മന്ത്രവാദികള്‍ മതത്തോടും മനുഷ്യരോടും ചെയ്യുന്നത്...

അബ്ദുല്‍ മാലിക് സലഫി

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12
അന്ധവിശ്വാസത്തിന്റെ വിഷപ്പുക ശ്വസിച്ച് മരണം പുല്‍കിയവരുടെ എണ്ണം കേരളത്തില്‍ കുറച്ചധികമുണ്ട്. വിശ്വാസത്തിന്റെ ശാദ്വലതീരം തേടി പുറപ്പെടുന്ന മനുഷ്യരില്‍ പലരും മന്ത്രവാദികളുടെ കുതന്ത്രങ്ങളില്‍ ചെന്നുചാടുന്നത് എന്തുകൊണ്ട് എന്നൊന്വേഷണം തികച്ചും കൗതുകകരമാണ്. മനുഷ്യന്റെ മതം, മാനം, പണം എന്നിവയെ അതിദാരുണമായി ചൂഷണം നടത്തിയിട്ടും, പലതവണ അത് പിടിക്കപ്പെട്ടിട്ടും മന്ത്രവാദികളുടെ ഉമ്മറപ്പടികളിലെ വരിയുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നതെന്ത് അതും സാക്ഷര കേരളത്തില്‍ എന്നൊരന്വേഷണം ഇത്തരുണത്തില്‍ പ്രസക്തമാണെന്ന് തോന്നുന്നു.

രോഗം പ്രകൃതിപരമായ ഒരു യാഥാര്‍ഥ്യമാണ്. അല്ലാഹു നിശ്ചയിച്ച ഫിത്‌റത്വിന്റെ അടിസ്ഥാനത്തിന് ഏതെങ്കിലും നിലക്ക് ഭംഗം വരുമ്പോഴാണ് മനുഷ്യന്‍ രോഗിയാവുന്നത്. മൃഗങ്ങള്‍ക്കും രോഗമുണ്ടാവുന്നുണ്ട്.

ഇന്ന് രോഗചികിത്സ ഒരു വന്‍ വ്യവസായമായിരിക്കയാണ്. രോഗികളെ ചൂഷണം ചെയ്യുന്ന ചികിത്സാ സമ്പ്രദായങ്ങള്‍ പണ്ടുമുതലേ പ്രചാരത്തിലുണ്ട്. ഭൗതിക ചികിത്സാരംഗത്തും ആത്മീയരംഗത്തും ഈ ചൂഷണമുണ്ട്. അതിന്റെ ഇരയാണ് യഥാര്‍ഥത്തില്‍, കുറ്റ്യാടിയിലെ ചികിത്സക്കിടെ മരണപ്പെട്ട യുവതിയും.

രോഗം വന്നാല്‍, ആ രോഗത്തെ കുറിച്ച് പഠിച്ചവരെ സമീപിക്കുക എന്നതാണ് സാധാരണ രീതി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ എന്നിവയിലൊക്കെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ ഇന്ന് നാട്ടില്‍ എമ്പാടുമുണ്ട്. രോഗികള്‍ അവരെ സമീപിച്ച് മരുന്ന് വാങ്ങിക്കഴിച്ച് കൂടെ രോഗശമനത്തിനുള്ള പ്രാര്‍ഥനയും നടത്തുക എന്നതാണ് ഇസ്‌ലാമികമായ രീതി. അതേസമയം, രോഗം വന്നാല്‍ ഇത്തരക്കാരെ സമീപിക്കാതെ അക്ഷരജ്ഞാനം പോലുമില്ലാത്ത ചില സിദ്ധന്‍മാരെയും മന്ത്രവാദികളെയും ആളുകള്‍ സമീപിക്കുന്നു! അത്തരക്കാര്‍ക്കറിയാം ഈ മന്ത്രവാദി ഒരു ചികിത്സാ കോഴ്‌സും പാസായിട്ടില്ലെന്ന്. എന്നിട്ടും ആളുകള്‍ അവരെ സമീപിക്കുന്നതെന്തുകൊണ്ടാണ്? ഇവിടെയാണ് മന്ത്രവാദികളും അവരെ വളര്‍ത്തുന്നവരും വിജയിക്കുന്നത്.

