മഹല്ല് കമ്മിറ്റികള്‍ എന്തെടുക്കുകയാണ്?

പത്രാധിപർ

2017 മാര്‍ച്ച് 11 1438 ജമാദുല്‍ ആഖിര്‍ 12

മദീനയിലെ പ്രവാചകന്റെ പള്ളി. ഈത്തപ്പനയുടെ തണ്ടും ഓലയും കുഴച്ചമണ്ണും കൊണ്ട് നിര്‍മിച്ച, ആകാശം മുട്ടുന്ന മിനാരങ്ങളും മാര്‍ബിള്‍ പതിച്ച ചുമരും കട്ടിയും മിനുസവുമുള്ള കാര്‍പെറ്റ് പതിച്ച നിലവുമില്ലാത്ത, ലാളിത്യം നിറഞ്ഞുനില്‍ക്കുന്ന ഒരു മസ്ജിദ്! എന്നാല്‍ അത് ജനങ്ങളുടെ ആശാകേന്ദ്രമായിരുന്നു. സമഭാവനയും സാഹോദര്യവും നിറഞ്ഞ അന്തരീക്ഷം. വിശ്വാസികള്‍ക്കാര്‍ക്കും അവിടെ യാതൊരു വിവേചനവും അനുഭവെപ്പട്ടില്ല. പ്രമാണിമാര്‍ക്ക് സ്ഥിരമായി 'റിസര്‍വ്' ചെയ്യപ്പെട്ട പ്രത്യേകം സ്ഥാനമില്ലായിരുന്നു. നമസ്‌കാരത്തില്‍ കാല്‍ അടുത്തുവെച്ചാല്‍ തുറിച്ചുനോക്കുന്നവരില്ലായിരുന്നു.

ഇന്ന് നമ്മുടെ നാട്ടിലുള്ള പള്ളികളുടെയും മഹല്ല് കമ്മിറ്റികളുടെയും അവസ്ഥയെന്താണ്? അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സംരക്ഷണമാണ് യാഥാസ്ഥിതിക മഹല്ല് കമ്മിറ്റിക്കാരുടെ മുഖ്യ അജണ്ട! നേര്‍ച്ചയുടെയും റാത്തീബിന്റെയും നബിദിനാഘോഷത്തിന്റെയും പേരില്‍ ലഭിച്ച മാംസത്തിന്റെയും അരിയുടെയും പണത്തിന്റെയും കണക്ക് നോട്ടീസ് ബോര്‍ഡില്‍ പതിച്ച് തങ്ങള്‍ സമുദായത്തിനുവേണ്ടി മഹത്തായ സേവനം നിര്‍വഹിച്ചിരിക്കുന്നു എന്ന് അവര്‍ സ്വയം സംതൃപ്തിയടയുന്നു.

മഹല്ലില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ ഖത്വീബിനെ ഏല്‍പിക്കുക, വിവാഹരജിസ്റ്ററുമായി 'മുക്രി'യെ കൂടെ അയക്കുക, മഹല്ലിനെ ഭരിക്കുന്നവര്‍ എന്ന നിലയില്‍ വിവാഹ വീട്ടിലും മരണം നടന്ന വീട്ടിലും നിറഞ്ഞുനില്‍ക്കുക, മരിച്ചാല്‍ മറമാടുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, ഖത്വീബ്, മുഅദ്ദിന്‍, ഇമാം എന്നിവരെ നിയമിക്കുക, അവരുടെ വേതനം നിശ്ചയിക്കുക... തുടങ്ങിയ കാര്യങ്ങളിലൊതുങ്ങുന്നു മിക്ക മഹല്ല് കമ്മിറ്റികളുടെയും പ്രവര്‍ത്തനം.

മയ്യിത്തുകട്ടില്‍ പള്ളിയുടെ ഏതുഭാഗത്ത് വെക്കണം, കമ്മിറ്റിയെ വിമര്‍ശിച്ചവനെ പുറത്താക്കണോ മാപ്പു പറയിക്കണോ, വരിസംഖ്യ എത്ര വര്‍ധിപ്പിക്കണം, മഹല്ല് സമ്മേളനത്തിന് തേങ്ങാച്ചോറും പോത്തിറച്ചിയുമാണോ ബിരിയാണിയാണോ വെക്കേണ്ടത്, മകന്റെ കല്യാണത്തിന് നമ്മുടെ ഖത്വീബിനെ ക്ഷണിക്കാത്ത വ്യക്തിക്കെതിരെ നടപടിയെടുക്കേണ്ടേ? ഇത്യാതി 'വലിയ' കാര്യങ്ങളായിരിക്കും കമ്മിറ്റി യോഗത്തില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നത്.

