മനുഷ്യന്‍ അല്ലാഹുവിന്റെ ഖലീഫയോ?

അബ്ദുര്‍റഹ്മാന്‍ ഹസന്‍ ഹബ്ന്നകതുല്‍ മീദാനി (വിവ: ശമീര്‍ മദീനി)

2017 ജൂലായ് 15 1438 ശവ്വാല്‍ 21

ആമുഖം

മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന വാദഗതിയുടെ നിരര്‍ഥകത വിശദമാക്കാനാണ് ഈ ലഘു രചന. അതിന്റെ നിരര്‍ഥകതയുടെ വശങ്ങള്‍ വൈജ്ഞാനികമായ അപഗ്രഥനത്തിലൂടെ വിശദമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം പദപ്രയോഗങ്ങള്‍ ശരിയല്ല. കാരണം അല്ലാഹുവിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട നമ്മുടെ അക്വീദക്ക് അത് പോറലേല്‍പിക്കുന്നതാണ്. ഒരിക്കലും ഉദ്ദേശിക്കാന്‍ പറ്റാത്ത അപകടകരമായ അര്‍ഥമാണതിനുള്ളതെന്ന കാര്യം അത് പറഞ്ഞുവിടുന്നവര്‍ ഗ്രഹിക്കുന്നില്ല.

സത്യവും ശരിയായ വശവും മനസ്സിലാക്കിയ ശേഷവും ആ പ്രയോഗത്തില്‍ തന്നെ ശഠിച്ചു നില്‍ക്കുന്നവരോടായി ഞാന്‍ പറയട്ടെ; ഈ പ്രാര്‍ഥന എന്നോടൊപ്പം നിങ്ങളും ആവര്‍ത്തിക്കുക:

''അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ സത്യം സത്യമായി കാണിച്ചുതരികയും അത് പിന്‍പറ്റാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കുകയും ചെയ്യേണമേ, അസത്യത്തെ അസത്യമായി കാണിച്ച് തരികയും അത് കയ്യൊഴിക്കാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കുകയും ചെയ്യേണമേ, സര്‍വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവേ, നീ സ്‌നേഹിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന നന്മകള്‍ക്കായി ഞങ്ങളെ നീ അനുഗ്രഹിക്കേണമേ...'''

മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ ഖലീഫയാണ്'എന്ന വാദം നിരര്‍ഥകമാണ്.

ഒന്ന്: പൊതുവായ ആമുഖം

മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന വാദം അതിന്റെ ആശയത്തെക്കുറിച്ച് അറിവോ ഉള്‍ക്കാഴ്ചയോ അതിന്റെ അര്‍ഥതലങ്ങളെക്കുറിച്ച ചിന്തയോ ഇല്ലാതെ രൂപപ്പെട്ട് വന്നതാണ്. പിന്നീടത് പ്രചരിച്ചു. അങ്ങനെ അത് ചിലരുടെയടുക്കല്‍ സര്‍വാംഗീകൃതമായ തത്ത്വം പോലെയായിത്തീര്‍ന്നു. മതചിന്തകളുടെ അടിസ്ഥാനാശയത്തിലേക്ക് വരെ ചിലയാളുകളുടെ നാവിലൂടെ അത് എത്തിച്ചേര്‍ന്നു.

