുതരാം വ്യക്തമാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ സമാധാനപരവും സുതാര്യവുമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുണ്ടായ ക്രൂരമായ കയ്യേറ്റത്തിലും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വ്യക്തമായ അനീതിയിലും മതേതര വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ആശ്വാസകരമാണ്. 

'ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത' എന്ന പ്രമേയവുമായി; സുതാര്യമായ, ഭരണഘടനാ വിധേയമായ പ്രബോധന പ്രവര്‍ത്തനങ്ങളുമായി ഈ സംഘം വര്‍ഗീയ ധ്രുവീകരണത്തിനും ഫാഷിസത്തിനുമെതിരേ ശക്തമായി മുന്നോട്ടു പോവുക തന്നെ ചെയ്യും.

0
0
0
s2sdefault