മദ്യവര്‍ജനമോ മദ്യനിരോധനമോ?

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28
മദ്യനിരോധനമാണോ മദ്യവര്‍ജനമാണോ വേണ്ടതെന്ന ചര്‍ച്ചകളെക്കാളേറെ ഒരു മദ്യമുക്തസമൂഹത്തെ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്ന അന്വേഷണവും അതിനുവേണ്ട ആത്മാര്‍ഥമായ പരിശ്രമവുമാണ് ആവശ്യമായിട്ടുള്ളത്. മദ്യമെന്ന വിപത്തിനെതിരെ ജനമനസ്സുകളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശക്തമായ ബോധവല്‍ക്കരണം അനിവാര്യമാണ്. ഇത്തരം വിപത്തുകളെ ലഘൂകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഭരണകൂടങ്ങളില്‍ നിന്നും ഉണ്ടായിക്കൂടാ. വ്യവസ്ഥിതി മാറിയതുകൊണ്ടോ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതുകൊണ്ടോ പരിഹാരമാവില്ല. മദ്യവര്‍ജനത്തെ ഒരു ധാര്‍മികബാധ്യതയായി ജനങ്ങള്‍ സ്വീകരിക്കുകയും അവയെ നിയന്ത്രിക്കാന്‍ ഭരണകൂടം ശക്തമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും സജീവമായ ബോധവല്‍ക്കരണം ഉണ്ടാവുകയും ചെയ്യുമ്പോള്‍ മാത്രമേ ലക്ഷ്യത്തിലെത്താന്‍ കഴിയൂ.

കള്ള്, ബിയര്‍, വൈന്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടതോടെ 'മദ്യചര്‍ച്ചകള്‍' വീണ്ടും സജീവമാകുകയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 15ന് സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ പശ്ചാത്തലത്തിനാണ് കേരളം സുപ്രീംകോടതിയില്‍ വിചിത്രമായ ഈ ഒരു അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ദേശീയ, സംസ്ഥാന പാതയോരങ്ങളിലുള്ള മുഴുവന്‍ മദ്യഷോപ്പുകളും അഞ്ഞൂറ് മീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് കോടതി വിധി. ചീഫ് ജസ്റ്റിസ് ടി. എസ്. താക്കൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ സുപ്രധാനമായ വിധിയുടെ പശ്ചാത്തലത്തെയും സദുദ്ദേശപരമായ നിലപാടുകളെയും തീരെ പരിഗണിക്കാതെയുള്ള സമീപനമാണ് കേരളം സ്വീകരിച്ചത് എന്ന് പറയാതെ വയ്യ. മദ്യപിച്ചുകൊണ്ടുള്ള െ്രെഡവിംഗ് മൂലമുണ്ടാകുന്ന അപകടങ്ങളും സാമൂഹികദുരന്തങ്ങളും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ വിധി വന്നിട്ടുള്ളത് എന്നത് വിധിയുടെ മാനവികതലത്തെ വ്യക്തമാക്കുന്നു. വിധിപ്രസ്താവത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ: ''ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യത്തിന്റെ ഒരു കച്ചവടവും അതിന്റെ പരസ്യങ്ങളും പരസ്യബോര്‍ഡുകളും അനുവദിക്കില്ല. എല്ലാ പരസ്യബോര്‍ഡുകളും എടുത്ത് മാറ്റിയിരിക്കണം. അവ സംഭ്രമിപ്പിക്കുന്നതോ ആകര്‍ഷണീയത നിറഞ്ഞതോ ആവട്ടെ; മുഴുവന്‍ കാര്യങ്ങളില്‍ നിന്നും തീര്‍ത്തും മുക്തമായിരിക്കണം. കാഴ്ചയാണ് ഒന്നാമത്തെ പ്രചോദനം.''