സയ്യിദ് റശീദ് രിദാ, മൗദൂദി, സയ്യിദ് ഖുത്വ്ബ് തുടങ്ങിയ പലരുടെയും രചനകളില്‍ ഈ വാചകം നമുക്ക് കാണാം. അവരെ പിന്‍പറ്റിക്കൊണ്ടും അന്ധമായി അനുകരിച്ചുകൊണ്ടും മറ്റുചില പണ്ഡിതന്മാരുടെ നാവുകളിലും അത് സ്ഥാനം പിടിച്ചു. ഈ ചിന്താഗതിയുടെ വേരുകളന്വേഷിക്കാതെയും അതിന്റെ ന്യായാന്യായങ്ങളും മതപരവും ബൗദ്ധികവുമായ യാതൊരു തെളിവുകളും പരിശോധിക്കാതെയാണവര്‍ അങ്ങനെ ചെയ്തത്. അങ്ങനെ ചില സാമ്പത്തിക വിദഗ്ധര്‍ അതിനെ ഒരു അടിസ്ഥാന സിദ്ധാന്തമായി കണ്ടുകൊണ്ട് സാമ്പത്തിക മേഖലയിലെ തങ്ങളുടെ നിരവധി ഗവേഷണങ്ങള്‍ അവതരിപ്പിക്കുകവരെ ചെയ്തു.

തീര്‍ച്ചയായും പ്രത്യക്ഷത്തില്‍ ആകര്‍ഷണീയമായ, മനുഷ്യരെ ആവേശം കൊള്ളിക്കുന്ന ഒരു വാദഗതിയാണത്. പക്ഷേ, സത്യത്തില്‍ അത് നിരര്‍ഥകവും ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധവുമാണ്.


രണ്ട്: വിശദമായ അപഗ്രഥനം

പ്രതിനിധിയെ നിശ്ചയിക്കുക എന്നത്, പ്രതിനിധിയെ നിശ്ചയിക്കുന്നയാളുടേത് മാത്രമായ കാര്യങ്ങള്‍ ആ പ്രതിനിധിക്ക് ഏല്‍പിച്ചുകൊടുക്കുന്നു എന്ന ആശയമാണ് ഉള്‍ക്കൊള്ളുന്നത്. അങ്ങനെ വരുമ്പോള്‍ അല്ലാഹു മനുഷ്യനെ ഭൂമിയിലെ തന്റെ പ്രതിനിധിയാക്കി എന്ന വാദം താഴെ പറയുന്ന വാദഗതികളിലേതെങ്കിലും ഉള്‍കൊള്ളേണ്ടിവരുന്നു.

അതായത് ഒന്നുകില്‍; അതിന്റെ സൃഷ്ടിപ്പിന്റെ ചുമതല എല്‍പിച്ചുവെന്നോ, അല്ലെങ്കില്‍ ഭൂമിയില്‍ വിധികല്‍പിക്കാനും വിരോധിക്കാനുമുള്ള അധികാരം ഏല്‍പിച്ചുകൊടുത്തുവെന്നോ, അതുമല്ലെങ്കില്‍ പ്രപഞ്ചത്തിലെ വസ്തുക്കളിലും സമ്പത്തിലുമൊക്കെ യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള അധികാരം ഏല്‍പിച്ചുകൊടുത്തുവെന്നോ പറയേണ്ടിവരും.

അതായത് വിചാരണയോ പ്രതിഫലമോ കൂടാതെ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള അവകാശമെന്നര്‍ഥം; ഒരു പരിശോധനയോ ഭേദഗതിയോ ഇല്ലാതെ തന്നെ. ഒരു രാജാവോ നായകനോ തനിക്ക് ഒരു പ്രതിനിധിയെ നിശ്ചയിക്കുമ്പോള്‍ തന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ അയാളെ ഏല്‍പിച്ചുകൊടുക്കുകയാണ് ചെയ്യുക. പിന്നീട് ഖലീഫയുടെ (പ്രതിനിധിയുടെ) നടപടികള്‍ നടപ്പിലാവുകയും ചെയ്യുന്നു. അതിനെ വിമര്‍ശിക്കുകയോ വിചാരണ നടത്തുകയോ ഭേദഗതി വരുത്തുകയോ ഒന്നും ചെയ്യാതെ തന്നെ. ഒരു സ്ത്രീ തന്റെ വിവാഹത്തിനോ വിവാഹ മോചനത്തിനോ ഉള്ള അധികാരം തന്റെ 'വലിയ്യിനെ ചുമതലപ്പെടുത്തി ഏല്‍പിക്കുമ്പോള്‍ അവള്‍ അയാള്‍ക്ക് അതില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാനുള്ള അവകാശം വകവെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.

