മദ്യം: ഇസ്‌ലാമിന്റെ സമീപനം നിത്യപ്രസക്തം

ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ / ഷംസീര്‍ മുക്കം

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28
മദ്യമാണ് സര്‍വ തിന്മയുടെയും നാരായവേര്. മദ്യവിമുക്ത സാമൂഹിക സംവിധാനത്തിലൂടെയല്ലാതെ ഒരിക്കലും നിയമലംഘനങ്ങള്‍ പാടെ ഇല്ലാതാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് മദ്യത്തിനെതിരെ ഇസ്‌ലാം കര്‍ശന നിലപാട് സ്വീകരിച്ചത്.
കള്ളും ബിയറും വൈനും മദ്യമല്ലെന്ന സര്‍ക്കാരിന്റെ നയംമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ മദ്യനിരോധനസമിതി പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണനുമായി ഷംസീര്‍ മുക്കം നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗം.

ഏറ്റവും വലിയ സാമൂഹിക വിപത്താണ് മദ്യം എന്ന് മനസ്സിലാക്കി അതിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണല്ലോ താങ്കള്‍. മദ്യവിമുക്ത രാജ്യമാണ് താങ്കള്‍ സ്വപ്‌നം കാണുന്നത്. മറ്റു തിന്മകളെക്കാള്‍ എന്തുകൊണ്ടാണ് മദ്യം കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടതായി വരുന്നത്?

ഇസ്‌ലാം എല്ലാ തിന്മകളെയും എതിര്‍ക്കുന്നു. തിന്മകളില്‍ ഏറ്റവും വലിയത് ബഹുദൈവത്വ സങ്കല്‍പമാണ്. പക്ഷേ, റസൂല്‍(സ) പറഞ്ഞത് എല്ലാ തിന്മകളുടെയും മാതാവാണ് മദ്യം എന്നാണ്. മദ്യം നേരെ തലച്ചോറിനെ ബാധിക്കുന്നതാണ്. 'ഖംറ്' എന്നാണല്ലോ അറബിയില്‍ മദ്യത്തിന് പറയുക. 'ബുദ്ധിയെ മറയ്ക്കുന്നത്' എന്നാണ് അതിന്റെ വാക്കര്‍ഥം. സദാ പ്രോജ്വലിച്ചുകൊണ്ടിരിക്കുന്നതാണ് ബുദ്ധി. ആ ബുദ്ധിയില്‍ ഇരുട്ടുപരത്തുന്നതാണ് മദ്യം. അനാവശ്യമായ അറിവില്‍നിന്ന് രക്ഷ തേടാനും ഉപകാരപ്രദമായ അറിവിന്റ മാര്‍ഗങ്ങള്‍ തുറന്നു തരാനും പ്രാര്‍ഥിക്കാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്.

ബുദ്ധിയെ തകിടംമറിക്കുന്നത് അധര്‍മമാണ്, ഇരുട്ടാണ്. ബുദ്ധി കെട്ടുപോയാല്‍ പിന്നെ മാതാവും സഹോദരിയും സന്തതിയും എന്ന വ്യത്യാസമില്ല. അങ്ങനെയുള്ളവന്‍ മൃഗത്തെക്കാള്‍ അധഃപതിക്കും. മൃഗത്തിന് പ്രകൃത്യാ ലഭിച്ച ചില നിയമങ്ങളണ്ട്. അത് അവ അനുസരിക്കും. മനുഷ്യന് ലഭിച്ച നിയമങ്ങള്‍ ദൈവപ്രോക്തമാണ്. നീ ഇന്നതൊക്കെ ചെയ്യുക, ഇന്നത് ചെയ്യരുത് എന്ന കല്‍പന പാലിക്കേണ്ടവനാണ് മുനുഷ്യന്‍. ജന്തുക്കള്‍ക്ക് ഇര, ഇണ, വിശ്രമം, അഭയം എന്നതൊക്കെയാണ് പ്രധാനം. അതിനപ്പുറം പാലിക്കപ്പെടേണ്ട നിയമങ്ങളൊന്നും അവയ്ക്കില്ല. മനുഷ്യന് ബുദ്ധി എങ്ങോട്ടും കൊണ്ടുപോകാം. നീ നന്ദിയുള്ളവനാണങ്കില്‍ ഹിദായത്തിലൂടെ സഞ്ചരിക്കുക എന്നാണ് അല്ലാഹു കല്‍പിക്കുന്നത്. അല്ലെങ്കില്‍ മനുഷ്യന്‍ എങ്ങോട്ടും പോകുമെന്ന് അല്ലാഹുവിനറിയാം. എങ്ങോട്ടെങ്കിലും പോകട്ടെ എന്ന് പറഞ്ഞ് അല്ലാഹു മനുഷ്യനെ വെറുതെ വിട്ടിട്ടില്ല. നന്മ തിന്മകള്‍ വേര്‍തിരിച്ചു കാണിച്ചുകൊടുത്തിട്ടുണ്ട്. നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും ബുദ്ധിയെ തകര്‍ക്കുന്നതിനെ എതിരിടാനുമുള്ള ഒരു പദ്ധതിയാണ് മനുഷ്യന്റെ നവീകരണത്തിന് പ്രധാനമായിട്ടുള്ളത് എന്ന തിരിച്ചറിവുകൊണ്ടാണ് ഈ വേദി തെരഞ്ഞെടുത്തത്.

