മരിച്ചുകിടക്കുന്ന മനുഷ്യരും ഉണര്‍ന്നിരിക്കുന്ന അന്ധവിശ്വാസങ്ങളും

ടി.കെ.അശ്‌റഫ്  

2017 ജൂലായ് 15 1438 ശവ്വാല്‍ 21

വേദഗ്രന്ഥങ്ങള്‍ ഇറക്കപ്പെട്ടത് സത്യവും അസത്യവും വേര്‍തിരിച്ചറിയാനാണ്. മനുഷ്യന്റെ കേവല ബുദ്ധി സത്യാസത്യവിവേചനത്തിന് പര്യാപ്തമല്ല. വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിച്ചറിയാന്‍ സ്വന്തം ബുദ്ധി പരിമിതമായതുകൊണ്ടാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിലും ഉന്നതമായ സ്ഥാനമാനങ്ങളിലും വിരാജിക്കുന്നവര്‍ പോലും വിവസ്ത്രരായ മനുഷ്യദൈവങ്ങളുടെ കാല്‍ക്കീഴില്‍ വീഴുന്നതും നഗ്‌നതയെ പൂജിക്കുന്നതും.സങ്കീര്‍ണമായ സാങ്കേതിക വിദ്യകളിലൂടെ പൂര്‍ത്തിയാക്കിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ പോലും കാലദോഷം നോക്കി വിക്ഷേപണ തീയതികള്‍ മാറ്റിവെക്കുന്നതും ഇക്കാരണത്താലാണ്.

ഇസ്‌ലാമിക പ്രമാണങ്ങളെ അംഗീകരിക്കുന്നവരാണെന്ന് അവകാശപ്പെടുന്ന എല്ലാവര്‍ക്കും സത്യാസത്യവിവേചനത്തിന് സാധിച്ചു കൊള്ളണമെന്നില്ല. അല്ലാഹുവിനെ കുറിച്ച് ഭയമുള്ള മനസ്സുകള്‍ക്ക് മാത്രമെ സത്യാസത്യവിവേചനത്തിന് സാധ്യമാകൂ. അല്ലാഹു പറയുന്നത് നോക്കൂ:

'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും അവന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചു കളയുകയും നിങ്ങള്‍ക്ക് പൊറുത്ത് തരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു'' (വി.ക്വു: 8:29). 

സത്യവും അസത്യവും വിശ്വാസവും അന്ധവിശ്വാസവും വേര്‍തിരിച്ചറിയാന്‍ മുസ്‌ലിം പേരില്‍ അറിയപ്പെട്ടതുകൊണ്ട് മാത്രം സാധിക്കില്ല; സൂക്ഷ്മതയുള്ള ജീവിതം നയിക്കുക കൂടി വേണം. കേട്ടാല്‍ അത്ഭുതം തോന്നുന്നതും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അപമാനമുണ്ടാക്കുന്നതുമായ പല വിശ്വാസ ജീര്‍ണതകളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രമാണത്തിന്റെ സ്ഥാനത്ത് പുരോഹിതന്മാരെ പ്രതിഷ്ഠിച്ച ഒരു സമൂഹം ഇവിടെ നിലനില്‍ക്കുന്നതു കൊണ്ടാണ്.

മുക്കത്തിനടുത്ത് പിറന്നുവീണ കുഞ്ഞിന് കാളാംതോട് എന്ന പ്രദേശത്തുള്ള ഒരു തങ്ങളുടെ നിര്‍ദേശമനുസരിച്ച് മുലപ്പാല്‍ നിഷേധിച്ച സംഭവം അടുത്തകാലത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അഞ്ച് സമയത്തുള്ള ബാങ്ക് കൊടുത്ത ശേഷം മാത്രമെ മുലപ്പാല്‍ നല്‍കാന്‍ പാടൊള്ളൂവെന്നായിരുന്നുവത്രെ തങ്ങളുടെ നിര്‍ദേശം! വിവാദ തങ്ങളെ ഇതിന്റെ പേരില്‍ റിമാന്റ് ചെയ്തിരുന്നു.

നാദാപുരത്ത് മന്ത്രവാദ ചികിത്സയുടെ ഭാഗമായി ഒരു സ്ത്രീ പൊള്ളലേറ്റ് മരിക്കാനിടയായതും ഈയിടെയാണ്. കരുനാഗപ്പള്ളിയിലും വയനാട്ടിലും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചതും ഈ കാലയളവില്‍ തന്നെയാണ്.

ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് 2017 ജൂലൈ 5ന് പെരിന്തല്‍മണ്ണക്കടുത്ത് മൂര്‍ക്കനാട് പഞ്ചായത്തിലെ കൊളത്തൂരില്‍ നിന്ന് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. കുടുംബനാഥന്‍ മരണപ്പെട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും മൃതദേഹം മറവ് ചെയ്യാതെ റൂമില്‍ സൂക്ഷിച്ചിരിക്കുന്നു! ഏതെങ്കിലും സമയത്ത് ജീവന്‍ തിരിച്ച് വരുമെന്ന വിശ്വാസത്തിലാണത്രെ മറവ് ചെയ്യാതെ വെച്ചിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുടുംബങ്ങളുമായും പരിസരവാസികളുമായുള്ള ബന്ധം ഈ കുടുംബം വിഛേദിക്കുകയും ചെയതിട്ടുണ്ട്. ഉമ്മയും രണ്ട് പെണ്‍കുട്ടികളും ഡിഗ്രിക്ക് പഠിക്കുന്ന ഒരാണ്‍കുട്ടിയും വീട്ടിലുണ്ട്. മൃതദേഹത്തിനടുത്തിരുന്ന് ഇവര്‍ ജീവന്‍ തിരിച്ച് വരാന്‍ പ്രാര്‍ഥിക്കുകയായിരുന്നുവെത്രെ.

ഏര്‍വാടിയിലേക്കും അജ്മീറിലേക്കും നടത്തിയ സ്ഥിരമായ യാത്രക്ക് ശേഷമാണത്രെ ഈ കുടുംബത്തില്‍ ഒറ്റപ്പെട്ട ജീവിതം നാട്ടുകാര്‍ ദര്‍ശിച്ചത്. അഴുകിയ മൃതദേഹം റൂമില്‍ സൂക്ഷിക്കുമ്പോള്‍ തന്നെ സാധാരണ പോലെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയുമെല്ലാം ചെയ്തിട്ടുമുണ്ട്. വീട്ടിലെത്തിയ ഒരു ബന്ധു അടഞ്ഞ് കിടക്കുന്ന വാതിലില്‍ മുട്ടി വിളിച്ചിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ വന്നപ്പോഴാണ് പോലീസിന്റെ സഹായത്തോടെ എത്തി വാതില്‍ പൊളിച്ച് അകത്ത് കടക്കാനായത്. ദ്രവിച്ച മൃതദേഹത്തിന് സമീപം ഉമ്മയും മക്കളും മൗനമായി കുനിഞ്ഞ് നില്‍ക്കുന്ന ദൃശ്യമാണ് അവര്‍ കണ്ടത്.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് പഠന വിധേയമാക്കേണ്ടതുണ്ട്. ഒരു സ്ത്രീ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ വല്ല മാനസിക രോഗത്തിന്റെ കാരണവും പറഞ്ഞ് തല്‍കാലം ചര്‍ച്ച അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ ഡിഗ്രിക്ക് പഠിക്കുന്ന യുവാവ് വരെയുള്ള കുടുബത്തില്‍ ഇങ്ങനെ സംഭവിച്ചതിന്റെ പിന്നില്‍ ഏതോ മന്ത്രവാദിയുടെ പ്രേരണയുണ്ടെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഏര്‍വാടി പോലുള്ള ആത്മീയ തട്ടിപ്പ് കേന്ദ്രങ്ങളില്‍ നിത്യസന്ദര്‍ശകരായിരുന്നു ഈ കുടുംബമെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ചിത്രം വ്യക്തമാണ്.

പൗരോഹിത്യത്തിന്റെ അപകടം ഇനിയും തിരിച്ചറിയാത്ത അനേകര്‍ സമുദായത്തിലുണ്ട്. കൊളത്തൂര്‍ സംഭവം അത്തരക്കാരുടെ കണ്ണ് തുറപ്പിക്കാന്‍ ഇടയാവണം. മതം എന്ന പേരില്‍ എന്ത് അനുഷ്ഠിക്കണമെങ്കിലും പ്രമാണങ്ങളുടെ പിന്‍ബലം ഉണ്ടാവണം. പ്രമാണത്തിന്റെ സ്ഥാനത്ത് പൗരോഹിത്യത്തെ പ്രതിഷ്ഠിച്ചാല്‍ ഏത് അപകടത്തിലേക്കും ആപതിക്കാം. 

