ജെല്ലിക്കെട്ടും ജന്തുക്കളോടുള്ള ഇസ്‌ലാമിക സമീപനവും

അബ്ദുൽ മാലിക്‌ സലഫി

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

ഈ ലോകത്ത്‌ ജീവിക്കുന്ന സർവ ജീവജാലങ്ങളും കരുണ അർഹിക്കുന്നുണ്ട്‌. കാരണം, അവയെല്ലാം അല്ലാഹുവിന്റെ സൃഷ്‌ടികളാണ്‌. കാരുണ്യവാനായ അല്ലാഹുവിന്റെ മതമായ ഇസ്‌ലാം ഓരോ സൃഷ്ടിക്കും അവയുടെ അവകാശങ്ങൾ വകവെച്ച്‌ നല്കിയിട്ടുണ്ട്‌. ഇസ്‌ലാമിനോളം ഈ വിയഷം കൈകാര്യം ചെയ്‌ത മതം വേറെയില്ല എന്നതാണ്‌ വസ്‌തുത.

തമിഴ്നാട്ടിൽ പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ട്‌ ഏറെ കോളിളക്കമുണ്ടാക്കിയ പശ്‌ചാത്തലത്തിൽ മൃഗങ്ങളോടുള്ള ഇസ​‍്‌ലാമിന്റെ സമീപനമാണ്‌ ഈ ലേഖനത്തിൽ ചർച്ചചെയ്യുന്നത്‌.

ആ.ഇ 400-100 കാലയളവ്‌ മുതൽ നിലവിലുള്ളതെന്നു പറയപ്പെടുന്ന ആചാരമാണിപ്പോൾ കോടതി വിധിയിലൂടെയും സമൻസിലൂടെയും വിവാദമായിരിക്കുന്നത്‌.

നിരവധി മൃഗസംരക്ഷണ സംഘടനകൾ മൃഗങ്ങളോടുള്ള ഈ ക്രൂരതക്കെതിരിൽ രംഗത്ത്‌ വന്നിട്ടുണ്ടെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. രണ്ട്‌ വർഷത്തെ ഇടവേളക്കു ശേഷം ഈ ജനുവരി 22ന്‌ തമിഴ്‌നാട്ടിലെങ്ങും ജെല്ലിക്കെട്ട്‌ നടന്നു. 2014ൽ സുപ്രീം കോടതി നിരോധിച്ചതിനെ തുടർന്ന്‌ കഴിഞ്ഞ രണ്ടുവർഷവും ജെല്ലിക്കെട്ട്‌ നടന്നിരുന്നില്ല. കഴിഞ്ഞവർഷം പ്രത്യേക ഉത്തരവിലൂടെ കേന്ദ്ര സർക്കാർ അനുമതി നല്കിയെങ്കിലും മ​‍ൃഗക്ഷേമ സംഘടനയായ `പെറ്റ` നല്കിയ ഹരജിയിൽ സുപ്രീംകോടതി തടയുകയായിരുന്നു.

എന്നാൽ ഈ വർഷം ചിത്രം മാറി. വിദ്യാർഥി-യുവജന വിഭാഗങ്ങള​‍ുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന്‌ പ്രത്യേക ഓർഡിനൻസിന്‌ ഗവർണർ അനുമതി നല്കി. തമിഴ്‌നാട്‌ സർക്കാരിന്റെ നീക്കങ്ങൾക്ക്‌ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും പൂർണ പിന്തുണ നല്കി. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന 1960ലെ കേന്ദ്രനിയമത്തിലെ ഭേദഗതിയോടെ 2017 ജനുവരി 23ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ. പനീർശെല്വം അവതരിപ്പിച്ച പുതിയ ബിൽ നിയമസഭയിൽ പാസാക്കിയെടുത്തതോടെ ഈ ആചാരത്തിന്‌ ഇനി നിയമപരമായി അറുതി വരുത്താൻ സാധ്യമല്ല.

പാരമ്പര്യത്തിന്റെ വാലിൽ പിടിച്ചുതൂങ്ങി ഈ ക്രൂരതയെ ന്യായീകരിക്കുന്ന നേതാക്കളെയും അനുയായികളെയുമാണ്‌ ലോകം കണ്ടത്‌. മൃഗപീഡനം മാത്രമല്ല ജെല്ല​‍ിക്കെട്ടിലൂടെ നടക്കുന്നത്‌. ആത്മഹത്യാപരമായ ഒരു `വിനോദം` കൂടിയാണത്‌. മനുഷ്യരുടെ മരണത്തിനും അംഗവൈകല്യങ്ങൾക്കും ഇടയാക്കുന്ന തീക്കളി!

