മകന്റെ സൗമ്യതയും പിതാവിന്റെ പരുഷതയും

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ഇബ്‌റാഹീം നബി(അ): 2

''തീര്‍ച്ചയായും ഇബ്‌റാഹീം സഹനശീലനും ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്'' (ക്വുര്‍ആന്‍ 11:75).

''നിഷ്‌കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു)'' (37:84).

''അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 4:125).

അല്ലാഹുവിന്റെ ഖലീല്‍ എന്ന സ്ഥാനം ഇബ്‌റാഹീം നബി(അ) ക്കും മുഹമ്മദ് നബി ﷺ ക്കുമാണ് നല്‍കപ്പെട്ടിട്ടുള്ളത്.

''(കടമകള്‍) നിറവേറ്റിയ ഇബ്‌റാഹീമിന്റെയും (53:37). അല്ലാഹുവുമായി ഏറ്റടുത്ത മുഴുവന്‍ കരാറും പൂര്‍ത്തിയാക്കിയെന്ന് അല്ലാഹുവാണ് അംഗീകരിക്കുന്നത്. ഹദീസുകളിലും ചില വിശേഷണങ്ങള്‍ കാണാം

അനസ്(റ)വില്‍ നിന്ന് നിവേദനം: ''ഒരാള്‍ അല്ലാഹുവിന്റെ ദൂതരുടെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു: 'ഓ, മനുഷ്യരിലെ ഏറ്റവും ഉത്തമരേ.' അപ്പോള്‍ റസൂല്‍ ﷺ  പറഞ്ഞു: 'അത് ഇബ്‌റാഹീം(അ)യാണ്.'

മനുഷ്യരില്‍ ഏറ്റവും ഉത്തമന്‍ മുഹമ്മദ് നബി ﷺ  തന്നെ ആയിരുന്നിട്ടും എന്തുകൊണ്ട് ഇബ്‌റാഹീം(അ)നെ കുറിച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞുവെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ''നബി ﷺ  പിതാവായ ഇബ്‌റാഹീം നബി(അ)യുടെ കൂടെ തന്റെ എളിമയും വിനയവും കാണിച്ചതാണിത്. നബി ﷺ  പറഞ്ഞത് പോലെ; 'നിങ്ങള്‍ മറ്റു പ്രവാചകന്മാരെക്കാള്‍ എന്നെ ശ്രേഷ്ഠനാക്കരുത്.' അവിടുന്ന് പറഞ്ഞു: 'മൂസയെക്കാള്‍ എന്നെ നിങ്ങള്‍ ശ്രേഷ്ഠനാക്കരുത്. കാരണം തീര്‍ച്ചയായും മനുഷ്യരെല്ലാം ക്വിയാമത്ത് നാളില്‍ ബോധരഹിതരായി വീഴും. അപ്പോള്‍ ഞാനായിരിക്കും ആദ്യം എഴുന്നേല്‍ക്കുന്നവന്‍. അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ അര്‍ശ് പിടിച്ച് നില്‍ക്കുന്നതായി മൂസായെ കാണും. എനിക്ക് മുമ്പ് എണീറ്റതാണോ അതോ ത്വൂറില്‍ വെച്ച് ബോധരഹിതനായത് ഇതിന് പകരമാണോ എന്ന് എനിക്ക് അറിയില്ല.' (ഇബ്‌നു കഥീര്‍ തുടരുന്നു:) 'ഇതൊന്നും ക്വിയാമത്ത് നാളില്‍ മനുഷ്യരുടെ നേതാവാണ് ഞാന്‍ എന്ന് മുതവാതിര്‍ കൊണ്ട് (ധാരാളം പരമ്പരകളിലൂട ഉദ്ധരിക്കപ്പെട്ടത്) സ്ഥിരപ്പെട്ടു വന്നതിന് എതിരാകുന്നില്ല.'