മയ്യിത്ത് മറവ് ചെയ്യാതെ വെച്ച സംഭവം പുറത്ത് വരുമ്പോള്‍ തന്നെ, അതിനെ അംഗീകരിക്കില്ലെന്ന് പറയുന്നവര്‍ പോലും രഹസ്യമായി പല ആത്മീയചൂഷകരുടെയും തടവറയിലാണ് എന്നതാണ് സത്യം. യാതൊരു തകരാറുമില്ലാത്ത വീടിന്റെ അടുക്കളയോ ബാത്ത്‌റൂമോ ചിലര്‍ പൊളിച്ച് മാറ്റി വേറൊരു ഭാഗത്ത് പണിയുന്നു. മുന്‍വാതില്‍ സ്ഥാനം മാറ്റിവെക്കുന്നു. സ്വന്തം തീരുമാനപ്രകാരമല്ല, എന്തെങ്കിലും അപകടമോ രോഗമോ ഉണ്ടാകുമ്പോള്‍ കാരണമന്വേഷിച്ച് ചിലരെ സമീപിക്കുമ്പോള്‍ അവരുടെ നിര്‍ദേശപ്രകാരം!

ആവശ്യമില്ലാതെ വീടിന്റെ ഗെയ്റ്റ് മാറ്റിവെച്ചവരും ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത പുതുമ നശിക്കാത്ത വീട് പോലും തുഛമായ വിലയ്ക്ക് വിറ്റ് വാടക വീട്ടില്‍ താമസമാക്കുന്നവരുണ്ട്! ആരാണ് ഇതിനു പിന്നില്‍? 

പുതിയ വാഹനം ഫ്രീ സര്‍വീസ് പോലും തീരുന്നതിന് മുമ്പ് ചെറിയ വിലയ്ക്ക് മറിച്ച് വില്‍ക്കുന്നതും ചൊവ്വാഴ്ച ദിവസം പരിപാടികള്‍ സംഘടിപ്പിക്കാത്തതും ഒരു പ്രത്യേക നമ്പര്‍ ലോഡ്ജ് മുറികള്‍ക്ക് നല്‍കാതിരിക്കുന്നതിനു പിന്നിലുമൊക്കെയുള്ള രഹസ്യമെന്താണ്. നമ്മുടെ ഹൈക്കോടതി പോലും ആ നമ്പര്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് വായിച്ചതായോര്‍ക്കുന്നു. അന്ധവിശ്വാസത്തിന്റെ തടവറയില്‍ കുരുങ്ങിക്കിടക്കുന്നതില്‍ നിന്ന് പണ്ഡിതരും പാമരരും ദരിദ്രരും ധനികരും ഭരണാധികാരികളും ഭരണീയരുമൊന്നും മുക്തരല്ലെന്ന് വ്യക്തം!

പൗരോഹിത്യത്തെ അന്ധമായി പിന്‍പറ്റിയാല്‍ എന്തും സംഭവിക്കും എന്ന പാഠം തന്നെയാണ് കൊളത്തൂര്‍ സംഭവം ഓര്‍മിപ്പിക്കുന്നത്. സമ്പത്ത് കൊള്ളയടിക്കുന്ന പൗരോഹിത്യത്തിന്റെ കെണിയില്‍ തല വെച്ചവര്‍ ബുദ്ധികൊടുത്ത് ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. 

അഭൗതികമായി അഥവാ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന ഉറച്ച വിശ്വാസമുള്ളവര്‍ക്ക് നിര്‍ഭയത്വമുണ്ടാകും. അല്ലാഹുവിന്റെ വിധിയില്‍ അചഞ്ചലമായി വിശ്വസിക്കേണ്ടവനാണ് മുസ്‌ലിം. ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുമ്പോള്‍ അതില്‍നിന്ന് രക്ഷനേടാന്‍ വേണ്ടി ജ്യോത്സ്യന്മാരെയും തങ്ങന്മാരെയും ബീവിമാരെയും സമീപിക്കുന്നതും അവര്‍ പറയുന്നത് വിശ്വസിക്കലും ഉറുക്കും നൂലും ശരീരത്തില്‍ ബന്ധിപ്പിച്ച് അവയില്‍ ഭരമേല്‍പിക്കലുമെല്ലാം ശിര്‍ക്കിന്റെ വഴികളാണെന്ന് സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. 

