കുടുംബം: അപചയവും പ്രതിവിധിയും

ഹാഷിം കാക്കയങ്ങാട്

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ പേടിപ്പെടുത്തുന്ന രീതിയിലുളള വിള്ളല്‍ വീണ് തുടങ്ങിയെന്ന വാര്‍ത്തകളാണ് ദിനംപ്രതി നാം കേട്ടുകൊണ്ടിരിക്കുന്നത്. തന്നെ താനാക്കി മാറ്റുന്നതിന് ജീവിതത്തിന്റെ സിംഹഭാഗവും ബലികഴിച്ച മാതാപിതാക്കളോട് യാതൊരു കടമയും കടപ്പാടുമില്ലാത്ത രീതിയിലാണ് പല മക്കളും മുന്നോട്ട് കുതിക്കുന്നത്.

ആറ്റ് നോറ്റ് വളര്‍ത്തിയ മക്കള്‍ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി രക്ഷിതാക്കളുടെ ഇടനെഞ്ചില്‍ തീക്കനല്‍ കോരിയിട്ടുകൊണ്ട് ജീവിക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകള്‍ നാം നിത്യവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും നെഞ്ച് പൊട്ടിയുള്ള കരച്ചിലുകള്‍ക്ക് യാതാരു വിലയും കല്‍പിക്കാതെ ഈയിടെ ബസ് സ്റ്റോപ്പില്‍ വച്ച് പരിചയപ്പെട്ട ചെറുപ്പക്കാരന്റെ കൂടെ ഇറങ്ങിപ്പോകാന്‍ സന്നദ്ധരാകുന്ന പെണ്‍കുട്ടികള്‍ നല്‍കുന്ന സന്ദേശം അത്യാപത്തിന്റെതാണ്. പെണ്‍കുട്ടികള്‍ കപട സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും വലക്കണ്ണികളില്‍ കുരുങ്ങി സര്‍വവും ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്നതാണ് പ്രശ്‌നമെങ്കില്‍ ആണ്‍മക്കളുടെ കാര്യം അതിലേറെ  അലോസരപ്പെടുത്തുന്നതാണ്. കൗമാരത്തിന്റെ പടവുകള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ മയക്ക് മരുന്നിനും ലൈംഗിക വൈകൃതങ്ങള്‍ക്കും അടിമപ്പെടുകയാണ് ആണ്‍കുട്ടികല്‍ വലിയൊരു വിഭാഗം. നാടിനെയും സമൂഹത്തെയും ഭാവിയില്‍ നയിക്കേണ്ടവര്‍ ലഹരി നുണഞ്ഞ് കുഴഞ്ഞ് പോകുമ്പോള്‍ അതിന്റെ പാപഭാരം ആരിലെങ്കിലും ചാര്‍ത്തി രക്ഷപ്പെടാനാണ് പലരും ശ്രമിക്കുന്നത്.

ഈ വിഷയങ്ങളില്‍ ചില തിരിഞ്ഞ് നോട്ടങ്ങളും ആത്മവിമര്‍ശനങ്ങളും നാം നടത്തിയില്ലെങ്കില്‍ നമ്മുടെ വീടിന്റെ അകത്തളങ്ങളിലും അസ്വസ്ഥതകളുടെ കരിമ്പുക ഉയരുമെന്നുറപ്പാണ്.

മക്കള്‍ പരീക്ഷണവും അലങ്കാരവുമാണ്

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഒരു കുഞ്ഞിക്കാല്‍ കാണുകയെന്നത് വെറും സ്വപനം മാത്രമായി അവശേഷിക്കുന്ന ധാരാളം ദമ്പതിമാര്‍ നമുക്ക് ചുറ്റുമുണ്ട്. ഒട്ടേറെ ഡോക്ടര്‍മാരെ കാണിച്ചു. പല വിധ ചികിത്സകളും നടത്തി. ദമ്പതികള്‍ ഇരുവര്‍ക്കും യാതൊരു കുഴപ്പവും കാണുകയുമില്ല. പക്ഷേ കുട്ടികള്‍ ഉണ്ടാകുന്നുമില്ല. ചിലരില്‍ കുഴപ്പങ്ങളുണ്ട്. അല്ലാഹുവിന്റെ ചില വചനങ്ങള്‍ അത്തരമാളുകള്‍ക്ക് സമാധാനം നല്‍കുന്നു: 

''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു'' (ക്വുര്‍ആന്‍ 42:49,50).