മന്ത്രവാദികളെ വളര്‍ത്തുന്നത് ആര്?

സമൂഹത്തെ അന്ധവിശ്വാസത്തില്‍ തളിച്ചിട്ട് തങ്ങളുടെ സംഘടനാ ശക്തി നിലനിര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ചിലര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട് എന്നതൊരു വസ്തുതയാണ്. അല്ലാഹു അല്ലാത്തവര്‍ക്കും അഭൗതിക കഴിവുകള്‍ ഉണ്ട് എന്ന വികലമായ ആശയം വെച്ചുപുലര്‍ത്തുന്നവരാണ് ഇത്തരം അന്ധവിശ്വാസികള്‍ക്ക് വളംവെക്കുന്നത്. കാര്യകാരണങ്ങള്‍ക്കതീതമായി അല്ലാഹുവിന്റെ പടപ്പുകളില്‍ ചിലര്‍ക്ക് ചിലതൊക്കെ ചെയ്യാന്‍ കഴിയും എന്ന് വാദിച്ചുകൊണ്ടാണ് മന്ത്രവാദികളും രംഗത്തുവരാറുള്ളത്. അങ്ങനെയാണ് അക്ഷരജ്ഞാനമില്ലാത്ത മന്ത്രവാദികളുടെ വീട്ടുമുറ്റത്ത് വിദഗ്ധനായ ഒരു ഡോക്ടറുടെ വീട്ടുമുറ്റത്തെതിനേക്കാള്‍ ആളുകള്‍ എത്തുന്നത്. ഈ വ്യക്തിക്ക് ആ ഡോക്ടര്‍ക്ക് ഇല്ലാത്ത 'എന്തോ 'ഒരു കഴിവ് ഉണ്ട് എന്ന് ആളുകള്‍ വിശ്വസിക്കുന്നു. അഥവാ ഇത്തരം മന്ത്രവാദികള്‍ക്കുള്ള അഭൗതിക കഴിവുകളിലൂടെയാണ് അവര്‍ ചികിത്സിക്കുന്നത്, അതിനാല്‍ അത് ഒരു വിദഗ്ധ ഡോക്ടറുടെ ചികിത്സയെക്കാള്‍ മികച്ചതാണെന്നും ആളുകള്‍ വിശ്വസിക്കുന്നു.

അന്ധവിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കല്‍ നയമായി കൊണ്ടുനടക്കുന്ന സമസ്തയുടെ പണ്ഡിതന്മാരാണ് ഇത്തരമൊരു വാദം ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയടിസ്ഥാനത്തില്‍ പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ എത്രയെത്ര അബദ്ധ വിശ്വാസങ്ങളും അനാചാരങ്ങളുമാണ് സമസ്തക്കാര്‍ കേരളക്കരക്ക് സംഭാവന ചെയ്തിട്ടുള്ളത്! ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ നിരന്തരമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ അതില്‍ കുറെയൊക്കെ ആളുകള്‍ കയ്യൊഴിച്ചിട്ടുണ്ട്; ചിലതൊക്കെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ജനങ്ങളുടെ ഈ തിരിച്ചറിവിനെ വളരെ ആശങ്കയോടെയാണ് സമസ്തക്കാര്‍ നോക്കിക്കാണുന്നത്.

അവര്‍ എഴുതുന്നത് കാണുക: ''പ്രസവവേദന തുടങ്ങിയാല്‍ മന്ത്രിച്ചൂതിയ വെള്ളവും നഫീസത്ത് മാലയും മരുന്നായിരുന്ന തലമുറ ഇന്നലകളിലെ സുഗന്ധമായിരുന്നു. പാമ്പ്കടിയേറ്റാല്‍ ഓടിച്ചെന്നിരുന്നത് തങ്ങളുപ്പാപ്പാന്റെ അടുത്തേക്കായിരുന്നു. പുതിയ വള്ളവും വലയും ഇറക്കുന്ന മുക്കുവന്റെ ആശ്വാസം ഉസ്താദിന്റെ മന്ത്രിച്ചൂത്തിലായിരുന്നു. നൂറ്റാണ്ടുകള്‍ തുടര്‍ന്ന് പോന്ന ഒരു പൈതൃകത്തിന് യുക്തി മുറിവേല്‍പിച്ചപ്പോള്‍ സംഭവിച്ചത് ആധുനികതയുടെയും ഉപഭോഗ സംസ്‌കാരത്തിന്റെയും കടന്ന് കയറ്റമായിരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ പ്രസവം നടത്തിയാലേ സുഖപ്രസവമാകൂ എന്നതല്ലേ സമൂദായത്തിന്റെ ഇപ്പോഴത്തെ ചിന്ത'' (അഹ്‌ലുസ്സുന്ന, നേര്‍വഴിയുടെ പാഠം: പേജ്:194, റഹ്മാനിയ കടമേരി). വീണ്ടും എഴുതുന്നു:

