കുട്ടികളുടെ മാനസിക വളര്‍ച്ച

അശ്‌റഫ് എകരൂല്‍

2017 നവംബര്‍ 18 1439 സഫര്‍ 29

ഇസ്‌ലാമിക് പാരന്റിംഗ്: 37

സ്‌നേഹവാത്സല്യങ്ങളുടെ വൈകാരിക ഉദ്ദീപനം കുട്ടിമനസ്സില്‍ സാധ്യമാക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പ്രവാചകാധ്യാപനങ്ങളുടെ വെള്ളി വെളിച്ചത്തില്‍ തെളിഞ്ഞു കാണുന്ന ഒട്ടനവധി വഴികള്‍ ഇനിയുമുണ്ട്. അതില്‍ പെട്ട ചിലത് കൂടി നമുക്ക് പരിശോധിക്കാം. 

കുഞ്ഞുങ്ങളുടെ തലയില്‍ തടവുക

കുട്ടികളുടെ മനസ്സിനെ വൈകാരികമായി ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മനഃശാസ്ത്രപരമായ ഒരു നടപടിയാണ് കുട്ടികളുടെ തല തടവുകയെന്നത്. അതിലൂടെ അവര്‍ കാരുണ്യത്തിന്റെ നനവ് ആസ്വദിക്കുന്നു. വാത്സല്യത്തിന്റെ ശീതളക്കാറ്റ് അവരുടെ  ശരീരത്തിലും മനസ്സിലും അടിച്ചു വീശും. കാരുണ്യവാനായ പ്രവാചകന്റെ ജീവിത ശീലങ്ങളില്‍ ഒന്നായിരുന്നു അത്. അനസ്(റ) പറയുന്നു: ''നബി ﷺ അന്‍സ്വാറുകളെ സന്ദര്‍ശിക്കുകയും അവരുടെ കുട്ടികള്‍ക്കു സലാം പറയുകയും അവരുടെ ശിരസ്സുകളില്‍ തലോടുകയും ചെയ്യും'' (സ്വഹീഹ് അല്‍ ജാമിഅ്, അന്നസാഈ).  

കുട്ടികളുടെ തല തടവുക മാത്രമല്ല, തന്റെ വിശുദ്ധ കരങ്ങള്‍ കൊണ്ട് കുട്ടികളുടെ കവിളുകളില്‍ തലോടി അതിലൂടെ അവരോടുള്ള സ്‌നേഹവും സന്തോഷവും പ്രകടമാക്കുകയും ചെയ്യുമായിരുന്നു നബി ﷺ . ജാബിറുബിന്‍ ഉസാമത്(റ) (വളരെ പ്രായം കുറഞ്ഞ സ്വഹാബിയായ ഒരു കുട്ടിയായിരുന്ന നേരത്ത്) പറയുന്നു: ''ഞാന്‍ നബി ﷺ യുടെ കൂടെ ഒന്നാമത്തെ നമസ്‌കാരം അഥവാ ദുഹ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു. പിന്നീട് അദ്ദേഹം തന്റെ കുടുംബങ്ങളിലേക്ക് പുറപ്പെട്ടു പോയി. ഞാനും നബിയുടെ കൂടെ പോയി. അങ്ങനെ നബി ﷺ വീട്ടിലേക്കു കയറുമ്പോള്‍ രണ്ടു കുട്ടികള്‍ അദ്ദേഹത്തിന്റെ മുന്നിലേക്ക് കടന്നുവന്നു. നബി അവരുടെ ഓരോരുത്തരുടെയും ഇരു കവിളുകളിലും തടവിക്കൊണ്ടിരുന്നു. അങ്ങനെ എന്റെ കവിളിലും തടവി.  അപ്പോള്‍ എനിക്ക് തണുപ്പ് അനുഭവപ്പെട്ടു-അല്ലെങ്കില്‍ നല്ല സുഗന്ധം. അത്തര്‍ കുപ്പിയില്‍നിന്നെടുത്ത കൈകളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ കൈകള്‍'' (ഇമാം മുസ്‌ലിം). 

നബി ﷺ ഈ പ്രവൃത്തി സൂചിപ്പിക്കുന്നത്, ഒന്നിലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ എല്ലാവരെയും പരിഗണിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ്.  

