കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക

അശ്‌റഫ് എകരൂല്‍

2017 നവംബര്‍ 04 1439 സഫര്‍ 15

ഇസ്‌ലാമിക് പാരന്റിംഗ്: 36

കുട്ടികളില്‍ വൈകാരിക, മാനസിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ധാരാളം പ്രായോഗിക മാര്‍ഗങ്ങള്‍ പ്രവാചക ജീവിതത്തിന്റെ താളുകളില്‍ നമുക്ക് കാണുവാന്‍ കഴിയും. അതിലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അവരുമായി കളി തമാശകളില്‍ ഏര്‍പ്പെടുവാന്‍ പ്രവാചകന്‍ ﷺ സമയം കണ്ടത്തിയിരുന്നുഎന്നത്. മാത്രവുമല്ല അതില്‍ അദ്ദേഹം വൈവിധ്യം നിലനിര്‍ത്തി. ഒരിക്കല്‍ ഓടിക്കളിക്കലാണെങ്കില്‍ മറ്റൊരിക്കല്‍ മുതുകില്‍ കയറ്റി നടക്കലാവും. അതുമല്ലെങ്കില്‍ ഓമനപ്പേര് വിളിച്ച്... അങ്ങനെ അവരെ പലവിധത്തില്‍ ആനന്ദിപ്പിച്ചു. 

കേവലം ഉപദേശികളായോ കല്‍പന പുറപ്പെടിവിക്കുന്ന കോടതിയായോ മാത്രമായി പലപ്പോഴും രക്ഷിതാക്കള്‍ മാറിപ്പോകുന്നതാണ് കുട്ടികളില്‍ സ്വന്തം വീടിനോട് വിരക്തിയും ഉപദേശങ്ങളോട് അലസ ഭാവവും ഉണ്ടാക്കുന്നത്. ഒഴിവ് നേരങ്ങളില്‍ പരമാവധി വീട്ടില്‍ നില്‍ക്കാതിരിക്കുവാനും പുറത്തു ചുറ്റിത്തിരിയുവാനും കുട്ടികള്‍ക്കു താല്‍പര്യം വര്‍ധിപ്പിക്കുന്നതിനു കാരണം കളി തമാശകള്‍ക്ക് സ്വന്തം വീട്ടില്‍ ഇടം ലഭിക്കാത്തതു തന്നെയാവും. ഇവിടെയാണ് നബി ﷺ രക്ഷിതാക്കള്‍ക്ക് മാതൃകയാകുന്നത്. പ്രവാചക സാന്നിധ്യം കുട്ടികള്‍ക്ക് അലസതയല്ല, ആനന്ദവും ആഗ്രഹവുമാണ് സമ്മാനിച്ചത്. അത് കൂടുതല്‍ കിട്ടാന്‍ അവര്‍ താല്‍പര്യപ്പെട്ടുകൊണ്ടേയിരുന്നു. നമ്മുടെ മക്കളും അവരുടെ  ഒഴിവു വേളകളില്‍ നമ്മുടെ സാന്നിധ്യം കൊതിക്കുംവിധം അവരുമായി കളി തമാശകളില്‍ ഏര്‍പെടുവാന്‍ നാം സമയം കണ്ടത്തണം. 

അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ കുട്ടികളോെടാപ്പമായ ചില രംഗങ്ങള്‍ നാം പഠനവിധേയമാക്കി നോക്കുക. അബൂഹുറയ്‌റ(റ) പറയുകയാണ്: 'എന്റെ ഈ രണ്ടു ചെവികൊണ്ട് ഞാന്‍ കേള്‍ക്കുകയുണ്ടായി, എന്റെ ഈ രണ്ടു കണ്ണു കൊണ്ട് ഞാന്‍ കാണുകയുണ്ടായി: നബി ﷺ തന്റെ ഇരുകരങ്ങള്‍കൊണ്ട് ഹസന്‍(റ)വിന്റെയോ (ഹുസൈന്‍(റ)വിന്റെയോ) കൈപടങ്ങളില്‍ പിടിച്ചു. എന്നിട്ട് അവരുടെ കാല്‍പാദം നബിയുടെ കാല്‍പാദത്തിന്മേല്‍ കയറ്റി വെച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: 'കയറൂ.' അബൂഹുറയ്‌റ(റ) പറയുകയാണ്: 'നബി ﷺ യുടെ നെഞ്ചില്‍ തന്റെ കാല്‍ എടുത്തു വെക്കും വരെ കുട്ടി കയറി.' പിന്നീട് നബി ﷺ പറഞ്ഞു:  'നിന്റെ വായ തുറക്കൂ.' പിന്നെ നബി ﷺ അവനെ ചുംബിച്ചു. എന്നിട്ട് അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, നീ ഇവനെ  ഇഷ്ടപ്പെടേണമേ, ഞാന്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു'(ബുഖാരി, അദബുല്‍ മുഫ്‌റദ്). 