''ഗര്‍ഭിണികള്‍ നഫീസത്ത് മാല ചൊല്ലുന്നത് വഴി സുഖപ്രസവം ലഭിച്ചിരുന്നുവെന്നത് ചരിത്ര സത്യമാണ്. പേറ്റുനോവിന്റെ അവസരങ്ങളില്‍ വേദന ശമിപ്പിക്കാനും കുട്ടിക്ക് നല്ലഭാവി പ്രദാനം ചെയ്യുവാനും ഇപ്രകാരം മറ്റു മാലകളിലെ പ്രകീര്‍ത്തനങ്ങളും അവര്‍ ഉരുവിട്ടിരുന്നു'' (പേജ്: 189).

സമൂഹത്തെ ഈപ്പോഴും മാലകളിലും മന്ത്രവാദങ്ങളിലും തളച്ചിടാന്‍ കിട്ടാത്തതിന്റെ പരിവേദനമാണ് ഈ വരികളില്‍ മുഴച്ചുനില്‍ക്കുന്നത്. ഇവര്‍തന്നെയാണ് യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ പിന്നോട്ടുള്ള ഗമനത്തിന് ആക്കം കൂട്ടുന്നത് എന്നതില്‍ സംശയമില്ല. ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ജനത്തെ വലിച്ചുകൊണ്ടുപോയി ആത്മീയതയുടെ മേല്‍കുപ്പായമിട്ട ചൂക്ഷണ കേന്ദ്രങ്ങളായ സിദ്ധമഠങ്ങളിലേക്കും ജാറങ്ങളിലേക്കും മന്ത്രവാദികളുടെ ഹോമ കുണ്ഡങ്ങളിലേക്കും എത്തിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു അല്ലാത്തവര്‍ക്കും കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവര്‍ തന്നെയാണ്. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിച്ചത്‌കൊണ്ട് കാര്യമില്ല. സമൂഹത്തിന്റെ അടിത്തട്ടില്‍ ഇത്തരം വിശ്വാസവൈകൃതങ്ങള്‍ക്ക് വളം വെക്കുകയും സമൂഹത്തിന്റെ മുമ്പില്‍ പുരോഗമനത്വം ചമയുകയും ചെയ്യുന്നത് പ്രബുദ്ധലോകം തിരിച്ചറിയുന്നുണ്ട്.

സിഹ്‌റും മറ്റു മന്ത്രവാദങ്ങളും പഠിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ വിപണിയിലിറക്കുകയും അത് വിറ്റ് 'ഇജാസത്ത്' നല്‍കുകയും എന്തെങ്കിലും വിവാദങ്ങള്‍ വരുമ്പോള്‍ ഒട്ടക പക്ഷിയെ പോലെ തലമണ്ണില്‍ താഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍, സമൂഹഗാത്രത്തിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന മുറിവിന്റെ ആഴം വ്യക്തമാവണമെങ്കില്‍ ഇവര്‍ പ്രസിദ്ധീകരിച്ച് വിതരണം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രവാദ ഗ്രന്ഥങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. അന്ധവിശ്വാസത്തിന്റെ ഇരുട്ടുകള്‍ക്ക് പ്രമാണത്തിന്റെ പിന്‍ബലം ഉണ്ടെന്നു വരുത്താനുള്ള ഇത്തരം ശ്രമങ്ങളെ സമൂഹം മനസ്സിലാക്കിത്തുടങ്ങാന്‍ വൈകിയാല്‍ ഇനിയും കുറ്റ്യാടികള്‍ ആവര്‍ത്തിക്കും.

