മനസ്സ് മാറിക്കിട്ടാന്‍

പ്രൊഫ: ഹാരിസ്ബിന്‍ സലീം

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13
ചോദ്യം: മകള്‍ ഒരു യുവാവുമായി അടുപ്പത്തിലായി. വാശി പിടിച്ചപ്പോള്‍ അയാളുമായി വിവാഹ നിശ്ചയം നടത്തി. പക്ഷേ, ചില തടസ്സങ്ങള്‍ വന്നു. അത് മുടങ്ങി. ഇപ്പോള്‍ അവള്‍ മറ്റൊരു യുവാവുമായി അടുപ്പത്തിലായിരിക്കുന്നു. അയാളുമായുള്ള വിവാഹം നടത്തിക്കൊടുക്കുവാന്‍ നിര്‍ബന്ധിക്കുന്നു. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? അവളുടെ മനസ്സു മാറാന്‍ എന്തുചെയ്യണം?

ഉത്തരം: പ്രായപൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം നടത്തണം. അത് നബി ﷺ യുടെ നിര്‍ദേശമാണ്. അല്ലെങ്കില്‍ വ്യാപകമായ കുഴപ്പങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പെണ്‍കുട്ടിക്ക് ഒരു ജീവിത പങ്കാളി ആവശ്യമാണെന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാക്കാന്‍ മറ്റെന്ത് തെളിവാണിനി വേണ്ടത്? ഒരു പെണ്‍കുട്ടിയില്‍ പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത് മുതല്‍ തന്നെ ഒറ്റപ്പെടലും മാനസിക പിരിമുറുക്കങ്ങളും തുടങ്ങും. അതിന്റെ അര്‍ഥം മനസ്സും ശരീരവും ഒരു ഇണയെ തേടുന്നു എന്നതാണ്. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ട് പോകുന്നത് അപകടമാണ്. ഇത്തരം അവിഹിത ബന്ധങ്ങളെ പല രക്ഷിതാക്കളും നിസ്സാരമായി കാണുകയാണ് ചെയ്യുന്നത്. 

കുട്ടികള്‍ക്കുള്ള ക്ലാസ്സില്‍ പ്രേമ വിവാഹങ്ങളുടെ ദുരന്തങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു കുട്ടി ചോദിച്ചു; മാതാപിതാക്കള്‍ക്ക് ഇഷ്ടമാണെങ്കില്‍ കുഴപ്പമുണ്ടോ എന്ന്! മാതാപിതാക്കളുടെ സമ്മതത്തോടെ നടക്കുന്ന പ്രേമങ്ങളുണ്ടെന്നത് ശരിതന്നെയാണ്. അവിഹിത ബന്ധങ്ങള്‍ ഉണ്ടാക്കുന്നവന്‍ എത്ര യോഗ്യനാണെങ്കിലും നമ്മുടെ മകളെ വിവാഹം കഴിക്കുവാന്‍ അയാള്‍ തീര്‍ത്തും അയോഗ്യനാണ്. നമ്മുടെ മരുമകന് ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മറ്റെന്ത് ഗുണങ്ങള്‍ അയാള്‍ക്കുണ്ടെങ്കിലും അയാളെ അംഗീകരിക്കാന്‍ നമുക്ക് കഴിയുമോ? ജോലിയോ പ്രായമോ സൗന്ദര്യമോ എത്ര തന്നെയുണ്ടെങ്കിലും വിശ്വാസ്യതയില്ലെങ്കില്‍ ആ ബന്ധത്തില്‍ എന്ത് സുരക്ഷിതത്വമാണുള്ളത്? 