മറ്റു ചില റിപ്പോര്‍ട്ടുകളില്‍ (നിഹായ: ഇബ്‌നുല്‍ അസീര്‍) 'കൊച്ചുകുട്ടീ... കൊച്ചുകുട്ടീ... കയറൂ... കണ്ണിറുങ്ങിയ കൊച്ചുകുട്ടീ...' എന്നിങ്ങനെ പറഞ്ഞതായി കാണാം. വാത്സല്യം നിറഞ്ഞൊഴുകുമ്പോള്‍ പേര് ചുരുക്കിയും കുട്ടിത്തത്തെ ഉയര്‍ത്തിക്കാട്ടിയും നബി ﷺ അവരെ വിളിക്കുമായിരുന്നുവെന്നര്‍ഥം. ഇമാം ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിക്കുന്ന അനസ്(റ)വില്‍ നിന്നുള്ള മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: ''നബി ﷺ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയായിരുന്നു. എനിക്ക് ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അബൂ ഉമൈര്‍ എന്നായിരുന്നു അവനെ വിളിക്കാറുണ്ടായിരുന്നത്. അവന്‍  എപ്പോെഴങ്കിലും ഞങ്ങളുടെ അടുത്ത് വന്നാല്‍ നബി ﷺ അവനോടു ചോദിക്കും: 'അബൂ ഉമൈര്‍! നിന്റെ പക്ഷിക്കുഞ്ഞിനെ നീ എന്ത് ചെയ്തു?' അവന്‍ കളിപ്പിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞിപ്പക്ഷി ഉണ്ടായിരുന്നു. നബി ﷺ അതിനെപ്പറ്റിയായിരുന്നു ഇങ്ങനെ ചോദിക്കാറുള്ളത്.

ഇമാം അഹ്മദ് (റഹി) അനസ്(റ)വില്‍ നിന്ന് നിവേദനം: നബി ﷺ ഉമ്മു സുലൈമിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവര്‍ക്ക്  അബൂത്വല്‍ഹയില്‍ അബൂ ഉമൈര്‍ എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവനെനബി ﷺ തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ നബി ﷺ അവന്റെ അടുത്ത് ചെന്നപ്പോള്‍ വളരെ ദുഃഖിതനായി കണ്ടു. അന്നേരം അവിടുന്ന് കാരണം തിരക്കി. അവര്‍ പറഞ്ഞു: 'അവന്റെ പക്ഷിക്കുഞ്ഞ് ചത്തുപോയി.' അപ്പോള്‍ നബി ﷺ അവനോട് (തമാശയില്‍) ചോദിച്ചു: 'അബാ ഉമൈര്‍! നീ പക്ഷിക്കുഞ്ഞിനെ എന്ത് ചെയ്തു?' ഈ ഹദീഥിനെ പരാമര്‍ശിച്ചുകൊണ്ട് ഇബ്‌നു ഹജര്‍ ഫത്ഹുല്‍ബാരിയില്‍ എഴുതിയത് തമാശ പറയുന്നത് അനുവദനീയമാണെന്നതിനും കുട്ടികളോട് തമാശ പറയുന്നതില്‍ അനുവാദമുണ്ടെന്നതിനും ഇത് തെളിവാണ് എന്നാണ്.

നബി ﷺ ആളുകള്‍ക്കിടയിലൂടെ പേരക്കുട്ടിയായ ഹുസൈന്‍(റ)വിനെ പിടിക്കാന്‍ കൈ നീട്ടി ചെന്നതും അവനെ ചിരിപ്പിച്ചതുമായ സംഭവം മുമ്പ് വിവരിച്ചത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. 

