മക്കള്‍ എന്ന പരീക്ഷണം

ശമീര്‍ മദീനി

2017 മെയ് 13 1438 ശഅബാന്‍ 16
'നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്'' (ക്വുര്‍ആന്‍ 64:15)

മക്കള്‍ ദൈവിക ദാനമെന്ന പോലെ ഒരു പരീക്ഷണവും കൂടിയാണ്. ധാര്‍മിക മര്യാദകള്‍ പകര്‍ന്നു  നല്‍കിക്കൊണ്ട് നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടു വന്നാല്‍ മക്കള്‍ ഇരുലോകത്തും അനുഗ്രഹവും അഭിമാനവുമായിരിക്കും. ചെറുപ്രായത്തില്‍ അവരുടെ ധാര്‍മിക ശിക്ഷണങ്ങളില്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ വലുതായാല്‍ അപമാനകരമായ പലതും അവരില്‍ നിന്നുണ്ടായേക്കാം. അപ്പോള്‍ ഖേദിച്ചിട്ടോ, അവരെ മാത്രം കുറ്റം പറഞ്ഞിട്ടോ കാര്യമുണ്ടാകില്ല എന്നത് പ്രത്യേകം ഓര്‍ക്കുക. ഭാവിയില്‍ തങ്ങള്‍ക്കും നാടിനും നാട്ടാര്‍ക്കുമൊക്കെ ഉപകരിക്കുന്ന നല്ല മക്കളായിരിക്കണം നമ്മുടെ മക്കള്‍ എന്നാഗ്രഹിക്കുന്ന ഏതൊരു മാതാവും പിതാവും അവരുടെ ശാരീരിക വളര്‍ച്ചയിലെന്ന പോലെ ധാര്‍മിക-സാംസ്‌കാരിക വളര്‍ച്ചയിലും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാചകന്മാരായ സകരിയ്യാ നബിൗയും ഇബ്‌റാഹീം നബിൗയും സന്താനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ പോലും അക്കാര്യം ശ്രദ്ധിച്ചതായി കാണാം. ക്വുര്‍ആന്‍ പറയുന്നു: 

''അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു'' (3:38).

ഇബ്‌റാഹീം നബിൗ പ്രാര്‍ഥിച്ചു: ''എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ'' (37:100).

മക്കളുമായി ബന്ധപ്പെട്ട് കുറെ കടമകള്‍ ഇസ്‌ലാം മാതാപിതാക്കളിലേല്‍പിക്കുന്നുണ്ട്. അവ കൃത്യമായി പാലിക്കാന്‍ തയാറായാല്‍ ഇരുലോകത്തും ഉപകരിക്കുന്ന നല്ല മക്കളായിത്തീരുമവര്‍ എന്നതാണ് യാഥാര്‍ഥ്യം.

നല്ല പേര് വിളിക്കുക, മക്കളുടെ ശുചിത്വം, രണ്ട് വയസ്സുവരെ മുലയുട്ടല്‍ എന്നിവയെല്ലാം അതില്‍ ചിലതു മാത്രമാണ്. തന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ മടിക്കുന്ന മാതാക്കള്‍ ആധുനിക ലോകത്ത് വര്‍ധിച്ചുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. ദൈവിക കല്‍പന നിരസിക്കുന്നതിന്റെ അനന്തരഫലവും മറുവശത്ത് നമുക്ക് കാണാവുന്നതാണ്. സ്‌നേഹവും ആരോഗ്യവുമില്ലാത്ത മക്കളും സ്തനാര്‍ബുദ രോഗികളായ മാതാക്കളുമൊക്കെ അതിന്റെ പ്രത്യാഘാതമാണെന്ന കണ്ടെത്തല്‍ നാം അവഗണിച്ചുകൂടാ.

തിരക്കിനിടയില്‍ മക്കളെ എടുക്കാനോ ചുംബിക്കാനോ ലാളിക്കാനോപോലും സമയമില്ലാത്ത; എല്ലാം വേലക്കാരികളെ ഏല്‍പിക്കുന്ന ആധുനിക സമൂഹം മതിയായ പ്രായശ്ചിത്തം ചെയ്യേണ്ടി വരുമെന്നതില്‍ സംശയമില്ല. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയില്‍ അവയ്‌ക്കൊക്കെ നിര്‍ണായ പങ്കുണ്ട്. നബി(സ്വ) ഒരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തങ്ങളുള്ള ആളായിരുന്നിട്ടുകൂടി മക്കളെ എടുക്കുവാനും ചുംബിക്കുവാനും അവരോടൊപ്പം കളിക്കുവാനുമൊക്കെ സമയം കണ്ടെത്തിയിരുന്നു.

അമിതലാളനയും അപകടമാണ്. ശാസനയും ഉപദേശവും വേണ്ടിടത്ത് അത് നല്‍കാനും നബി(സ്വ) ശ്രദ്ധിച്ചിരുന്നു. സ്‌നേഹത്തോടും മാന്യമായ രീതിയിലുമാണ് നബി(സ്വ) അത് നിര്‍വഹിച്ചത്. തങ്ങള്‍ ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങളിലും മറ്റുള്ളവരോട് പരാതി പറയുന്നവരാണ് മിക്ക മാതാപിതാക്കളും.

മക്കള്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പിക്കാതെ നീതിയോടെ വര്‍ത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനും ദരിദ്രരാക്കി വിട്ടേക്കാതെ സമ്പാദിച്ചു കൊടുക്കാനുമൊക്കെ ശ്രദ്ധിക്കുന്നതോടൊപ്പം ആദര്‍ശവും സംസ്‌കാരവും പകര്‍ന്നുകൊടുക്കാന്‍ ചെറുപ്പത്തിലെ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

മക്കള്‍ സ്രഷ്ടാവിന്റെ സമ്മാനവും അതേസമയം പരീക്ഷണവുമാണെന്ന ബോധം മാതാപിതാക്കള്‍ക്കുണ്ടാകണം. അവരുടെ സുഖത്തിനും ക്ഷേമത്തിനും വേണ്ടി പരലോകം മറന്നുള്ള ജീവിതം നയിച്ചുകൂടാ. അവരോടൊപ്പം സ്വര്‍ഗത്തിലെത്താനുള്ള താല്‍പര്യമാണ് മികച്ചു നില്‍ക്കേണ്ടത്.

0
0
0
s2sdefault