കളിപാതകങ്ങള്‍

ത്വാഹാ റഷാദ്

2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11
വിനോദങ്ങള്‍ക്കും ആസ്വാദനങ്ങള്‍ക്കുമാണ് ഗെയിമുകള്‍. എന്നാല്‍ ഗെയിമുകള്‍ തന്നെ മരണ കാരണമാവുകയാണെങ്കിലോ? ബ്ലൂവെയില്‍ ഗെയിമിന്റെ പശ്ചാത്തലത്തില്‍ ഒരന്വേഷണം.  

നൈമിഷിക ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും പിന്നാലെ ലക്ഷ്യം മറന്ന് നീങ്ങുകയാണ് മനുഷ്യന്‍. കാലഘട്ടത്തിനനുസരിച്ച് വിനോദത്തിന്റെ മാര്‍ഗവും രൂപവും മാറിക്കൊണ്ടേയിരിക്കുന്നു. വിദ്യാര്‍ഥികള്‍ മുതല്‍ പ്രായംചെന്നവര്‍ വരെ ലഹരിയുടെയും മറ്റ് വൃത്തികെട്ട ആസ്വാദനമുറകളുടെയും അടിമകളാണിന്ന്.

മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, വ്യഭിചാരം എന്നിങ്ങനെയുള്ള സാര്‍വത്രിക തിന്മകള്‍ക്കൊപ്പം ഇന്റര്‍നെറ്റ്, വീഡിയോ ഗെയിം എന്നിവയോടുള്ള അമിതഭ്രമവും, സാഡിസവും ആത്മഹത്യയും NSSIയും (Non Suicidal Self Injury) എല്ലാം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. തിന്മകളിലുള്ള സുഖം ആസ്വദിക്കാനായി ജീവിക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. വേദനയില്‍ ആനന്ദം കണ്ടെത്തുക എന്ന നീചവൃത്തിയെ വരിക്കുന്ന സംസ്‌കാരം.

ആകുലതയില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും മോചനം എന്ന നിലയില്‍ സ്വ-പീഡനം (Selfharm) ശീലമാക്കിയവരുടെ എണ്ണം ഇന്ന് വര്‍ധിച്ചിരിക്കുന്നു. 2013 ലെ Global burdan of Desease study(1) പ്രകാരം ആ വര്‍ഷം 3.3 മില്യണ്‍ സ്വ-പീഡന സംഭവങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. 2006ലെ (Truth hart's Report)(2) പ്രകാരം 12-24 വയസ്സിലുള്ള കുട്ടികളിലാണ് ഇത്തരം സ്വയം മറിവേല്‍പ്പിക്കല്‍ വ്യാപകമാകുന്നത് എന്നാണ് കണ്ടെത്തല്‍. 

നല്ല ശരീരവും ആരോഗ്യവും ദൈവാനുഗ്രഹങ്ങളാണ്. സ്വശരീരത്തെ ദ്രോഹിക്കാനോ മുറിവേല്‍പിക്കാനോ സ്വയം വധിക്കാനോ നമുക്കവകാശമില്ല. നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും ഇഹലോകത്ത് വല്ല വസ്തുവും ഉപയോഗിച്ച് ആത്മഹത്യ ചെയ്താല്‍ അതുകൊണ്ട് അന്ത്യനാളില്‍ അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്'' (ബുഖാരി, മുസ്‌ലിം).


ഇന്റര്‍നെറ്റ്

ഏറ്റവും നൂതനമായ വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പോലും മൂന്നാംകിട രാജ്യങ്ങളിലെ പിന്നോക്ക വിഭാഗത്തിനു പോലും സ്വായത്തമായ കാലമാണിത്. ഇന്റര്‍നെറ്റ് എന്ന പുതുമാധ്യമത്തിന്റെ ചിറകിലേറി വിര്‍ച്വല്‍ വികസനത്തിന്റെ ഓരോ മേഖലയും മനുഷ്യന്‍ കീഴടക്കിക്കൊണ്ടിരിക്കുന്നു.

