കരിമ്പനയുടെ നാട്ടില്‍ വിരിഞ്ഞ നന്മയുടെ പൂക്കള്‍

എം.എസ്.എം പ്രൊഫ്‌കോണ്‍

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19

കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന്റെ മണ്ണില്‍, പശ്ചിമഘട്ട മലനിരകളില്‍നിന്നും പുറപ്പെട്ട് കരിമ്പനകളെ തഴുകിയെത്തുന്ന കാറ്റിനെ സാക്ഷിയാക്കി ഇരുപത്തിയൊന്നാമത് പ്രൊഫ്‌കോണ്‍ സമാപിച്ചു.

പുതുതലമുറയുടെ വാഗ്ദാനമായ എം. എസ്. എം പ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട അക്ഷീണ പ്രയത്‌നങ്ങളുടെയും പ്രാര്‍ഥനകളുടെയും ഫലം ദൈവിക സഹായമായി പെയ്തിറങ്ങുന്ന കാഴ്ചയാണ് 2017 മാര്‍ച്ചിലെ 10,11,12 തീയതികളില്‍ പാലക്കാട് പുതുനഗരത്തെ സമ്മേളന നഗരിയില്‍ കണ്ടത്. 'നിങ്ങള്‍ അല്ലാഹുവിനെ സഹായിച്ചാല്‍ അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിറുത്തുകയും ചെയ്യും' എന്നാണല്ലോ വിശുദ്ധ ക്വുര്‍ആന്‍ നല്‍കുന്ന സന്തോഷ വാര്‍ത്ത.

മികവുറ്റ സംഘാടനംകൊണ്ടും ആസൂത്രിതമായ പ്രോഗ്രാം കൊണ്ടും ശ്രദ്ധേയമായിരുന്നു സമ്മേളനം. വിജയത്തിന്റെ നിദാനവും അതുതന്നെ. ജില്ലയില്‍ കിട്ടാവുന്നതില്‍വെച്ച് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്തുവെച്ച് പട്ടണത്തിന്റെ തിരക്കുകളും ഒച്ചപ്പാടുകളുമില്ലാത്ത പ്രശാന്തമായ ചുറ്റുപാടില്‍ നടന്ന സമ്മേളനത്തിന്റെ മൂന്നു ദിനങ്ങളില്‍ അക്ഷരാര്‍ഥത്തില്‍ മതവിജ്ഞാനത്തിന്റെ മധുനുകരുകയായിരുന്നു ഭാവിയിലെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഐ. ടി വിദഗ്ധരും മറ്റും. ചിലരൊക്കെ മുന്‍ വര്‍ഷങ്ങളില്‍ നടന്ന പ്രൊഫ്‌കോണുകളില്‍ പങ്കെടുത്തവരാണ്. അധികവും പുതുമുഖങ്ങള്‍. ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിന്റെ ഊഷരഭൂമിയില്‍നിന്നും ആത്മീയ വിജ്ഞാനത്തിന്റെ ശാദ്വലതീരത്തെത്തിയതിന്റെ ആവേശവും കൗതുകവും അവരുടെ മുഖങ്ങളില്‍ ദര്‍ശിക്കാമായിരുന്നു.

സത്യവിശ്വാസത്തില്‍ അധിഷ്ഠിതമായ, ധാര്‍മികതയില്‍ വേരൂന്നിയ, അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്‍പനാനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള, പാരത്രിക വിജയം ലക്ഷ്യമാക്കിയുള്ള, ചിട്ടയായ ജീവിതം നയിേക്കണ്ടതിന്റെ ആവശ്യവും അനിവാര്യതയും ബോധ്യപ്പെുടുത്തിക്കൊണ്ട് ഓരോ സെഷനിലെയും ക്ലാസുകള്‍ പുരോഗമിക്കുന്തോറും വിദ്യാര്‍ഥിമനസ്സുകളില്‍ ഒരു മാറ്റത്തിനുള്ള അന്തര്‍ദ്ദാഹം വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ചെയ്തുപോയ തെറ്റുകള്‍ എത്ര! മദ്യം, മയക്കുമരുന്ന്, അതിരുവിട്ടതും അല്ലാത്തതുമായ പ്രണയങ്ങള്‍... യുവതലമുറയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന എന്തെല്ലാം അധാര്‍മിക പ്രവര്‍ത്തനങ്ങളുണ്ടോ അവയെല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ചിലര്‍... ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ മാനിക്കാതെ, കര്‍മാനുഷ്ഠാനങ്ങളോട് വിമുഖത കാണിച്ചു ജീവിച്ച മറ്റു ചിലര്‍... മനസ്സിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുന്ന പഠന ക്ലാസുകള്‍ അവരെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇല്ല. പറ്റില്ല. ഈ പോക്ക് ശരിയല്ല. എനിക്ക് മാറണം. പുതിയൊരു മനുഷ്യനായി, യഥാര്‍ഥ സത്യവിശ്വാസിയായി ജീവിക്കണം. അവര്‍ തീരുമാനിച്ചുറച്ചു. കൗണ്‍സിലിംഗ് സെന്ററിലേക്ക് അവര്‍ ഓടിയടുത്തു. തെറ്റുകള്‍ ചെയ്തുപോയി. ഉപദേശ നിര്‍ദേശങ്ങള്‍ തരണം എന്ന് അഭ്യര്‍ഥിച്ചു. പലരും കണ്ണീര്‍ വാര്‍ത്തു. മാതാപിതാക്കളെ ദ്രോഹിച്ചതിന്, അവരോട് അനുസരണക്കേടു കാണിച്ചതിന് പടച്ചവന്‍ പൊറുക്കുമോ എന്ന ബേജാറില്‍ അവര്‍ അസ്വസ്ഥരായി.

