മാതാവിന്റെ അസ്ഥികൂടം മകന് കതക് തുറന്നു കൊടുക്കുമോ?

മുഹമ്മദലി ചെര്‍പ്പുളശ്ശേരി

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

'അമ്മയെ കാണാനെത്തിയ മകന്‍ കണ്ടത് അമ്മയുടെ അസ്ഥികൂടങ്ങള്‍' എന്ന തലക്കെട്ടില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പത്രങ്ങളില്‍ വന്ന വാര്‍ത്ത മനസ്സാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതായിരുന്നു.

അമേരിക്കയിലെ പ്രമുഖ ഐ.ടി.കമ്പനിയില്‍ ഉദ്യോഗസ്ഥനായ മകന്‍ റിതുരാജ് സഹാനിക്കാണ് ഈ ദാരുണമായ കാഴ്ച കാണേണ്ടിവന്നത്. നാലുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതിനുശേഷം അമ്മ മുംബൈയില്‍ ഒറ്റക്കായിരുന്നു താമസം. ഇരുപത് വര്‍ഷമായി ഭാര്യയോടൊപ്പം അമേരിക്കയിലാണ് ഈ മകന്റെ താമസം. ജോലിത്തിരക്കുകള്‍ക്കിടയില്‍ അടുത്ത കാലത്തൊന്നും തന്റെ അമ്മയെ വിളിക്കാന്‍ കഴിഞ്ഞില്ലത്രെ! അവസാനമായി വിളിച്ചത് 2016 ഏപ്രില്‍ മാസത്തില്‍. അതായത് അമ്മയെ അവസാനമായി വിളിച്ചിട്ട് ഒരു വര്‍ഷവും ആറ് മാസവുമായെന്ന്!

നീണ്ട ഇടവേളക്കു ശേഷം അമ്മയെ കാണാനെത്തിയ മകന്‍ വാതില്‍ തട്ടി വിളിച്ചിട്ടും തുറക്കാതായപ്പോള്‍ പൂട്ട് പൊളിച്ചു അകത്ത് കടന്നപ്പോള്‍ കണ്ടത് അമ്മയുടെ അസ്ഥികൂടം!

പത്തു മാസം ഗര്‍ഭം ചുമന്ന്, നൊന്തു പ്രസവിച്ച് തന്നെ താനാക്കി മാറ്റി, ഉന്നത ബിരുദം നേടി അമേരിക്കയില്‍ സ്വന്തമായി ഒരു ജോലി തരപ്പെടുത്തുന്നവിധത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവന്ന അമ്മയെ ജോലിത്തിരക്കിനിടയില്‍ ടെലഫോണ്‍ ചെയ്യാന്‍ പോലും സമയം കിട്ടിയില്ലത്രെ.

കഴിഞ്ഞ വര്‍ഷം പത്രങ്ങളില്‍ വന്ന മറ്റൊരു വാര്‍ത്ത ഇതിനോട് ചേര്‍ത്ത് വായിക്കുക: ഏക മകനും മരുമകളും ചേര്‍ന്ന് വൃദ്ധയായ അമ്മയെ പട്ടിക്കൂടിനോട് ചേര്‍ന്ന് കിടക്കുന്ന മുറിയില്‍ പാര്‍പ്പിച്ചു. അടുത്ത വീട്ടില്‍ പിരിവിന് വന്ന ആളുകള്‍ മുറിയില്‍ നിന്ന് ഞരങ്ങലും മൂളലും കേട്ട് ചെന്നുനോക്കിയപ്പോഴാണ് കാര്യം അറിഞ്ഞത്. അമ്മയുടെ കാല്‍ വീണ് ഒടിഞ്ഞിരുന്നു. കിടന്ന കിടപ്പില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്നു...

എട്ട് മക്കളെ പെറ്റ ഒരു മാതാവും അവരുടെ പിതാവും വയസ്സുകാലത്ത് നോക്കുവാന്‍ ആളില്ലാതെ പീടികത്തിണ്ണയില്‍ കഴിയുന്നു! കേസായി. പൊലീസ് ഇടപെട്ടു. കോടതി എട്ട് മക്കളെയും വിളിച്ചുവരുത്തി. മാതാപിതാക്കളുടെ സംരക്ഷണമേറ്റെടുക്കാന്‍ കല്‍പിച്ചു. ആരാണ് നോക്കുക എന്നതില്‍ തര്‍ക്കമായി. അവസാനം ഒരു മകന്‍ നോക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആ മകന് അവരെ നോക്കാന്‍ മറ്റുള്ളവര്‍ കാശ് നല്‍കണം....!