ഇവിടെ ഇസ്‌ലാമിന്‌ ചിലത്‌ പറയാനുണ്ട്‌. കാരുണ്യത്തിന്റെ മതമായ ഇസ്‌ലാമിന്റെ ഏത്‌ രംഗത്തുമുള്ള നിലപാടുകളും വീക്ഷണങ്ങളും കരുണയിലും സഹാനുഭൂതിയിലും അധിഷ്ഠ​‍ിതമായിരിക്കും.

ജീവികളുടെ അവകാശങ്ങൾ ക്വ​‍ുരാനിൽ

ഭൂമിയിലെ സർവ ജീവികളും മനുഷ്യരെ പോലെ ഇവിടെ ജീവിക്കാൻ അർഹതയുള്ള സൃഷ്‌ടികളാണ്‌. വിശ​‍ുദ്ധ ക്വുരാൻ പറയുന്നത്‌ കാണുക:

“ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട്‌ ചിറകുകൾ കൊണ്ട്‌ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങൾ മാത്രമാകുന്നു”(6:38).

ഈ ജീവജാലങ്ങളെല്ലാം തന്നെ അവയുടെ സ്രഷ്ടാവായ അല്ലാഹുവിനെ പ്രകീർത്തിക്കുകയും അവന്‌ സ്‌തോത്രങ്ങൾ അർപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌ എന്നും അല്ലാഹു ഉണർത്തുന്നുണ്ട്‌:

“ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക്‌ നിവർത്തിപ്പിടിച്ചുകൊണ്ട്‌ പക്ഷികളും അല്ലാഹുവിന്റെ മഹത്ത​‍്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? ഓരോരുത്തർക്കും തന്റെ പ്രാർഥനയും കീർത്തനവും എങ്ങനെയെന്ന്‌ അറിവുണ്ട്‌. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ” (24:41).

അപ്പോൾ ഈ ഭൂമിയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന സർവ ജീവികളും അല്ലാഹുവിനെ തിരിച്ചറിഞ്ഞ്‌ അവന്‌ സ്‌തോത്രങ്ങളർപ്പിച്ച്‌ ജീവിക്കുന്നവയാണ്‌. അനർഹമായി അവയെ ഉപദ്രവിക്കാനോ വധിക്കാനോ ഇസ്‌ലാം അനുവദിക്കുന്നില്ല.

ഇവയ്‌ക്കു കൂടി അവകാശപ്പെട്ടതാണ്‌ ഭൂമിയിലെ വിഭവങ്ങൾ എന്ന വീക്ഷണവും ക്വ​‍ുരാൻ മുന്നോട്ടു വെക്കുന്നുണ്ട്‌. “അതിനു ശേഷം ഭൂമിയെ അവൻ വികസിപ്പിച്ചിരിക്കുന്നു. അതിൽ നിന്ന്‌ അതിലെ വെള്ളവും സസ്യജാലങ്ങളും അവൻ പുറത്ത്‌ കൊണ്ടുവരികയും ചെയ്‌തിരിക്കുന്നു. പർവതങ്ങളെ അവൻ ഉറപ്പിച്ചുനിർത്തുകയും ചെയ്‌തിരിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്‌“ (79:30-33).

ജീവജാലങ്ങൾ പരസ്‌പരം ആശയ വിനിമയം നടത്തുന്നതായും അല്ലാഹു പറയുന്നു. സുലൈമാന്റെ സൈന്യം നിങ്ങളെ നശിപ്പിക്കുന്നതിന്‌ മുമ്പ്‌ നിങ്ങൾ താമസ സ്ഥലത്തേക്ക്‌ പ്രവേശിച്ചു കൊള്ളുക എന്ന്‌ ഉറുമ്പുകളുടെ നേതാവ്‌ തന്റെ അനുയായികളോട്‌ പറഞ്ഞതായി ക്വുരാൻ (27:18) അറിയിക്കുന്നുണ്ട്‌. ഇതിലൂടെ അവയുടെ സംഘ ബോധവും അനുസരണ സ്വഭാവവും കുടി അല്ലാഹു വരച്ചുകാട്ടുകയാണ്‌. എന്നാൽ, ഭൂമിയിൽ ആധിപത്യവും സ്വതന്ത്രമായ പ്രവർത്തനാധികാരവും മനുഷ്യർക്കാണ്‌ എന്നതാണ്‌ ക്വ​‍ുരാനിക വീക്ഷണം. അല്ലാഹു പറയുന്നു: ”ഭൂമിയെ അവൻ മനുഷ്യർക്കായി വെച്ചിരിക്കുന്നു“ (55:10).

