കൗമാരക്കാരെ പരിഗണിക്കുക

ഇല്‍യാസ് കൊയിലാണ്ടി

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19

സാമാന്യം നല്ല നിലയില്‍, മത പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന നല്ലവരായ രക്ഷിതാക്കളുടെ മക്കളും മോശമായ ക്യാംപസ് സാഹചര്യത്തിലും ചീത്ത കൂട്ടുകെട്ടുകളിലും കുടുങ്ങി വഴിതെറ്റിപ്പോകുന്നുണ്ട് എന്നത് വളരെ സങ്കടകരമായ ഒരു കാര്യമാണ്. റ്റീനേജ് പ്രായക്കാരായ മക്കളുടെ -ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും- രക്ഷിതാക്കള്‍ അനുഭവിക്കുന്ന മനോവേദന ചെറുതല്ല.

എന്തുണ്ട് ഇതിന് പരിഹാരം?

1. മത വിദ്യാഭ്യാസം റ്റീനേജ് പ്രായത്തില്‍ കുട്ടികള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

2. മക്കള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. മനസ്സില്‍ തട്ടും വിധം സ്‌നേഹം ചാലിച്ച് ക്വുര്‍ആന്‍ സൂക്തങ്ങളുടെയും പ്രവാചക വചനങ്ങളുടെയും വെളിച്ചത്തില്‍ വിഷയങ്ങളുടെ പ്രാധാന്യവും ഗൗരവവും മനസ്സിലാക്കിക്കൊടുക്കുക.

3. മക്കളുടെ ബാല്യകാലത്ത് നമ്മള്‍ അവരുടെ എല്ലാ വിഷയങ്ങൡലും ഇടപെടുകയും പിന്നില്‍ നടക്കുകയും പരിഗണന നല്‍കുകയും അവര്‍ക്ക് വേണ്ടി സമയം മാറ്റി വെക്കുകയും ചെയ്തിരുന്നു. റ്റീനേജില്‍ അത് അവസാനിപ്പിക്കേണ്ടതില്ല. പ്രായവും ശാരീരിക-മാനസിക വളര്‍ച്ചയും പരിഗണിച്ച് അതിനനുസരിച്ചുള്ള കരുതലും പരിഗണനയും ഇടപെടലും കൗമാര പ്രായക്കാരിലും വേണം.

4. ലാഭത്തെ കുറിച്ചുള്ള പ്രതീക്ഷയും തിരിച്ചറിവുമാണല്ലോ ഒരു കച്ചവടക്കാരന്റെ ആവേശവും ഊര്‍ജവും. അതാണല്ലോ ക്ഷമയോടെയുള്ള കാത്തിരിക്കാനുള്ള ഹേതു. ഇതിനെക്കാള്‍ ഉപരി മക്കള്‍ ഇരു ലോകത്തേക്കുമുള്ള ശരിയായ സമ്പാദ്യമാണെന്ന് തിരിച്ചറിഞ്ഞു വേണം ഓരോ നീക്കങ്ങളും.

5. കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകരുമായും സഹപാഠികളുമായും അവരുടെ രക്ഷിതാക്കളുമായും കഴിയുന്നത്ര നിരന്തരം ബന്ധം പുലര്‍ത്താനും പി. ടി. എ മീറ്റിംഗുകളില്‍ നിറ സാന്നിധ്യമാകുവാനും കഴിയണം.

6. കുട്ടികള്‍ വളര്‍ന്നു വരുന്ന എല്ലാ സാഹചര്യങ്ങളും മനസ്സിലാക്കി, ആത്മാര്‍ഥമായ ചങ്ങാത്തത്തിലൂടെ മുന്നോട്ടു പോകണം.

7. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കണം. ഇസ്‌ലാമികമായി പാടില്ലാത്തതാണെങ്കില്‍ അത് ബോധ്യപ്പെടുത്തി കൊടുക്കുകയും വേണം.

8. കുട്ടികളുടെ യാതൊരു പോരായ്മയും മറ്റൊരാളോട് -പ്രത്യേകിച്ച് അവരുടെ മുന്‍പില്‍ വെച്ച്- ചര്‍ച്ച ചെയ്യരുത്. അവരുടെ വ്യക്തിത്വവും അഭിമാനവും പരിഗണിക്കണം.

9. ഒരുമിച്ചുള്ള കുടുംബ സന്ദര്‍ശനത്തിനും ഉല്ലാസ യാത്രക്കും മതവിജ്ഞാന വേദികളില്‍ പങ്കെടുക്കുന്നതിനും സമയം കണ്ടെത്തുക.

10. പ്രായത്തിനനുസരിച്ച് കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരവും നിര്‍ദേശങ്ങളും നല്‍കുക.

11. സാമ്പത്തിക വിഷയത്തില്‍ ഒരു കാഴ്ച്ചപ്പാടുണ്ടാക്കുകയും ധൂര്‍ത്തില്‍ നിന്നും പിശുക്കില്‍ നിന്നും തടയുകയും ചെയ്യുക.

12. വരവ് ചെലവുകള്‍ കുറിച്ചുവെക്കുന്ന ശീലം വളര്‍ത്തുക.

13. പ്രബോധന മേഖലയില്‍ ഇടപെടാനുള്ള അവസരം ഒരുക്കുക.

14. ദാനധര്‍മം ശീലിപ്പിക്കുക.

15. ക്വുര്‍ആന്‍ മനഃപാഠമാക്കാന്‍ സൗകര്യം ഒരുക്കുക.

16. സര്‍വോപരി ഏകദൈവാദര്‍ശം മുറുകെ പിടിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുക. മരണാനന്തര ജീവിത വിജയം നേടിയെടുക്കലാണ് ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്നും നാം ഇഹലോകത്ത് ചെയ്യുന്ന നന്മ തിന്മകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാതിരിക്കില്ല എന്നും ബോധ്യപ്പെടുത്തുക.

0
0
0
s2sdefault