മുഹമ്മദ് നബി ﷺ ക്ക് മുമ്പ് നിയുക്തരായ എത്രയോ പ്രവാചകന്മാരുണ്ടായിട്ടും പല പ്രാര്‍ഥനകളിലൂടെയും നാം ഏറ്റവും കൂടുതല്‍ സ്മരിക്കുന്നത് ഇബ്‌റാഹീം(അ)നെയാണ്. പ്രാഭാതത്തിലെ പ്രാര്‍ഥനയില്‍ നാം ആ പേര് സ്മരിക്കുന്നു. നമസ്‌കാരത്തിലെ തശഹ്ഹുദിലും നാം ആ പേര് സ്മരിക്കുന്നുണ്ട്. എന്താണ് മറ്റു പ്രവാചകന്മാരുടെ പേരുകളൊന്നും സ്മരിക്കാതെ ഇബ്‌റാഹീം(അ)ന്റെ പേര് പരാമര്‍ശിക്കാനുള്ള കാരണം എന്ന് പണ്ഡിതന്മാര്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.

ക്വിയാമത്ത് നാളില്‍ അല്ലാഹു മനുഷ്യരെയെല്ലാം നഗ്‌നരായിട്ടാണല്ലോ ഉയര്‍ത്തെഴുന്നേല്‍പിക്കുന്നത്. അന്ന് ആദ്യം വസ്ത്രം ധരിക്കുന്നത് ഇബ്‌റാഹീം(അ) ആയിരിക്കുമെന്നതും അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ്. 'ക്വിയാമത്ത് നാളില്‍ സൃഷ്ടികളില്‍ ആദ്യമായി വസ്ത്രം ധരിപ്പിക്കപ്പെടുന്നത് ഇബ്‌റാഹീം(അ)നായിരിക്കും' (മുസ്‌ലിം).

ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ഇസ്‌റാഇന്റെ രാത്രിയില്‍ ഞാന്‍ ഇബ്‌റാഹീം നബി(അ)നെ കണ്ടു. അപ്പോള്‍ എന്നോട് പറഞ്ഞു: 'മുഹമ്മദ്! നിന്റെ സമുദായത്തിനോട് എന്റെ സലാം പറയണം. തീര്‍ച്ചയായും സ്വര്‍ഗത്തിലെ മണ്ണ് പരിശുദ്ധവും അതിലെ വെള്ളം രുചിയുള്ളതും ആണെന്ന് അവരെ അറിയിക്കുകയും ചെയ്യുക. തീര്‍ച്ചയായും അതിന്റെ മണ്ണില്‍ വെച്ചു പിടിപ്പിക്കാവുന്ന ചെടിയുണ്ട് എന്നും അറിയിക്കുക' (തിര്‍മിദി).

കഅ്ബയുടെ നേരെ മുകളില്‍ ഏഴാം ആകാശത്തുള്ള ബൈതുല്‍ മഅ്മൂര്‍ എന്ന വിശുദ്ധ ഗേഹം, അതിന്റെ അടുത്ത് വെച്ച് നബി ﷺ  ഇബ്‌റാഹീം(അ)നെ കണ്ടിട്ടുണ്ട്. നബി ﷺ  പറയുന്നു:

''...പിന്നെ എന്നെ ഏഴാം ആകാശത്തേക്ക് കൊണ്ടുപോയി. ജിബ്‌രീല്‍ (വാതില്‍) തുറക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ പറയപ്പെട്ടു: 'ആരാണിത്.' (ജിബ്‌രീല്‍) പറഞ്ഞു: 'ജിബ്‌രീല്‍.' ചോദിക്കപ്പെട്ടു: 'താങ്കളുടെ കൂടെ ആരാണ്.' (ജിബ്‌രീല്‍) പറഞ്ഞു: 'മുഹമ്മദ്.' 'ഇവിടേക്ക് നിയോഗിക്കപ്പെട്ടതാണോ' എന്ന് ചോദിക്കപ്പെട്ടു. (ജിബ്‌രീല്‍) പറഞ്ഞു: 'ഇവിടേക്ക് നിയോഗിക്കപ്പെട്ടതാണ്.'അങ്ങനെ കവാടം തുറന്നു. അപ്പോള്‍ ഇബ്‌റാഹീം(അ) ബൈതുല്‍ മഅ്മൂറിലേക്ക് ചാരിയിരിക്കുന്നതായി ഞാന്‍ കണ്ടു'' (മുസ്‌ലിം).