താങ്കളുടെ പ്രസംഗങ്ങളിലും സംസാരത്തിലുമെല്ലാം നിര്‍ലോഭം ക്വുര്‍ആന്‍ വചനങ്ങളും പ്രവാചക വചനങ്ങളും ഉപയോഗിക്കുന്നത് കാണാം. എങ്ങനെയാണ് ഇത് നേടിയടുത്തത്?

മറ്റു മതഗ്രന്ഥങ്ങളെ അപേക്ഷിച്ച് ക്വുര്‍ആനിന് 1500നടുത്ത വര്‍ഷത്തെ പഴക്കമേയുള്ളൂ. പുതുക്കം നഷ്ടപ്പെടാത്ത ഗ്രന്ഥമാണ് ക്വുര്‍ആന്‍ എന്നര്‍ഥം. മുസ്‌ലിംകള്‍ മുഴുവനും ക്വുര്‍ആന്‍ ഒരുപോലെ അംഗീകരിക്കുന്നു. അതികഠിനമായാണ് ഇസ്‌ലാം മദ്യത്തെ എതിര്‍ക്കുന്നത്. മുസ്‌ലിം നാമധാരികളല്ല; ഇസ്‌ലാമിക ദര്‍ശനം. മൂന്ന് ഘട്ടങ്ങളിലായാണ് ഇസ്‌ലാം മദ്യം നിര്‍ത്തലാക്കിയത്.

ആദ്യം ''സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ'' എന്ന് പറഞ്ഞു.

പിന്നീട് ''നിന്നോട് അവര്‍ മദ്യത്തെയും ചൂതാട്ടത്തെയുംപറ്റി ചോദിക്കുന്നു. പറയുക: അവരണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയില്‍ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്.'' എന്നു പറഞ്ഞ് നിരുല്‍സാഹപ്പെടുത്തി.

വിശുദ്ധ ക്വുര്‍ആന്‍ മദ്യവും ചൂതാട്ടവും അടക്കമുള്ള, ശത്രുതയും വിദ്വേഷവും ഇളക്കി വിടുകയും നാശഹേതുവുമായ എല്ലാ തിന്മകളെയും വിരോധിച്ചു.

അതിനു ശേഷം മനുഷ്യനെ സര്‍വനാശത്തിലേക്ക് തള്ളിവിടുന്നതാണ് മദ്യം എന്നു പറഞ്ഞ് നിഷിദ്ധമാക്കി പ്രഖ്യാപിച്ചു. ഏകദൈവാദര്‍ശം ജനമനസ്സുകളില്‍ വേരൂന്നിയതിനു ശേഷമാണ് ''പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്)്യൂവിരമിക്കുവാന്‍ ഒരുക്കമുണ്ടോ'' എന്ന് ചോദിച്ച് ഹറാമാക്കിയത്.

മലപ്പുറമാണ് ഞങ്ങളുടെ സമരത്തിന്റെ ഏറ്റവും വലിയ വിജയഭൂമി. ഇന്ത്യയില്‍ ഏറ്റവുമധികം ക്വുര്‍ആന്‍ വായിക്കപ്പെടുന്നത് മലപ്പുറത്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍എനിെക്കാരു ക്വുര്‍ആന്‍ പരിഭാഷ ലഭിച്ചു. മുജാഹിദ് പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. പല മുസ്‌ലിം സംഘടനകളുടെയും പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു. പ്രഗത്ഭരായ മുസ്‌ലിം പണ്ഡിതന്മാരുമായി ഇന്നെനിക്ക് ബന്ധമുണ്ട്. വീട്ടില്‍ കുടുംബസമേതം ഞങ്ങള്‍ ക്വുര്‍ആനും ബൈബിളും ഗീതയുമെല്ലാം ചര്‍ച്ച ചെയ്യാറുണ്ട്.

മദ്യനിരോധന പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയപ്പോള്‍ സമൂഹം എങ്ങനെയാണ് പ്രതികരിച്ചത്?

