മനോരോഗികള്‍ മദിക്കുന്ന മഖ്ബറകള്‍

ഡോ. സി.എം സാബിര്‍ നവാസ് 

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

മനസ്സിനെ മരവിപ്പിച്ച വേദനാജനകമായ രണ്ട് സംഭവങ്ങള്‍ പുറത്ത് വന്നത് അടുത്തടുത്ത ദിവസങ്ങളിലാണ്. മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍ ജീവന്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ മൃതദേഹം മാസങ്ങളോളം സൂക്ഷിച്ച സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ ഇനിയും മുക്തരായിട്ടില്ല. ഏത് നിമിഷവും ജീവന്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ മൃതദേഹവുമായി കാത്തിരുന്ന കുടുംബത്തിന്റെ മാനസികാവസ്ഥയെ കുറിച്ച ചര്‍ച്ച സജീവമായി ഉയരുന്നതിനിടയിലാണ് കോഴിക്കോട് മടവൂര്‍ മഖാമിലെ സ്‌കൂള്‍ വിദ്യാര്‍ഥി അബ്ദുല്‍ മാജിദ് ക്രൂരമായി കൊല ചെയ്യപ്പെട്ട വിവരം പുറംലോകം അറിയുന്നത്.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി മനോരോഗത്തിന് അടിമായായിരുന്നു എന്നതാണ് മഖാം അധികൃതര്‍ പുറത്ത് വിടുന്ന ന്യായം. ഇവിടെയാണ് മനോരോഗവും മഖ്ബറ വ്യവസായവും തമ്മിലുള്ള ബന്ധം ചര്‍ച്ചക്ക് ഭവിക്കേണ്ടത്. മാനസികരോഗങ്ങള്‍ പലവിധമുണ്ടെങ്കിലും അക്കൂട്ടത്തില്‍ ഏറ്റവും തീവ്രത കൂടിയൊ ദണ്ണം വ്യാജ ആത്മീയതയാണെന്ന് പറയാതെ വയ്യ.

മതത്തിന്റെയും ഭക്തിയുടെയും പേര് പറഞ്ഞ് പാമര ജനങ്ങളെ തീവ്രമായ മാനസികരോഗങ്ങള്‍ക്ക് അടിമപ്പെടുത്തുകയാണ്, അന്യരുടെ ആശയും കീശയും ചൂഷണം ചെയ്ത് കൊഴുത്തു വീര്‍ക്കുന്ന ശവ കുടീര വ്യവസായികള്‍. ദുര്‍ഘട ഘട്ടങ്ങളില്‍ സഹായമരുളാനും പ്രതിസന്ധികളില്‍ പ്രതീക്ഷ നല്‍കാനും പര്യാപ്തനായ പടച്ച റബ്ബിെന കയ്യൊഴിഞ്ഞ് പടപ്പുകളുടെ പിന്നാലെ പായുന്നവര്‍ക്ക് മാനസിക സന്തുലനം നഷ്ടപ്പെടുമെന്ന തിരിച്ചറിവാണ് രണ്ട് സംഭവങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നത്.

മരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ദുര്‍ഗന്ധം വമിച്ച് വീടും പരിസരം ചീഞ്ഞളിഞ്ഞിട്ടും മൃതദേഹത്തെ അനാദരിച്ച് പ്രാര്‍ഥനയും പൂജയുമായി കഴിഞ്ഞ് കൂടിയ കുടുംബം ഉദ്ബുദ്ധമെന്ന് അവകാശപ്പെടുന്ന നമ്മുടെ സമൂഹത്തെ തുറിച്ച് നോക്കുന്ന ചോദ്യചിഹ്നങ്ങളാണ്. മൃതദേഹം മാന്യമായി സംസ്‌ക്കരിച്ച് അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ച് നല്ല നിലയില്‍ ജീവിതം തുടര്‍ന്നാല്‍ പരലോകത്ത് ജീവിതം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതിന് പകരം മഖ്ബറകളില്‍ നിന്ന് കിട്ടിയ വ്യാജ സന്ദേശമാണ് ഈ കുടുംബത്തെ കേരളത്തിന്റെ കണ്ണീരാക്കി മാറ്റിയത്.

കേരളത്തിനകത്തും പുറത്തുമുള്ള മഖ്ബറകളിലേക്ക് ജനങ്ങളെ ആകര്‍ഷിച്ച് വന്‍തോതില്‍ വ്യവസായം വിപുലീകരിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ മാനസികരോഗികളുടെ വര്‍ധിതമായ ജനസംഖ്യ കൊണ്ട് ഉല്‍ബുദ്ധ കേരളം വീര്‍പ്പുമുട്ടേണ്ടി വരും. സിയാറത്ത് ടൂര്‍ എന്ന് ഓമനപ്പേരിട്ട് ജാറത്തില്‍ കള്ളക്കറാമത്ത് കഥകള്‍ പ്രചരിപ്പിച്ച് സാധാരണക്കാരുടെ വിശ്വാസവും ജീവിതവും കവര്‍ന്നെടുക്കുന്ന മതമുതലാളിമാരെ ഒറ്റപ്പെടുത്താന്‍ കക്ഷി ഭേദങ്ങള്‍ക്കതീതമായ പരിഹാര ശ്രമങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്.

0
0
0
s2sdefault