പൗരോഹിത്യത്തെയും തെറ്റിലൂടെ നയിക്കുന്ന നേതൃത്വത്തെയും അന്ധമായി പിന്‍പറ്റി തൗഹീദിന് വിരുദ്ധമായ പാതയിലൂടെ സഞ്ചരിച്ചാല്‍ ഈ ലോകത്ത് പലവിധ നഷ്ടങ്ങളും അപമാനവുമുണ്ടാകും. പരലോകത്ത് നരകാഗ്‌നിയില്‍ കിടന്ന് വില പിക്കേണ്ടി വരികയും ചെയ്യും.

അല്ലാഹു പറയുന്നത് നോക്കൂ: ''അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്‌മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും; ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ! ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖന്മാരെയും അനുസരിക്കുകയും അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും, അവര്‍ക്ക് നീ വന്‍ശാപം ഏല്‍പിക്കുകയും ചെയ്യേണമേ എന്നും അവര്‍ പറയും'' (33:66-68).

വിശ്വാസവും അന്ധവിശ്വാസവും കൂട്ടിക്കുഴച്ച് ഇസ്‌ലാമിനെയും അതിന്റെ പ്രമാണങ്ങളെയും പരിഹസിക്കാനും ഇത്തരം സന്ദര്‍ഭങ്ങള്‍ ചിലര്‍ ദുരുപയോഗം ചെയ്യാറുണ്ട്. മുഅ്ജിസത്ത്, കറാമത്ത് എന്നിവയെ നിഷേധിക്കാനും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട ചില അത്ഭുത സംഭവങ്ങളെ കളിയാക്കാനും ശ്രമിക്കുന്നവര്‍ മതത്തിന്റെ അന്തസ്സത്ത അറിയാത്തവരാണ്.

കൊളത്തൂര്‍ സംഭവം ഉദ്ധരിച്ചുകൊണ്ട് ഒരു വ്യക്തി ഓണ്‍ലൈനില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു: ''സാധാരണ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ ദുഃഖമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ചിരിച്ചു പോയി... കാരണം മസ്തിഷ്‌കം മതഗ്രന്ഥങ്ങളില്‍ പണയം വെച്ചാല്‍ ഇതും ഇതിലപ്പുറവും സംഭവിക്കും...''

വലിയൊരു തെറ്റുധാരണയാണ് ഈ വാചകത്തിനു പിന്നിലുള്ളത്. അല്ലെങ്കില്‍ മനഃപൂര്‍വം തെറ്റുധരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ക്വുര്‍ആനിലും ഹദീഥുകളിലും മൃതദേഹത്തെ സംസ്‌കരിക്കാതെ സൂക്ഷിച്ച് വെക്കണമെന്ന് ആവശ്യപ്പെടുന്നില്ലന്ന് മാത്രമല്ല; മരണപ്പെട്ടാല്‍ എത്രയും വേഗം സംസ്‌കരിക്കണമെന്നാണ് പഠിപ്പിക്കുന്നത്. മസ്തിഷ്‌കം മതഗ്രന്ഥത്തിന് പണയം  വെച്ചതല്ല പ്രശ്‌നം; പൗരോഹിത്യത്തിന് തീരെഴുതിക്കൊടുത്തതാണ്. 

അന്ധവിശ്വാസത്തിന് മതമില്ലന്നെതാണ് വസ്തുത. കൊളത്തൂര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത അതേ ദിവസത്തെ പത്രത്തില്‍ പഞ്ചാബില്‍ നിന്ന് മറ്റൊരു വാര്‍ത്ത കൂടിയുണ്ടായിരുന്നു. ദിവ്യജ്യോതി ജാഗ്രതി സന്‍സ്ഥാന്‍ എന്ന ഭക്തിപ്രസ്ഥാനത്തിന്റെ അധ്യക്ഷനായ അശുതോഷ് മഹാരാജ് 2017 ജനുവരി 29ന് മരണപ്പെട്ടിട്ടും മൃതദേഹം ഇതുവരെയും സംസ്‌കരിക്കാതെ ഫ്രീസറില്‍ വെച്ചിരിക്കുകയാണ് എന്നതാണാ വാര്‍ത്ത! ഗുരു പ്രാര്‍ഥനയിലാണെന്നും അത് കഴിഞ്ഞ് ഉണരുമെന്നും വിശ്വസിച്ചു കൊണ്ടാണ് അനുയായികള്‍ സംസ്‌കരിക്കാന്‍ സമ്മതിക്കാത്തത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്ത് ഒരു എഞ്ചിനീയറായ യുവാവ് സ്വന്തം അമ്മയെയും സഹോദരിമാരെയും മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു പിന്നില്‍ കടുത്ത അന്ധവിശ്വാസമാണ് എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. 