അടുത്തകാലത്ത് പത്രങ്ങളില്‍ ഇത്തരത്തിലുള്ള ധാരാളം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഭാവനയല്ല; പച്ചയായ യാഥാര്‍ഥ്യങ്ങള്‍. പത്രക്കാരുടെ ശ്രദ്ധയില്‍ പെടാത്ത എത്രയെത്ര സംഭവങ്ങള്‍ ഉണ്ടാകും! 

ഗര്‍ഭം ചുമന്ന് നൊന്തുപ്രസവിച്ച മാതാവ്... രാപകല്‍ ഭേദമില്ലാതെ മക്കള്‍ക്കുവേണ്ടി അധ്വാനിച്ച പിതാവ്... അവര്‍ ഇന്ന് തെരുവിലേക്ക് പാഴ്‌വസ്തുപോലെ വലിച്ചെറിയപ്പെടുന്നു. അങ്ങ് അമേരിക്കയിലോ യൂറോപ്പിലോ അല്ല, നമ്മുടെ കേരളത്തില്‍ തന്നെ! 

ധാര്‍മികബോധമില്ലാത്ത ഒരു സമൂഹം ഇവിടെ വളര്‍ന്ന് വരുന്നു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ബന്ധങ്ങളെ ബന്ധനങ്ങളായി കാണുന്നവര്‍! സമ്പത്തിനപ്പുറം ബന്ധമില്ലെന്നു കരുതുന്നവര്‍...! ആര്‍ത്തിയോടെ സമ്പത്തിനു പുറകെ പായുന്നവര്‍...! ഇവര്‍ക്കെങ്ങനെ വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കാനും അവര്‍ക്ക് സ്‌നേഹവും കാരുണ്യവും പകര്‍ന്നുകൊടുക്കാനും കഴിയും?

സത്യവിശ്വാസികള്‍ക്കിടയില്‍ ഇങ്ങനെയുള്ളവരുണ്ടാകാവതല്ല. കാരണം കടുത്ത അപരാധമായിട്ടാണ് ഇസ്‌ലാം മാതാപിതാക്കളോടുള്ള കടമകള്‍ നിര്‍വഹിക്കാത്തതിനെ കാണുന്നത്. മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു മാത്രമല്ല, അവരോടുള്ള സംസാരവും പെരുമാറ്റവുമെല്ലാം മാന്യമായ നിലയ്ക്കായിരിക്കണമെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

 ''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ 'ഛെ'   എന്നു പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കു പറയുകയും ചെയ്യുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കേണമേ എന്നു നീ പ്രാര്‍ഥിക്കുകയും ചെയ്യുക'' (17:23,24).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം.നബി(സ്വ) പറഞ്ഞു: ''വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ സാധിക്കാത്തവന് നാശം! അവന് നാശം! അവന് നാശം!'' (മുസ്‌ലിം)

മാതാപിതാക്കളുടെ ചങ്ങാതിമാരെ ആദരിക്കല്‍ പോലും അവരോടുള്ള ആദരവാണ് എന്നാണ് പ്രവാചകാധ്യാപനം. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഒരിക്കല്‍ യാത്രയിലായിരിക്കെ അഅ്‌റാബിയായ ഒരു മനുഷ്യനെ കാണുന്നു. ഉടനെ ഇബ്‌നു ഉമര്‍ വാഹനപ്പുറത്തിനിന്ന് നിന്ന് താഴെയിറങ്ങി. എന്നിട്ട് ആ അഅ്‌റാബിയെ വാഹനത്തില്‍ കയറ്റി; കടിഞ്ഞാണും പിടിച്ച് നടന്നു. മാത്രമല്ല തന്റെ തലപ്പാവ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. 'അബ്ദുല്ലാ! എന്താണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ കാരണം?' എന്ന് കൂടെയുള്ളവര്‍ ചോദിച്ചു. 'ഈ മനുഷ്യന്റെ പിതാവ് എന്റെ പിതാവിന്റെ ഏറ്റവും അടുത്ത സ്‌നേഹിതനായിരുന്നു' എന്നാണ് ഇബ്‌നു ഉമര്‍(റ) പ്രതികരിച്ചത്! 'ഒരാള്‍ തന്റെ പിതാവിനോടോ മാതാവിനോടോ കാണിക്കുന്ന സ്‌നേഹത്തില്‍ പെട്ടതാണ് അവരുടെ സ്‌നേഹിതരോട് ബന്ധം ചേര്‍ക്കല്‍' എന്ന് നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ടെന്നും ഇബ്‌നു ഉമര്‍(റ) കൂട്ടിച്ചേര്‍ത്തു. 

