മതേതരശക്തികള്‍ മൗനം വെടിയുക

പത്രാധിപർ

2017 ജൂലായ് 22 1438 ശവ്വാല്‍ 28

നഗ്‌നമായ വര്‍ഗീയത വിശ്വാസപ്രമാണമായി സ്വീകരിക്കുകയും അത് പരസ്യമായി ്രപാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ നാടുവാഴുമ്പോള്‍ അതിന്റെ അപകടം ശരിക്കും മനസ്സിലാക്കാനോ വിലയിരുത്താനോ കഴിയാതെ മതേതര ജനാധിപത്യ സഖ്യങ്ങള്‍ സമകാലീന ഇന്ത്യയില്‍ പരാജയപ്പെട്ടു പോകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 

ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പുകളാണ് സംഘപരിവാര്‍ കക്ഷികള്‍ എന്നും ഹിറ്റ്‌ലറുടെ സാമൂഹ്യ വീക്ഷണമാണ് ഇവരുടേതെന്നുമുള്ള യാഥാര്‍ഥ്യം ഇവര്‍ മനസ്സിലാക്കാതെ പോകുന്നു. കേവലം പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തിനു വേണ്ടി പോലും ഇവരുമായി കൂട്ടുകൂടാന്‍ ചിലര്‍ മടികാണിക്കാത്തതിന്റെ പ്രചോദനവും മറ്റൊന്നായിരിക്കില്ല. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ബി.ജെ.പിക്കും സംഘപരിവാറിനും പാര്‍ലമെന്ററി രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ മാത്രമെ സാധിക്കുകയുള്ളൂ എന്ന തെറ്റായ വിശ്വാസമാണ് ഇത്തരക്കാരെ നയിക്കുന്നത്.

എന്നാല്‍ ഇവര്‍ മറന്നുപോയ, അല്ലെങ്കില്‍ പഠിക്കാത്ത ചില സത്യങ്ങളുണ്ട്. ഹിറ്റ്‌ലറും നാസി പാര്‍ട്ടിയും ജര്‍മനിയില്‍ വേരുറപ്പിച്ചതും തെരഞ്ഞെടുപ്പിലൂടെയായിരുന്നു. 1928ല്‍ ജര്‍മന്‍ പാര്‍ലമെന്റിലേക്ക്‌നടന്ന തെരഞ്ഞെടുപ്പില്‍ നാസി പാര്‍ട്ടിക്ക് വെറും 12 സീറ്റ് മാത്രമാണുണ്ടായിരുന്നത്. 1933ല്‍ 250ഓളം സീറ്റുകളും 44 ശതമാനം വോട്ടും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. തുടര്‍ന്ന് അധികാരത്തിലെത്തിയതോടെ പാര്‍ലമെന്റിനെ റബ്ബര്‍ സ്റ്റാമ്പാക്കി മാറ്റി. അതുപോലെ 1984ല്‍ വെറും രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പിയാണ് പാര്‍ലമെന്ററി സമ്പ്രദായം ഉപയോഗിച്ച് ഇന്ന് ഭരണകക്ഷിയായിത്തീര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പുകളോ പാര്‍ലമെന്ററി സംവിധാനമോ ഫാസിസത്തിന്റെ വരവിനെ ചെറുക്കുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം ഇത് ബോധ്യപ്പെടുത്തിത്തരുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായുള്ള പരക്കം പാച്ചിലില്‍ അന്ധത ബാധിച്ച മതേതര കക്ഷികള്‍ ഈ യാഥാര്‍ഥ്യം കാണാതെപോകുന്നു. 

ഗാന്ധിജി ഫാസിസത്തിന്റെ ഈ മുഖം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ജനതക്ക് അദ്ദേഹം ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയും സന്തത സഹചാരിയുമായിരുന്ന പ്യാരിലാല്‍ 'മഹാത്മാഗാന്ധി; അന്ത്യഘട്ടം' എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം ഇങ്ങനെ രേഖപ്പെടുത്തുന്നു: ''സ്വാതന്ത്ര്യസമരം കത്തിനിന്ന കാലം. മഹാത്മാഗാന്ധിയുടെ പിന്തുണയില്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനം ലഭിക്കാന്‍ കഴിയില്ലെന്ന് ഫാസിസ്റ്റുകള്‍ മനസ്സിലാക്കി. (1934ലെ എ.ഐ.സി.സി, ആര്‍.എസ്.എസ് അടക്കമുള്ള ഫാസിസ്‌റ് സംഘടനകളെ ബഹിഷ്‌കരിക്കാന്‍ തീരുമാനമെടുത്ത കാലമായിരുന്നു അത്). ഗാന്ധിയയെ സ്വാധീനിക്കാന്‍ അവര്‍ ശ്രമമാരംഭിച്ചു. അങ്ങനെ ഗാന്ധിയുടെ ആസ്ഥാനമായിരുന്ന വര്‍ധയില്‍ നടന്ന ഒരു ആര്‍.എസ്.എസ് ക്യാമ്പ് സന്ദര്‍ശിക്കാന്‍ ഹെഡ്‌ഗെവാര്‍ അദ്ദേഹത്തെ ക്ഷണിച്ചു. സ്വതസിദ്ധമായ മര്യാദ പ്രകാരം അദ്ദേഹം ക്ഷണം സ്വീകരിച്ചു.''

പരിപാടിയില്‍ പങ്കെടുത്തതിനു ശേഷം ഗാന്ധി പ്രകടിപ്പിച്ച അഭിപ്രായം പ്യാരിലാല്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു:

''പരിപാടിക്കിടയില്‍ കൂട്ടത്തില്‍ വന്ന ഒരാള്‍ ഗാന്ധിയോട് ആര്‍.എസ്.എസിന്റ മഹിമ എടുത്തു പറയാന്‍ തുടങ്ങി. അവര്‍ അച്ചടക്കവും ധീരതയും പ്രകടിപ്പിക്കുന്നതായി അയാള്‍ ചൂണ്ടിക്കാട്ടി. ഗാന്ധിജി അതിന് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു: ''ഹിറ്റ്‌ലറുടെ നാസികളും മുസോളനിയുടെ ഫാസിസ്റ്റുകളും അങ്ങനെത്തന്നെയായിരിന്നു എന്നത് മറക്കേണ്ട.'' 

സ്വന്തം വീടുകളിലേക്ക് അപകടങ്ങള്‍ കടന്നുവരുമ്പോള്‍ മാത്രം ഞെട്ടിയുണരുന്ന ആള്‍ക്കൂട്ടങ്ങളായി, പ്രതികരിക്കാന്‍ ശേഷിയുണ്ടായിട്ടും ശബ്ദം പുറത്തേക്ക് വരാത്തവണ്ണം ക്ഷീണിതരായി ഇന്ത്യന്‍ ജനത അധഃപതിക്കുകയാണോ? ഫാസിസ്റ്റ് ശക്തികള്‍ ഈയിടെയായി നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ അക്രമങ്ങളും മൗലികാവകാശ ധ്വംസനങ്ങളും നുണപ്രചാരണങ്ങളും അവയ്‌ക്കെല്ലാം അധികാരം കയ്യാളുന്നവര്‍ നല്‍കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും കണ്ടിട്ടും ഇതിനെല്ലാം മുമ്പില്‍ വാ തുറക്കാന്‍ കഴിയാതെ പകച്ചുനില്‍ക്കുന്ന ആള്‍ക്കൂട്ടമായി മാറരുത് മതനരിപേക്ഷത നാട്ടില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടികള്‍. 

0
0
0
s2sdefault