മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 മെയ് 06 1438 ശഅബാന്‍ 9
മലപ്പുറം ജില്ല വര്‍ഗീയവാദികളുടെ നാടാണ് എന്ന വായ്ത്താരിക്ക് അതിന്റെ സ്ഥാപിതകാലം വരെ ചെന്നെത്തുന്ന പഴക്കമുണ്ട്. കുട്ടിപ്പാക്കിസ്ഥാനെന്നും മാപ്പിളസ്ഥാനെന്നുമുള്ള അപരനാമങ്ങളെ ശരി വെച്ചു കൊണ്ട് ഉത്തരവാദപ്പെട്ടവരുടെ സംസാരങ്ങള്‍ പക്വമതികളെ ചെറുതായൊന്നുമല്ല വേദനിപ്പിച്ചത്. മലപ്പുറത്തിന്റെ മനസ്സ് വര്‍ഗീയമാണോ? ഇതരരെ ഉള്‍ക്കൊള്ളുന്നതില്‍ അവിടുത്തുകാര്‍ അസഹിഷ്ണത കാണിക്കാറുണ്ടോ? ചരിത്ര യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനം.

മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ചില രാഷ്ട്രീയപ്രതികരണങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മലപ്പുറത്തിന്റെ ഉള്ളടക്കം. മലപ്പുറത്ത് ഒരു വിഭാഗം നേടിയ വിജയത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാനും അതിലെ ശരിതെറ്റുകളെ വിലയിരുത്താനും പരാജയപ്പെട്ട കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, വിമര്‍ശനം ഒരു ജില്ലയെ തന്നെ താറടിക്കുന്ന തരത്തിലാവുകയും വര്‍ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നതാണെങ്കില്‍ അത്തരം വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറയുമ്പോള്‍ ആ ജില്ലയില്‍ താമസിക്കുന്ന മുഴുവന്‍ മതവിഭാഗങ്ങളെയും മനുഷ്യരെയും അധിക്ഷേപിക്കുന്നതിനു തുല്യമാണ്. 

ഒരുപാട് സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണാണ് മലപ്പുറം. പക്ഷേ, പോരാട്ടങ്ങളിലൊന്ന് പോലും വര്‍ഗീയമായ പോരാട്ടങ്ങളായിരുന്നില്ല. അധിനിവേശ ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാനും അന്യായമായി കയ്യടക്കി വെച്ചിരുന്ന സ്വത്തുക്കള്‍ അതിന്റെ അവകാശികള്‍ക്ക് നല്‍കുന്നതിനുവേണ്ടിയുമൊക്കെയുള്ള പോരാട്ടങ്ങളായിരുന്നു അത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്ത്വത്തിലൂടെ പോരാട്ടങ്ങളില്‍ ചിലതിനെ വര്‍ഗീയമാക്കാനുള്ള അധിനിവേശ ശക്തികളുടെ ഭാഗമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടാറുണ്ടെങ്കിലും മലപ്പുറത്തെ ജനങ്ങള്‍ വര്‍ഗീയതയെ ഒരു നിലയ്ക്കും അംഗീകരിക്കാത്തവരാണ്. മതപരമായ വൈജാത്യങ്ങളും അഭിപ്രായാന്തരങ്ങളുമൊക്കെ സജീവമായി നിലനില്‍ക്കുമ്പോഴും വിശ്വാസങ്ങള്‍ക്കതീതമായി പരസ്പരം സ്‌നേഹിക്കാന്‍ മാത്രം ശീലിച്ചവരാണ് ആ നാട്ടുകാര്‍. 

മലപ്പുറം ഉള്‍ക്കൊള്ളുന്ന മലബാറിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഭൂമിയെ കുറിച്ചുള്ള അവകാശവാദങ്ങളും തര്‍ക്കങ്ങളും വളരെയധികം നിലനിന്നിരുന്ന പ്രദേശമായിരുന്നു അത്. ബ്രഹ്മസ്വത്തിന്റെ പേരില്‍ ബ്രാഹ്മണരായിരുന്നു ഭൂസ്വത്തുക്കളിലധികവും കൈവശം വെച്ചിരുന്നത്. 90 ശതമാനം ബ്രഹ്മസ്വത്തിനും ശിഷ്ടം വരുന്ന 10 ശതമാനം ദേവസ്വത്തിനുമായിരുന്നു. ടിപ്പു സുല്‍ത്താന്‍ ഭൂസ്വത്തുക്കള്‍ക്ക് നികുതി നടപ്പാക്കിയതോടെ ജന്മിമാരില്‍ അധികപേരും മലബാര്‍ വിട്ടുപോവുകയും പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് ഭൂമിയുടെ അവകാശികളായിരുന്ന കുടിയാന്മാരെ ഇറക്കിവിട്ട് ഭൂസ്വത്തുക്കള്‍ ജന്മിമാര്‍ക്ക് തന്നെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള കലാപങ്ങള്‍ക്ക് കാരണമായി. 