ഒരു മനുഷ്യന്‍ പ്രവാചകസന്നിധിയില്‍ വന്നുകൊണ്ട് 'എന്റെ മെച്ചപ്പെട്ട സഹവാസത്തിന് ഏറ്റവും അര്‍ഹന്‍ ആരാണെ'ന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്റെ  മറുപടി 'നിന്റെ മാതാവ്' എന്നായിരുന്നു. മൂന്നുതവണ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും ഇതായിരുന്നു മറുപടി. നാലാം തവണ ചോദിച്ചപ്പോഴാണ് 'നിന്റെ പിതാവ്' എന്നു മറുപടി പറഞ്ഞത്. നൊന്തുപ്രസവിച്ചു വളര്‍ത്തിയ മാതാവിനോട് കൂടുതല്‍ കടപ്പാടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പിതാക്കളോട് വെറുപ്പുകാണിക്കുന്നത് നന്ദികേടാണെന്നും നബി(സ്വ) മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വാര്‍ധക്യം തന്നെയും പിടികൂടുമെന്ന ചിന്തയെങ്കിലുമുള്ളവര്‍ വൃദ്ധരായ മാതാപിതാക്കളെ വെറുക്കില്ല, തീര്‍ച്ച.  

ആദര്‍ശശത്രുവായിട്ടും മഹാനായ ഇബ്‌റാഹീം നബി(അ) പിതാവിനോട് സ്‌നേഹത്തോടെയാണ് എപ്പോഴും പെരുമാറിയിട്ടുള്ളത്. പിതാവ് ഇങ്ങോട്ട് ശത്രുത കാണിച്ചു. 'നിന്നെ ഞാന്‍ എറിഞ്ഞോടിക്കും, എന്റെ മുമ്പില്‍നിന്ന് ഞാന്‍ കാണാത്ത സ്ഥലത്തേക്ക് പോകൂ' എന്നൊക്കെ പറഞ്ഞു. പക്ഷേ, ഇബ്‌റാഹീം(അ) പ്രകോപിതനായില്ല. കയര്‍ത്തു സംസാരിച്ചില്ല.

മോനേ, നിന്നെ അറുക്കണം എന്നതാണ് അല്ലാഹുവിന്റെ തീരുമാനം. സ്വപ്‌നത്തില്‍ ഞാന്‍ അത് കണ്ടിരിക്കുന്നു. എന്താ മോനേ നിന്റെ അഭിപ്രായം എന്ന് ഇബ്‌റാഹീം(അ) മകനായ ഇസ്മാഈല്‍(അ)യോട് ചോദിച്ചപ്പോള്‍ കല്‍പിക്കപ്പെട്ടതുപോലെ ചെയ്യാന്‍ പറഞ്ഞ് അല്ലാഹുവിനെയും പിതാവിനെയും അനുസരിക്കാന്‍ തയ്യാറായതില്‍ നമുക്ക് ഗുണപാഠമില്ലേ? 

മാതാപിതാക്കള്‍ അന്യമതക്കാരാണെങ്കിലും ആദര്‍ശവിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് അവരോടുള്ള കടമകള്‍ നിറവേറ്റണമെന്നും വൃദ്ധരായ മാതാപിതാക്കള്‍ക്കു ചെയ്യുന്ന സേവനം ദൈവമാര്‍ഗത്തിലുള്ള പലായനത്തെക്കാളും ധര്‍മസമരത്തെക്കാളും ഉത്തമമാണെന്നും അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെതൃപ്തിയെന്നും അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപമെന്നും കാരുണ്യത്തിന്റെ മതമായ ഇസ്‌ലാം വ്യക്തമാക്കുന്നു.

സ്‌നേഹം ഉള്ളില്‍ വെച്ചാല്‍ പോരാ. അത് പ്രകടിപ്പിക്കണം. പ്രകടിപ്പില്ലെങ്കില്‍ അവര്‍ക്ക് അത് മനസ്സിലാകില്ല. മാതാപിതാക്കളെ നന്നായി സ്‌നേഹിക്കുക, പരിഗണിക്കുക.അല്ലാഹുവിന്റെ തൃപ്തി ലഭിക്കാന്‍ അത് അനിവാര്യമാണ്. അല്ലാഹുവിന്റെ തൃപ്തി ലഭിക്കാത്തവര്‍ക്ക് സ്വര്‍ഗം ലഭിക്കില്ല.

0
0
0
s2sdefault