പ്രതിനിധി (ഖലീഫ) ഉടമയെ പോലെത്തന്നെ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനാണ്. തനിക്ക് നല്‍കപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം നല്‍കപ്പെട്ട ഒരു പ്രതിനിധിയോട് അയാളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പിന്നീട് വിചാരണ നടത്തുകയില്ല. അയാളില്‍ വിശ്വാസമില്ലെങ്കില്‍ ഉടമ അയാളെ പ്രതിനിധിയാക്കി ഉത്തരവാദിത്തമേല്‍പിക്കുകയില്ല.

അപ്പോള്‍ സൃഷ്ടിപ്പിന്റെ ചുമതല ഏല്‍പിച്ചുകൊടുക്കുക എന്നത് ഉണ്ടാകാവതല്ല. ഇസ്‌ലാമിക വിശ്വാസങ്ങളുടെ ബാലപാഠങ്ങളില്‍ പെട്ട സംഗതിയാണ് സൃഷ്ടിപ്പ് മുഴുവനും അല്ലാഹുവാണ് നടത്തുന്നത് എന്നത്. അല്ലാഹു ഒരാളെയും ഒരു വസ്തുവിനെയും സൃഷ്ടിക്കാന്‍ ഏല്‍പിച്ചിട്ടില്ല. സൃഷ്ടിപ്പിന്റെ കാര്യത്തില്‍ അല്ലാഹുവിന് ഒരു പ്രതിനിധിയും ഇല്ല.

എന്നാല്‍, മരിച്ചവരെ ജീവിപ്പിക്കുക, കളിമണ്ണ് കൊണ്ട് പക്ഷിരൂപമുണ്ടാക്കിയിട്ട് അതില്‍ ഊതുമ്പോള്‍ അത് പക്ഷിയായി മാറുക തുടങ്ങി ഈസാ നബിൗക്ക് നല്‍കപ്പെട്ട മുഅ്ജിസത്തുകള്‍ (ദൈവിക ദൃഷ്ടാന്തങ്ങള്‍) ഒന്നും തന്നെ സൃഷ്ടിപ്പിന്റെ ചുമതലയേല്‍പിക്കപ്പെട്ട സംഗതികളല്ല. മറിച്ച് തന്റെ ദൂതന്മാരിലൂടെ അല്ലാഹു നടത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളാണ് അവ. ആ ദൂതന്മാര്‍ അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഓരോന്ന് ചെയ്യുന്നുവെന്നല്ലാതെ അവരല്ല അത് സൃഷ്ടിക്കുന്നത്. സൂറതുല്‍ മാഇദയില്‍ അല്ലാഹു അത് വ്യക്തമാക്കിയതാണ്:

''(ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). മര്‍യമിന്റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്‌കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്‌റാഈല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക''(5: 110).

ഇത്തരം അത്ഭുത ദൃഷ്ടാന്തങ്ങളൊക്കെ അല്ലാഹുവിന്റെ അനുമതിയോടുകൂടി മാത്രമാണ് നടക്കുന്നത്. അപ്പോള്‍ കാര്യം അങ്ങനെയാണെന്നിരിക്കെ സൃഷ്ടിപ്പ് ഏല്‍പിച്ചുകൊടുക്കുന്ന പ്രശ്‌നമേ അവിടെ ഉത്ഭവിക്കുന്നില്ല. 