ബ്രിട്ടീഷുകാരുടെ ആദ്യകാലത്ത് ബോംബെ പ്രോവിന്‍സിന്റെ ഭാഗമായിരുന്ന മലബാര്‍ പിന്നീട് മദ്രാസ് പ്രസിഡന്‍സി രൂപീകരിച്ചതോടെ മദ്രാസിന്റെ ഭാഗമായി. മലബാറിലെ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷമായിരുന്ന മാപ്പിളമാരില്‍ അധികവും കുടിയാന്മായിരുന്നു. ജന്മിമാര്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ശക്തമായി നിലയുറപ്പിച്ച മാപ്പിളമാര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ കനത്ത നിയമങ്ങള്‍ കൊണ്ടുവന്നു. മാപ്പിള ഔട്ട്‌റേജസ് ആക്ട് അതിലൊന്നായിരുന്നു. കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവായിരുന്നു അത്. ഇത് മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മിലുള്ള കനത്ത പോരാട്ടങ്ങള്‍ക്ക് വഴിതെളിയിച്ചു. മാപ്പിളമാരുടെ പോരാട്ടവീര്യങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും ബ്രിട്ടീഷുകാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ഭൂമിക്ക് വേണ്ടിയുള്ള അവകാശത്തിനായുള്ള ഈ പോരാട്ടത്തെ വര്‍ഗീയമായി അവതരിപ്പിച്ചു ഹിന്ദു മുസ്‌ലിം കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജ് 'മാപ്പിളമാരെ നമുക്ക് ഭരിക്കാനാവില്ല, അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്താലെന്താ' എന്നു ചോദിക്കുന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങള്‍ എത്തിപ്പെട്ടു. ഇപ്പോഴത്തെ മലപ്പുറം ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, വള്ളുവനാട് പ്രദേശത്തെ മാപ്പിള മക്കള്‍ ആയിരുന്നു മുഴുവന്‍ സമരവീര്യങ്ങളും പുറത്തെടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പ്രമുഖ സ്ഥാനം നല്‍കിയ മാപ്പിള ജനതക്ക് ജീവിത വ്യവഹാരങ്ങളിലും വിജ്ഞാന സമ്പാദനങ്ങളിലും മുമ്പോട്ട് കുതിക്കാന്‍ സാധിച്ചില്ല. നിരന്തരമായ പോരാട്ടങ്ങള്‍ ആ ജനതയുടെ പിന്നോക്കാവസ്ഥക്കുള്ള കാരണമായിത്തത്തീര്‍ന്നു. ചിലരെങ്കിലും ധരിക്കുന്ന പോലെ മലബാര്‍ സമരം ഒരിക്കലും ഒരു ഇസ്‌ലാമിക രാഷ്ട്രത്തിനായുള്ള പോരാട്ടമായിരുന്നില്ല. 