മദ്യാസക്തി പിടികൂടിയിട്ടുള്ളവരില്‍ മിക്കവരും െ്രെഡവ് ചെയ്യുമ്പോള്‍ റോഡരുകില്‍ കാണുന്ന മദ്യഷോപ്പുകളില്‍ നിന്ന് മദ്യം കഴിക്കുകയും വീണ്ടും വാഹനമോടിക്കുകയും ചെയ്യുന്നു. ഇതുവഴി വലിയ തോതില്‍ അപകടങ്ങളുണ്ടാവുന്നുവെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഒരു വര്‍ഷം ഒന്നര ലക്ഷം റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ അപകടങ്ങളുടെ കാരണം പരിശോധിച്ചാല്‍ മദ്യമാണ് പ്രധാന 'പ്രതി' എന്ന് കണ്ടെത്താന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

കേരളത്തില്‍ ഇങ്ങനെ മാറ്റി സ്ഥാപിക്കേണ്ട മദ്യഷോപ്പുകളുടെ എണ്ണം 180 ആണ്. മാര്‍ച്ച് 31ന് മുമ്പ് മാറ്റി സ്ഥാപിക്കണമെന്നാണ് വിധിയിലുള്ളത്. എന്നാല്‍ 25 മദ്യഷോപ്പുകള്‍ മാത്രമാണ് പാതയോരത്ത് നിന്ന് കേരളം ഇതിനകം മാറ്റിയത്. ഇനിയും 155 ഷോപ്പുകള്‍ മാറ്റേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞയാഴ്ച കേരളം പുതിയ ആവശ്യങ്ങളുമായി സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത്. കേരളത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളെ ഇതില്‍ നിന്നൊഴിവാക്കുക, ബീവറേജസ് കോര്‍പ്പറേഷന്‍, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ സ്ഥാപിച്ച മദ്യഷോപ്പുകളെ ഇതില്‍ നിന്നൊഴിവാക്കുക, മറ്റുള്ളവ മാറ്റി സ്ഥാപിക്കാന്‍ ഒരു വര്‍ഷത്തെ സമയപരിധി കൂടി അനുവദിക്കുക, കേരളത്തിന്റെ സാമ്പത്തിക നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുക, കള്ള്, വൈന്‍, ബിയര്‍ എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്നൊഴിവാക്കുക എന്നീ ആവശ്യങ്ങളാണ് കേരളം സമര്‍പ്പിച്ചത്. സമാനവിധി പറഞ്ഞ പഞ്ചാബ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് പഞ്ചാബും അതുപോലെ തമിഴ്‌നാടും നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ഖജനാവിനുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തെ കുറിച്ചാണ് പ്രധാനമായും സംസ്ഥാനങ്ങള്‍ വേവലാതിപ്പെട്ടത്. സംസ്ഥാന ഖജനാവിന് വേണ്ടിയാണ് മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതെന്ന പഞ്ചാബിന്റെ വാദം കേട്ട കോടതി ജനങ്ങള്‍ക്ക് വേണ്ടിയാണോ മദ്യലോബികള്‍ക്ക് വേണ്ടിയാണോ നിങ്ങള്‍ സംസാരിക്കുന്നത് എന്ന് ചോദിക്കുകയുണ്ടായി.

