മതപ്രബോധകർ മാതൃകായോഗ്യരാകണം

പത്രാധിപർ

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

ആദം നബി(അ) മുതൽ വ്യത്യസ്ത കാലങ്ങളിൽ വിവിധങ്ങളായ പ്രദേശങ്ങളിലേക്ക്‌ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്‌ അവന്റെ മതം പ്രബോധനം ചെയ്യുവാനാണ്‌. അന്തിമ പ്രവാചകനിലൂടെ പ്രവാചകത്വം അവസാനിച്ചു. എന്നാൽ ഇസ്ലാമിക പ്രബോധനം അവസാനിച്ചിട്ടില്ല. അവസാനിപ്പിക്കുവാനും പാടില്ല. ആ ദൗത്യം നിർവഹിക്കൽ അല്ലാഹുവും അവന്റെ ദൂതനും മുസ്ലിം സമുദായത്തിന്റെ ബാധ്യതയാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌. പ്രസ്തുത കർമം നിർവഹിക്കുന്നവർ ഏറ്റവും നല്ല വാക്കു പറയുന്നവരാണെന്ന്‌ ക്വുർആൻ സന്തോഷവാർത്ത അറിയിക്കുന്നുണ്ട്‌.

“അല്ലാഹുവിലേക്ക്‌ കഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌” (41:33).

മഹത്തായ കർമം, വമ്പിച്ച പ്രതിഫലം ലഭിക്കുന്ന കാര്യം. ഇങ്ങനെയുള്ള മതപ്രബോധനം ആളുകളുടെ പ്രശംസ ലഭിക്കുവാനും സ്ഥാനമാനങ്ങളും മറ്റു ഭൗതിക നേട്ടങ്ങളും സ്വായത്തമാക്കുവാനുമാണ്‌ ഒരാൾ ചെയ്യുന്നതെങ്കിൽ, അല്ലാഹുവിൽനിന്നുള്ള പ്രതിഫലം ആഗ്രഹിക്കാതെയാണെങ്കിൽ അയാൾ നഷ്ടക്കാരിൽ പെട്ടുപോകുമെന്നതിൽ സംശയമില്ല. `നിശ്ചയമായും കർമങ്ങൾ സ്വീകരിക്കപ്പെടുന്നത്‌ ഉദ്ദേശ്യമനുസരിച്ചാണ്‌. ഓരോരുത്തർക്കും അവരവർ ഉദ്ദേശിച്ചത്‌ ലഭിക്കും` എന്ന പ്രവാചക വചനം ഇതാണ്‌ പഠിപ്പിക്കുന്നത്‌.

ജനങ്ങൾ സന്മാർഗത്തിലേക്ക്‌ കടന്നുവരണം. സ്വർഗാവകാശികളായിത്തീരണം. നരകത്തിൽ നിന്ന്‌ രക്ഷപ്പെടണം. ഇതാണല്ലോ പ്രബോധനത്തിന്റെ താൽപര്യം. തികച്ചും ഗുണകാംക്ഷാനിർഭരമായ കാര്യം.

എന്നാൽ പ്രബോധകൻ തന്റെയോ തന്റെ സംഘടനയുടെയോ ഭൗതിക ഗുണംമാത്രം കാംക്ഷിക്കുന്നവനായാൽ ചിത്രം മാറും. അയാൾക്ക്‌ പ്രമാണങ്ങളെ വളച്ചൊടിക്കേണ്ടിവരും. പ്രമാണവിരുദ്ധമായ കാര്യങ്ങളെ പ്രമാണങ്ങളായി അവതരിപ്പിക്കേണ്ടിവരും. സംഘടനാതാൽപര്യങ്ങൾക്കനുസരിച്ച്‌ അജണ്ടകൾ നിർമിച്ച്‌ അതിനനുസരിച്ച്‌ പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടി വരും. ഫലത്തിൽ വികലമായ ഇസ്ലാമിനെയായിരിക്കും അവർ പരിചയപ്പെടുത്തുന്നത്‌.