നിരന്തരം കാമുകന്മാരെ കണ്ടെത്തുകയും അത് തന്നെ നടക്കണമെന്ന് വാശി പിടിക്കുകയും ചെയ്യുന്ന മകളുടെ മനസ്സ് മാറ്റാനുള്ള വഴിയാണ് ഈ പിതാവ് ചോദിക്കുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതിരിക്കാന്‍ നോക്കുന്നതാണ് എന്ന് പറഞ്ഞതുപോലെ അവിഹിത ബന്ധങ്ങളുണ്ടാകാതെ ശ്രദ്ധിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. നേരത്തെതന്നെ അവിഹിത ബന്ധങ്ങളുടെ അപകടങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. അവിഹിത ബന്ധങ്ങളില്‍ പെട്ട ആണ്‍കുട്ടികളെ രക്ഷിതാക്കള്‍ മനസ്സു മാറ്റാന്‍ കൗണ്‍സിലിങ്ങിന് വളരെ വിരളമായേകൊണ്ടു വരാറുള്ളൂ. കാരണം അവര്‍ക്ക് കാര്യമായ നഷ്ടമൊന്നും സംഭവിക്കാനില്ല. എന്നാല്‍ ഒരു പെണ്‍കുട്ടിയുടെ ഭാവി അപകടപ്പെടുത്തുന്നതില്‍ അവിഹിത ബന്ധങ്ങളെക്കാള്‍ വലുതായി മറ്റൊരു കാരണമില്ല. ഈ തിരിച്ചറിവില്ലാത്തത് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നു. താന്‍ ഇഷ്ടപ്പെട്ട പുരുഷന് എന്തോ കാര്യമായ സവിശേഷതകളുണ്ടെന്ന് തെറ്റുധരിച്ച പെണ്‍കുട്ടികളുണ്ട്. ഒരാണിന് പെണ്ണിനോട് തോന്നുന്ന ജീവശാസ്ത്രപരമായ ആകര്‍ഷണീയത എന്നതിനപ്പുറം അയാള്‍ക്ക് ഒരു പ്രത്യേകതയും ഇല്ല. ഇത്തരം ബന്ധങ്ങളുണ്ടാക്കുന്ന പുരുഷന്മാര്‍ അധികവും മനസ്സിന് രോഗമുള്ളവരായിരിക്കും. അവര്‍ക്ക് ഇതല്ലാതെയും ബന്ധങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. അത് ബോധ്യപ്പെട്ടാല്‍ മനസ്സിന് മാറ്റമുണ്ടാകാം. ചില പുരുഷന്മാരുടെ വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടാകാം. അതും മനസ്സ് മാറ്റത്തിന് സഹായകരമാണ്. മാതാവിനും പിതാവിനും അതൃപ്തി ഉണ്ടെന്നറിഞ്ഞാല്‍ തന്നെ ചില പെണ്‍കുട്ടികള്‍ പിന്മാറും. സ്‌നേഹപൂര്‍വമായ സംസാരങ്ങള്‍ക്കേ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയൂ.  കുറ്റപ്പെടുത്തലും മര്‍ദനങ്ങളും വാശി വര്‍ധിപ്പിക്കുവാനും കാമുകനിലേക്ക് കൂടുതല്‍ അടുക്കുവാനും വഴിയൊരുക്കും. നിരന്തരമായി മകളെ ഈ കാര്യത്തില്‍ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉമ്മമാര്‍ മനം മാറ്റത്തെ സഹായിക്കുന്നവരല്ല.

മനസ്സ് മാറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ദീനീബോധം തന്നെയാണ്. അവിഹിത ബന്ധത്തിലൂടെ വിവാഹത്തിലെത്തിയാല്‍ അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാതെ പോകുമോ എന്ന് ചിന്തിച്ച് പ്രേമത്തില്‍ നിന്ന് പിന്തിരിഞ്ഞ എത്രയോ പെണ്‍കുട്ടികളുണ്ട്. മാതാപിതാക്കള്‍ക്ക് തൃപ്തിയില്ലാത്തതിനാല്‍ അല്ലാഹുവും തൃപ്തിപ്പെടാതിരിക്കുമോ എന്ന് ചിന്തിച്ച് മാറിയവരും കുറവല്ല. മതപരമായി അറിവുള്ള ഒരു കൗണ്‍സിലറുടെ സഹായവും അല്ലാഹുവിന്റെ സഹായവുമുണ്ടെങ്കില്‍ മനസ്സ് മാറും. മാതാപിതാക്കളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുമെന്നാണല്ലോ ഹദീഥിലുള്ളത്. അല്ലാഹു മക്കളില്‍ നിന്ന് നമുക്ക് കണ്‍കുളിര്‍മ നല്‍കട്ടെ!

0
0
0
s2sdefault