കൈവെട്ടു ഭീഷണിയും കൈവിട്ടുപോകുന്ന മനുഷ്യത്വവും  

പത്രാധിപർ

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

സമൂഹത്തില്‍ സമാധാനം നിലനില്‍ക്കരുതെന്ന് ആഗ്രഹിക്കുന്നവരും അസഹിഷ്ണുതയുടെ വക്താക്കളും ജാഗരൂകരാണിന്ന്. അതിന്റെ പ്രകടമായ ഒരു അടയാളമാണ് പ്രസിദ്ധ സാഹിത്യകാരനായ കെ.പി രാമനുണ്ണിക്ക് നേരെയുള്ള കൈവെട്ടു ഭീഷണി. ഹിന്ദുമത വിശ്വാസികളും ഇസ്‌ലാംമത വിശ്വാസികളും ഒത്തൊരുമയില്‍ ജീവിക്കണമെന്ന സന്ദേശം നല്‍കുന്ന ലേഖനങ്ങള്‍ എഴുതിയതാണത്രെ അദ്ദേഹം ചെയ്ത മഹാപാപം!

ആറു മാസത്തിനുള്ളില്‍ മതം മാറണം. ഇല്ലെങ്കില്‍ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ പോലെ കൈവെട്ടുംപോലും! ടി.ജെ ജോസഫിന്റെ കൈപ്പത്തി മാത്രമാണ് അക്രമികള്‍ വെട്ടിമാറ്റിയത്. എന്നാല്‍ ഇടതുകാല്‍ കൂടി വെട്ടിക്കളയുമെന്നാണ് രാമനുണ്ണിക്ക് ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നത്. അല്ലാഹുവിന്റെ പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുമെന്നും ഭീഷണിക്കത്തില്‍ മുന്നറിയിപ്പുണ്ടത്രെ!

ഊമക്കത്തിന്റെ രൂപത്തില്‍ ഭീഷണി സന്ദേശം അയക്കുന്നവര്‍ ഇരുട്ടിന്റെ സന്തതികളാണ്. ഗൂഢതാല്‍പര്യങ്ങള്‍ നേടിയെടുക്കുവാന്‍ ഏതറ്റംവരെ പോകാനും മടികാണിക്കാത്തവര്‍. 

നിഷ്‌കളങ്കരായ മുസ്‌ലിംകളെ വഴിതെറ്റിക്കുന്നതാണ് ലേഖനമെന്നും ഇതില്‍നിന്നു പിന്‍മാറണമെന്നും ആവശ്യപ്പെടുന്നവര്‍ ആറു മാസത്തിനകം ഇസ്‌ലാം സ്വീകരിക്കണമെന്ന് അന്ത്യശാസനം നല്‍കുകകൂടി ചെയ്യുമ്പോള്‍ ഏതോ 'മുസ്‌ലിം ഭീകരവാദി'യായിരിക്കും ഇതിനു പിന്നില്‍ എന്ന് ശുദ്ധമനസ്‌കര്‍ പെട്ടെന്നു തന്നെ അനുമാനിക്കും. സാമാന്യബുദ്ധിയും അല്‍പമെങ്കിലും ദൈവബോധവുമുള്ള ഒരു മുസ്‌ലിം ഇപ്പണി ചെയ്യില്ല എന്നത് മൂന്നുതരം. ഇതൊന്നുമില്ലാത്ത വികാരജീവികളോ ആരുടെയെങ്കിലും കൈകളിലെ ചട്ടുകങ്ങളായി വര്‍ത്തിക്കുന്ന മുസ്‌ലിം നാമധാരികളിലാരെങ്കിലുമോ ഇത് ചെയ്‌തേക്കാം. 

വേറെയും ചില സാധ്യതകള്‍ ഉണ്ട്. ബോധപൂര്‍വം വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഈയിടെയായി നമ്മുടെ നാട്ടില്‍ വര്‍ധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് ഒരു ക്ഷേത്രത്തില്‍ കയറി ഒരാള്‍ വിഗ്രഹങ്ങള്‍ തകര്‍ത്തത് ഈയിടെയാണ്. അയാളെ താമസിയാതെ പൊലീസിന് പിടികൂടാന്‍ സാധിച്ചതിനാല്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ഗൂഢശ്രമം ചീറ്റിപ്പോവുകയാണുണ്ടായത്. പ്രൊഫസറുടെ കൈ വെട്ടിയ സംഭവം മുന്നിലുണ്ടായിരിക്കെ, ലേഖനമെഴുതിയതിന്റെ പേരില്‍ രാമനുണ്ണിയുടെ കൈയും കാലും വെട്ടുമെന്ന് ആരെഴുതിയാലും അത് മുസ്‌ലിംകള്‍ അസഹിഷ്ണുക്കളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള എളുപ്പ വഴിയായികുമല്ലോ. കോഴ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ ശ്രമമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ഇസ്‌ലാമിന്റെ നന്മകളെ എടുത്തുപറയുകയും ചെയ്യുന്ന രാമനുണ്ണിയോട് ആര്‍ക്കാണ് ശത്രുതയുണ്ടാവുക എന്നത് ചിന്തനീയമാണ്. 

ഏതായാലും ഒരു കാര്യം വ്യക്തമാണ്. മനുഷ്യത്വമുള്ളവരല്ല ഇതിനു പിന്നില്‍. യഥാര്‍ഥ മതവിശ്വാസികളുമല്ല. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭനം നടത്തിയും ആളെക്കൂട്ടാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. വ്യക്തികള്‍ക്ക് നിയമം കയ്യിലെടുക്കാനുള്ള അധികാരവും ഇസ്‌ലാം നല്‍കുന്നില്ല. 

തൃശൂര്‍ കേരളവര്‍മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിശാന്തിനെ ആസിഡ് ആക്രമണം നടത്തിയോ മുറിവേല്‍പിച്ചോ അപായപ്പെടുത്തണമെന്ന സംഘപരിവാര്‍ ഗ്രൂപ്പുകളുടെ ആഹ്വാനവും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 

ഒരു കാര്യം ഉറപ്പ്, മനുഷ്യത്വത്തിന്റെ ശത്രുപക്ഷത്തു നില്‍ക്കുന്നവരാണ് ഇവരെല്ലാം. ഇരുട്ടില്‍ കഴിയുന്ന ഇവരെ പകല്‍വെളിച്ചത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. മൈത്രിയില്‍ കഴിയുന്ന ജനങ്ങളെ തമ്മിലടിപ്പിക്കുവാന്‍ ആരെയും അനുവദിച്ചുകൂടാ. 

0
0
0
s2sdefault