നബി ﷺ കുഞ്ഞുങ്ങളെ തോളില്‍ കയറ്റി വെക്കാറുണ്ടായിരുന്നു. അവര്‍ക്ക് കയറുവാന്‍ അനുവാദം നല്‍കാറുമുണ്ടായിരുന്നു. അബ്ദുല്ലാഹിബ്‌നു ശിദാദി(റ)ല്‍ നിന്ന് ഉദ്ധരിക്കുകയും ഇമാം അല്‍ബാനി സ്വഹീഹ് എന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമായ ഒരു ഹദീഥിന്റെ ആശയം ഇപ്രകാരമാണ്: ഒരിക്കല്‍ ദുഹ്ര്‍ അല്ലെങ്കില്‍ അസ്വ്ര്‍ നമസ്‌കാരത്തിന് നബി ﷺ ഹുസൈന്‍(റ)വിനെ അല്ലെങ്കില്‍ ഹസന്‍(റ)വിനെ തോളിലേറ്റി കൊണ്ട് വന്നു. നമസ്‌കാരം തുടങ്ങുമ്പോള്‍ തന്റെ വലത് വശത്തു വെച്ച് ഇമാമായി നമസ്‌കരിച്ചു. നബി ﷺ സുജൂദില്‍ എത്തിയപ്പോള്‍ അവന്‍ നബി ﷺ യുടെ കഴുത്തില്‍ കയറി ഇരുന്നു. നബി (അവന്‍ ഇറങ്ങുന്നത് വരെ) സുജൂദ് വൈകിപ്പിച്ചു. നമസ്‌കാര ശേഷം സുജൂദിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: 'എന്റെ മകന്‍ എന്നെ വാഹനമാക്കി. അവന്റെ ആവശ്യം പൂര്‍ത്തീകരിക്കാതെ ധൃതി കാണിക്കുന്നത് ഞാന്‍ വെറുത്തു.'

ഇത്തരം സമീപനങ്ങള്‍ കുഞ്ഞുങ്ങളുടെ മാനസിക നിലവാരത്തെ ഉയര്‍ത്തുകയും വൈകാരിക തലങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യും. നബിയുടെ ഈ സമീപനങ്ങള്‍ കണ്ട സ്വഹാബികള്‍, അതുകൊണ്ടു തന്നെ തങ്ങളുടെ മക്കളോട് ഇതേ രീതിയില്‍ പെരുമാറുകയും തന്മൂലം വൈകാരിക മൂല്യങ്ങളുള്ള തലമുറകളായി അവര്‍ വളരുകയും ചെയ്തു.

കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന മറ്റൊരു സമീപനമാണ് അവര്‍ക്ക് സമ്മാനങ്ങളും മറ്റും നല്‍കി സന്തോഷിപ്പിക്കുക എന്നത്. സമ്മാനങ്ങള്‍ നല്‍കുകയെന്നത് ഏതൊരു  മനുഷ്യ മനസ്സിലും സന്തോഷവും സാധീനവും ഉണ്ടാക്കുന്ന കാര്യമാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ചും. നബി ﷺ പറഞ്ഞു: ''നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുക. (അത് മൂലം) പരസ്പരം സ്‌നേഹിക്കുകയും ചെയ്യുക.'' (ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി, ബുലൂഗുല്‍ മറാം).

ഇമാം മുസ്‌ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: കൃഷി വിളവെടുപ്പില്‍ ആദ്യത്തെ ഫലം നബി ﷺ ക്ക് എത്തിച്ചു കൊടുക്കും. അപ്പോള്‍ നബി ﷺ പ്രാര്‍ഥിക്കും: 'അല്ലാഹുവേ, ഞങ്ങളുടെ പട്ടണത്തിനു നീ അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ ഫലവര്‍ഗങ്ങളിലും ഞങ്ങളുടെ അളവിലും നീ അനുഗ്രഹത്തിന് മേല്‍ അനുഗ്രഹം നല്‍കേണമേ.' എന്നിട്ട് അതില്‍നിന്ന് അല്‍പമെടുത്ത് കൂടി നിന്നവരില്‍ ഏറ്റവും ചെറിയ കുട്ടികള്‍ക്കു നല്‍കും.

അബൂദാവൂദ് ആഇശ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ നമുക്ക് ഇങ്ങനെ കാണാം: ഒരിക്കല്‍ നബി ﷺ ക്ക് നജ്ജാശി രാജാവില്‍ നിന്ന് കൊത്തുപണികളോട് കൂടിയ ഒരു മോതിരം പാരിതോഷികമായി കൊടുത്തയച്ചു. നബി ﷺ അത് തിരിച്ചും മറിച്ചും നോക്കിയതിന് ശേഷം സൈനബി(റ)ന്റെ മകള്‍ ഉമാമ ബിന്‍ത് അബുല്‍ ഇസ്സിനെ വിളിച്ചിട്ട് പറഞ്ഞു: 'നീ ഇത് അണിഞ്ഞോ മോളേ.' 

കുട്ടികളുടെ മാനസിക വളര്‍ച്ചക്ക് സഹായിക്കുന്ന ഇതുപോലുള്ള പലതും നബി ﷺ യുടെ ജീവിതത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. (തുടരും)

0
0
0
s2sdefault