ആശയ വിനിമയം, പഠനം, ഷോപ്പിംഗ്, ഗതിനിര്‍ണയം എന്നിങ്ങനെ പല ദൈനം ദിനാവശ്യങ്ങളും  ഇന്റര്‍നെറ്റ് എളുപ്പമാക്കിത്തന്നിരിക്കുന്നു.

സിരി, വാട്‌സണ്‍, കൊര്‍ട്ടാന എന്നീ എ.ഐ (Artificial Intelligence) കൂടെ ചേരുമ്പോള്‍ ഇന്റര്‍നെറ്റ് മനുഷ്യന്റെ പൂര്‍ണസഹായി ആയി മാറുകയാണ്. എന്നാല്‍ എല്ലാറ്റിലും തിന്മയുടെ സുഖം തേടുന്നവര്‍ ഇവിടെയും കുഴിയൊരുക്കിയിട്ടുണ്ട്. പോണോഗ്രഫിയും സാമ്പത്തിക തട്ടിപ്പും വഞ്ചനങ്ങളും ഇന്റര്‍നെറ്റ് സംവിധാനത്തെ പേടിപ്പെടുത്തുന്നതാക്കിയിട്ടുണ്ട്. ജനമനസ്സിനെ സ്വാധീനിക്കുന്ന പരസ്യങ്ങളും സന്ദേശങ്ങളുമെല്ലാം ഇത്തരത്തില്‍ മോശമായിരിക്കുന്നു.

സിഗരറ്റോ മയക്കുമരുന്നോ കണ്ടിട്ടുപോലുമില്ലാത്ത 'നല്ല കുട്ടികള്‍' ഈ കെണിയില്‍ വീണിരിക്കുകയാണ്. ലോകം ഒരു ഗ്രാമമായ കാലത്ത് ഫേസ്ബുക്ക്, വികെ, വാട്‌സപ്പ് എന്നിവയിലൂടെ 'സോഷ്യല്‍' ആകുന്ന കുരുന്നുകള്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ കറുത്ത കൈകളില്‍ കുരുങ്ങുന്നുണ്ടോ?

ചാറ്റ് റൂമുകളിലേക്കും വിര്‍ച്വല്‍ കമ്യൂണിറ്റികളിലേക്കും എന്‍ട്രി ലഭിക്കുന്നതോടെ കുട്ടികളുടെ സ്വഭാവം മാറുകയാണ്. കുളിച്ചൊരുങ്ങി സ്‌കൂള്‍ ബസിനു കാത്തുനില്‍ക്കുന്ന 'നല്ലകുട്ടിയും' ചാറ്റ്‌റൂമിലെ പിയര്‍ ഗ്രൂപ്പ് പ്രഷറില്‍ കുടുങ്ങുന്ന 'ചീത്ത കുട്ടിയും' ഒരാളായിരിക്കാം. അഥവാ ഓണ്‍ലൈന്‍ കമ്യൂണിറ്റികളിലെ മറയത്തിരിക്കുന്ന ചേട്ടന്മാര്‍ നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്.


ബ്ലൂ വെയ്ല്‍

2013ല്‍ വികെ വെബ്‌സൈറ്റിലെ ഗ്രൂപ്പില്‍ രൂപം കൊണ്ട മരണക്കളിയാണ് ബ്ലൂ വെയ്ല്‍. പ്ലേ സ്റ്റോറില്‍ നിന്ന് നമ്മുടെ കുട്ടികള്‍ ഗെയിം വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യുന്നു എന്നെല്ലാം പെരുപ്പിച്ച് കാട്ടി മാധ്യമങ്ങള്‍ ഇല്ലാ കഥ മെനഞ്ഞത് എടുത്ത് കാട്ടി ഇങ്ങനെ ഒരു സംഭവമേ ഇല്ല എന്ന് പറയാന്‍ നമുക്കാകില്ല.