ചെറിയ പ്രായത്തില്‍ മരണപ്പെട്ട മക്കളെ സ്വര്‍ഗത്തില്‍ ഏെറ്റടുത്തിരിക്കുന്നത് ഇബ്‌റാഹീം നബി(അ)യും, സാറ(റ)യുമാണെന്നും അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്: അബൂഹുറയ്‌റ(റ)വില്‍ നിന്ന്; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: 'മുസ്‌ലിംകളുടെ കുട്ടികള്‍ സ്വര്‍ഗത്തിലെ ഒരു പര്‍വതത്തില്‍ ആണ്. അവരെ ഇബ്‌റാഹീം(അ) യും സാറ(റ)യും ഏറ്റടുത്തിരിക്കുന്നു. ക്വിയാമത്ത് നാളില്‍ അവരുടെ പിതാക്കള്‍ക്ക് നല്‍കപ്പെടുന്നത് വരെ (അവര്‍ അവരെ ഏറ്റടുത്തിരിക്കുന്നു).''


ഇബ്‌റാഹീം നബി(അ)യുടെ പ്രബോധനം

ഇസ്‌ലാമിക പ്രബോധനം മുസ്‌ലിംകളുടെ ബാധ്യതയാണല്ലോ. പ്രബോധനം ആരില്‍ നിന്ന്, എന്തില്‍ നിന്ന് തുടങ്ങണം എന്നെല്ലാം പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹു എന്ന സന്ദേശം കൊണ്ടാണ് തുടങ്ങേണ്ടത്. സ്വന്തം കുടുംബത്തില്‍ നിന്ന്; ഏറ്റവും അടുത്തവരില്‍ നിന്ന് തുടങ്ങണം. ഇബ്‌റാഹീം(അ)ന്റെ ചരിത്രം ഇതു നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചതും ഇപ്രകാരം തന്നെയാണ്.

ഇബ്‌റാഹീം(അ) പിതാവിനെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നത് അല്ലാഹു ഇപ്രകാരം വിവരിക്കുന്നു:

''വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ; ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്'' (ക്വുര്‍ആന്‍ 19:41-45).

ഗുണകാംക്ഷയും സൗമ്യതയും ഒത്തിണങ്ങിയ ശൈലിയില്‍ 'എന്റെ പിതാവേ' എന്ന് ആവര്‍ത്തിച്ച് വിളിച്ചുകൊണ്ട് ഇബ്‌റാഹീം (അ) പിതാവായ ആസറിനെ സത്യത്തിലേക്ക് ക്ഷണിക്കുകയാണ്.

'ഒന്നും കേള്‍ക്കാത്ത, ഒന്നും കാണാത്ത, യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാത്തതിനെ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നത്? നമ്മുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ കേള്‍ക്കാനും നാം ചെയ്യുന്ന ആരാധനകള്‍ കാണാനും സാധിക്കുന്നവനെയാണല്ലോ ആരാധിക്കേണ്ടത്. നിങ്ങള്‍ ആരാധിക്കുന്ന ഈ ബിംബങ്ങള്‍ക്ക് അതിനൊന്നും സാധ്യമല്ലല്ലോ. പിന്നെ എന്തിന് അവയെ ആരാധിക്കണം? ഞാന്‍ നിങ്ങള്‍ക്ക് ശരിയായ അറിവ് നല്‍കാം. ആ അറിവ് എനിക്ക് ലഭിച്ചത് എല്ലാം കേള്‍ക്കുന്ന, എല്ലാം അറിയുന്ന, എല്ലാം കാണുന്ന, നമുക്ക് ഉപകാരം ചെയ്യുന്നവനില്‍ നിന്നാണ്. ആ അറിവിനെ പിന്തുടര്‍ന്നാല്‍ അങ്ങേക്ക് നേര്‍വഴിയിലാകാം. ഈ അചേതന വസ്തുക്കളെ ആരാധിക്കുവാനായി നിങ്ങള്‍ക്ക് പല ന്യായങ്ങളും തോന്നിപ്പിച്ച് ഈ ദുര്‍മാര്‍ഗത്തില്‍ നിങ്ങളെ ഉറപ്പിച്ച് നിര്‍ത്തുന്നത് പിശാചാണ്. അവനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കരുത്. അവന്‍ പരമ കാരുണികനായ അല്ലാഹുവിനോട് അനുസരണകേട് കാണിച്ചവനാണ്. ഇനിയും നിങ്ങള്‍ അതില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറില്ലെങ്കില്‍ എന്റെ പിതാവിനോട് എനിക്ക് പറയാനുള്ളത്, 'നിങ്ങളുടെ ഈ പ്രവര്‍ത്തനത്തിന്റെ അനന്തരഫലം അല്ലാഹുവിങ്കല്‍ നിന്നുള്ള നരകമാണ്. അതിനാല്‍ നിങ്ങള്‍ ഇതില്‍നിന്ന് പിന്‍മാറണം, എന്നെ പിന്തുടരണം' എന്നാണ്.