ജ്യോതിഷവും മന്ത്രവാദവും കോര്‍ത്തിണക്കി മുസ്തഫാ ബാഖവി ഈങ്ങാപ്പുഴ എന്ന ചികിത്സകന്‍ ഇറക്കിയ 'ഇസ്മ് ചികിത്സ' എന്ന ഗ്രന്ഥത്തിലെ ചില വരികള്‍ കാണുക:

''ചെയ്യുന്ന അമല്‍ അനുയോജ്യ ഗൃഹങ്ങളിലായിരിക്കുക, അനുയോജ്യമായ ബുര്‍ജിലും കൗകബിലുമായിരിക്കുക. അനുയോജ്യമായ ബുഖൂര്‍ പുകക്കുക. മുര്‍ശിദായ ഗുരുവില്‍ നിന്ന് ഇജാസത്ത് വാങ്ങി രിയാള വീട്ടുക. ഫലകിന്റെ ഇത്തിസാലും ഇന്‍ഫിസാലും അറിയുക. അക്കങ്ങള്‍ എഴുതുന്നത് ഇന്ത്യന്‍ ഖലമ് കൊണ്ടായിരിക്കുക. നന്മക്ക് ചെയ്യുമ്പോള്‍ നഹ്‌സ് ഇല്ലാത്ത ദിവസമായിരിക്കുക'' (പേജ്: 9).

വീണ്ടും എഴുതുന്നു: ''ഉദ്ദേശിക്കുന്നവന്റെയും അവന്റെ ഉമ്മയുടെയും പേരിന്റെ അദദ് ജമലുല്‍ മശ്ഹൂര്‍ അനുസരിച്ച് എടുക്കുക. കിട്ടിയ എണ്ണത്തെ ഖമറിന്റെ മന്‍സിലുകളുടെ എണ്ണമായ 28 കൊണ്ട് ഹരിക്കുക, ബാക്കിയുള്ളതിനെ മന്‍സിലകല്‍ വീതിക്കുക. ശര്‍ത്വീന്‍ (അശ്വതി) മുതല്‍ ഓരോ മന്‍സിലകള്‍ക്കും ഒന്ന് വീതം നല്‍കി പോരുക. എണ്ണം ഏത് മന്‍സിലില്‍ അവസാനിക്കുന്നുവോ അതാണ് അവന്റെ മന്‍സില. ആ മന്‍സിലയില്‍ എന്നാണ് ഖമര്‍ വാരിക അന്നാണ് അവന്റെ ആവശ്യത്തിനു വേണ്ടിയുള്ള കളം എഴുതേണ്ടത്''(പേജ് 12).

നോക്കൂ! ഇത്തരത്തിലുള്ള മന്ത്രവാദ രീതികള്‍ സമൂഹത്തില്‍ അച്ചടിച്ചു പ്രചരിപ്പിക്കുകയും മന്ത്രവാദ ക്രിയകള്‍ ചെയ്യുകയും അതിന് ഇജാസത്ത് നല്‍കുകയും ചെയ്യുന്നവര്‍ തന്നെയാണ് 'നജ്മ'മാര്‍ക്ക് സമൂഹത്തില്‍ വേരുറപ്പിക്കാന്‍ നനവ് നല്‍കിക്കൊണ്ടിരിക്കുന്നത്.

എന്തൊക്കെ ചികിത്സാമുറകളാണ് ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നത്! 'ഭാര്യഭര്‍ത്താക്കന്മാരുടെ രഹസ്യ വേഴ്ച ഇല്ലാതാക്കാന്‍' എന്ന തലക്കെട്ടിന് താഴെ ഉപരിസൂചിത മന്ത്രവാദി എഴുതുന്നു: ''ഉദ്ദേശിക്കുന്നവരുടെ വസ്ത്രത്തില്‍ എന്ന് അല്‍പം എടുത്ത് ഖമര്‍ മുന്‍ഖലിബായ ബുര്‍ജില്‍ നില്‍ക്കുന്ന ദിവസം സുഹ്‌ലിന്റെ സാഅത്തില്‍ താഴെ കാണുന്ന കളം ഖത്രാന്‍ മഷിയാക്കി കറുത്ത ഇയ്യത്തകിടില്‍ എഴുതി അറിയപ്പെടാത്ത ഖബറില്‍ കുഴിച്ചിടുക. രഹസ്യവേഴ്ച നില്‍ക്കും.''