മക്കളുണ്ടാകുന്നതില്‍ അല്ലാഹുവല്ലാത്ത ഒന്നിനും യാതൊരു പങ്കുമില്ല. പലരുടെയും വിശ്വാസത്തില്‍ പുഴുക്കുത്ത് വീഴുന്ന മേഖലയാണ് മക്കളില്ലാതെ പരീക്ഷിക്കപ്പെടല്‍ എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സിദ്ധന്മാരും ഭാവി പ്രവചനക്കാരും പാമര ജനങ്ങളെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്നു. തങ്ങളുടെ ഇഹപര നഷ്ടങ്ങളെക്കുറിച്ച് ചൂഷണം ചെയ്യപ്പെടുന്നവര്‍ ഓര്‍ക്കുന്നുമില്ല. മക്കളില്ലാതെ പരീക്ഷിക്കപ്പെട്ട ഇബ്‌റാഹീം(അ), സകരിയ്യാ(അ) എന്നിവരുടെ ചരിത്രം അല്ലാഹു നമ്മെ പഠിപ്പിക്കുന്നതില്‍ നമുക്ക് ഗുണപാഠമുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് അറിവുള്ളവരുടെ കടമയാണ്.  

മക്കളെ ലഭിച്ചവര്‍ അതിന് അല്ലാഹുവോട് അങ്ങേയറ്റം നന്ദി കാണിക്കേണ്ടതുണ്ട്. ഭൗതികതയുടെ അതിപ്രസരത്തില്‍ പലരും മറന്ന് പോവുകയും അലസരാവുകയും ചെയ്യുന്ന കാര്യമാണിത്. മറ്റ് പലര്‍ക്കും ലഭിക്കാത്ത സൗഭാഗ്യമാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്ന ഓര്‍മ സന്താനങ്ങളുള്ളവര്‍ക്ക് എപ്പോഴുമുണ്ടാകണം. എന്തൊക്കെ പ്രയാസങ്ങളുമായിട്ടാണ് വീട്ടിലേക്ക് കയറിച്ചെല്ലുന്നതെങ്കിലും  പൊന്നോമനകളുടെ മുഖം കാണുന്നതോട് കൂടി എല്ലാം നാം മറക്കുന്നു. അവരെ ഓമനിച്ച,് അവരോടൊപ്പം കളിച്ച് രസിക്കുമ്പോള്‍ നമുക്കുണ്ടാകേണ്ട ബോധം ബാല്യ-കൗമാരങ്ങള്‍ കഴിയുന്നതോട് കൂടി  കെട്ട് പോകാന്‍ പാടില്ല ഈ സന്തോഷം എന്നതായിരിക്കണം.

സന്താനങ്ങളെക്കുറിച്ച് ക്വുര്‍ആനില്‍ അല്ലാഹു പറയുന്നു: ''സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരങ്ങളാകുന്നു...''(18:46).

ഈ അലങ്കാരത്തിന്റെ ഭംഗിയും ശോഭയും നശിക്കാതെ സൂക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും ബാധ്യതയാണ്. അതല്ലെങ്കില്‍  നമുക്ക് പരീക്ഷണങ്ങളും വേദനകളും സമ്മാനിക്കുന്നവരായി അവര്‍ മാറും. മക്കളുമായി ബന്ധപ്പെട്ട വര്‍ത്തമാനകാല പ്രതിസന്ധികളുടെ മൂലകാരണം നമ്മുടെ ശ്രദ്ധയില്ലായ്മയും സൂക്ഷ്മതക്കുറവും തന്നെയാണെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു.

