മനുഷ്യന്‍ 'ദൈവ'മാകുമ്പോള്‍ സംഭവിക്കുന്നത് !

അബ്ദുല്‍മാലിക് സലഫി

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

സാക്ഷാല്‍ ദൈവം അല്ലാഹുമാത്രം

'അല്ലാഹു' എന്ന പദം കേള്‍ക്കാത്തവര്‍ ഇന്ന് ലോകത്ത് വിരളമായിരിക്കും. അല്ലാഹുവിനെ പല നിലയില്‍ വിലയിരുത്തുന്നവര്‍ ലോകത്തുണ്ട്. മുസ്‌ലിംകളുടെ മാത്രം ദൈവമായി ചിലര്‍ കാണുമ്പോള്‍, അറബികളുടെ ഗോത്ര വര്‍ഗങ്ങളുടെ ആരാധ്യനായി ചിലര്‍ കാണുന്നു. ഇവയൊന്നും ശരിയായ വീക്ഷണമല്ല. ഈ ലോകത്തുള്ള സകലസൃഷ്ടികളുടെയും സാക്ഷാല്‍ ആരാധ്യനാണ് അല്ലാഹു. ആരാധ്യനാവാന്‍ എന്തൊക്കെയാണോ വേണ്ടത് അത് അല്ലാഹുവിനുണ്ട്. അല്ല; അല്ലാഹുവിന് മാത്രമേയുള്ളു. സൃഷ്ടികളെ ബാധിക്കുന്ന ഒരു ന്യൂനതകളും ബാധിക്കാത്ത, സൃഷ്ടികളില്‍ നിന്ന് പരിപൂര്‍ണ വ്യത്യസ്തനായ, അദ്വിതീയനും ഈ മഹാപ്രപഞ്ചത്തിന്റെ അധിപതിയും സകല സൃഷ്ടികളുടേയും അന്നദാതാവും, സര്‍വവും വീക്ഷിച്ച് ശ്രദ്ധിച്ച്, നിയന്ത്രിച്ച്, കാര്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവനും, സന്താന-കുടുംബങ്ങളില്‍ നിന്ന് മുക്തനും, സര്‍വശക്തനുമാണ് അല്ലാഹു. അവന്റെ നാമങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കും അതിരുകളില്ല. അവന്റെതിനു തുല്യമായി ഒന്നും ഒരു സൃഷ്ടിക്കുമില്ല. അതുകൊണ്ടുതന്നെ സൃഷ്ടികള്‍ ഒന്നും ദൈവമാവാന്‍ തരപ്പെട്ടവരല്ല. മനുഷ്യന്‍, മലക്കുകള്‍, ജിന്നുകള്‍ തുടങ്ങി എല്ലാ സൃഷ്ടികളും ന്യൂനതകള്‍ എമ്പാടുമുള്ളവരുമാണ്. അതിനാല്‍ ഇവയൊന്നും ദൈവമാകാന്‍ കൊള്ളില്ല. അല്ലാഹുവല്ലാത്ത ഏതിനും സൃഷ്ടിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നേ പ്രവര്‍ത്തിക്കാനാവൂ.
 

അല്ലാഹുവാകട്ടെ സകലതിനും കഴിവുള്ളവനാണ്. അശക്തത അവനില്ല തന്നെ. അതുകൊണ്ട് സാക്ഷാല്‍ ദൈവം എന്നത് അല്ലാഹു മാത്രം എന്നതിലേക്കാണ് സത്യാന്വേഷികള്‍ എത്തുക. കാരണം അവന്‍ മാത്രമാണ് അതിനര്‍ഹതയുള്ളവന്‍. അല്ലാഹു അവനെ പരിചയപ്പെടുത്തുന്ന ചില ക്വുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവും. അല്ലാഹു പറയുന്നു: ''അല്ലാഹു, അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍, മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശ ഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ 'കുര്‍സിയ്യ്' ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ! (ക്വുര്‍ആന്‍ 2:255)'' 

''(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും ഇല്ല താനും.'' (ക്വുര്‍ആന്‍ 111:1-4)

ഈ ആയത്തുകളില്‍ അല്ലാഹു അവനെ പരിചയപ്പെടുത്തിയതിനെ നമുക്കിങ്ങനെ സംഗ്രഹിക്കാം.

1. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. 2. എല്ലാം നിയന്ത്രിക്കുന്നവന്‍. 3. മയക്കമോ ഉറക്കമോ ബാധിക്കാത്തവന്‍. 4. ആകാശ ഭൂമികളിലുള്ളതെല്ലാം അവന്റെതാണ്. 5. അവന്‍ ത്രികാലജ്ഞാനിയാണ്. 6. ആകാശ ഭൂമികളുടെ സംരക്ഷണം അവന്റെ കയ്യിലാണ്. 7. ആ സംരക്ഷണം അവന് യാതൊരു ഭാരവുമുണ്ടാക്കുന്നില്ല. 8. അവന്‍ സമാധാനം നല്‍കുന്നവനാണ്. 9. അവന്‍ സ്രഷ്ടാവാണ്. 10. സൃഷ്ടികള്‍ക്ക് രൂപം നല്‍കിയവന്‍ അവനാണ്. 11. ആകാശ ഭൂമികളിലുള്ള സൃഷ്ടികളെല്ലാം അവനെ വാഴ്ത്തുന്നു. ഈ പറഞ്ഞ പതിനൊന്നോളം കാര്യങ്ങള്‍ (ഇവ ചില ഉദാഹരണങ്ങള്‍ മാത്രം) അവകാശപ്പെടാന്‍ ആകാശ ലോകത്തുള്ള ഏത് സൃഷ്ടിക്കാണ് സാധ്യമാവുക?! ഇല്ല! ഒന്നിനും സാധ്യമല്ല എങ്കില്‍ പിന്നെ ആരാധ്യന്‍, അഥവാ സാക്ഷാല്‍ ദൈവം അല്ലാഹുതന്നെ സംശയമില്ല. ഇത്രയും വ്യക്തമായ കാര്യങ്ങള്‍ ഇവിടെ നിലനില്‍ക്കെ, മനുഷ്യര്‍ അല്ലാഹുവല്ലാത്ത ദൈവങ്ങളെ തേടിപ്പോകുന്നതില്‍ എന്തര്‍ഥം? 

മനുഷ്യന്‍ ദൈവമാകുമോ?

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സൃഷ്ടികളില്‍ ഒന്നിനും ഉണ്ടാവുക സാധ്യമല്ല. അതിനാല്‍ മനുഷ്യനും ഇതര സൃഷ്ടികളും ദൈവമാകില്ല എന്നതാണ് ഒറ്റ വാക്കിലുള്ള ഉത്തരം. മനുഷ്യന്‍ എന്ന സൃഷ്ടിക്ക് നിരവധി അവസ്ഥകളുണ്ട്. വേദന, ദുഃഖം, കരച്ചില്‍, രോഗം, ഉറക്കം, വിശപ്പ്, ദാഹം, കാമം... തുടങ്ങിയ സംഗതികളെല്ലാം മനുഷ്യരുടെ സൃഷ്ടിപ്പില്‍ തന്നെ ഉള്ളതാണ്. ഇതെല്ലാം ഉള്ള ഒരാള്‍ എങ്ങിനെ ദൈവമാകും?

ദൈവത്തിനു വിശക്കുമോ? വിശന്നാല്‍ ആര് ഭക്ഷണം കൊടുക്കും? ദൈവത്തിനു രോഗം വരുമോ? ദൈവം രോഗിയായാല്‍ ആരു ചികില്‍സിക്കും? ദൈവം ഉറങ്ങിയാല്‍ ലോകത്തിന്റെ അവസ്ഥ എന്താവും? ദൈവം പൊട്ടിക്കരയുമോ? എങ്കില്‍ ആ കരച്ചില്‍ ആരു മാറ്റും? ഇങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീളുന്നു.

അതുകൊണ്ടുതന്നെ ദൈവത്തിനവകാശപ്പെട്ട ഒന്നും മനുഷ്യര്‍ക്കവകാശപ്പെട്ടതല്ല. അങ്ങനെ അവകാശപ്പെടുത്തി നല്‍കല്‍ തികച്ചും അനീതിയും അക്രമവുമാണ്. അത്‌കൊണ്ട് പ്രാര്‍ഥനയടക്കമുള്ള അല്ലാഹുവിന് മാത്രമവകാശപ്പെട്ട ഒന്നും മനുഷ്യരടക്കമുള്ള ഒരു സൃഷ്ടിയിലേക്കും തിരിച്ചു വിട്ടുകൂടാ. അങ്ങനെ സംഭവിക്കുമ്പോള്‍ അത് അല്ലാഹുവിനോട് ചെയ്യുന്ന ഏറ്റവും കടുത്ത പാതകമായിമാറും. അതാകട്ടെ അവനൊരിക്കലും പൊറുക്കുകയുമില്ല; പശ്ചാത്തപിച്ചാലല്ലാതെ.

മനുഷ്യന്‍ ദൈവമായാല്‍...?

മനുഷ്യന്‍ സ്വയം ദൈവമായി ചമഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്നത് സമകാലിക സംഭവങ്ങള്‍ വീക്ഷിക്കുന്ന ആര്‍ക്കും കൂടുതല്‍ വിശദീകരണമില്ലാതെ ഗ്രഹിക്കാവുന്നതാണ്.