എന്തൊരു ഭ്രാന്തന്‍ ചികിത്സ! രഹസ്യവേഴ്ച്ചക്കാരോട് സ്രഷ്ടാവിനെ ഭയപ്പെടാന്‍ പറയുകയല്ലാതെ ഇത്തരം തകിടുകളില്‍ കാണിക്കുന്ന തരികിട കൊണ്ട് സമൂഹം ഏറെ ദുഷിക്കുകയല്ലാതെ മറ്റെന്താണ് ഉണ്ടാവുക? ഈ തകിടു ചികിത്സക്കെല്ലാം സമസ്തയുടെ പണ്ഡിതന്മാര്‍ പച്ചക്കൊടി കാണിക്കുന്നുണ്ട് എന്നതാണ് ഏറെ സങ്കടകരം.

ഇത്തരം മന്ത്രവാദികള്‍ സമൂഹത്തിന്റെ സമാധാനം തകര്‍ക്കുന്ന ചികിത്സകളും പഠിപ്പിക്കുന്നുണ്ട് എന്നത് ഏറെ ഭീതിജനകമായ യാഥാര്‍ഥ്യമാണ്. ഒരു മന്ത്രവാദി എഴുതുന്നു: ''കലഹമുണ്ടാക്കാന്‍: എലി, പൂച്ചപ്പല്ല് എന്നിവ ഒരു നായത്തോലില്‍ പൊതിഞ്ഞു അക്രമിയുടെ വീട്ടില്‍ കുഴിച്ചിട്ടാല്‍ അവിടെ കലഹമുണ്ടാവും. നീലനിറമുള്ള പൂവന്‍ കോഴിയുടെയും കഴുകന്റെയും നഖങ്ങള്‍ ഒരു ചെന്നായയുടെ വാലിന്റെ തോലില്‍ പൊതിഞ്ഞു കെട്ടിയാല്‍ ശത്രുക്കളെല്ലാം തോറ്റു പോകും!'' (ജിന്ന്ഹാളിറാത്ത് ചികിത്സ. കെ.വി.എം മുസ്‌ലിയാര്‍. പ്രസാധകര്‍: കെ.മുഹമ്മദ് കുട്ടി ആന്റ് സണ്‍സ്. നൂറുല്‍ ഇസ്‌ലാം പ്രസ്സ്. തിരൂരങ്ങാടി).

ഏറെ അശ്ലീലകരമായ പലചികിത്സകളും ഈ മന്ത്രവാദി ഈ ഗ്രന്ഥത്തിലൂടെ പഠിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പച്ചക്കൊടി കാണിച്ച്, പ്രമാണങ്ങളുടെ കുടപിടിച്ച് കൊടുക്കുന്നവര്‍ തന്നെയാണ് കുറ്റ്യാടിയിലെ യഥാര്‍ഥ പ്രതികള്‍. അവരാണ് സമൂഹത്തില്‍ നിന്ന് അന്ധവിശ്വാസം കുടിയിറങ്ങുന്നതിനെ ഏറെ ഭയത്തോടെ വീക്ഷിക്കുന്നവര്‍. അവരെയാണ് സമൂഹം തിരിച്ചറിയേണ്ടതും.

ജിന്നും ജിന്നുബാധയും കെ.എന്‍.എമ്മും

ജിന്ന് ഒരുയാഥാര്‍ഥ്യമാണ്. ക്വുര്‍ആനിലെ എഴുപത്തിരണ്ടാം അധ്യായത്തിന്റെ പേരുതന്നെ 'അല്‍ജിന്ന്' എന്നാണ്. ക്വുര്‍ആനില്‍ മുപ്പത്തിയെട്ട് സ്ഥലങ്ങളില്‍ ജിന്നുകളെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. നാം കാണുന്നില്ല എന്നതിന്റെ പേരില്‍ ആ സൃഷ്ടിയെ നിഷേിക്കാനോ, അത് കാട്ടുവര്‍ഗക്കാരാണെന്ന് വ്യാഖ്യാനിക്കാനോ തുനിയേണ്ടതില്ല. അതെല്ലാം അതിവാദമാണ്.