മനുഷ്യന്റെ ജീവിതത്തിൽ നിരവധി ജീവജാലങ്ങൾ നേരിട്ടോ അല്ലാതെയോ ഇടപെടുന്നുണ്ട്‌ എന്നത്‌ യാഥാർഥ്യമാണ്‌. അതുകൊണ്ടായിരിക്കാം മനുഷ്യർക്കുള്ള ഗ്രന്ഥമായ ക്വ​‍ുരാനിൽ ചില മൃഗങ്ങളെ കുറിച്ച്‌ അല്ലാഹു പരാമർശിക്ക​‍ുന്നത്‌. അത്‌ പക്ഷേ, മൃഗങ്ങളുടെ ജീവശാസ്‌ത്രപരമായ കാര്യങ്ങൾ പഠിപ്പിക്കാനല്ല. പ്രത്യുത, അത്തരം ജീവികളിൽ നിന്ന്‌ മനുഷ്യൻ പഠിക്കേണ്ട ചില സാമൂഹിക പാഠങ്ങളുണ്ട്‌. അത്‌ പഠിപ്പിക്കാനും സർവേ​‍ാപരി അവയെ കുറിച്ച്‌ ചിന്തിച്ച്‌ സ്രഷ്ടാവിന്റെ മഹത്ത്വം മനസ്സിലാക്കി സൂക്ഷ്‌മതയോട ജീവിക്കാനുള്ള ഉൾപ്രേരണ നല്കാനുമാണ്‌.

വിശുദ്ധ ക്വ​‍ുരാനിലെ അധ്യായങ്ങളുടെ പേരുകൾ പരിശോധിച്ചാൽ നിരവധി ജീവികളുടെ പേരുകളിൽ അധ്യായങ്ങൾ തന്നെ ഉള്ളതായി നമുക്ക്‌ കാണാം. ബക്വറ (പശു), അനാം (കന്നുകാലികൾ), നഹ്ല് (തേനീച്ച), നംല്‌ (ഉറുമ്പ്‌), അങ്കബൂത്ത്‌ (ചിലന്തി), ഫീൽ (ആന) തുടങ്ങിയവ ഈ ഇനത്തിൽ പെടുന്നു.

മാനവർക്ക്‌ സന്മാർഗ നിർദേശങ്ങളുമായി അവതീർണമായ ക്വ​‍ുരാനിൽ എന്തിനാണിത്രയും അധ്യായങ്ങൾ ജീവികളുടെ പേരിൽ അല്ലാഹു നല്കിയത്‌! ചിന്തനീയമായ വിഷയമാണിത്‌. ഈ ജീവികളിൽ നിന്നെല്ലാം മനുഷ്യർക്ക്‌ ചിലതൊക്കെ പഠിക്കാനുണ്ട്‌. ആനയുടെ കരുത്തും ഉറുമ്പിന്റെ പ്ളാനിങ്ങും തേനീച്ചകളുടെ എഞ്ചിനീയറിങ്ങും പശുവിന്റെ ഇണക്കവും ചില സന്ദേശങ്ങൾ നമുക്ക്‌ നല്കുന്നില്ലേ? നായ, കഴുത, ഒട്ടകം, സിംഹം, കുരങ്ങ്‌, പന്നി, പാമ്പ്‌, മരം കൊത്തി, കൊതുക്‌, ഈച്ച, കോവർ കഴുത തുടങ്ങിയ ചെറുതും വലുതുമായ വേറെ ജീവികളെ കുറിച്ചും ക്വ​‍ുരാനിൽ പരാമർശമുണ്ട്‌. മനുഷ്യ ജീവിതത്തിൽ നേരിട്ടോ അല്ലാതെയോ ഇടപെടുന്ന ഇത്തരം ജീവികളെ അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പേരെടുത്ത്‌ പറഞ്ഞിട്ടുണ്ടെങ്കിൽ നിർബന്ധമായും ചില സംഗതികൾ നമുക്ക്‌ അവയിൽ നിന്ന്‌ പഠിക്കാനുണ്ട്‌. അല്ലാഹു പറഞ്ഞു: `തിർച്ചയായും കന്നുകാലികളിൽ നിങ്ങൾക്ക്‌ ചില ദൃഷ്‌ടാന്തങ്ങളുണ്ട്‌` (23:21).