1956 നവംബര്‍ ഒന്നിന് ഐക്യകേരളം പിറന്നപ്പോള്‍ മുസ്‌ലിം സമുദായത്തില്‍ പെട്ട പണ്ഡിതന്മാരും നേതാക്കളും ഇതര മതവിഭാഗങ്ങളിലെ ഉന്നതരുമെല്ലാം ഏറനാടിന്റെയും വള്ളുവനാടിന്റെയും പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പ്രവിശാലവും ജനനിബിഡവുമായ ഒരു പ്രദേശത്തെ പിന്നോക്കാവസ്ഥ പരിഹരിക്കണമെങ്കില്‍ ഭരണസംവിധാനങ്ങളുമായി കൂടുതല്‍ അടുക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ആസൂത്രണങ്ങളും അനിവാര്യമായിരുന്നു. ഭരണസിരാകേന്ദ്രങ്ങളെ പ്രാപിക്കുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കാത്ത വിധം അകലെയായിരുന്നു. മലപ്പുറത്തെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് പാലക്കാട് നഗരം വരെ യാത്ര ചെയ്തു തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മലപ്പുറം കേന്ദ്രമാക്കി ഒരു ജില്ല വേണമെന്ന ആവശ്യമുയരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഭൂമിയിലെ അവകാശത്തിനുമായി പോരാട്ടം നടത്തിയ ഒരു ജനതയെ വിദ്യഭ്യാസപരമായും സാമൂഹികവുമായും മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തെ ഒരു ദേശീയ പ്രശ്‌നമായി ഏറ്റെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടവരാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. പക്ഷേ, ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം മലപ്പുറത്തിനെതിരെ അനാവശ്യമായ പ്രചാരണങ്ങളും ആശങ്കകളും സൃഷ്ടിക്കുകയാണ് പലരും ചെയ്തത്. കുട്ടിപാക്കിസ്ഥാന്‍, മാപ്പിളസ്ഥാന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തി ജില്ലാരൂപീകരണത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു പലരും. മലപ്പുറം ജില്ല വന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും അറബിക്കടല്‍ തീരം വഴി ഭീകരവാദികള്‍ നുഴഞ്ഞുകയറുമെന്നും ആയുധക്കടത്തുകള്‍ ഉണ്ടാവുമെന്നും അത് കേരളത്തിനും ഇന്ത്യക്കും ഭീഷണിയാവുമെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങള്‍. അക്കാലത്ത് മാതൃഭൂമി പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: ''നിര്‍ദിഷ്ടമായ മലപ്പുറം ജില്ല രൂപവത്കരിക്കപ്പെട്ടാല്‍ അത് ഒരു കൊച്ചു പാകിസ്ഥാനായിരിക്കും. മലപ്പുറത്തെ അമുസ്‌ലിംകളെ മുസ്‌ലിംകള്‍ ശല്യപ്പെടുത്തിവരുന്നുണ്ട്. ആയിരക്കണക്കിന് അമുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്ത് മുസ്‌ലിംകളാക്കുന്ന ഒരു ഇസ്‌ലാമിക സംഘടന പൊന്നാനിയില്‍ ഉണ്ട്. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ലാ രൂപീകരണത്തോടെ അവിടെ തീരദേശബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ...'' (മാതൃഭൂമി ദിനപത്രം, 1969 ജൂണ്‍ 6).

പ്രാദേശിക സൗകര്യാര്‍ഥം രൂപപ്പെട്ട ഒരു ആശയമായിരുന്നു മലപ്പുറം ജില്ല എന്ന ആശയം. പാലക്കാടുമായി ബന്ധപ്പെടാനുള്ള വൈഷമ്യം ഉള്‍ക്കൊണ്ടുകൊണ്ട് പാങ്ങില്‍ കുറുവ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. ബാപ്പുട്ടിയാണ് ആദ്യമായി ഈ ആശയം ഒരു പ്രമേയമായി അവതരിപ്പിച്ചത്. ഇത് 1960ല്‍ ആയിരുന്നു. പിന്നീട് തിരുവിതാംകൂറുകാരനായിരുന്ന മങ്കട എം.എല്‍.എ. അഡ്വ. പി. അബ്ദുല്‍ മജീദ് നിയമസഭയില്‍ ഈ കാര്യം ഉന്നയിച്ചു. ബാഫഖി തങ്ങള്‍, സി.എച്ച്. മുഹമ്മദ്‌കോയ, എം.പി.എം. അഹ്മദ് കുരിക്കള്‍ എന്നിവര്‍ ഈ വിഷയത്തില്‍ ശക്തമായി ഇടപെട്ടു. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് മലപ്പുറം ജില്ലക്കാരനായിരുന്നു. തുടക്കത്തില്‍ ജില്ലയെ അദ്ദേഹം അനുകൂലിക്കുകയും ചെയ്തിരുന്നു.

നേരത്തെ സൂചിപ്പിച്ച പോലെ ഒരു ജില്ല പിറന്നാല്‍ അതൊരു സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്ന പ്രചാരണത്തിന് പിന്നില്‍ പ്രധാനമായും ഭാരതീയ ജനസംഘമായിരുന്നു. ഒ. രാജഗോപാല്‍ ആയിരുന്നു ജില്ലക്കെതിരെയുള്ള വര്‍ഗീയ ആരോപണത്തിന് മുന്നില്‍ നിന്നത്. എന്നാല്‍ കേരളഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ. കേളപ്പന്‍ അടക്കമുള്ളവരും ഇത്തരം പ്രചാരണങ്ങളുടെ മുമ്പില്‍ നിന്നുവെന്നത് മതേതരസ്‌നേഹികളില്‍ വലിയ പ്രയാസം സൃഷ്ടിക്കുകയുണ്ടായി. അതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഈ വിഷയത്തില്‍ അക്കാലത്ത് മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്ത വായിക്കുന്നത് വളരെ പ്രസക്തമായിരിക്കും: 

''മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപവത്കരിക്കുന്നതില്‍ കാര്യമായ ഒരു തെറ്റുമില്ല. ജില്ലകളുടെ രൂപവത്കരണം സംസ്ഥാന ഗവണ്‍മെന്റുകളുടെ ചുമതലയാണ്. മലപ്പുറം ജില്ല രൂപവത്കരിക്കുന്നതില്‍ വര്‍ഗീയ പരിഗണനയൊന്നുമില്ലെന്ന് കേരള ഗവണ്‍മെന്റ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ല രൂപീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഒരു വിഭാഗം ആളുകള്‍ക്ക് എതിര്‍പ്പുള്ളതായി കേന്ദ്ര ഗവണ്‍മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല രൂപീകരിക്കുന്നത് ആശാസ്യമല്ലെന്ന് ശ്രീ. എസ്.എസ് ഭണ്ഡാരി(ജനസംഘം)യുടെ അഭിപ്രായം ചവാന്‍ തള്ളിക്കളഞ്ഞു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപീകരിക്കുന്നത് ദേശീയ താല്‍പര്യത്തിന് ഹാനികരമാണെന്ന ചിന്താഗതി നാം വളര്‍ത്തരുത്. ഇന്ത്യയില്‍ ന്യൂനപക്ഷമായ ഒരു വിഭാഗം പൗരന്മാരെപ്പറ്റി അടിസ്ഥാനപരമായ ദുഃശ്ശങ്കയുളവാക്കാന്‍ അത് ഇടയാക്കും'' (മലയാള മനോരമ, 1969 മാര്‍ച്ച് 26). ജില്ലയെ വര്‍ഗീയമായി കണ്ടവര്‍ക്കുള്ള തിരിച്ചടിയായി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും കേന്ദ്ര ഗവര്‍മെന്റിന്റെയും നിലപാടുകള്‍. 

സര്‍ക്കാരുകളുടെ പിന്തുണ ജില്ലാ രൂപീകരണത്തിന് അനുകൂലമായതോടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപീകൃതമായി. കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന തിരൂര്‍, ഏറനാട് താലൂക്കുകളും പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജില്ല രൂപീകരിച്ചത്. ആ ദിവസത്തെ 'അടിയറവെക്കല്‍ ദിന'മായി ആചരിക്കാന്‍ കെ. കേളപ്പന്‍ ആഹ്വാനം ചെയ്തുവെങ്കിലും ജില്ലയിലെ ജനങ്ങള്‍ ആ ആഹ്വനം തള്ളിക്കളഞ്ഞു. ജനസംഘം സമരം തുടര്‍ന്നെങ്കിലും ജില്ലാരൂപീകരണത്തോടെ അവര്‍ നടത്തിവന്നിരുന്ന പ്രചാരണങ്ങള്‍ ആസ്ഥാനത്തായിരുന്നുവെന്നു പൊതുസമൂഹത്തിനു ബോധ്യപ്പെട്ടതോടെ അവര്‍ക്ക് സമരം നിര്‍ത്തിവെക്കേണ്ടി വന്നു. താനൂര്‍ കടപ്പുറത്ത് ചാരക്കപ്പല്‍ കണ്ടെന്ന മാതൃഭൂമിയുടെ കുപ്രചാരണം പോലെയുള്ള പല സംഭവങ്ങളും പിന്നീടുണ്ടായെങ്കിലും വര്‍ഗീയതക്ക് സ്ഥാനമില്ലാതിരുന്ന മലപ്പുറത്തെ ജനമനസ്സുകളില്‍ അതൊന്നും സ്വാധീനം ചെലുത്തിയില്ല. 

