കാവിയോട് കയര്‍ക്കുന്ന കാംപസ്

ഡോ. സി.എം സാബിര്‍ നവാസ്

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

കാവിരാഷ്ട്രീയം കലാപം കൊയ്‌തെടുത്ത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പിടിമുറുക്കുവാന്‍ ശ്രമിക്കുന്നു എന്ന പ്രതീതി പരക്കുന്ന കാലത്ത് സര്‍ഗാത്മകതയുടെ കളിത്തൊട്ടിലായ ക്യാമ്പസുകൡ കാവിപ്പടയുടെ കുടിലതയോട് കരുത്തോടെ കയര്‍ക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംഘ്പരിവാറിന്റെ മസ്തകത്തിന്ന് കനത്ത ക്ഷതമേല്‍പിച്ചുകൊണ്ടാണ് ജവഹര്‍ലാല്‍ നെഹ്‌റു, ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ ദുരുപയോഗം ചെയ്തുകൊണ്ടും അധികാര രാഷ്ട്രീയത്തിന്റെ ധിക്കാരം പ്രയോഗിച്ചുകൊ

ണ്ടും വര്‍ഗീയ കാര്‍ഡുകള്‍ പരമാവധി തിരിച്ചും മറിച്ചും വിതറിയും നടത്തിയ മുഴുവന്‍ ശ്രമങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് ദല്‍ഹി കാമ്പസുകള്‍ കരുത്തുകാട്ടിയിട്ടുള്ളത്. 

ജവഹര്‍ലാല്‍ നെഹ്‌റു വാഴ്‌സിറ്റി യൂണിയന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സഖ്യം തൂത്തുവാരിയെങ്കില്‍, ദല്‍ഹി സര്‍വകലാശാലയുടെ ചെങ്കോല്‍ ഇത്തവണ വിദ്യാര്‍ഥികള്‍ ഏല്‍പിച്ചിട്ടുള്ളത് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.ഒയെയാണ്.

ജെ.എന്‍.യുവിലെ മതേതര ശക്തികളുടെ വിജയത്തിന് ഇത്തവണ പ്രതികാരത്തിന്റെ ഇരട്ടി മധുരമുണ്ട്. എതിര്‍ ശബ്ദങ്ങളെ മുഴുവനും അരിഞ്ഞുതള്ളുക എന്ന നയവുമായി കടന്നുവന്ന പുതിയ ഭരണകൂടം ആദ്യമായി കൈവെച്ചത് ലോകപ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ മേലാണ്. 

സംഘ്പരിവാറിന് നെഹ്‌റു സര്‍വകലാശാലയോടുള്ള കലിപ്പ് തുടങ്ങുന്നത് അതിന്റെ പേരില്‍ നിന്നു തന്നെയാണ്. വിശ്വപ്രസിദ്ധനായിരുന്ന ജഹവര്‍ലാല്‍ നെഹ്‌റു ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം കറകളഞ്ഞ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെതുമായിരുന്നു എന്ന ബോധ്യം തന്നെയാണ് ഈ സര്‍വകലാശാലക്ക് നാള്‍ക്കുനാള്‍ സല്‍പേര് സിദ്ധിക്കുന്നത് കാണുമ്പോള്‍ ഫാസിസ്റ്റ് ശക്തികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്.

സഹിഷ്ണുതയുടെയും സൗഹാര്‍ദത്തിന്റെയും മുളകള്‍ നുള്ളിക്കളയുന്നത് കാണുമ്പോള്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രിയെ അഭിനവ വിശ്വപൗരനായി എഴുന്നള്ളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നെഹ്‌റുവിയന്‍ തത്ത്വങ്ങളെ തമസ്‌കരിച്ചേ മതിയാവു. ലോകത്തിനു മുമ്പില്‍ ഇന്ത്യ പ്രദര്‍ശിപ്പിക്കുന്ന മുഖം അസഹിഷ്ണുതയുടേതായിരിക്കണം എന്ന ശാഠ്യമാണ് ജെ.എന്‍.യുവില്‍ കേന്ദ്രഭരണകൂടം നടത്തിയ ഇടപടലുകളില്‍ മുഴുവന്‍ പ്രതിഫലിച്ചിട്ടുള്ളത്.

അധികാരത്തിന്റെ ദണ്ഡ് കാട്ടി വിരട്ടിയാല്‍ പേടിച്ചോടുന്ന പീക്കിരി പയ്യന്‍മാരല്ല തങ്ങളെന്ന് ജെ.എന്‍.യുയിലെ വിദ്യാര്‍ഥികള്‍ ആദ്യ നാളില്‍ തന്നെ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുള്ളതാണ്. വിദ്യാര്‍ഥി നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് കാരാഗ്രഹവാസം നല്‍കിയാല്‍ സര്‍വകലാശാല പിടിച്ചെടുക്കാം എന്ന് വ്യാമോഹിച്ചവര്‍ കനയ്യ കുമാര്‍ എന്ന, പുതിയ യുവനേതാവിന്റെ താരോദയം കണ്ട് വാപൊളിച്ചിരിക്കുകയാണുണ്ടായത്. ഡല്‍ഹിയിലെ സര്‍വകലാശാലകള്‍ക്ക് പുറമെ ഹൈദരാബാദിലും മതേതര ശബ്ദം ഒന്നിക്കുന്നതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ഫാസിസത്തെ പൊതുശത്രുവായി പ്രഖ്യാപിച്ച് ഇടതുപക്ഷ, ദളിത് മുസ്‌ലിം മുന്നേറ്റമാണ് ഇത്തവണ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അങ്കത്തിനിറങ്ങുന്നത്. വരാനിരിക്കുന്ന ഭാവി മതേതരത്തിന്റെതു തന്നെയാണ് എന്ന് ഉറച്ചു വിശ്വസിക്കാന്‍ ചുറുചുറുക്കുള്ള ചുണക്കുട്ടികളുടെ പ്രകടനം കാണുമ്പോള്‍ കഴിയുന്നു എന്നതാണ് പുതിയ പ്രതീക്ഷ.

0
0
0
s2sdefault