എന്നാല്‍ കല്‍പിക്കാനും വിരോധിക്കാനും വിധിപറയാനുമുള്ള (വിധികര്‍തൃത്വത്തിനുള്ള) അല്ലാഹുവിന്റെ അധികാരം ഏല്‍പിച്ചുകൊടുക്കുക എന്നത് മതമോ ബുദ്ധിയോ അംഗീകരിക്കുന്നതല്ല. കാരണം വിധികര്‍തൃത്വം (ഹാകിമിയ്യത്ത്) അല്ലാഹുവിന് മാത്രമുള്ളതാണ്. ആര്‍ക്കാണോ സൃഷ്ടിക്കാനുള്ള അധികാരമുള്ളത് അവന്‍ തന്നെയാണ് കല്‍പനാധികാരവുമുള്ളത്. സൂറത്തുല്‍ അഅ്‌റാഫില്‍ അല്ലാഹു പറയുന്നു: 

''...അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.് ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണനായിരിക്കുന്നു'' (7:54).

പ്രവാചകന്‍(സ്വ) അല്ലാഹുവിന്റെ നിയമങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ആള്‍ മാത്രമാണ്.   പ്രവാചകന്‍ ജീവിച്ചിരിക്കുകയും വഹ്‌യ്'(ദിവ്യ വെളിപാട്) നിലയ്ക്കാതിരിക്കുകയും അല്ലാഹുവിന്റെ ഇടപെടലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ നബി(സ്വ) തന്റെ ഇജ്തിഹാദിലൂടെ (ഗവേഷണം) പറയുന്ന വിധികള്‍, യാതൊരു ഭേദഗതിയും വരുത്താതെ അല്ലാഹു അംഗീകരിക്കുകയും ചെയ്താല്‍ അത് അല്ലാഹുവിന്റെ തന്നെ വിധിയാണ്. അതിനാല്‍ റസൂലിന്റെ വിധി അല്ലാഹുവിന്റെ തന്നെ വിധിയായിട്ടാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.

അപ്പോള്‍ വിധിവിലക്കുകളുടെ ചുമതല ഒരാളെ ഏല്‍പിക്കുക എന്നത്, അല്ലാഹുവിന്റെ ലക്ഷ്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിര് പ്രവര്‍ത്തിക്കാത്ത മഅ്‌സ്വൂമായ (പാപസുരക്ഷിതന്‍) പ്രവാചകനല്ലാതെ മറ്റൊരാള്‍ക്കും ഉണ്ടാകുന്നതല്ല. ഇജ്തിഹാദില്‍ അദ്ദേഹത്തിന് പിഴവ് സംഭവിക്കാമെന്നതിനാല്‍ അല്ലാഹുവിന്റെ ഇടപെടലുകളും ഭേദഗതി വരുത്തലും തെറ്റുതിരുത്തലും ആക്ഷേപവുമൊക്കെ ചിലപ്പോള്‍ ഉണ്ടാകുന്നതാണ്. നബി(സ്വ)ക്ക് ബദ്‌റിലെ ബന്ധികളുടെ വിഷയത്തില്‍ ഉണ്ടായതുപോലെ. (ബദ്‌റിലെ ബന്ധികളെ സംബന്ധിച്ചും, മുനാഫിക്വുകളെ യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിച്ചതിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളും സൂറഃഅബസയുടെ അവതരണ  പശ്ചാത്തലവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉദാഹരണം).

അങ്ങനെ വരുമ്പോള്‍ മനുഷ്യര്‍ക്ക് മൊത്തത്തില്‍ ഇത്തരം ഒരു ഏല്‍പിച്ചുകൊടുക്കല്‍ ഉണ്ടാവുകയില്ല. കാരണം അവരുടെ കൂട്ടത്തില്‍ അവിശ്വാസികളും തെമ്മാടികളും ദുര്‍നടപ്പുകാരുമൊക്കെയുണ്ട്. അവരിലെ സജ്ജനങ്ങള്‍ക്ക് തന്നെ തങ്ങളുടെ ഗവേഷണ നിരീക്ഷണങ്ങളില്‍ വല്ല പിഴവും സംഭവിച്ചാല്‍ അവരെ തിരുത്തുകയും തദ്‌വിഷയകമായുള്ള അല്ലാഹുവിന്റെ ശരിയായ വിധിയെന്ത് എന്ന് വ്യക്തമാക്കുന്ന ഒരു വഹ്‌യും (ദിവ്യബോധം) ഇല്ല. പ്രവാചകത്വവും ദിവ്യബോധനവും മുഹമ്മദ് നബി(സ്വ)യുടെ മരണത്തോടെ നിലച്ചു.