മദ്യവില്‍പന നിരോധിക്കുകയെന്ന ഭരണഘടനാപരമായ ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന നിരീക്ഷണവും സുപ്രീംകോടതി മുമ്പോട്ട് വെക്കുകയുണ്ടായി. മദ്യനിരോധനമാണോ വേണ്ടത് മദ്യവര്‍ജനമാണോ വേണ്ടത് എന്ന തര്‍ക്കം നമ്മുടെ സംസ്ഥാനത്തു സജീവമായി നില്‍ക്കുമ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണവും സംസ്ഥാനത്തിന്റെ അഭിപ്രായങ്ങളുമെന്നത് ശ്രദ്ധേയമാണ്. മദ്യം ഗുണപ്രദമായ പാനീയമാണെന്ന് അത് ഉപയോഗിക്കുന്നവര്‍ക്കോ അത് നിര്‍മിക്കുന്നവര്‍ക്കോ വിതരണം ചെയ്യുന്നവര്‍ക്കോ അഭിപ്രായമില്ല. മദ്യം കൊണ്ടുള്ള സാമൂഹികവും കുടുംബപരവും മാനസികവുമായ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയും അത്തരം പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലും മറ്റുമായി ദിനേന ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ ചര്‍ച്ചകള്‍ പൊതുവില്‍ മദ്യം നിരോധിക്കണമെന്ന അഭിപ്രായത്തിലേക്കോ അല്ലെങ്കില്‍ മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണങ്ങളിലൂടെ മദ്യ ഉപഭോഗം കുറക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന അഭിപ്രായത്തിലേക്കോ നയിക്കുന്നു. മദ്യം വ്യാപകമായി അനുവദിക്കണമെന്ന ചര്‍ച്ചകള്‍ പൊതുവില്‍ നമുക്ക് കാണാന്‍ സാധ്യമല്ല. നിരോധനം വിപരീതഫലമാണ് ഉണ്ടാക്കുന്നത് എന്നാണ് പൊതുവില്‍ നിരോധനത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. ചില സംസ്ഥാനങ്ങളിലുണ്ടായ വിപരീതഫലങ്ങള്‍ അതിനവര്‍ ചൂണ്ടിക്കാണിക്കുന്നു. അതിലൊന്ന് ഗുജറാത്താണ്. അവിടെ 1961ലാണ് മദ്യം നിരോധിച്ചത്. ഗാന്ധിജിയുടെ നാടാണെന്ന പരിഗണനയാണ് ഗുജറാത്തില്‍ മദ്യം നിരോധിക്കാനുണ്ടായ കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ അവിടെ വ്യാജമദ്യവും സ്പിരിറ്റും സുലഭമാവുകയും അതുവഴി അക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തു എന്നതാണ് നിരോധനം കൊണ്ട് ഫലമില്ല എന്നു പറയുന്നവര്‍ വാദിക്കുന്നത്. നിരോധനമുള്ള മറ്റൊരു സംസ്ഥാനമായ നാഗാലാന്റിലും ഇത് തന്നെയാണ് സ്ഥിതി എന്നും അവര്‍ പറയുന്നു. കേരളത്തില്‍ എ.കെ ആന്റണി ചാരായ നിരോധനം നടപ്പാക്കിയതിലൂടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് മദ്യം കേരളത്തിലേക്ക് ഒഴുകിയെന്നും കേരളത്തില്‍ മദ്യ ദുരന്തങ്ങള്‍ വര്‍ധിച്ചു എന്നുമൊക്കെയാണ് നിരോധനം കൊണ്ട് ഫലമില്ലെന്നു പറയുന്നവര്‍ പറയുന്ന മറ്റൊരു ന്യായം. നേരത്തെ സമ്പൂര്‍ണ മദ്യ നിരോധനമുണ്ടായിരുന്ന ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നീട് നിരോധനം പിന്‍വലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യേണ്ടി വന്നതും നിരോധനത്തെ അംഗീകരിക്കാത്തവര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ബീഹാറില്‍ കഴിഞ്ഞ ഏപ്രിലിലാണ് നിതീഷ്‌കുമാര്‍ മദ്യനിരോധനം കൊണ്ട് വന്നത്. പാറ്റ്‌ന ഹൈക്കോടതി നിരോധനം എടുത്തുമാറ്റിയെങ്കിലും പിന്നീട് ഒക്ടോബറില്‍ സുപ്രീംകോടതി നിരോധനം പുനഃസ്ഥാപിച്ചു. സര്‍ക്കാറിന്റെ നിരോധനനയത്തിന് കൂടുതല്‍ ജനപിന്തുണ ഉറപ്പിക്കുന്നതിനു വേണ്ടി നിതീഷ് കഴിഞ്ഞ മാസം 11000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. കേരളത്തില്‍ ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഗവണ്‍മെന്റ് നടപടികള്‍ കൊണ്ടുവന്നെങ്കിലും അതേ മദ്യനയം നിലവിലുള്ള ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല. മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് പുതിയ ഗവണ്‍മെന്റ് പറയുന്നു.