'എന്റെ പിതാവേ' എന്ന് സ്‌നേഹത്തോടെ, വിനയത്തോടെ വിളിച്ച് തൗഹീദിന്റെ വെളിച്ചം തെളിവ് കൊണ്ടും യുക്തികൊണ്ടും തെളിയിച്ചു സംസാരിച്ചപ്പോഴും പിതാവ് അതില്‍ തന്നെ ഉറച്ചുനിന്ന് ഗൗരവത്തില്‍ മകനോട് പറയുന്ന വാക്കുകള്‍ കാണുക: ''അയാള്‍ പറഞ്ഞു: ഹേ; ഇബ്‌റാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്ന്) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം'' (ക്വുര്‍ആന്‍ 19:46).

വിശ്വാസികള്‍ എത്ര മൃദുല ശൈലിയില്‍ സംസാരിച്ചാലും അവിശ്വാസികളുടെ പ്രതികരണം രൂക്ഷമായിട്ടായിരിക്കും. കാരണം ഹൃദയത്തിന്റെ കാഠിന്യം അവരെ സൗമ്യതക്ക് വിലങ്ങിടുകയാണ് ചെയ്യുന്നത്. ബനൂഇസ്‌റാഈല്യരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: ''പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു'' (2:74).

തൗഹീദിന്റെ പ്രഭ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അതിന്റെ വാഹകരെ എതിര്‍ക്കുന്നവര്‍ പരുക്കന്‍ പ്രകൃതക്കാരായിരിക്കും. അവരെ സ്‌നേഹിക്കുവാനോ അവരോട് ദയ കാണിക്കുവാനോ അവര്‍ക്ക് കഴിയില്ല. ഇബ്‌റാഹീം(അ) മകന്‍ ഇസ്മാഈല്‍(അ)നെ വിളിച്ചിരുന്നത് 'പൊന്നു മോനേ' എന്നായിരുന്നല്ലോ. ആ സ്‌നേഹത്തിന്റെ വിളി ഇബ്‌റാഹീം(അ) എന്ന മകന് പിതാവായ ആസറില്‍ നിന്ന് കേള്‍ക്കുവാന്‍ പറ്റിയിട്ടില്ല; പരുക്കന്‍ പെരുമാറ്റമല്ലാതെ. എന്നാലും പിതാവിനോട് മകന്‍ പറയുന്നത് നോക്കൂ:

''അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 19:47).

'താങ്കള്‍ക്ക് സലാം' എന്നത് വിശദീകരിച്ചുകൊണ്ട് ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു: ''വെറുക്കപ്പെടുന്ന യാതൊന്നും നിങ്ങള്‍ക്ക് എന്നില്‍ നിന്നുണ്ടാകില്ല, യാതൊരു ഉപദ്രവവും എന്നില്‍ നിന്ന് ഉണ്ടാകില്ല. നിങ്ങള്‍ എന്റെ ഭാഗത്തുനിന്ന് സുരക്ഷിതനായിരിക്കും' (എന്നിട്ട്) അദ്ദേഹത്തിന് നന്മകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു.''

ശേഷം പിതാവിനോട് പറയുന്നത് 'താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു' എന്നാണ്! വ്യക്തിപരമായ ആക്ഷേപങ്ങളോ പകയോ ഒന്നും ആ മകന് ഉണ്ടായിരുന്നില്ല. ആദര്‍ശപരമായ വിയോജിപ്പ് മാത്രം. ഇങ്ങനെയെല്ലാം പറയുമ്പോഴും ഇടക്കിടക്ക് ആദര്‍ശം ഓര്‍മപ്പെടുത്തും!

''നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം'' (ക്വുര്‍ആന്‍ 19:48).