മനുഷ്യന്റെ ശാരീരിക പ്രയാസങ്ങള്‍ക്ക് പല കാരണങ്ങളുണ്ട്. ജിന്നുബാധ നിമിത്തവും പ്രയാസങ്ങളുണ്ടാവാം എന്നതാണ് പ്രമാണങ്ങള്‍ നല്‍കുന്ന സൂചന. സൂറ: അല്‍ബക്വറഃ 275ാം സൂക്തം വിശദീകരിച്ച് അമാനി മൗലവി(റഹി) എഴുതി: ''പലിശ തിന്നുന്നവനെപ്പറ്റി ബാധനിമിത്തം പിശാച് മറിച്ച് വീഴ്ത്തുന്നവന്‍ എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ അവര്‍ എഴുന്നേല്‍ക്കുകയില്ല എന്നത്രെ അല്ലാഹു പറഞ്ഞത്. ഭ്രാന്തിനെ ഉദ്ദേശിച്ച് മസ്സ് എന്ന് അറബികള്‍ പറയാറുണ്ടായിരുന്നു. ബാധ, സ്പര്‍ശം എന്നൊക്കെയാണ് അതിന് വാക്കര്‍ഥം. പിശാചിന്റെ ബാധ നിമിത്തമാണ് ഭ്രാന്തുണ്ടാകുന്നത് എന്ന അവരുടെ ധാരണയില്‍ നിന്നാണ് ഭ്രാന്തിനെ ഉദ്ദേശിച്ച് ആവാക്ക് പ്രയോഗത്തില്‍ വന്നത്. ആധാരണ അനുസരിച്ചുള്ള പ്രയോഗം മാത്രമാണ് പിശാച് മറിച്ചു വീഴ്ത്തുക എന്ന വാക്ക്അഥവാ പിശാച് ആരെയും മറിച്ചു വീഴ്ത്തുന്നില്ലഎന്ന് ചിലര്‍ പറയുന്നു. പലകാരണങ്ങളാല്‍ ഈ അഭിപ്രായം ശരിവെക്കുവാന്‍ ന്യായം കാണുന്നില്ല'' (ക്വുര്‍ആന്‍ വിവരണം 1/443, പ്രസാ: കെ.എന്‍.എം മുജാഹിദ് സെന്റര്‍). ഇതാണ് മുജാഹിദുകളുടെ ഈ വിഷയത്തിലെ നിലപാട്. പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെടാത്ത ഒന്നിനെയും പിന്താങ്ങാതെയും പ്രമാണബദ്ധമായ കാര്യങ്ങളില്‍ ഒന്നിനെയും നിഷേധിക്കാതെയുമാണ് മുജാഹിദുകള്‍ മുന്നോട്ട് പോകുന്നത്. കുറ്റ്യാടി സംഭവത്തിന്റെ പേരില്‍ നിരപരാധികളെ അപരാധികളാക്കുന്ന ചില കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് അജ്ഞത കാരണമായിരിക്കാം. അവര്‍ക്ക് അല്ലാഹു സല്‍ബുദ്ധി നല്‍കട്ടെ എന്നു പ്രാര്‍ഥിക്കാം.

അതേസമയം ജിന്നുബാധയേറ്റവനെ എങ്ങനെ ചികിത്സിക്കും എന്ന ഒരു ചോദ്യവും ഇവിടെയുണ്ട്. അവരെ മന്ത്രവാദികളുടെ അടുത്തേക്കും ഹോമകുണ്ഡങ്ങളിലേക്കും തള്ളിവിടുകയാണോ വേണ്ടത്? 'അതെ' എന്ന ഉത്തരം ബുദ്ധിയും വകതിരിവുമുള്ള വിശ്വാസികള്‍ പറയില്ല. കാരണം അവര്‍ ഇവരുടെ വിശ്വാസവും മാനവും നഷ്ടപ്പെടുത്തും. ചിലപ്പോള്‍ ജീവനും നഷ്ടമായേക്കും. എങ്കില്‍ എന്തുചെയ്യണം?