പ്രസന്നതയോടെ സ്വീകരിക്കുക

കുട്ടികള്‍ക്ക് അവര്‍ കടന്നുവരുമ്പോഴും കണ്ടുമുട്ടുമ്പോഴും അവരെ  നല്ല മുഖപ്രസന്നതയോടെ സ്വീകരിക്കുക. പ്രഥമ സംഗമം പ്രസന്നവും മുഖം കൊടുത്തുകൊണ്ടുമാകുമ്പോള്‍ തുടര്‍ന്നുള്ള സംസാരത്തിന്നും സംഭാഷണത്തിനും ശ്രദ്ധയും ബഹുമാനവും കിട്ടും. മറിച്ചാണെങ്കില്‍ അവര്‍ക്ക് മനസ്സ് തുറക്കാനോ അവരുടെ വികാരങ്ങളെ രക്ഷിതാക്കളുമായി പങ്കുവെക്കാനോ അവര്‍ സന്നദ്ധരാവില്ല. മറിച്ച് അതെല്ലാം പുറത്തുള്ളവരുമായിട്ടാവും അവര്‍ പങ്കുവെക്കുക. അവര്‍ നല്ല മനസ്സുള്ളവരാണോ അതോ ചൂഷണ താല്‍പര്യക്കാരാണോ എന്നൊന്നും വേര്‍തിരിച്ചറിയാന്‍ കുട്ടികള്‍ക്കു കഴിയില്ലതാനും. ഇത് പല അപകടങ്ങളിലേക്കും വഴി നടത്തുകയും ചെയ്യും. നബി ﷺ യാത്രയില്‍ നിന്ന് വരുമ്പോഴും കുട്ടികള്‍ കടന്നുവരുമ്പോഴും അവരെ നല്ല മുഖ പ്രസന്നതയോടെ, അവര്‍ക്കു പരിഗണന നല്‍കിക്കൊണ്ട് സ്വീകരിക്കും. ഇമാം മുസ്‌ലിമും ഇമാം അഹ്മദും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) നിവേദനം: ''നബി ﷺ വല്ല യാത്രയും കഴിഞ്ഞു വന്നാല്‍ തന്റെ കുടുംബത്തിലുള്ള കുട്ടികളെ കാണും. നബി ﷺ യാത്ര കഴിഞ്ഞു വന്നാല്‍ ഞാന്‍ അവരെല്ലാവരെയും മുന്‍ കടന്നു നബിയുടെ അടുത്ത് എത്തും. എന്നെ അദ്ദേഹം മുമ്പില്‍ ഏറ്റും. ഫാത്വിമ(റ)യുടെ മക്കളില്‍ നിന്ന് ഹസനോ ഹുസൈനോ എത്തും. അവരെ പിന്നില്‍ കൂട്ടും. ഞങ്ങള്‍മൂന്നാളുകളെയും കൊണ്ട് പട്ടണത്തില്‍ പ്രവേശിക്കും'' (മുസ്‌ലിം).

ശ്രദ്ധ നല്‍കുക

കുട്ടികളുടെ മനസ്സിന്നു സ്‌ഥൈര്യവും ദാര്‍ഢ്യതയും നല്‍കുന്ന ഒന്നാണ് അവരെ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും കണ്ണില്‍ നിന്ന് അകന്നാല്‍ അഥവാ കാണാതായാല്‍ പെട്ടെന്ന് തന്നെ അവരെ അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയെന്നത്. അവര്‍ ഒറ്റക്കാകുന്നതിനെ പേടിക്കുക. അത് അവരില്‍ ആത്മ വിശാസം വളര്‍ത്തും. ഞങ്ങളുടെ കാര്യത്തില്‍ ആശങ്കയുള്ളവരാണ് ഞങ്ങളുടെ മാതാപിതാക്കള്‍ എന്ന തോന്നല്‍ അവരില്‍ സുരക്ഷിത ബോധം വളര്‍ത്തും. നബി ﷺ എപ്പോഴും അവരുടെ കാര്യത്തില്‍ ശ്രദ്ധകൊടുത്തിരുന്നു. അവരെ കാണാതായാല്‍ ആശങ്കപ്പെടുകയും അന്വേഷിക്കുകയും ചെയ്യും. കാണുന്നില്ലെന്ന് വന്നാല്‍ ഇറങ്ങി  അവരെ തേടിപ്പോകും. ചുറ്റുമുള്ളവരോട് കുഞ്ഞുങ്ങളെ അന്വേഷിക്കുവാന്‍ പറയും. പ്രവാചകന്‍ ﷺ എത്ര നല്ല രക്ഷിതാവ് കൂടിയായിരുന്നെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

0
0
0
s2sdefault