മരണത്തെ മറക്കാതിരിക്കുക 

ശമീര്‍ മദീനി

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12
''(നബിയേ) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍നിന്ന് നിങ്ങള്‍ ഓടിയകലുന്നുവോ തീര്‍ച്ചയായും അത് നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് മറഞ്ഞതും തെളിഞ്ഞതും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്''  (ക്വുര്‍ആന്‍ 62:8)  

ചരമ വാര്‍ത്തകള്‍ക്കായി പത്രങ്ങള്‍ പ്രത്യേക സ്ഥലം നീക്കിവെച്ചിട്ടുള്ളതായി നാം കാണുന്നു. പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം ആ പേജ് വായിക്കുവാന്‍ തിടുക്കം കാണിക്കുന്നവര്‍ ധാരാളമുണ്ട്. നിത്യേന പ്രത്യക്ഷപ്പെടാറുള്ള നീണ്ട ചരമ വാര്‍ത്തകളില്‍ പ്രായവ്യത്യാസമന്യെ എല്ലാ തരക്കാരുമുണ്ട്. പല മോഹങ്ങളും ബാക്കിവെച്ച് യാത്രയായവര്‍. വിവാഹ തീയതി നിശ്ചയിച്ച് കാത്തിരുന്നവര്‍, പുരപ്പണി പൂര്‍ത്തിയാക്കി മാറിത്താമസിക്കാന്‍ തയ്യാറെടുത്തവര്‍. ഭേദപ്പെട്ട ജോലിയില്‍ പ്രവേശിക്കാന്‍ യാത്രതിരിച്ചവര്‍... അങ്ങനെ നിരവധി. 

ഇതുപോലെ ഇന്നോ നാളെയോ ഞാനും മയ്യിത്തുകട്ടിലാകുന്ന വാഹനത്തില്‍ യാത്ര പോകേണ്ടവനാണല്ലോ എന്ന ചിന്ത നല്ലതാണ്. 

സൃഷ്ടിപ്പിന്റെ ഓരോ ഘട്ടവും എടുത്തുപറഞ്ഞശേഷം വിശുദ്ധ ക്വുര്‍ആന്‍ മരണത്തെക്കുറിച്ച് പറയുന്നത് കാണുക: ''പിന്നെ, തീര്‍ച്ചയായും നിങ്ങള്‍ അതിനുശേഷം മരിക്കുന്നവര്‍ തന്നെയാണ്''(23:15).

 നിത്യേന കണ്ടുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യം ഇത്രയും ഉറപ്പിച്ച് ഇങ്ങനെ പറഞ്ഞതെന്തിന് എന്ന് ചിന്തിക്കുമ്പോള്‍, മരണത്തെക്കുറിച്ചുള്ള മനുഷ്യന്റെ അശ്രദ്ധയും ഇഹലോകത്ത് ശാശ്വത വാസിയെന്ന ധാരണയില്‍ അവന്‍ ചെയ്തുകൂട്ടുന്ന തും ഓര്‍മിപ്പിക്കാന്‍ ശക്തമായ ഉണര്‍ത്തല്‍തന്നെ അനിവാര്യമാണ് എന്നാണ് ബോധ്യപ്പെടുക.

മരണത്തിനുമുമ്പില്‍ മനുഷ്യന്‍ നിസ്സഹായനാണ്. എത്ര വലിയ പോക്കിരിക്കും അവിടെ കീഴടങ്ങാതെ രക്ഷയില്ല. സമ്പത്തും ആള്‍ബലവുമൊന്നും അതിനെ മറികടക്കാന്‍ പര്യാപ്തമല്ല: ''നിങ്ങള്‍ (നമുക്ക്) അധീനരല്ല എങ്കില്‍ എന്തുകൊണ്ട് (ആത്മാവിനെ) മടക്കി എടുക്കുവാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല? നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍'' (56:85,86).

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ആസ്വദിക്കാനുള്ളതാണ്. പക്ഷേ, അനുഗ്രഹദാതാവിനെ മറന്നുകൊണ്ടുള്ള ജീവിതം അപകടകരമാണ്. മരണത്തെക്കുറിച്ചുള്ള ഓര്‍മ അനുഗ്രഹ ദാതാവിനെ സ്മരിക്കാനും നന്ദിചെയ്യാനും സഹായിക്കും.

അതിരുകളില്ലാത്ത മോഹങ്ങളും മനക്കോട്ടകളുമാണ് പലപ്പോഴും മനുഷ്യനെ പല അപകടങ്ങളിലേക്കും നയിക്കുന്നത്. അസൂയയും അഹങ്കാരവുമൊക്കെ അവിടെ തഴച്ചുവളരും. അതിനാല്‍ മോഹങ്ങള്‍ക്ക് ഒരു അറുതി വേണം. മരണചിന്ത അതിന് ഏറെ സഹായകമാണ്.

തിന്മകള്‍ക്ക് കടിഞ്ഞാണിടാനും നന്മകളില്‍ മത്സരിച്ച് മുന്നേറുവാനും മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചുമുള്ള ബോധം മനുഷ്യനെ പ്രാപ്തനാക്കുന്നു. നബി(സ്വ) പറഞ്ഞു: ''സര്‍വ സുഖാനുഭൂതികളെയും തകര്‍ത്തുകളയുന്ന മരണത്തെക്കുറിച്ച് നിങ്ങള്‍ ധാരാളമായി സ്മരിക്കുക''(അഹ്മദ്, തിര്‍മിദി).

എന്നാല്‍ സദാ മരണഭയവുമായി ജീവിച്ച് ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കുവാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. നാളെ നിന്റെ അന്ത്യമാണെന്നറിഞ്ഞാലും കയ്യിലുള്ള വൃക്ഷത്തൈ വരുംതലമുറക്കായി നട്ടുപിടിപ്പിക്കാന്‍ നിനക്ക് സാധിച്ചാല്‍ അപ്രകാരം ചെയ്യണമെന്നാണ് ഇസ്‌ലാമികാധ്യാപനം. നീ നട്ടുവളര്‍ത്തിയ ചെടികളില്‍ നിന്ന് പക്ഷിമൃഗാദികള്‍ അതിന്റെ കായ്കനികള്‍ ഭക്ഷിക്കുന്നതിനുപോലും നിനക്ക് പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പഠിപ്പിച്ചത്. പേടിച്ച് വിറച്ച് അന്തര്‍മുഖനായി നന്മയുടെ രംഗങ്ങളില്‍നിന്ന് ഉള്‍വലിയാനല്ല, പ്രത്യുത മരണസ്മരണയുടെ സദ്ഫലങ്ങള്‍ കൊയ്‌തെടുക്കുവാനുള്ള നിര്‍ദേശങ്ങളാണ് ക്വുര്‍ആനും പ്രവാചകചര്യയും നല്‍കുന്നത് എന്ന് സാരം.

0
0
0
s2sdefault