എന്നാല്‍ മദ്യനിരോധനം ഭരണഘടനാ ബാധ്യതയാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം സര്‍ക്കാറുകള്‍ക്ക് നിരോധനത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കുന്നതാണ്. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ആര്‍ട്ടിക്കിള്‍ 47 ആണ് മദ്യനിരോധനം നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്നത്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും, ലഹരി പാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഉപയോഗം തടയുകയും ചെയ്യുന്നത്തിനുള്ള പരിശ്രമങ്ങള്‍ സ്‌റ്റേറ്റ് നിര്‍വഹിക്കണം എന്നാണ് ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത്. ഈ ആര്‍ട്ടിക്കിളിന്റെ അടിസ്ഥാനത്തില്‍ 1954ലാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ മദ്യനിരോധനത്തിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചത്. 1958ല്‍ പ്ലാനിംഗ് കമ്മീഷന്‍ മദ്യനിരോധനത്തിനായി രൂപരേഖയും തയ്യാറാക്കി. എന്നാല്‍ മദ്യനിരോധനം നിലവിലുണ്ടായിരുന്ന മുംബൈയില്‍ നിരോധനം കൊണ്ടുണ്ടായ അനന്തരഫലങ്ങള്‍ സമൂഹത്തില്‍ പ്രകടമാകാന്‍ തുടങ്ങിയിരുന്നു. 1949ലെ ബോംബെ പ്രോഹിബിഷന്‍ ആക്ട് അനുസരിച്ച് അന്നത്തെ ബോംബെ മുഖ്യമന്ത്രി ആയിരുന്ന മൊറാര്‍ജി ദേശായി ആണ് അവിടെ മദ്യനിരോധനം കൊണ്ടുവന്നത്. എന്നാല്‍ നിയമലംഘന പ്രതിഷേധങ്ങള്‍ വ്യാപകമാവുകയും നിയന്ത്രിക്കാനാകാത്തവിധം മദ്യക്കടത്ത് വര്‍ധിക്കുകയും ചെയ്തു. മദ്യവും മയക്കുമരുന്നും വീടുകയറിയുള്ള വില്‍പനയും സാധാരണ സംഭവമായി. ഇത് ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി. നിരോധനം വിപരീതഫലം ചെയ്യുമെന്നുറപ്പായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മദ്യനിരോധന നടപടികളില്‍നിന്നും പിന്തിരിഞ്ഞു. തുടര്‍ന്ന് 1977ല്‍ മൊറാര്‍ജി ദേശായി ഗവണ്‍മെന്റും മദ്യനിരോധനത്തിനായി ശ്രമം നടത്തി പരാജയപ്പെട്ടു. ചുരുക്കത്തില്‍ ഇന്ത്യയില്‍ പലതവണ നടപ്പാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒന്നാണ് മദ്യനിരോധനം.