ആദർശ സംരക്ഷണത്തിനാണ്‌ സംഘടനയെങ്കിൽ പ്രമാണങ്ങളെ വളച്ചൊടിക്കേണ്ടിവരില്ല. പ്രമാണങ്ങളാൽ സ്ഥിരപ്പെട്ട കാര്യങ്ങളെ അവഗണിക്കേണ്ടിവരില്ല. അബദ്ധങ്ങൾ തിരുത്തിപ്പറയാൻ പ്രയാസമുണ്ടാകില്ല.

മരണത്തിന്റെ ഭീകരതയെപ്പറ്റിയും ക്വബ്‌റിലെ ഭയാനകതയെക്കുറിച്ചും നരകത്തീയിന്റെ കാഠിന്യത്തെ സംബന്ധിച്ചും പറഞ്ഞ്‌ ജനങ്ങളെ കരയിപ്പിക്കുകയും ഭയഭക്തിയോടെ ജീവിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന, ജനങ്ങൾ മഹാപണ്ഡിതന്മാരായിക്കരുതുന്ന പ്രബോധകന്മാർ തീരെ ഭയഭക്തിയില്ലാതെ, പറയുന്ന കാര്യങ്ങൾ സ്വജീവിതത്തിൽ ഒട്ടും പകർത്താതെയും ഇസ്ലാമിക മൂല്യങ്ങൾക്ക്‌ വില കൽപിക്കാതെയും ജീവിച്ചാൽ ജനങ്ങൾ അവരെ വെറുക്കുമെന്ന്‌ മാത്രമല്ല ഇസ്ലാമിന്റെ പ്രായോഗികതയിൽ സംശയമുള്ളവരായിത്തീരുകയും ചെയ്യും.

അതുകൊണ്ടുതന്നെ നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന പ്രബോധകൻ സ്വജീവിതത്തിൽ നന്മകൾ ഉൾക്കൊണ്ടും തിന്മകൾ വെടിഞ്ഞും മറ്റുള്ളവർക്ക്‌ മാതൃകയാവേണ്ടതുണ്ട്‌. സകല പ്രവാചകന്മാരുടെയും പ്രകടമായ സവിശേഷതയായി നമുക്ക്‌ അത്‌ കാണാവുന്നതാണ്‌. അല്ലാഹു പറയുന്നു:

“അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഞാൻ എന്റെ രക്ഷിതാവിങ്കൽനിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവൻ എനിക്ക്‌ അവന്റെ വകയായി ഉത്തമമായ ഉപജീവനം നൽകിയിരിക്കുകയുമാണെങ്കിൽ (എനിക്കെങ്ങനെ സത്യം മറച്ചുവെക്കാൻ കഴിയും?). നിങ്ങളെ ഞാൻ ഒരു കാര്യത്തിൽനിന്ന്‌ വിലക്കുകയും, എന്നിട്ട്‌ നിങ്ങളിൽനിന്ന്‌ വ്യത്യസ്തനായിക്കൊണ്ട്‌ ഞാൻ തന്നെ അത്‌ പ്രവർത്തിക്കുകയും ചെയ്യണമെന്ന്‌ ഉദ്ദേശിക്കുന്നുമില്ല. എനിക്ക്‌ സാധ്യമായ നന്മവരുത്താനല്ലാതെ മറ്റൊന്നും ഞാനുദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ്‌ എനിക്ക്‌ (അതിന്‌) ഉതവി ലഭിക്കുന്നത്‌. അവന്റെമേലാണ്‌ ഞാൻ ഭരമേല്പിച്ചിരിക്കുന്നത്‌. അവനിലേക്ക്‌ ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു“ (11:88).

നന്മകൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യൽ `എല്ലാംതികഞ്ഞ` പണ്ഡിതന്മാരുടെ മാത്രം കടമയല്ല എന്നാണ്‌ ക്വുർആനും ഹദീഥും അറിയിക്കുന്നത്‌:

”കാലംതന്നെയാണ്‌ സത്യം. തീർച്ചയായും മനുഷ്യർ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവൃത്തിക്കുകയും സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ“ (103:1-3).

0
0
0
s2sdefault