ഒരു ആപ്ലിക്കേഷനോ വെബ്‌സൈറ്റോ അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിം അല്ലാത്തതിനാല്‍ ആരെന്നോ എങ്ങനെ എന്നോ ഒന്നും പറയാവതല്ല. നവ മാധ്യമങ്ങളിലെ സീക്രട്ട് ഗ്രൂപ്പുകളില്‍ ടാസ്‌ക് അടിസ്ഥാനമാക്കി നടക്കുന്ന എക്‌സിറ്റ് ഇല്ലാത്ത കളി, സ്വയം മുറിവേല്‍പിക്കുക, രാത്രി ഒറ്റക്കിരിക്കുക, കത്തി കൊണ്ട് കയ്യില്‍ 'എ57,എ40' എന്നെഴുതുക, വെളുപ്പിന് 4.20ന് എഴുന്നേറ്റ് വീടിനു മേലെ കയറുക, ദിവസം മുഴുവന്‍ ആരോടും സംസാരിക്കാതിരിക്കുക തുടങ്ങി 49 ടാസ്‌കുകള്‍ക്ക് ശേഷം അവസാനമായി "Jump off a high building, Take your life'' എന്ന് പറയുന്ന അതിവിചിത്രവും അപകടകരവുമായ കളി(3) എന്നതിനപ്പുറം തെളിവ് നിരത്തി സ്ഥാപിക്കാന്‍ സ്ഥിരമായ പ്ലാറ്റ്‌ഫോം പോലുമില്ലാത്ത ചാലഞ്ച് ഗെയിമാണ് ബ്ലൂവെയ്ല്‍.

ബ്ലൂവെയ്ല്‍ ഗെയിം സ്ഥാപകനായ ഫിലിപ്-ബുദൈകിന്‍ അറസ്റ്റിലാകുമ്പോള്‍ പറഞ്ഞത് 'ഇവര്‍ ജൈവശാസ്ത്രപരമായ പാഴ്‌ച്ചെലവുകളാണ,് മരിക്കാന്‍ സന്തോഷമുള്ളവര്‍. അവരെ കൊല്ലുക വഴി താന്‍ സമൂഹത്തെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്' എന്നായിരുന്നു.

ഗെയിമിന്റെ അസ്തിത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാര്‍ത്തകളും എഴുത്തുകളും സംവാദങ്ങളുമുണ്ടെങ്കിലും നാം കരുതിയിരുന്നേ തീരൂ. കാരണം ബ്ലൂവെയ്ല്‍ എന്നത് ഒരു കണ്ണി മാത്രമാണ്. 

അതിഭീകരങ്ങളായ ചലഞ്ച് ഗെയിമുകള്‍ ഇനിയുമേറെയുണ്ട്. (അവ തേടിപ്പിടിക്കുമെന്ന് ഭയന്ന് പേരുകള്‍ ഇവിടെ കുറിക്കുന്നില്ല). ഇവയെല്ലാം പ്രചരിക്കുന്നതും നിലനില്‍ക്കുന്നതും സോഷ്യല്‍ മീഡിയ, ഗ്രൂപ്പുകളിലൂടെ ആണെന്നറിയുമ്പോഴാണ് ഇന്റര്‍നെറ്റിന്റെ ഇരുണ്ട മുഖം നാമറിയുന്നത്.

ഈ ഗെയിമുകള്‍ അസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് 2013ല്‍ സ്ഥാപിച്ച ഗബ്രിയേല്‍ ക്രംപ് മെമ്മോറിയല്‍ പേജും സ്ഥാപകര്‍ ഡാനയുടെയും ക്രംപിന്റെയും 12 കാരനായ മകന്‍ ഗബ്രിയേലും സമാന കഥ പറയുന്ന ഡനായ ലോപസിന്റെ പുസ്തകവും ഈ വില്ലന്‍ കളിയുമായി പോരാടുകയാണ്.

ഇത്തരം ചതിക്കുഴികള്‍ നമ്മോടാവശ്യപ്പെടുന്നത് മുന്‍കരുതലുകളാണ്. സര്‍വോപരി ജീവിത ലക്ഷ്യവും മാര്‍ഗവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ശരീയായ ഇസ്‌ലാമിക വിശ്വാസങ്ങളും സ്വഭാവങ്ങളുമുള്ള കുടുംബവും സമൂഹവും ഇത്തരം ആപത്തുകളില്‍ നിന്ന് സുരക്ഷിതരാണ്. തന്റെ സമയവും ആരോഗ്യവും ചോദ്യം ചെയ്യപ്പെടുമെന്ന് ഉത്തമ ബോധമുള്ള വിശ്വാസി അറിയാതെ പോലും മേല്‍ പറഞ്ഞ തിന്മകളോട് രാജിയാകുമെന്ന് വിശ്വസിക്കാനാവില്ല.