മനുഷ്യരുടെ നന്മയും എളുപ്പവും പരിഗണിച്ചുകൊണ്ട് അവര്‍ക്ക് തന്നെ വ്യവസ്ഥകളും നടപടിക്രമകങ്ങളും നിശ്ചയിക്കാനായി അല്ലാഹു വിട്ടുകൊടുത്ത പരിമിതമായ മേഖലയില്‍ അവര്‍ക്ക് ഗുണപരമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കുവാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടുണ്ട്. അത് അനുവദിച്ചുകൊണ്ടുള്ള മതവിധി അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അല്ലാതെ സ്വതന്ത്രമായി അവര്‍ക്ക് ഏല്‍പിച്ചുകൊടുത്തതല്ല. പൊതുവായ കാര്യങ്ങളാണെങ്കില്‍ കൂടിയാലോചന നടത്തുവാന്‍ അവരോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസികളുടെ കൈകാര്യ കര്‍ത്താക്കളിലെ ഭൂരിഭാഗവും എടുക്കുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് അതിലെ മതപരമായ വിധി. അല്ലാഹുവിനെയോ റസൂലിനെയോ ധിക്കരിക്കാത്ത നിലയില്‍ ഭരണാധികാരികള്‍ കല്‍പിക്കുന്നത് അനുസരിക്കണമെന്നത് അല്ലാഹുവിന്റെ വിധിയിലൂടെ നിര്‍ബന്ധമായതാണ്.  

അല്ലാഹു നമുക്ക് അനുവദിച്ചുതന്ന കാര്യങ്ങളില്‍ തന്നെ അല്ലാഹുവിന്റെ വിധി എന്ന നിലയില്‍ ഒരു കാര്യത്തിലും തിടുക്കം കാട്ടാതെ ഏറ്റവും ശരിയും ഉചിതവുമായത് ഗവേഷണ നിരീക്ഷണങ്ങളിലൂടെ തെരഞ്ഞെടുക്കണമെന്ന് നബി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. കാരണം, അക്കാര്യത്തില്‍ അല്ലാഹുവിന്റെ വിധി കണ്ടെത്തുന്നതില്‍ നാം ശരിയായോ ഇല്ലേ എന്ന കാര്യം നമുക്കറിയില്ലല്ലോ.

ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ബുറൈദ(റ)വിന്റെ ഹദീഥില്‍ പറയുന്നു: ''നബി(സ്വ) വല്ല സൈന്യത്തിനും യാത്രാസംഘത്തിനും നായകനെ നിശ്ചയിച്ചാല്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും (തക്വ്‌വ കൈക്കൊള്ളണമെന്നും) തന്നോടൊപ്പമുള്ള വിശ്വാസികളുടെ കാര്യത്തിലും നന്മകൊണ്ട് ഉപദേശിക്കുമായിരുന്നു.''

താഴെ പറയുന്ന കാര്യം ഈ ഉപദേശങ്ങളില്‍ വന്നതാണ്:

''നീ ഒരു കോട്ട വളയുകയും അവരെ ബന്ധികളാക്കുകയും ചെയ്താല്‍ അവരില്‍ അല്ലാഹുവിന്റെ വിധി നടപ്പാക്കാന്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്താല്‍ നീ ധൃതികൂട്ടി അവരില്‍ വിധി നടപ്പാക്കരുത്. മറിച്ച് ആലോചിച്ച ശേഷം സാവകാശത്തില്‍ നീ അവരില്‍ നിന്റെ വിധി നടപ്പാക്കുക. കാരണം, അവരില്‍ അല്ലാഹുവിന്റെ വിധിയിലേക്ക് ശരിയായ വിധത്തില്‍ എത്തിച്ചേരാന്‍ നിനക്ക് സാധിച്ചോ, ഇല്ലേ എന്ന കാര്യം നിനക്കറിയില്ല.'''