മക്കള്‍ അമാനത്താണ്

പ്രവാചകന്‍(സ്വ) പറഞ്ഞു: ''നിങ്ങളോരോരുത്തരും കൈകാര്യകര്‍ത്താക്കളാകുന്നു. നിങ്ങളുടെ കീഴില്‍ കൈകാര്യകര്‍തൃത്വം ഏല്‍പിക്കപ്പെട്ടവരെ കുറിച്ച് നിങ്ങള്‍ മുഴുവന്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. പുരുഷന്‍ തന്റെ വീട്ടിലെ കൈകാര്യകര്‍ത്താവാകുന്നു. അവന്ന് കീഴിലുള്ളവരെ കുറിച്ച് അവന്‍ ചോദ്യം ചെയ്യപ്പെടും. സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെ  കൈകാര്യകര്‍ത്താവാകുന്നു. അവള്‍ക്ക് കീഴിലുള്ളവരെ കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടും''(ബുഖാരി, മുസ്‌ലിം).

ഓരോരുത്തരും നിര്‍വഹിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ച് ഒാര്‍മിപ്പിക്കാന്‍ ഇതിലും നല്ലൊരു വചനം ആവശ്യമില്ല.

മക്കളുടെ വിഷയത്തില്‍ നാം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നമ്മുടെ ജീവിതം താളം തെറ്റുമെന്നുറപ്പാണ്. മക്കള്‍ അലങ്കാരവും സന്തോഷവുമാണെന്ന് പറയുമ്പോള്‍,  അത് മനസ്സിലാക്കുന്നതില്‍ വന്ന പിഴവാണ് പല കുടുംബങ്ങളിലും തീരാദുഃഖത്തിന്റെ കരിനിഴല്‍ വീഴ്ത്തിയതെന്ന് അവരുടെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകും 

സ്‌നേഹിക്കണം, ലാളിച്ച് വഷളാക്കരുത്!

മക്കള്‍ ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കുകയും നല്ല ഭക്ഷണവും വസ്ത്രവും നല്‍കുകയും ചെയ്യലില്‍ ഒതുങ്ങുന്നു അവരോടുള്ള സ്‌നേഹം എന്നാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്.

ചില തിരുത്തലുകളും കരുതലുകളും ഈ വിഷയത്തില്‍ നാം എടുത്തേ തീരൂ.

ധാര്‍മിക വിദ്യാഭ്യാസം നഷ്ടപ്പെട്ടത് പ്രധാന വിപത്ത് 

ഭൗതിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നാം നല്‍കുന്ന ശ്രദ്ധയും അവരുടെ ഇഹ പരജീവിതത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന മദ്‌റസ- മതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമുക്കുള്ള ശ്രദ്ധയും ഈയവസരത്തില്‍ ഒന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. മൂന്ന്  വയസ്സില്‍ പ്രീ സ്‌കൂള്‍ മുതല്‍ ആരംഭിക്കുന്നു നമ്മുടെ ഇപ്പോഴത്തെ ഭൗതിക വിദ്യാഭ്യാസം. അതവസാനിക്കുന്നതാകട്ടെ മിക്കവാറും അവന്റെ/അവളുടെ 23ാമത്തെ വയസ്സിലാണ്. അതിനുശേഷവും പഠനം തുടരുന്നവരുണ്ട്. ഒരു വര്‍ഷത്തില്‍ ഏകദേശം 1200 മണിക്കൂര്‍ വച്ച് ഈ കാലയളവില്‍ 20400 മണിക്കൂര്‍ അവര്‍ ഭൗതിക വിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുന്നു. എന്നാല്‍ ജീവിതം മുഴുവന്‍ നേര്‍പഥത്തിലൂടെ സഞ്ചരിക്കാന്‍ അവനെ/അവളെ പ്രാപ്തരാക്കേണ്ട ധാര്‍മിക വിദ്യാഭ്യാസത്തിന് രക്ഷിതാക്കള്‍ നല്‍കുന്ന പ്രാധാന്യം എത്രമാത്രമുണ്ടെന്ന് പരിശോധിച്ചാല്‍ നമുക്ക് തന്നെ കുറച്ചിലനുഭവപ്പെടും. ആഴ്ചയില്‍ 8-9 മണിക്കൂര്‍ വച്ച് ഒരു വര്‍ഷം ഏതാണ്ട് 360 മണിക്കൂര്‍. കൃത്യമായി കുട്ടികളെ പറഞ്ഞയക്കുന്നവര്‍ക്കേ അത്രയും സമയം കിട്ടൂ. ഭൗതിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിനെ എതിര്‍ക്കുകയല്ല; പലരും പല കാരണങ്ങള്‍ പറഞ്ഞ് ആ മേഖലയില്‍ പുറം തിരിഞ്ഞ് നിന്നപ്പോള്‍ രക്ഷിതാക്കളെയും കുട്ടികളെയും ബോധവല്‍കരിക്കാന്‍ മുന്നില്‍ നടന്ന നവോത്ഥാന നായകരുടെ പിന്‍തലമുറക്ക് അതിന് കഴിയുകയില്ല. 