നിക്കാഹ് നടത്തിക്കൊടുക്കാനും അതിന്റെ പേരില്‍ കണക്കുപറഞ്ഞ് 'ഫീസ്' വാങ്ങാനും ഉല്‍സാഹം കാണിക്കുന്ന കമ്മിറ്റിക്കാര്‍ മഹല്ലില്‍ അവിവാഹിതരായി കഴിയുന്ന യുവതികളുടെയും യുവാക്കളുടെയും കണക്കെടുക്കാനും അവരുടെ വിവാഹം നടക്കുന്നതിന് തടസ്സമെന്തെന്ന് അന്വേഷിച്ച് ക്രിയാത്മകമായി ഇടപെടാനും തയ്യാറാകുന്ന എത്ര മഹല്ലുകളുണ്ട്?

ഒരു രോഗിക്ക് അടിയന്തിരമായി രക്തം കയറ്റണം. എന്തു ചെയ്യും? ആേരാട് ചോദിക്കും? പ്രാദേശിക ക്ലബ്ബുകളുടെയും മറ്റും സഹായം തേടും. എന്നാല്‍ മഹല്ല് കമ്മിറ്റിക്ക് രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിക്കൂടേ? അങ്ങനെ പള്ളിക്കമ്മിറ്റി മുഖേന ആ ആവശ്യം നിറവേറുന്ന അവസ്ഥയുണ്ടാക്കിക്കൂടേ? തങ്ങളുടെ 'കക്ഷി'യില്‍ പെടാത്തവരുടെ രക്തം എങ്ങനെ ചിന്താം എന്നല്ല മഹല്ല് കമ്മിറ്റി ചിന്തിക്കേണ്ടത് എന്നര്‍ഥം.

പ്രവാചക കാലഘട്ടത്തില്‍ തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനും രമ്യതയിലെത്തിക്കാനും പള്ളിയില്‍ ശ്രമം നടന്നതായി കാണാം. മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഇതേ ആവശ്യം മുന്‍നിര്‍ത്തി മസ്വ്‌ലഹത്ത് നടത്താം. എന്നാല്‍ പലപ്പോഴും പല സ്ഥലങ്ങളിലും മസ്വ്‌ലഹത്തിന് ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല, സംഘടനാതാല്‍പര്യങ്ങള്‍ക്കു വേണ്ടി കൂടുതല്‍ ഭിന്നിപ്പും കുഴപ്പവും സൃഷ്ടിക്കുവാന്‍ കമ്മിറ്റിക്കാര്‍ തന്നെ ശ്രമിക്കുകയാണ് ചെയ്യുന്നത്. ജീവനെടുക്കാനും ജീവിതത്തെ വഴിമുട്ടിക്കാനുമല്ല; ജീവല്‍ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് മഹല്ല് നിവാസികള്‍ക്ക് അഭയവും ആശയും ആശ്വാസവും നല്‍കുവാനാണ് പള്ളിക്കമ്മിറ്റിക്കാര്‍ ശ്രമിക്കേണ്ടത്. അതിനുള്ള കേന്ദ്രങ്ങളായി പള്ളികള്‍ മാറണം.

വിശന്നു വലയുന്നവരെയും ചികിത്സിക്കാന്‍ പണമില്ലാതെ രോഗങ്ങള്‍ സഹിക്കുന്നവരെയും അന്തിയുറങ്ങാന്‍ കൂരയില്ലാത്തവരെയും കണ്ടില്ലെന്നു നടിച്ച് വര്‍ഷംതോറും പള്ളിയുടെ മോടികൂട്ടാനും മിനാരം അലങ്കരിക്കാനും ശ്രമിക്കുന്ന പള്ളിക്കമ്മിറ്റിക്കാര്‍ ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?

മഹല്ല് നിവാസികളില്‍നിന്ന് സൂക്ഷ്മതാബോധവും ആരാധനാനിഷ്ഠയും കര്‍മശേഷിയും സേവനതല്‍പരതയുമുള്ളവരെ കണ്ടെത്തി അവരെ മഹല്ലിന്റെ കൈകാര്യകര്‍ത്താക്കളാക്കണം. എങ്കിലേ കാര്യക്ഷമമായ രീതിയില്‍ മഹല്ലിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകൂ. വരുംതലമുറ രക്ഷപ്പെടണമെങ്കില്‍ ഈ മാറ്റം അനിവാര്യമാണ്.

0
0
0
s2sdefault