പക്ഷേ, എന്തുകൊണ്ടാണ് മദ്യനിരോധനം പരാജയപ്പെട്ടത് എന്നതിനെ കുറിച്ച് പഠിക്കാനോ കാരണങ്ങള്‍ കണ്ടെത്തി സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ടി അത് പുനരാവിഷ്‌ക്കരിക്കാനോ ആത്മാര്‍ഥമായ ഒരു ശ്രമവും ഇന്ത്യയില്‍ നടന്നിട്ടില്ല. ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ മദ്യത്തിന്റെ വ്യാപനം ഉണ്ടാക്കിയത്. മദ്യം നല്‍കി രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാഷ്ട്രീയ പ്രതിഷേധങ്ങളില്‍ നിന്നും ഇന്ത്യക്കാരെ പിറകോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയായിരുന്നുവത്രെ ഇത്. ഇത് തിരിച്ചറിഞ്ഞ ഗാന്ധിജി 1931ല്‍ യംഗ് ഇന്ത്യയില്‍ ഇങ്ങനെ എഴുതി: ''ഭാരതത്തിന്റെ സര്‍വാധിപതിയായി ഒരു മണിക്കൂര്‍ നേരത്തേക്കാണ് നിയമിക്കപ്പെടുന്നതെങ്കില്‍ പോലും ഞാന്‍ ആദ്യം ചെയ്യുന്ന പ്രവൃത്തി ഒരു പ്രതിഫലവും വാങ്ങാതെ രാജ്യത്തുള്ള എല്ലാ മദ്യഷാപ്പുകളും അടച്ചുപൂട്ടുകയെന്നതായിരിക്കും.'' രാഷ്ട്രപിതാവടക്കം രാഷ്ട്രത്തിന്റെ ശില്‍പികള്‍ക്ക് ഭാരതത്തെ മദ്യവിമുക്തമാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, ആ ആഗ്രഹം സഫലീകരിക്കപ്പെടണമെങ്കില്‍ അതിശക്തവും ആത്മാര്‍ഥവുമായ പരിശ്രമങ്ങള്‍ അനിവാര്യമായിരുന്നു. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടായില്ല എന്നത് രാജ്യത്തിന്റെ ഇതുവരെയുള്ള പരിശ്രമങ്ങള്‍ പരാജയപ്പെട്ടതില്‍ നിന്നും നമുക്ക് ബോധ്യമാണ്.

മദ്യവര്‍ജനം എന്ന ആശയം കൊണ്ട് കേരളസര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. 'മദ്യപാനികള്‍ സ്വയം മദ്യം വര്‍ജിക്കട്ടെ; അതുവരെയും നമുക്ക് മദ്യം സേവിക്കാം' എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മദ്യവര്‍ജനവും മദ്യനിരോധനവും ഇവിടെ ഒരുകാലത്തും നടപ്പിലാവില്ല. ഇസ്‌ലാം മദ്യത്തെ അതിശക്തമായി വെറുക്കുന്നു എന്നത് സത്യമാണ്. എന്നാല്‍ മുസ്‌ലിംകളല്ലാത്തവരും മദ്യത്തെ എതിര്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മദ്യനിരോധനം എന്ന ആവശ്യം മതപരമായ ഒരു ആശയമായിട്ടല്ല മദ്യത്തെ പിഴുതെറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ കാണുന്നത്. മറിച്ച് അത് വലിയ സാമൂഹ്യദുരന്തങ്ങള്‍ക്ക് ഹേതുവാകുന്ന തിന്മകളുടെ മാതാവാണെന്നുള്ള തിരിച്ചറിവ് കൊണ്ടാണ് അതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉണ്ടാവുന്നത്. ഇവിടെയാണ് മദ്യവര്‍ജനം എന്ന ആശയത്തെ ശരിയായ രൂപത്തില്‍ പ്രയോഗവല്‍ക്കരിക്കേണ്ട കര്‍മപദ്ധതികള്‍ ആവശ്യമായി വരുന്നത്. ബോധവല്‍ക്കരണപ്രക്രിയകള്‍ ഒന്നും നടപ്പാക്കാതെ മദ്യനിരോധനം, മദ്യവര്‍ജനം എന്ന അധരവ്യായാമങ്ങള്‍ കൊണ്ട് കാര്യമില്ല. നമ്മുടെ നാട്ടില്‍ എത്രയോ മാതാപിതാക്കള്‍ യുവതലമുറയുടെ മദ്യാസക്തി കാരണം മനോവ്യഥകള്‍ അനുഭവിക്കുന്നുണ്ട്. ഭര്‍ത്താക്കന്മാരുടെ മദ്യപാനം കൊണ്ട് ജീവിതം ഹോമിക്കപ്പെട്ട എത്രയോ സ്ത്രീകള്‍ നമ്മുടെ നാട്ടില്‍ ജീവിക്കുന്നു. മാതാപിതാക്കളുടെ മദ്യപാനം കൊണ്ട് ജീവിതം തന്നെ വഴി തെറ്റിയ യുവാക്കളും കൗമാരക്കാരും ധാരാളമാണ്. ഇതിനൊന്നും പരിഹാരം കാണാതെ സമൂഹത്തിലെ ചെറിയ ഒരു ശതമാനം വരുന്ന മദ്യമുതലാളിമാര്‍ക്കും മാഫിയകള്‍ക്കും സഹായകമാവുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ ഉത്തരവാദപ്പെട്ട ഭരണകൂടങ്ങളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല.