ചെറുതും വലുതുമായ ഗാഡ്ജറ്റുകള്‍ അനായാസം ഉപയോഗിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുള്ള ലോകത്ത്  നാം നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. കുട്ടികള്‍ ഒറ്റക്കിരിക്കുന്ന സമയം പരമാവധി കുറക്കുകയും അവര്‍ക്ക് യഥാര്‍ഥവും നന്മ നിറഞ്ഞതുമായ സാമൂഹിക ബന്ധങ്ങളുണ്ടെന്ന് ഉറപ്പു വരുത്തത്തുകയും ചെയ്യുക.

''ഒരു മനുഷ്യന്‍ അവന്റെ ചങ്ങാതിയുടെ ആദര്‍ശത്തിലായിരിക്കും. അതിനാല്‍ നിങ്ങളിലോരോരുത്തരും ആരുമായി കൂട്ടുകൂടുന്നു എന്ന് നോക്കട്ടെ'' എന്ന നബിവചനം ഏറെ ശ്രദ്ധേയമാണ്. 

പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണുള്ളത്. അതിനാല്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഡിവൈസിന് പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനം ഏര്‍പെടുത്തുക, ഫോണില്‍ Unauthorised applications ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓരോ സോഫ്റ്റ് വെയറിനെ കുറിച്ചും നിങ്ങള്‍ക്ക് ബോധ്യമുണ്ടാകണം. ഈ പൊതു നിര്‍ദേശങ്ങള്‍ നാം അവഗണിച്ചു കൂടാ.


വീഡിയോ ഗെയിമുകള്‍

റിയല്‍ ടൈം സ്ട്രാറ്റജിക് ഗെയിം കളിക്കുന്നത് കുട്ടികളുടെ Cognitive Flexibility വര്‍ധിപ്പിക്കുമെന്നും ബുദ്ധിശക്തി കൂട്ടുമെന്നുമുള്ള പഠനങ്ങള്‍ വാര്‍ത്തയായിരുന്നു.

വീഡിയോ ഗെയിമുകളുടെ അമിത ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ നാം ആവശ്യത്തിലധികം വായിച്ചതു കൊണ്ടോ മറ്റോ ഇന്നും നാം കണ്ണടക്കുന്നു.

പ്രത്യേക ന്യൂറോണ്‍ ഉത്തേജനങ്ങള്‍ക്കപ്പുറത്ത് വീഡിയോഗെയിം ഒരു തരത്തിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ലതല്ല എന്ന് നാം തിരിച്ചറിയുക. വിജ്ഞാനപ്രദവും ഗുണപ്രദവും ഇസ്‌ലാമികവുമായ ഒട്ടനേകം സോഫ്റ്റ്‌വെയറുകള്‍ സുലഭമായ ഈ കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് എന്ത് നല്‍കണം എന്നത് കുടുതല്‍ നാം ആലോചിക്കേണ്ടതില്ല. എന്നാല്‍ സ്‌ക്രീനുകള്‍ക്കപ്പുറത്ത് പച്ചപ്പാടവും മൈതാനങ്ങളുമുണ്ടെന്നും കായികവും ആരോഗ്യപരവുമായ ഉല്ലാസങ്ങളും ആനന്ദങ്ങളും ഒരു നിലയ്ക്കും അവര്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ എന്നും നാം തിരുമാനമെടുക്കുക.


Ref:

(1) Global burdan of Desease  study 2013, Collaborator’s (22Aug. 2015)

(2) Truth hart’s Report, Mental Health foundation, 2006

(3) hyggy pop.com/news/bluewhalechallenge

0
0
0
s2sdefault