ജീവികളുടെ അവകാശങ്ങൾ

ഹദീഥ​‍ുകളിൽ

ജീവജാലങ്ങളോട്‌ കരുണയോടു കൂടി പെരുമാറുവാൻ ഇസ്‌ലാം നിർദേശിക്കുന്നു. അറുക്കാൻ വേണ്ടി തുനിയുകയാണെങ്കിൽ പോലും കത്തി നന്നായി മൂർച്ച കൂട്ടണമെന്നും അറുക്കപ്പെടുന്ന മൃഗത്തിന്‌ ആശ്വാസം നല്കണമെന്നുമാണ്‌ നബി​‍ൃ യുടെ നിർദേശം.

നബി​‍ൃ പറഞ്ഞു: “ഒരു കുരുവിയെ അറുക്കുന്നവനാണെങ്കിൽ പോലും അവൻ അതിനോട്‌ കരുണ കാണിച്ചാൽ അല്ലാഹു അന്ത്യനാളിൽ അവനോട്‌ കരുണ ചെയ്യും” (സ്വഹീഹുൽ ജാമിയ​‍്‌, ഹ.ന:626).

`കാരുണ്യം ആര്‌ നിഷേധിക്കുന്നുവോ അവന്‌ അന്ത്യനാളിലും കാരുണ്യം തടയപ്പെടും` (മുസ്‌ലിം) എന്നും നബി​‍ൃ മുന്നറിയിപ്പ്‌ നല്കിയിട്ടുണ്ട്‌.

ജീവികളെ വളർത്തുന്നവർ അവയുടെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കണമെന്ന്‌ കർശന നിർദേശം നബി​‍ൃ നല്കിയിട്ടുണ്ട്‌.

ഒരിക്കൽ ഒരു മെലിഞ്ഞൊട്ടിയ ഒട്ടകത്തെ കാണാനിടയായ പ്രവാചകൻ​‍ൃ പറഞ്ഞു: `ഇത്തരം ജീവികളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അവയെ നന്നായി തീറ്റുക. നല്ല നിലയിൽ അവയുടെ പുറത്ത്‌ നിങ്ങൾ സഞ്ചരിക്കുകയും ചെയ്യുക` (അബൂദാവൂദ്‌).

അനർഹമായി ഒരു ജീവിയെ പോലും വധിക്കുന്നത്‌ നബി​‍ൃ അനുവദിച്ചിട്ടില്ല. അവിടുന്ന്‌ പറഞ്ഞു: `ആരെങ്കിലും വിനോദത്തിനായി ഒരു കുരുവിയെ വധിച്ചാൽ അന്ത്യനാളിൽ അവനെതിരിൽ അത്‌ അല്ലാഹുവിനോട്‌ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, ഇയാൾ എന്നെ വധിച്ചു. ആവശ്യത്തിനായിരുന്നില്ല. വെറും വിനോദത്തിന്‌ വേണ്ടിയായിരുന്നു` (നസ​‍ീ).

ജീവനുള്ള ജീവികളെ അംഗഛേദം ചെയ്യുന്നതും പരിക്കേല്പ​‍ിക്കുന്നതും അവിടുന്ന്‌ ശക്തമായി വിലക്കി. നബി​‍ൃ പറഞ്ഞു: `നിങ്ങൾ മൃഗങ്ങളെ അംഗവിഛേദനം നടത്തരുത്‌. ആരെങ്കിലും അപ്രകാരം ചെയ്‌താൽ അല്ലാഹു അവനെ ശപിച്ചിരിക്കുന്നു` (ബുഖാരി, മുസ്‌ലിം).

കത്തി മൂർച്ച കൂട്ടണം, ആശ്വാസം നല്കണം, മറ്റു മൃഗങ്ങൾ അറവ്‌ കാണരുത്‌ എന്നിങ്ങനെ അറക്കുമ്പോൾ പാലിക്കേണ്ട മര​‍്യാദകൾ നബി​‍ൃ പഠിപ്പിച്ചിട്ടുണ്ട്‌.