മദ്യം മയക്കിക്കിടത്തിയ മനസ്സുകളോട് സംവദിക്കാന്‍ നമുക്ക് കഴിയണം. ഒരു ഗിരിപ്രഭാഷണം കൊണ്ടോ ഉപദേശം കൊണ്ടോ ഒരാളെയും മദ്യത്തില്‍ നിന്നും കരകയറ്റാന്‍ സാധിക്കില്ല. അചഞ്ചലമായ ദൈവവിശ്വാസവും പരലോകബോധവും രക്ഷാശിക്ഷകളെ കുറിച്ചുള്ള തിരിച്ചറിവുമൊക്കെ മനസ്സില്‍ രൂപപ്പെട്ടു വന്നുകഴിഞ്ഞാല്‍ മാത്രമേ തിന്മകളില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനമെടുക്കാന്‍ ഏതൊരാള്‍ക്കും സാധിക്കൂ. വ്യവസ്ഥിതി മാറ്റത്തിലൂടെയോ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതുകൊണ്ടോ പരിഹാരമുണ്ടാവില്ല. മദ്യവര്‍ജനത്തെ ഒരു ധാര്‍മികബാധ്യതയായി സ്വീകരിക്കുമ്പോള്‍ മാത്രമെ പരിവര്‍ത്തനങ്ങളുണ്ടാവൂ. ഈ വിഷയത്തില്‍ മഹതിയായ ആഇശ(റ)യുടെ നിരീക്ഷണം വളരെ പ്രസക്തമാണ്. ''ഖുര്‍ആനില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 'നിങ്ങള്‍ മദ്യപിക്കരുത്' എന്നായിരുന്നെങ്കില്‍ 'ഞങ്ങള്‍ മദ്യം ഉപേക്ഷിക്കില്ല' എന്നായിരിക്കും അവര്‍ പറയുക. 'നിങ്ങള്‍ വ്യഭിചരിക്കരുത്' എന്നായിരുന്നെങ്കില്‍ 'ഞങ്ങള്‍ വ്യഭിചാരം ഉപേക്ഷിക്കില്ല' എന്നായിരിക്കും അവര്‍ പറയുക. ഞാന്‍ മക്കയിലൊരു കളിക്കുട്ടിയായി കളിച്ചുകൊണ്ടിരുന്നപ്പോളാണ് (പരലോകം ഓര്‍മിപ്പിക്കുന്ന) 'അന്ത്യനാളാണ് അവര്‍ക്ക് നിശ്ചിതമായ സമയം; ആ അന്ത്യസമയം ഭയാനകവും കയ്‌പേറിയതുമാണ്' എന്ന ആയത്ത് അവതരിപ്പിക്കപ്പെട്ടത്. (ഹലാലും ഹറാമും പഠിപ്പിക്കുന്ന) സൂറഃ അല്‍ ബഖറയും അന്നിസാഉമൊക്കെ അവതരിപ്പിക്കപ്പെട്ടത് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് (മദീനയില്‍) എത്തിയ ശേഷമാണ്.''(ബുഖാരി).