ഈ വിഷയത്തില്‍ കെ.എന്‍.എമ്മിന്റെ നിലപാട് ഏറെ ശ്രദ്ധേയമാണ്. കെ.എന്‍.എം പ്രസിദ്ധീകരണാലയമായ 'യുവത' പുറത്തിറക്കിയ ഗ്രന്ഥത്തില്‍ പറയുന്നു: ''എന്നാല്‍ ക്വുര്‍ആനിലെ ആയത്തുകള്‍, അല്ലാഹുവിന്റെ നാമങ്ങള്‍, ഗുണങ്ങള്‍, നബി(സ)യില്‍ നിന്ന് ലഭിച്ചിട്ടുള്ള പ്രാര്‍ഥനകള്‍ എന്നിവയെ കൊണ്ട് മേല്‍പറഞ്ഞ അവസരങ്ങളില്‍ മാരണമോ, പിശാച് ബാധയോ ഏറ്റിട്ടുണ്ടെന്ന് വിചാരിക്കപ്പെടുന്ന അവസരത്തില്‍ ചികിത്സ നടത്തുന്നതുകൊണ്ട് ദോഷമില്ല'' (കെ.എം മൗലവിയുടെ ഫത്‌വകള്‍, പേജ്:18).

ഈ ഫത്‌വാ സമാഹാരത്തെ കുറിച്ച് കെ.ജെ.യു വര്‍ക്കിംങ്ങ് പ്രസിഡന്റായ സി.പി ഉമര്‍ സുല്ലമിയുടെ വാക്കുകള്‍ കാണുക: ''ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ മുസ്‌ലിം സമൂഹം ആചരിച്ചുകൊണ്ടിരിക്കുന്ന ദീനിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടും ശരിയായ ചിത്രം അവര്‍ക്കുമുന്നില്‍ തുറന്നു വച്ചുകൊണ്ടും മൗലവി സാഹിബ് നല്‍കിയ മതവിധികള്‍ (ഫത്‌വ) ഇന്നും പ്രസക്തമായി നില്‍ക്കുന്നു'' (ആമുഖം).

ഈയൊരു നിലപാടില്‍ സമൂഹം നിലയുറപ്പിച്ചാല്‍ അപകടം വരില്ലായിരുന്നു. പക്ഷേ, ഒരു ഭാഗത്ത് നിഷേധവും മറുഭാഗത്ത് അതിവാദങ്ങളുമാണ് മന്ത്രവാദികള്‍ക്ക് വളരാന്‍ ഇടനല്‍കിയത്.

ശരിയായ ചികിത്സയുടെ ചിത്രം കെ.എന്‍.എം മുഖപത്രമായ 'അല്‍മനാര്‍' മാസിക പഠിപ്പിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: ''ഇതൊക്കെ കേള്‍ക്കുമ്പോള്‍ എല്ലാ മന്ത്രങ്ങളും ഇതുപോലെയുള്ളതാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍ ചിന്തിക്കുമ്പോള്‍ അനുവദിക്കപ്പെട്ട ചില മന്ത്രങ്ങളുണ്ട്. അതിനെ നിഷേധിക്കുവാനോ തള്ളിക്കളയുവാനോ നമുക്ക് പാടുള്ളതല്ല. മതത്തില്‍ അനുവദിക്കപ്പെട്ട മന്ത്രത്തിനാണ് 'റുക്വ്‌യ ശറഇയ്യ' എന്നു പറയുന്നത്. 'റുക്വ്‌യ ശറഇയ്യ' എന്ന പദത്തിന്റെ അര്‍ഥം ശറഇയ്യായ മന്ത്രം എന്നാണ്. ചില വാചകങ്ങള്‍ ശബ്ദം താഴ്ത്തി ഉരുവിടുന്നതിനാണല്ലോ സാധരണയായി മന്ത്രം എന്ന് പറയാറുള്ളത്. അതനുസരിച്ച് മന്ത്രിക്കാര്‍ അനുവദിക്കപ്പെട്ട വാചകങ്ങള്‍ ശബ്ദം താഴ്ത്തിചൊല്ലുകയും തുടര്‍ന്ന് ആരെയാണോ മന്ത്രിക്കുന്നത് അയാളുടെ ശരീരത്തില്‍ ഹ്രസ്വമായി ഊതുകയും ചെയ്യുക. മന്ത്രത്തെപ്പറ്റി ഒരേകദേശ രൂപം ഇതില്‍ നിന്ന് മനസ്സിലായിക്കാണുമല്ലോ'' (അല്‍മനാര്‍, 2014 ആഗസ്റ്റ്, പേജ് 9).