പിതാവിനോട് യാത്ര പറയുന്ന നേരത്ത് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിച്ചതും ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു: ''എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ. തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു'' (ക്വുര്‍ആന്‍ 26:86).

ദീനിന്റെ കടുത്ത വിരോധികള്‍ക്ക് പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് ചോദിക്കാവതല്ലല്ലോ. തന്റെ പിതാവ് ഇനി ഒരിക്കലും മടങ്ങില്ലെന്നും അല്ലാഹുവിന്റെ ദീനിന്റെ ബദ്ധവൈരിയാണെന്നും ബോധ്യമായപ്പോള്‍ ആ തേട്ടത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

''ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്‌റാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു'' (ക്വുര്‍ആന്‍ 9:114).

ബഹുദൈവാരാധകര്‍ക്കായി പാപമോചനം തേടല്‍ അനുവദനീയമല്ലെന്നത് ഇസ്‌ലാമിക തത്ത്വമാണ്: ''ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്‌നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്കു വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവര്‍ക്കുവേണ്ടി പാപമോചനം തേടുവാന്‍-അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും-പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല'' (ക്വുര്‍ആന്‍ 9:113).

അപ്പോള്‍ ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി നടത്തിയ പാപമോചനപ്രാര്‍ഥനയോ? അതിനെക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ''ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു...'' (ക്വുര്‍ആന്‍ 9:114).

ഇബ്‌റാഹീം(അ) പിതാവിനോട് വീട് വിട്ടിറങ്ങുന്ന വേളയില്‍ പറഞ്ഞിരുന്നല്ലോ; ഞാന്‍ താങ്കള്‍ക്ക് വേണ്ടി തേടാം എന്ന്. ആ വാഗ്ദാനം പാലിക്കുക മാത്രമാണ് ചെയ്തത്. പിതാവ് അല്ലാഹുവിന്റെ ശത്രുവാണെന്ന് ബോധ്യമായപ്പോള്‍ അതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. വിശുദ്ധ ക്വുര്‍ആന്‍ മറ്റൊരു സ്ഥലത്ത് ഇബ്‌റാഹീം(അ) പിതാവിന് വേണ്ടി നടത്തിയ പാപമോചന പ്രാര്‍ഥനയെ സംബന്ധിച്ച് പറയുന്നത് ഇങ്ങനെയാണ്:

''നിങ്ങള്‍ക്ക് ഇബ്‌റാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടാം, താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിങ്കല്‍ നിന്ന് യാതൊന്നും എനിക്ക് അധീനപ്പെടുത്താനാവില്ല എന്ന് ഇബ്‌റാഹീം തന്റെ പിതാവിനോട് പറഞ്ഞ വാക്കൊഴികെ. (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, നിന്റെമേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്'' (ക്വുര്‍ആന്‍ 60:4).

ഇബ്‌റാഹീം(അ)യുടെ ജീവിതത്തില്‍ നമുക്ക് പൂര്‍ണ മാതൃകയുണ്ടെന്ന് അറിയിക്കുന്നതോടൊപ്പം പിതാവിന് വേണ്ടി അദ്ദേഹം നടത്തിയ പാപമോചന തേട്ടത്തില്‍ മാതൃകയില്ലെന്നും ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി പാപമോചനം തേടാന്‍ പാടില്ലെന്നും ഈ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു. ഇങ്ങനെയെല്ലാമായിരുന്നിട്ടും പിതാവിനോട് പിതാവെന്ന നിലയില്‍ അദ്ദേഹം സ്‌നേഹം നിലനിര്‍ത്തി.

ക്വിയാമത്ത് നാളില്‍ ഈ പിതാവും മകനും കണ്ടുമുട്ടുന്ന രംഗം നബി ﷺ  നമുക്ക് വിവരിച്ചുതന്നിട്ടുണ്ട്. നബി ﷺ  പറയുന്നു:

