മനസ്സുമാറ്റിയ യാത്ര

ഇബ്‌നു അലി എടത്തനാട്ടുകര

2017 ആഗസ്ത് 26 1438 ⁠⁠ദുൽഹിജ്ജ 04

ഒരകന്ന ബന്ധുവുണ്ട്. കഠിനാധ്വാനി. വെയില്‍കൊണ്ട് ദീര്‍ഘകാലം പണിയെടുത്തിട്ടെന്നോണം ഇരുണ്ട ബലിഷ്ഠ ദേഹം. സ്വന്തം കൃഷിയിടത്തില്‍ കവുങ്ങ്, തെങ്ങ്, പച്ചക്കറി, റബ്ബര്‍ തുടങ്ങി വിവിധയിനം കൃഷികളില്‍ സദാസമയവും സജീവം. കാലത്ത് തുടങ്ങുന്ന അധ്വാനം വൈകുന്നേരം വരെ നീളും. കൂട്ടത്തില്‍ കുടുംബവും പങ്കെടുക്കണമെന്ന് നിര്‍ബന്ധം. അത് കൊണ്ട് തന്നെ മക്കള്‍ക്കും പിടിപ്പത് പണിയായിരിക്കും. എത്രയെടുത്താലും പോരായെന്ന മട്ടില്‍ ജോലിക്ക് മേല്‍ ജോലി.  

ആളൊരു സരസഭാഷകനായിരുന്നെങ്കിലും മക്കളോടങ്ങനെയായിരുന്നില്ല. ചീത്ത പറയുന്നതിനോ വേണ്ടി വന്നാല്‍ കായിക പ്രയോഗത്തിനോ അയാള്‍ക്ക് മടിയൊട്ടുമുണ്ടായിരുന്നില്ലത്രെ. മക്കള്‍ മാറിത്താമസിക്കാന്‍ തുടങ്ങിയത് ഇക്കാരണം കൊണ്ടായിരുന്നുവെന്ന് വേണം പറയാന്‍.

പണം ചെലവഴിക്കാനും മടിയുണ്ടായിരുന്നു. വാശിയില്‍ ഗവേഷണം നടത്തുന്ന പോലുള്ള സ്വഭാവമുണ്ടായിരുന്നത് കൊണ്ട് നിസ്സാര കാരണങ്ങളാല്‍ സഹോദരി-സഹോദരങ്ങളോട് പോലും മിണ്ടാതെ നടന്നു കൊല്ലങ്ങള്‍.

അങ്ങനെയിരിക്കെയാണ് വിശുദ്ധ വിളിക്ക് ഉത്തരം നല്‍കാന്‍ മനസ്സലിവ് വന്നത്. ഹജ്ജിനായി യാത്ര തിരിച്ചു.

കഅ്ബയും മിനായും അറഫയും മുസ്തലിഫയുമെല്ലാം കണ്‍നിറയെ കണ്ടു. ഹജ്ജിന്റെ കര്‍മങ്ങള്‍ യഥാവിധി പൂര്‍ത്തിയാക്കി. തിരിച്ച് നാട്ടിലെത്തിയത് തികച്ചും മറ്റൊരു മനുഷ്യനായിരുന്നു. കൊച്ചുകുട്ടികളെപ്പോല്‍ നിഷ്‌കളങ്കമായ പെരുമാറ്റമായിരുന്നു ശേഷമെന്ന് രക്തബന്ധുക്കള്‍ സാക്ഷ്യംവഹിച്ചു. വാശികളും കാര്‍ക്കശ്യവും മാഞ്ഞ്, നന്മ നിറഞ്ഞ സുമനസ്‌കനായി ഇടയ്ക്കിടെ അദ്ദേഹത്തെ കാണാറുണ്ട്. പൊതുവെ എന്നോട് പണ്ടും ലോഹ്യത്തിലായിരുന്നെങ്കിലും ഇപ്പോള്‍ അതൊന്ന് കൂടി സൗമ്യവും തീവ്രവുമായി അനുഭവപ്പെടുന്നു.

ചില ധാരണകളുടെയും ജാഡകളുടെയും നേര്‍ത്ത പുതപ്പ് പലരെയും മൂടിയതായി തോന്നാറുണ്ട് ചിലപ്പോള്‍. മോശമല്ലാത്ത ആരോഗ്യം, അല്ലെങ്കില്‍ കൂടിയ വിദ്യാഭ്യാസം, ഉയര്‍ന്ന ജോലി, അതുമല്ലെങ്കില്‍ സാമ്പത്തിക ഔന്നത്യം... ഇങ്ങനെ പലതുമായിരിക്കും അതിന് കാരണം. പ്രസംഗിക്കാനോ എഴുതാനോ പാടാനോ വരയ്ക്കാനോ   നേതൃത്വം വഹിക്കാനോ ഒക്കെയുള്ള കഴിവുകളും ചിലരെ  അഹംഭാവികളാക്കാനും മറ്റുള്ളവരെ നിസ്സാരന്മായി കാണാനും കാരണമാകാറുണ്ട്. 

ചിലപ്പോള്‍ എനിക്കും തോന്നാറുണ്ട് മേല്‍പറഞ്ഞ കഴിവുകളില്‍ ചിലത് ചെറിയ അളവില്‍ എന്നിലുമില്ലേ എന്നും അവ എന്നെയും ജാഡയുടെ നേര്‍ത്ത ആവരണമിടുവിക്കുന്നില്ലേ എന്നും! 

വിനാശ ഹേതുവായ സ്വയം ചിന്തകളുടെ കറുത്ത മേലങ്കിയില്‍ നിന്ന് മോചിതനാകണമെന്നും  പാപരഹിതമായ ശൈശവ നിഷ്‌കളങ്കതയുടെ മുന്‍കാലത്തിലേക്ക് വീണ്ടും എത്തണമെന്നും ഞാനും മോഹിക്കുന്നുണ്ട്. അതിനായി പ്രാര്‍ഥിക്കാറുണ്ട്. ഹജ്ജിന് പുറപ്പെടുന്ന ഓരോരുത്തരും ഈ ആഗ്രഹം വെച്ചുപുലര്‍ത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുക. തല്‍ബിയ്യത്ത് ചൊല്ലുന്ന ജനലക്ഷങ്ങൡ ഒരാളായി അലിഞ്ഞുചേരാന്‍ ഞാനും തയ്യാറായിക്കഴിഞ്ഞു.

0
0
0
s2sdefault