മന്ത്രവും മന്ത്രവാദവും തമ്മില്‍ വ്യത്യസമുണ്ട് എന്നു സാരം. അതുതന്നെയാണ് ശരി. സ്വശരീരത്തില്‍ ഊതിയോ രോഗിയുടെ ശരീരത്തില്‍ ഊതിക്കൊടുത്തോ മന്ത്രിക്കാം. വീണ്ടും എഴുതുന്നു: ''അപ്പോള്‍ അപൂര്‍വമായിട്ടെങ്കിലും ജിന്നുബാധയേറ്റവരും ഉണ്ടായിരിക്കുമല്ലോ. അത്തരം ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവരെകൊണ്ട് (കൗണ്‍സിലര്‍മാരെക്കൊണ്ട്‌ലേഖകന്‍) കഴിയുമോ എന്ന് സംശയിച്ചേക്കാം. ഇല്ല എന്നുതന്നെയാണ് നമുക്ക് പറയാനുള്ളത്. എങ്കില്‍ പിന്നെ ജിന്നുബാധയേറ്റവരുടെ പ്രശ്‌നം എങ്ങനെ പരിഹരിക്കും? അത് നാം മുമ്പ് സൂചിപ്പിച്ചതാണ്. അതായത് ജിന്ന്ബാധയാണ് ഏറ്റിരിക്കുന്നതെന്ന് ഉറപ്പിച്ചു മനസ്സിലാക്കാവുന്ന ഒരു മാര്‍ഗവും നമ്മുടെ മുമ്പിലില്ല. മറ്റു ചികിത്സകളൊന്നും ഫലിക്കാതെ വരുമ്പോള്‍ ജിന്ന്ബാധയേറ്റതായിരിക്കാമെന്ന നിഗമനത്തിലെത്താവുന്നതാണ്. എന്നാല്‍ ഇസ്‌ലാമിക വീക്ഷണത്തില്‍ ഇതിന് ഒരേയൊരു പ്രതിവിധിയേയുള്ളു. അതാകട്ടെ അനുവദിക്കപ്പെട്ട മന്ത്രങ്ങള്‍ ഉരുവിട്ടു ശരീരത്തില്‍ ഊതുക എന്നതാണ്. വീട്ടുകാരില്‍ ആര്‍ക്കെങ്കിലും അത് നിര്‍വഹിക്കാവുന്നതാണ്. അറിയാത്തവര്‍ക്ക് അറിയാവുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതുമാണ്'' (അല്‍മനാര്‍, 2014 സെപ്തംബര്‍).

ഈ ശരിയായ രീതിയാണ് സമൂഹം സ്വീകരിക്കേണ്ടത്. എങ്കില്‍ മന്ത്രവാദികളെയും മുഴുവന്‍ അത്മീയ ചൂഷകന്മാരെയും ജനം കയ്യൊഴിക്കുന്ന കാലം വരും. മതത്തില്‍ അനുവദിക്കപ്പെട്ടതിന്റെ വാതിലുകള്‍ അടക്കാന്‍ ശ്രമിക്കുമ്പോഴാണ് അനുവദിക്കപ്പെടാത്ത വാതിലുകല്‍ തുറക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നത്. അത്തരം ശ്രമങ്ങള്‍ നടത്തുന്നവരെ സമൂഹം ഒന്നിച്ച് എതിര്‍ക്കേണ്ടതാണ്. കാരണം മന്ത്രവാദികള്‍ ഹനിക്കുന്നത് മനുഷ്യന്റെ സ്വസ്ഥതയെയാണ്. അവര്‍ ചൂഷണം ചെയ്യുന്നത് മനുഷ്യന്റെ വിശ്വാസത്തെയാണ്. അവര്‍ ലക്ഷ്യമിടുന്നത് മനുഷ്യന്റെ പണത്തെയാണ്. അതിനാല്‍ നമുക്കൊന്നിച്ചു പറയാം; മന്ത്രവാദികളും മറ്റു ആത്മീയ ചൂഷകരും മനുഷ്യന്റെ ശത്രുവാണ്, ഈ നാടിന്റെ ശത്രുവാണ്.

0
0
0
s2sdefault