മലപ്പുറം ജില്ല രൂപം കൊണ്ട ശേഷം പ്രദേശത്ത് എടുത്തുപറയാവുന്ന സാമുദായിക സംഘര്‍ഷങ്ങളോ കലാപങ്ങളോ ഉണ്ടായിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതവിഭാങ്ങള്‍ക്കിടയിലെ സൗഹാര്‍ദം നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തിനു തീവെച്ച സംഭവത്തെ തുടര്‍ന്ന് ഉണ്ടായേക്കാമായിരുന്ന ഒരു വലിയ വര്‍ഗീയ കലാപത്തെ ഇല്ലാതാക്കിയത് മുസ്‌ലിം സമുദായ നേതാക്കളുടെ പക്വമായ ഇടപെടലായിരുന്നു. മറ്റു ജില്ലകളില്‍ നിന്നും മലപ്പുറത്തെത്തുന്ന വിവിധ സമുദായങ്ങളില്‍ പെട്ടവര്‍ മലപ്പുറവുമായി ഇഴുകിച്ചേര്‍ന്നതാണ് പിന്നീടുള്ള ചരിത്രം. മലപ്പുറത്തെ ഭീതിയോടെ കണ്ടു കൊണ്ട് ജില്ലയിലേക്ക് കടന്നുവന്നവര്‍ മലപ്പുറത്തിന്റെ സ്‌നേഹമനസ്സിനെ മുക്തകണ്ഠം പ്രശംസിക്കുന്നവരായി. അത്രമാത്രം പരസ്പരം ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും സഹകരിച്ചു ജീവിക്കാനും ശീലിച്ചവരാണ് മലപ്പുറത്തുകാര്‍. ജാതി മത ചിന്തകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ടുള്ള അയല്‍പക്ക ബന്ധങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. നാരായണീയത്തിന്റെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയും, ജ്ഞാനപ്പാനയുടെ കര്‍ത്താവായ പൂന്താനവും മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും പിറന്ന നാടാണ് മലപ്പുറം. അധിനിവേശ വിരുദ്ധതക്ക് വേണ്ടി തൂലിക പടവാളാക്കി ഹിന്ദുവായ സാമൂതിരിയെ രാജാവായി വാഴിച്ച സൈനുദ്ധീന്‍ മഖ്ദൂമിന്റെയും സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആലി മുസ്‌ലിയാരുടെയും മുസ്‌ലിം നവോത്ഥാനത്തിന്റെ നായകനായിരുന്ന കെ.എം. മൗലവിയുടെയും കര്‍മഭൂമിയും മലപ്പുറം തന്നെ. 

ഇങ്ങനെയുള്ള മലപ്പുറത്തിന്റെ മനസ്സും ഉള്ളടക്കവും വര്‍ഗീയമാണെന്നു പറയുന്നവര്‍ രാഷ്ട്രീയ വിമര്‍ശനത്തിന് വേണ്ടി പറഞ്ഞതാണെന്ന് വിചാരിച്ചാല്‍ പോലും അതുകൊണ്ടുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ എന്തുമാത്രമായിരിക്കുമെന്നു മനസ്സിലാക്കേണ്ടതുണ്ട്. മലപ്പുറത്തിനെതിരെ ഇത്തരമൊരു പ്രസ്താവന വന്നിട്ടും അവിടുത്തെ ജനങ്ങള്‍ പ്രകോപിതരാകാതിരുന്നത് ആ ജില്ലയുടെ പാരമ്പര്യ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. 

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വാ തുറക്കുമ്പോള്‍ പറയുന്നതിന് മുമ്പ് ആലോചന അനിവാര്യമാണ്. ഒരു സമൂഹത്തെയോ സമുദായത്തെയോ പ്രദേശത്തെയോ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ എന്തുകൊണ്ടും അപലപനീയമാണ്. 

മതരംഗത്തും രാഷ്ട്രീയരംഗത്തും പലപ്പോഴും പ്രകടമാകുന്ന ഒരു ദുഃസ്വഭാവമാണ് തമ്മില്‍ തെറ്റിയാല്‍ അസഭ്യം പറയുകയെന്നത്. പക്വമതികള്‍ വിഹരിക്കേണ്ട മത, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകള്‍ ഇത്തരം വ്യക്തികള്‍ കയ്യടക്കുന്നത് തടയണമെങ്കില്‍ സാംസ്‌കാരിക ബോധമുള്ളവര്‍ പൊതുരംഗത്തേക്ക് കടന്നുവരേണ്ടതുണ്ട്. മാലാഖമാര്‍ കയറിച്ചെല്ലാന്‍ മടിക്കുന്നിടം ചെകുത്താന്മാര്‍ ഓടിക്കയറുമെന്ന ആപ്തമാക്യം ഇവിടെ സ്മരണീയമാണ്. മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) ഇപ്രകാരം പഠിപ്പിച്ചു: ''ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് മാത്രം പറഞ്ഞുകൊള്ളട്ടെ; അല്ലെങ്കില്‍ മൗനമവലംബിക്കട്ടെ.''

0
0
0
s2sdefault