''ഇബ്‌റാഹീം(അ) തന്റെ പിതാവ് ആസറിനെ ക്വിയാമത്ത് നാളില്‍ കണ്ടുമുട്ടും. (ആ സന്ദര്‍ഭത്തില്‍) പിതാവായ ആസറിന്റെ മുഖം പൊടിപുരണ്ട് ഇരുണ്ടതായിരിക്കും. അപ്പോള്‍ ഇബ്‌റാഹീം(അ) പിതാവിനോട് ചോദിക്കും: 'എന്നോട് അനുസരണക്കേട് കാണിക്കരുതെന്ന് ഞാന്‍ ഉപ്പയോട് പറഞ്ഞിരുന്നില്ലയോ?' അപ്പോള്‍ പിതാവ് പറയും: 'ഇന്ന് ഞാന്‍ നിന്നോട് അനുസരണക്കേട് കാണിക്കുന്നതല്ല.' അപ്പോള്‍ ഇബ്‌റാഹീം(അ) (അല്ലാഹുവിനോട്) പറയും: 'എന്റെ റബ്ബേ, മനുഷ്യര്‍ ഉയര്‍ത്തഴുന്നേല്‍പിക്കപ്പെടുന്ന ദിവസം നീ എന്നെ അപമാനിക്കില്ലെന്ന് നീ എനിക്ക് വാഗ്ദത്തം നല്‍കിയതാണല്ലോ. എന്റെ പിതാവിന്റെ കാര്യത്തിലുള്ളതിനെക്കാളും വലിയ അപമാനം വേറെ എന്താണ് എനിക്കുള്ളത്!' അപ്പോള്‍ അല്ലാഹു പറയും: 'തീര്‍ച്ചയായും ഞാന്‍ അവിശ്വാസികള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കിയിട്ടുണ്ട്.' പിന്നീട് ചോദിക്കപ്പെടും: 'ഓ, ഇബ്‌റാഹീം! നിന്റെ കാലിനടിയില്‍ എന്താണ്?' അപ്പോള്‍ ഇബ്‌റാഹീം(അ) (കാലിനടിയിലേക്ക്) നോക്കും. അപ്പോഴതാ ചെളിപുരണ്ട കഴുതപ്പുലിയുടെ രൂപത്തില്‍ (പിതാവ്). അപ്പോള്‍ അതിന്റെ ഇരു കാലുകളും പിടിച്ച് നരകത്തിലേക്ക് എറിയപ്പെടും'' (ബുഖാരി).

കൂടുതല്‍ വിവരിക്കാതെ തന്നെ മനസ്സിരുത്തി വായിക്കുന്നവര്‍ക്ക് ഇബ്‌റാഹീം(അ)ന് പിതാവിനോടുള്ള സ്‌നേഹം എത്രയുണ്ടെന്ന് മനസ്സിലാകും.

പ്രതിഫല നാളിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ കോടതിയാണ് പരലോകം. അവിടെ ഇഹലോകത്തെ പോലെ സ്വാധീനം കൊണ്ട് രക്ഷപ്പെടാനാവില്ല. രക്തബന്ധത്തിനോ കുടംബബന്ധത്തിനോ സുഹൃദ് ബന്ധത്തിനോ വിവാഹബന്ധത്തിനോ ഒന്നും രക്ഷപ്പെടുത്താന്‍ കഴിയാത്ത ലോകം. ആര് ശരിയായ വിശ്വാസവും സല്‍കര്‍മങ്ങളുമായി റബ്ബിലേക്ക് എത്തിയോ അവന്‍ സുരക്ഷിതനാകുന്ന ലോകം. അന്യായമായ ശുപാര്‍ശകളില്ലാത്ത ലോകം. ശുപാര്‍ശ നടക്കണമെങ്കില്‍ തന്നെ അല്ലാഹുവിന്റെ അനുവാദം വേണ്ട ലോകം...

മുഹമ്മദ് നബി ﷺ  മകള്‍ ഫത്വിമയെ വിളിച്ച് പറയുന്നത് കാണുക: ''മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, എന്റെ സ്വത്തില്‍ നിന്ന് നീ ഉദ്ദേശിക്കുന്നത് ചോദിച്ചോളൂ (ഞാന്‍ നല്‍കാം). എന്നാല്‍ അല്ലാഹുവില്‍ നിന്ന് യാതൊന്നും നിനക്ക് നേടിത്തരാന്‍ എനിക്ക് ആവില്ല'' (ബുഖാരി).

അത്‌കൊണ്ട് തന്നെ ഇബ്‌റാഹീം(അ)ന് പിതാവിനെ രക്ഷപ്പെടുത്താനും കഴിയില്ല. (തുടരും)

0
0
0
s2sdefault