ജീവികളോട്‌ കരുണ കാണിക്കണം എന്ന നിർദേശം നല്കുക മാത്രമല്ല, അതിന്‌ വമ്പിച്ച പ്രതിഫലം ഉണ്ടെന്നു കൂടി ഇസ്‌ലാം പഠിപ്പിച്ചു. അത്‌ സ്വർഗ പ്രവേശനത്തിന്‌ വരെ കാരണമാകുമെന്നാണ്‌ ഇസ്‌ലാം വ്യക്തമാക്കുന്നത്‌. നായക്ക്‌ വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗ പ്രവേശനത്തിന്‌ അർഹത നേടിയ വ്യക്തിയുടെയും പൂച്ചയെ കെട്ടിയിട്ട്‌ തീറ്റ കൊടുക്കാതെ പീഡ​‍ിപ്പിച്ച സ്‌ത്രീയുടെ നരക പ്രവേശനത്തിന്‌ ആ പ്രവർത്തനം കാരണമായതിന്റെയും ചരിത്രം തിരുനബി​‍ൃ തന്റെ അനുചരന്മാർക്ക്‌ പറഞ്ഞുകൊടുത്തതായി കാണാം. (ബുഖാരി, മുസ്‌ലിം).

തന്നെ തൃപ്‌തിപ്പെടുത്താൻ ഒരു പക്ഷിക്കുഞ്ഞിനെ സമ്മാനമായി നല്കിയ തന്റെ അനുയായിയോട്‌ അതിനെ തള്ളപ്പക്ഷിക്ക്‌ തിരിച്ച്‌ നല്കുന്നതിലാണ്‌ തന്റെ സന്തോഷമെന്ന്‌ പഠിപ്പിച്ച (മുസ്‌ലിം) കാരുണ്യത്തിന്റെ തിരുദൂതർ ലോകത്തിന്‌ നല്കിയ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം വലുതാണ്‌.

പാരമ്പര്യ ആചാരങ്ങളുടെ ന്യായത്തിൻ മേൽ തൂങ്ങി മൃഗങ്ങളെ അനാവശ്യമായി ദ്രോഹിക്കുന്ന, അതിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യർക്ക്‌ മുമ്പിൽ ഇസ്‌ലാമിന്റെ ഇത്തരം വീക്ഷണങ്ങൾ പ്രസ്‌ക്തമാവുകയാണ്‌.

ഉറുമ്പുകളെ തീ കൊണ്ട്‌ നശിപ്പിക്കുന്നതിന്റെ ഗൗരവം പോലും നബി​‍ൃ ഉണർത്തിയിട്ടുണ്ട്‌. പച്ചക്കരളുള്ള ഏത്‌ ജീവിയോട്‌ കാരുണ്യം കാണിച്ചാലും പ്രതിഫലമുണ്ടെന്നും അവിടുന്ന്‌ പഠിപ്പിച്ചു.

കരുണയും അലിവും ആർദ്രതയും അനുകമ്പയും സഹാനൂഭൂതിയയുമെല്ലാം ഒരു വിശ്വാസിയുടെ ജീവിതത്തിൽ അവന്റെ ഈമാനിന്റെ (വിശ്വ​‍ാസത്തിന്റെ) ഭാഗമായി തന്നെ ഉണ്ടാകണമെന്നാണ്‌ പ്രമാണങ്ങൾ പഠിപ്പിക്കുന്നത്‌.

പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പേരിൽ നടക്കുന്ന മൃഗ പീഡനങ്ങളെ കാരുണ്യത്തിന്റെ മതമായ ഇസ്‌ലാമിന്റെ അനുയായികൾക്ക്‌ ഒരിക്കലും അംഗീകരിക്കാനാവില്ല. ജനങ്ങൾ വിനോദിക്കുകയാണെന്ന്‌ ആൾക്കൂട്ടത്തിലേക്ക്‌ തുറന്നുവിടുന്ന കാളകൾക്കറിയില്ലല്ലോ. അവയെ ബലമ്പ്രയോഗിച്ച്‌ കീഴ്‌പെടുത്താൻ ശ്രമിക്കുമ്പോൾ ഭയവിഹ്വലരായി അവ ആക്രമണം നടത്തും. കൊമ്പിൽ കുരുങ്ങിയും ചവിട്ടേറ്റും ആളുകൾക്ക​‍്‌ ജീവഹാനി സംഭവിക്കാനോ മുറിവുപറ്റാനോ ഉള്ള സാധ്യത ഏറെയാണ്‌. അതുകൊണ്ടുതന്നെ നാശത്തിലേക്ക്‌ സ്വയം നടന്നടുക്കുന്ന ഈ പ്രവർത്തനം ഇസ്‌ലാമികദൃഷ്‌ട്യാ അനുവദനീയമല്ല.

0
0
0
s2sdefault