എന്റെ ഗ്രാമത്തിലെ മദ്യംകൊണ്ട് നശിക്കുന്ന കുടുംബങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായിരുന്നു. എല്ലാ പാര്‍ട്ടിക്കാരും സഹകരിച്ചിരുന്നു. മദ്യനിരോധനം എന്നു പറഞ്ഞപ്പോഴാണ് ആളുകള്‍ വലിഞ്ഞത്. 'മദ്യ രാഷ്ട്രീയക്കാര്‍' എന്ന ഒരു വിഭാഗമുണ്ട്. മദ്യത്തെ പ്രോല്‍സാഹിപ്പിക്കുക, അതിന്റെ പണം പറ്റുക,തൊഴിലാളികളെ സംഘടിപ്പിക്കുക... ഇതൊക്കെയാണ് അവരുടെ പരിപാടി. അവര്‍ പതുക്കെ പതുക്കെ നമ്മെ എതിര്‍ക്കാന്‍ തുടങ്ങി. പക്ഷേ, സാധാരണ ജനങ്ങളുടെ സപ്പോര്‍ട്ട് നമുക്ക് കിട്ടി. പറയത്തക്ക ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ല. അബ്കാരികളും അവരുടെഗുണ്ടകളും വന്ന് എന്തെങ്കിലും പറയും എന്ന് മാത്രം.

കഴിഞ്ഞ സര്‍ക്കാര്‍ കുറെ മദ്യശാലകള്‍ അടച്ചുപൂട്ടിയല്ലോ. ആ സമയത്ത് എടുത്തു പറയത്തക്ക എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ?

ഞങ്ങള്‍ 1000 പഞ്ചായത്തുകളില്‍ ജാഥ നടത്താന്‍ തീരുമാനിക്കുകയും അത് തുടങ്ങുകയും ചെയ്തു. 650 പഞ്ചായത്തെത്തിയപ്പോള്‍ മന്ത്രിബാബു ഇതില്‍ അട്ടിമറി നടത്തുന്നു എന്നറിഞ്ഞു ഞങ്ങള്‍ ജാഥ അവസാനിപ്പിച്ച് തിരിച്ച് തിരുവനന്തപുരത്തെത്തി. ആ സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് 418 കൊള്ളരുതാത്ത ബാറുകള്‍ അടക്കണമെന്ന ആവശ്യം ഞങ്ങളുയര്‍ത്തിയത്. അതിന് വി.എം സുധീരന്റെ പിന്തുണയുണ്ടായിരുന്നു. അവസാനം 730 എണ്ണം അടക്കാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതോടെ ഞങ്ങള്‍ ആ സമരം പിന്‍വലിച്ചു. ഈ സമരമാണ് കേരളത്തിലെ മദ്യനിരോധനസമര ചരിത്രം മാറ്റിയെഴുതിയത് എന്ന് സുധീരന്‍തന്നെ പലവേദികളലും പറഞ്ഞിട്ടുണ്ട്. ഗവണ്‍മെന്റില്‍ ചിലര്‍ക്ക് സത്യസന്ധതയില്ലായിരുന്നു. ബീര്‍,വൈന്‍ പാര്‍ലര്‍ ഒരു അഡ്ജസ്റ്റ്‌മെന്റില്‍ കൊടുക്കേണ്ടിവന്നതാണ് ഉമ്മന്‍ ചാണ്ടിക്ക്. നിരന്തരം നിലവിളിച്ചതിന്റെ ഫലമായി ഇത്രയെങ്കിലും ആയല്ലോ എന്ന സമാധാനമാണ് ഞങ്ങള്‍ക്ക്.

പിന്നീട് എല്‍. ഡി. എഫ് വന്നു. അവര്‍ മദ്യനിരോധനത്തിനെതിരാണ്. മദ്യവര്‍ജനം അവര്‍ അംഗീകരിക്കുന്നു. ഇപ്പോഴത്തെ സുപ്രീംകോടതി വിധി നിരന്തരമായ ഞങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണ്. ആ വിധി ഗവണ്‍മെന്റ് അട്ടിമറിക്കാന്‍ നോക്കി. അതിന് റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ നോക്കി പറ്റില്ലെന്ന് നിയമവകുപ്പ് ഉപദേശിച്ചു. ഇപ്പോള്‍ സുപ്രീംകോടതി വിധി അനുസരിച്ച് പാതയോര മദ്യശാലകള്‍ നീക്കം ചെയ്യണം. ഇതിനെ സര്‍ക്കാര്‍ അട്ടിമറിച്ചേക്കും. അട്ടിമറിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് വീണ്ടും ഞങ്ങള്‍ സമരത്തിനിറങ്ങുന്നത്. അതിന് എല്ലാ മുസ്‌ലിം സംഘടനകളും ഇതര മതസംഘടനകളും പിന്തുണനല്‍കണം.

0
0
0
s2sdefault