മൂന്നു ദിവസങ്ങളിലായി കേട്ടത് എത്രയെത്ര പണ്ഡിതന്മാരുടെ ചിന്താര്‍ഹമായ ക്ലാസുകള്‍. എത്രയെത്ര വിഷയങ്ങള്‍! ജീവിതത്തില്‍ ഇേന്നവരെ കേള്‍ക്കാത്തതും അറിയാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ എത്രയെത്ര കാര്യങ്ങള്‍.

സുബ്ഹിക്കു മുമ്പേ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച് തഹജ്ജുദ് നമസ്‌കരിക്കുന്നത് ജീവിതത്തില്‍ ആദ്യമായാണെന്നും ഇനി ഈ ശീലം തുടരുക തന്നെ ചെയ്യും -ഇന്‍ശാ അല്ലാഹ്- എന്നു പറഞ്ഞവര്‍ അനേകം. നല്ലൊരു മുസ്‌ലിമായി ജീവിക്കുവാനുള്ള പ്രചോദനം കിട്ടിയതിന്റെ ഉല്‍സാഹത്തിലായിരുന്നു അവര്‍.

അന്യസംസ്ഥാന വിദ്യാര്‍ഥികളും വിദേശ രാജ്യ പ്രതിനിധികളും അവര്‍ക്കു മാത്രമായി തയാറാക്കപ്പെട്ട ഓഡിറ്റോറിയത്തില്‍ ഇംഗ്ലീഷ്-അറബി ഭാഷകളിലുള്ള ക്ലാസുകളിലും ചര്‍ച്ചകളിലും ആത്യന്തം പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. കേരളമെന്ന മനോഹരമായ നാടിനെക്കുറിച്ചല്ല, ഇവിടെയുള്ള സലഫികളുടെ മതപ്രബോധനത്തിലുള്ള താല്‍പര്യത്തെയും അതിന്റെ മാര്‍ഗത്തിലുള്ള അവരുടെ കഠിനാധ്വാനത്തെ കുറിച്ചുമാണ് അവര്‍ക്ക് പറയുവാനുണ്ടായിരുന്നത്.

ഹുസൈന്‍ സലഫിയുടെ സമാപന പ്രസംഗം വിദ്യാര്‍ഥികള്‍ സാകൂതം ശ്രവിക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. കാമ്പസുകളിലും നാട്ടിലും അടക്കവും ഒതുക്കവുമില്ലാതെ േതാന്നിയപോലെ വിഹരിച്ചിരുന്നവര്‍ ഇതാ, നിശ്ചലരായി ഇരിക്കുന്നു. അവരുടെ ശ്രദ്ധ പ്രഭാഷണത്തില്‍ മാത്രമാണ്. കലാലയത്തിലെ അര മണിക്കൂര്‍ ക്ലാസ് പോലും അവരെ ബോറടിപ്പിച്ചിരുന്നു. പക്ഷേ, ദീനിന്റെ സദസ്സിലിതാ അവര്‍ കണ്ണും കാതും ഹൃദയവും സമര്‍പ്പിച്ച് അറിവ് നുകരുന്നു. പലരുടെയും കവിളുകൡലൂടെ കണ്ണീര്‍ കണങ്ങള്‍ ഉതിര്‍ന്നു വീഴുന്നു. ആരും കാണാതിരിക്കാന്‍ കര്‍ച്ചീഫെടുത്ത് കണ്ണു തുടക്കുന്നു.

കേട്ടതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്നും ആദര്‍ശത്തില്‍ വിട്ടുവീഴ്ച കാണിക്കാതെ മുന്നേറണമെന്നും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കല്‍പനാ നിര്‍ദേശങ്ങള്‍ക്കാണ് മറ്റാരുടെ വാക്കിനെക്കാളും പരിഗണന കൊടുക്കേണ്ടതെന്നും അധര്‍മങ്ങള്‍ പാടെ വെടിയണമെന്നും സഹപാഠികള്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കുവാന്‍ ആവതു ശ്രമിക്കണമെന്നുമൊക്കെയുള്ള സലഫിയുടെ വാക്കുകള്‍ അവരുടെ മനസ്സകങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ അടയാളമായിരുന്നു അെതല്ലാം.

അതെ, എം.എസ്.എം ആ കുട്ടികളെ കൈപിടിച്ചുയര്‍ത്തുവാന്‍ ശ്രമിക്കുകയായിരുന്നു. നെറികേടുകളില്‍നിന്ന് നേരിന്റെ വഴിയിലേക്ക്. അധര്‍മത്തിന്റെ പടുകുഴിയില്‍നിന്ന് ധര്‍മത്തിന്റെ സരണിയിലേക്ക്.

0
0
0
s2sdefault