ഇതില്‍ നിന്ന് തന്നെ ബുദ്ധിയും വിവേകവുമുള്ള ഏതൊരാള്‍ക്കും വ്യക്തമാകുന്ന സംഗതിയാണ്, വിധി കല്‍പിക്കാനുള്ള അധികാരം പാപസുരക്ഷിതനും വഹ്‌യിലൂടെ നിര്‍ദേശങ്ങള്‍ നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു പ്രവാചകനല്ലാതെ മറ്റൊരാള്‍ക്കും നല്‍കപ്പെടുകയില്ല എന്നത്. അത്തരം വാദഗതികള്‍ക്ക് മതപരമായി യാതൊരു ന്യായീകരണവും സ്വീകാര്യതയുമില്ല എന്ന് സാരം.

സൂറതുത്തൗബയില്‍ (9:31) അല്ലാഹു പറഞ്ഞ, 'ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെ റബ്ബുകളാക്കി' എന്നതിന്റെ അര്‍ഥം നബി (സ്വ) വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ പണ്ഡിത-പുരോഹതിന്മാരെ ആരാധിക്കുന്നില്ലല്ലോ എന്ന് അദിയ്യൂബ്‌നു ഹാതിമുത്ത്വാഇ(റ) നബി(സ്വ)യോട് പറഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അതെ, എന്നാല്‍ പണ്ഡിത-പുരോഹിതന്മാര്‍ അവര്‍ക്ക് അനുവദനീയമായ കാര്യങ്ങള്‍ നിഷിദ്ധമാക്കാറുണ്ട്. നിഷിദ്ധമായവ അനുവദിച്ച് കൊടുക്കാറുമുണ്ട്. അങ്ങനെ അവരെ പിന്‍പറ്റി ഇവരത് ചെയ്യും. അതാണ് ഇവര്‍ അവര്‍ക്ക് ചെയ്ത ആരാധന (ഇബാദത്ത്).''ഇതാണ് വിധിവിലക്കുകളുടെ അധികാരത്തിന്റെ കാര്യം. തെറ്റ് പറ്റിയാല്‍ വഹ്‌യിലൂടെ  തിരുത്തിക്കൊടുത്തുകൊണ്ട് അല്ലാഹു ഇടപെടുന്ന പാപസുരക്ഷിതനായ പ്രവാചകന് മാത്രമുള്ളതാണ് അത്. മനുഷ്യരില്‍ മറ്റൊരാള്‍ അത്തരമൊരു അധികാരമോ പദവിയോ ഇല്ലായെന്ന് സാരം.

എന്നാല്‍ കര്‍മങ്ങളിലും ക്രയവിക്രയങ്ങളിലുമുള്ള അധികാരം ഏല്‍പിക്കല്‍ എന്നത്, 'മനുഷ്യരില്‍ നിന്നുണ്ടാകുന്ന ഏത് കര്‍മവും ഇടപാടുകളും അനുവദനീയമാണ്, മതത്തില്‍ അതിന് യാതൊരു വിരോധമില്ല എന്ന ആശയമാണുള്‍ക്കൊള്ളുന്നത്' എന്ന വാദം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. ബുദ്ധിയും ബോധവുമുള്ള ഒരാള്‍ അത് അംഗീകരിക്കുകയുമില്ല. എന്നിട്ടല്ലേ, അല്ലാഹുവില്‍ വിശ്വാസമുള്ള ഒരു മുസ്‌ലിമിന് അത് അംഗീകരിക്കാന്‍ സാധിക്കുക! (തുടരും)

 

0
0
0
s2sdefault