ബാബ രാംപാല്‍, നിത്യാനന്ദ, സന്തോഷ് മാധവന്‍, രാധാമേ, സായിബാബ, മാതാ അമൃതാനന്ദ മയി, ഗുര്‍മീത് റാം റഹീം, ആസാറാം ബാപ്പു, സ്വാമി പ്രേമാനന്ദ, സ്വാമി സദാചാരി, ഇച്ഛാധാരി സ്വാമി, സന്ത് രാംപാല്‍, ചന്ദ്രസ്വാമി... ഈ പട്ടിക നീളുകയാണ്. മുസ്‌ലിം സമൂഹത്തിലും ഇത്തരം വിഷവിത്തുകള്‍ ഇല്ലാതില്ല. ഔലിയാ വേഷം കെട്ടി സമൂഹത്തെ വഞ്ചിക്കാനിറങ്ങിയവരും, അത്തരക്കാര്‍ക്ക് 'വലിയുല്ലാഹി' പട്ടം പതിച്ചു നല്‍കുന്ന പുരോഹിതന്മാരും ഇതിന്റെ പ്രചാരകരാണ്. കടുത്ത മാനസികരോഗികള്‍ മുതല്‍ ഊരും പേരും അറിയപ്പെടാത്തവര്‍ വരെ 'വലിയ്യി'ന്റെ പട്ടികയില്‍ കേരള മണ്ണില്‍ തന്നെയുണ്ട്. 'നാട്ടുകല്‍' എന്ന പാലക്കാട് ജില്ലയിലെ സ്ഥലത്ത് ഒരു 'കല്ലു ദൈവ'ത്തെ തന്നെ മുസ്‌ലിം പുരോഹിതന്മാരുടെ ആശിര്‍ വാദത്തോടെ ആരാധിച്ചു വരുന്നുണ്ട്. ക്രൈസ്തവസഭകളിലും ആള്‍ദൈവങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല.

സാമ്പത്തിക അഴിമതി മുതല്‍ കൊലപാതകം, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ വിധിക്കപ്പെട്ടവര്‍ വരെ ഉപരിസൂചിത ആള്‍ദൈവ പട്ടികയിലുണ്ട്. ഭക്തിയുടെ മറവില്‍ പണവും കാമവും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ആള്‍ദൈവ വ്യവസായം ഇന്ന് നല്ലൊരു ബിസിനസ് കൂടിയാണ്. ഗുര്‍മീത് റാം റഹീമിന്റെ കഥകള്‍ ഇതിന് നല്ല ഉദാഹരണമാണ്.

പണവും ആള്‍ സ്വാധീനവും കാട്ടി ഭരണകൂടത്തെ വരെ ഭീഷണിപ്പെടുത്തുന്നേടത്തേക്ക് 'ആള്‍ദൈവ' ഭീകരത കടന്നുകയറിയിട്ടുണ്ട്. മനുഷ്യന്‍ 'ദൈവ'മാകുമ്പോള്‍ ഇതൊക്കെയല്ലാതെ മറ്റെന്തു സംഭവിക്കാന്‍? പണം, പെണ്ണ്, അധികാരം എന്നീ മനുഷ്യനെ മയക്കുന്ന കാര്യങ്ങള്‍ ആള്‍ദൈവങ്ങളുടെ അങ്ങാടിയില്‍ സുലഭമാവുന്നതിന്റെ കാരണവും മറ്റൊന്നല്ല; ഇവരൊന്നും ദൈവമല്ല സാക്ഷാല്‍ മനുഷ്യരാണ് എന്നതാണതിനു കാരണം.

ക്രിമിനലുകളെ പോലും 'ദൈവ'മായിക്കണ്ട് അവര്‍ക്കുമുന്നില്‍ കുമ്പിടുന്ന മനുഷ്യന്റെ അത്മീയതയുടെ വശം എത്രമേല്‍ ദാരുണമാണ് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. തന്നെപ്പോലെ വികാരങ്ങളും വിചാരങ്ങളുമുള്ളവരെ ദൈവമായി കാണുമ്പോള്‍ അവര്‍ അഴിക്കുള്ളിലാവുമ്പോഴെങ്കിലും മുനുഷ്യര്‍ ചിന്തിച്ചെങ്കില്‍!! തന്നെ സഹായിക്കും എന്ന് താന്‍ കരുതിയവര്‍ ഇന്ന് നിസ്സഹായരായി അഴിക്കുള്ളിലാണ്! അഥവാ ദൈവം ജയിലില്‍! 

അതിനാല്‍ മനുഷ്യര്‍ എല്ലാവരും അംഗീകരിക്കേണ്ട, എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരു തത്ത്വത്തിലേക്ക് നാം എത്തുന്നു. യാതൊരുവിധ ന്യൂനതകളുമില്ലാത്ത, സര്‍വശക്തനും ഉറക്കവും മയക്കവുമില്ലാത്ത, സന്താനമോ കുടുംബമോ ഇല്ലാത്ത, സാക്ഷാല്‍ ആരാധ്യന്‍; അവനാണ് യഥാര്‍ഥ ദൈവം. അവനനാണ് അല്ലാഹു. അവനാണ് മനുഷ്യരുടെ സാക്ഷാല്‍ ആരാധ്യന്‍. അത്മീയതയുടെ വഴിതേടുന്നവര്‍ അവനിലേക്കെത്തിയാല്‍ വിജയിച്ചു ഇല്ലെങ്കില്‍ ഇരുലോകത്തും തികഞ്ഞ പരാജയം തന്നെ!

0
0
0
s2sdefault