ആദ്യം പഠിപ്പിക്കേണ്ടത് ആദ്യം പഠിപ്പിച്ച്, പ്രബോധനത്തിന്റെ മുന്‍ഗണനാക്രമങ്ങള്‍ പാലിച്ചുകൊണ്ട് ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ സമ്പൂര്‍ണ മദ്യവര്‍ജനം സാധ്യമാവൂ എന്നാണ് ഇത് വ്യക്തമാക്കുന്നത്. ശുദ്ധമായ ഏകദൈവവിശ്വാസം പഠിപ്പിക്കുകയും ഇഹലോകജീവിതത്തിന്റെ കണക്കുപുസ്തകം പരലോകത്ത് വെച്ച് പരിശോധിക്കപ്പെടുമെന്ന ദൃഢബോധ്യം മനസ്സുകളില്‍ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് പ്രവാചകന്‍ അജ്ഞാനകാലത്തെ മുഴുവന്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും അധാര്‍മികതകളില്‍ നിന്നും ഒരു സമൂഹത്തെ ലോകം കണ്ടതില്‍ വെച്ചേറ്റവും ഉന്നതമായ ജനതതിയാക്കി വളര്‍ത്തിക്കൊണ്ടു വന്നത്. ദൈവികശിക്ഷയെ കുറിച്ച് ശരിയായ ബോധ്യമുണ്ടായിരുന്നു അവര്‍ക്ക്. അവര്‍ക്ക് മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് അറിയിച്ചുകൊടുത്തു. പിന്നീട് നമസ്‌കരിക്കുമ്പോള്‍ മദ്യത്തില്‍ നിന്നൊഴിവാകാന്‍ ഉപദേശിച്ചു. അങ്ങനെ മദ്യത്തിന്റെ ആസക്തിയില്‍ നിന്നും ഘട്ടം ഘട്ടമായി അവര്‍ മോചിക്കപ്പെട്ടു. ഒടുവില്‍ മദ്യം നിരോധിക്കപ്പെട്ടുവെന്ന അറിയിപ്പ് വരികയേ വേണ്ടതുണ്ടായുള്ളൂ. അവരത് പൂര്‍ണമായും ഉപേക്ഷിച്ചു. 'ഫഹല്‍ അന്‍തും മുന്‍തഹൂന്‍?'(നിങ്ങള്‍ വിരമിക്കുന്നില്ലേ?) എന്ന ഒരു ചോദ്യത്തിന്റെ ആവശ്യമേ വന്നുള്ളൂ. അവര്‍ പറഞ്ഞു: 'ഇന്‍തഹൈനാ ഇന്‍തഹൈനാ' (ഞങ്ങള്‍ വിരമിച്ചു; ഞങ്ങള്‍ വിരമിച്ചു).

അതിനുപകരം ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിച്ചുകൊണ്ട് യഥാര്‍ഥ ലക്ഷ്യത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയുള്ള പാഴ്‌വേലകളും വികടബുദ്ധികളും ഉപയോഗിക്കാനാണ് ഉത്തരവാദപ്പെട്ട ഭരണകൂടം ചെയ്യുന്നത് എന്നത് ലജ്ജാകരമാണ്. കള്ളും ബിയറും വൈനുമൊന്നും ലഹരിപാനീയങ്ങളെല്ലെന്നു സമര്‍ഥിക്കാനാണോ ശ്രമിക്കുന്നത്? ഇത് വഴി എന്ത് സന്ദേശമാണ് യുവജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്നത്? ഗുരുതരമായ ഇത്തരം തെറ്റുകള്‍ സര്‍ക്കാര്‍ തിരുത്തുക തന്നെവേണം. മദ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകള്‍ രൂപീകരിച്ച് മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം ശക്തമാക്കണം. തെറ്റുകള്‍ തിരുത്തി കാര്യക്ഷമമായ ബോധവല്‍ക്കരണത്തിലൂടെ ഒരു മദ്യമുക്ത സമൂഹത്തിനുവേണ്ടി നമുക്കൊന്നായ് ഒറ്റക്കെട്ടായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാം.

0
0
0
s2sdefault