ഏത് സമുദായത്തിലായാലും യഥാര്‍ഥ പ്രമാണങ്ങളില്‍ നിന്ന് അകന്ന് പൗരോഹിത്യത്തിന് കീഴൊതുങ്ങിയാല്‍ എല്ലാവരെയും കാത്തിരിക്കുന്നത് ഒരേ പര്യവസാനമായിരിക്കും.

സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാവുന്ന ഒട്ടനവധി അപായസൂചനകള്‍ കൊളത്തൂര്‍ സംഭവം സമൂഹത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. ഇത്രയൊക്കെ സംഭവിച്ചിട്ടും അവരുടെ കുടുംബങ്ങള്‍ ഇതറിഞ്ഞിരുന്നില്ലന്ന് വരുമ്പോള്‍ കുടുംബന്ധം നമ്മുടെ നാട്ടില്‍ എത്രമാത്രം ശിഥിലമായിരിക്കുന്നു! അയല്‍പക്ക ബന്ധം എത്രമാത്രം അകന്ന് പോയിരിക്കുന്ന! സ്വന്തം കാര്യം മാത്രം നോക്കുന്ന സമൂഹത്തിന്റെ സ്വാര്‍ഥതക്ക് നേരെയുള്ള അട്ടഹാസം കൂടിയാണ് ഈ സംഭവം. ഡിഗ്രി വരെ പഠിച്ച ചെറുപ്പക്കാരന്‍ പോലും ഈ സംഭവത്തിന് കൂട്ട് നിന്നുവെന്ന് വരുമ്പോള്‍ വിദ്യഭ്യാസവും ധാര്‍മികബോധവും സമാന്തര രേഖകളാകുന്നത് നാം  കാണാതിരുന്നു കൂടാ. 

പ്രഭാഷണ സദസ്സുകളില്‍ സാന്നിധ്യം വഹിക്കുന്നവരോട് മാത്രം ഉദ്‌ബോധനം നിര്‍വഹിക്കുകയെന്ന സാമ്പ്രദായിക രീതി നിലനിര്‍ത്തുമ്പോള്‍ തന്നെ വീടുകള്‍ തോറും സന്ദര്‍ശിച്ച് ജനങ്ങളോട്  വ്യക്തിപരമായി സമ്പര്‍ക്കം പുലര്‍ത്തുകയെന്ന പ്രവാചക മാതൃകയെ പുനരുജ്ജീവിപ്പിക്കാന്‍ സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന മുജാഹിദ് പ്രബോധന കൂട്ടായ്മ ഈ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഇതിനകം ചെയ്ത് കഴിഞ്ഞു. ജനസമ്പര്‍ക്ക പരിപാടി കൂടുതല്‍ ത്വരിതപ്പെടുത്തണമെന്നാണ് കൊളത്തൂര്‍ സംഭവം പ്രബോധകരെ ഓര്‍മിപ്പിക്കുന്നത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ വരുന്ന ആരോപണങ്ങളെ നേരിടേണ്ടത് മണ്ണിലിറങ്ങി മനസ്സുകൡലേക്ക് സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടായിരിക്കണം. ഓണ്‍ലൈനില്‍ ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്തതുകൊണ്ട്  ഉത്തരവാദിത്തം അവസാനിക്കുന്നില്ല. 

മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ള ശൈഖുമാരും ഔലിയാക്കളുമുണ്ട് എന്ന് കള്ളക്കഥകളാകുന്ന ഉദാഹരണങ്ങള്‍ നിരത്തി പ്രസംഗിച്ച് നടക്കുന്ന പണ്ഡിതവേഷധാരികള്‍ക്ക് ഈ മഹാപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. പൗരോഹിത്യം കൊളത്തൂര്‍ സംഭവത്തില്‍ മൗനം  വെടിഞ്ഞ് നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം. ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന മാലപ്പാട്ടുകളും കള്ളക്കറാമത്ത് കഥകളും പ്രഭാഷണങ്ങളും പിന്‍വലിക്കാന്‍ തയ്യാറാകുമോ?

പൗരോഹിത്യം അതിന് തയ്യാറായില്ലെങ്കിലും അവരെ അന്ധമായി വിശ്വസിക്കുന്ന അനുയായികള്‍ ആത്മ വിചിന്തനത്തിന് ഈ അവസരം ഉപയോഗപ്പെടുത്തണം.

0
0
0
s2sdefault