ഭൗതിക സാഹചര്യങ്ങളില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായതോട് കൂടി നമ്മുടെ മത വിദ്യാഭ്യാസത്തിന്റെ ഗ്രാഫ് കുത്തനെ താഴുന്നതാണ് നാം കണ്ടത്. ഒരുപാട് മദ്‌റസകള്‍ ഉണ്ടായെങ്കിലും പഠന നിലവാരവും സമയവും കുറഞ്ഞു. അഞ്ചാം ക്ലാസിനപ്പുറം പലര്‍ക്കും മദ്‌റസ ഒരു അജണ്ടയേ അല്ലാതായി മാറി. എന്ന് മാത്രമല്ല അതൊരു കുറച്ചിലായി അനുഭവപ്പെടുന്നവര്‍ പോലും വളര്‍ന്നുവന്നു. കുട്ടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 13 വയസ്സ് മുതല്‍ 20 വരെയുള്ള കാലയളവ്. അവരുടെ ഭാവി തീരുമാനിക്കുന്നതില്‍ ഈ ഏഴ് വര്‍ഷങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. വഴിതെറ്റാനും നന്നാവാനും ഒക്കെ സാധ്യതയുള്ള പ്രായം. ആ സമയത്താണ് അവര്‍ക്ക് ഏറ്റവും കൂടുതല്‍ ധാര്‍മികത പകര്‍ന്ന് നല്‍കേണ്ടത്. പക്ഷേ, ആറാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേരുന്ന നമ്മുടെ മക്കള്‍ പതിനൊന്നോ പന്ത്രണ്ടോ വയസ്സാകുമ്പോഴേക്കും മദ്‌റസയോട് വിട പറഞ്ഞിട്ടുണ്ടാകും. പിന്നീടവര്‍ വിഹരിക്കുന്നത് തീര്‍ത്തും ഭൗതികാസ്വാദനങ്ങളുടെ മേഖലകളിലാണ്. കൂട്ടുകെട്ട് അല്‍പമൊന്ന് പിഴച്ചാല്‍ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത വിധം അവര്‍ നമുക്ക് നഷ്ടപ്പെടും എന്നതിന് ഉദാഹരണങ്ങള്‍ അനവധിയാണ്. 

ഹൈസ്‌കൂള്‍ പ്രായത്തിലുള്ള  വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മയക്ക് മരുന്ന് മാഫിയകള്‍ വലവിരിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ നാം വായിച്ചിട്ട് അധികനാളുകളായിട്ടില്ല. പലപ്പോഴും വീട്ടുകാര്‍ അറിയുമ്പോഴേക്ക് തീര്‍ത്തും പിടിവിട്ട അവസ്ഥയിലായിരിക്കും കുട്ടി. ആശുപത്രികളും കൗണ്‍സിലിംഗ് സെന്ററുകളും മാറി മാറി കയറിയിറങ്ങി സാധാരണ നിലയിലേക്കെത്തുമ്പോഴേക്കും അവന്റെ ജീവിത ത്തിലെ സുപ്രധാനമായ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിരിക്കുകയും ചെയ്യും.

ആണ്‍കുട്ടികളെ വൃത്തികെട്ട സ്വവര്‍ഗ ലൈംഗികതയ്ക്ക് ഉപയോഗിച്ച് അവരുടെ ജീവിതം താറുമാറാക്കുന്ന മറ്റൊരു ഭീഷണിയും ഈയടുത്ത കാലത്തായി ക്രമാതീതമായി വര്‍ധിച്ച് വന്നിട്ടുണ്ട്. 

(അവസാനിച്ചില്ല)

0
0
0
s2sdefault