ജന്മദിനാഘോഷം: ഇസ്‌ലാം എന്ത് പറയുന്നു?

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

അല്ലാഹു മാനവര്‍ക്കായി തൃപ്തിപ്പെട്ട മതമാണ് ഇസ്‌ലാം. പ്രവാചകന്മാര്‍ അഖിലവും പ്രബോധനം ചെയ്ത മതം. അന്ത്യപ്രവാചകന്‍ മുഹമ്മദ് ﷺ യിലൂടെ പൂര്‍ത്തീകരിപ്പെട്ട മതം. മനുഷ്യരെല്ലാം ഐഹികവും പാരത്രികവുമായ ജീവിത വിജയത്തിനായി സ്വീകരിക്കേണ്ട മതം. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ വിശുദ്ധ ക്വുര്‍ആനും പ്രവാചക ചര്യയുമാണ്. ഈ പ്രമാണങ്ങള്‍ സമ്പൂര്‍ണമാണ്. അതില്‍ വല്ലതും കൂട്ടിച്ചേര്‍ക്കുവാനോ അതില്‍ നിന്ന് വല്ലതും വെട്ടിച്ചുരുക്കാനോ ആര്‍ക്കും അധികാരമില്ല. അല്ലാഹു പറയുന്നു: 

''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു'' (ക്വുര്‍ആന്‍ 5:3).

ഇസ്‌ലാമിനെ മതമായും അല്ലാഹുവിനെ ആരാധ്യനായും മുഹമ്മദ് നബി ﷺ യെ പ്രവാചകനായും അംഗീകരിക്കുന്ന ഒരു മുസ്‌ലിം ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുള്ള സംഗതികള്‍ മാത്രമെ ചെയ്യാവൂ. ഒരു മുസ്‌ലിം എന്തെല്ലാം ചെയ്യണം, ചെയ്യാതിരിക്കണമെന്ന് കൃത്യമായി നബി ﷺ പഠിപ്പിച്ചിരിക്കുന്നു. ഒരു ഹദീഥ് കാണുക: 

നബി ﷺ പറഞ്ഞു: ''നിങ്ങളെ സ്വര്‍ഗത്തിലേക്കടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ കല്‍പിക്കാതിരിന്നിട്ടില്ല. നിങ്ങളെ നരകത്തില്‍നിന്ന് അകറ്റുന്ന ഒരു കാര്യവും നിങ്ങളോട് ഞാന്‍ വിരോധിക്കാതിരുന്നിട്ടില്ല...'' (അല്‍ബാനി(റഹി)യുടെ സില്‍സിലത്തുസ്സ്വഹീഹഃ).

മുസ്‌ലിംകളുടെ ജീവിതം പ്രവാചകന്‍ ﷺ യുടെ മാതൃകയനുസരിച്ചായിരിക്കണം. മുസ്‌ലിംകള്‍ക്ക് രണ്ട് ആഘോഷങ്ങള്‍ മാത്രമാണ് അല്ലാഹുവിന്റെ മതം അനുശാസിച്ചിട്ടുള്ളത്. 

അനസ്(റ)വില്‍ നിന്ന് നിവേദനം: ''നബി ﷺ മദീനയില്‍ വന്നപ്പോള്‍ അവര്‍ (മദീനക്കാര്‍) രണ്ട് ദിവസങ്ങളില്‍ കളിക്കുന്നതായി കാണുകയുണ്ടായി. അപ്പോള്‍ ചോദിച്ചു: 'ഈ രണ്ട് ദിവസങ്ങള്‍ എന്താണ്?' അവര്‍ ഉത്തരം നല്‍കി: 'ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ കളിച്ചിരുന്ന ദിനങ്ങളാണിവ.' അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: 'തീര്‍ച്ചയായും അല്ലാഹു അവയ്ക്ക് പകരമായി അവയെക്കാള്‍ ഉത്തമമായതിനെ പകരമായി നല്‍കിയിരിക്കുന്നു. ബലി പെരുന്നാളും, ഫിത്വ്ര്‍ പെരുന്നാളുമാണവ'' (അബൂദാവൂദ്). 

നമ്മുടെ നാട്ടില്‍ ഇസ്‌ലാമിന്റെ പേരില്‍ ഒരുപാട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് നാം കാണുന്നു. എന്നാല്‍ രണ്ട് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊഴിച്ച് മറ്റൊരു ആഘോഷത്തിനും ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുകളില്ല. പ്രവാചക ജന്മദിനാഘോഷം, നേര്‍ച്ചയുടെ പേരില്‍ നടമാടുന്ന പൂരങ്ങള്‍, ബര്‍ത്ത്‌ഡെ ആഘോഷം, വിവാഹ വാര്‍ഷികങ്ങള്‍, മരണവുമായി ബന്ധപ്പെട്ട കണ്ണൂക്ക്, അടിയന്തരം, ആണ്ട് തുടങ്ങിയ ഒരുപാട് അനാചാരങ്ങള്‍ ഇന്ന് മുസ്‌ലിം സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ചിട്ടുള്ള മാരക രോഗങ്ങളായ ബിദ്അത്തുകളാണ്. മുഴുവന്‍ മുസ്‌ലിംകളും ഈ അനാചാരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടതുണ്ട്.

പാശ്ചാത്യരില്‍ നിന്ന് കടന്ന് കൂടിയ മാരകമായ ഒരു അനാചാരമാണ് ബര്‍ത്ത്‌ഡേ കൊണ്ടാടുകയെന്നത്. ലോകത്തേക്ക് കടന്ന്‌വന്ന ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാരില്‍ ആരും തന്നെ മറ്റൊരാളുടെ ജന്മദിനം കൊണ്ടാടിയിട്ടില്ല. മുഹമ്മദ്‌നബി ﷺ ഇസ്‌ലാമിന്റെ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍  ഒരു പ്രവാചകന്റെയും ജന്മദിനം അവിടുന്ന് കൊണ്ടാടിയിട്ടില്ല. സ്വഹാബികളോട് പ്രവാചകന്റെ ജന്മദിനംപോലും കൊണ്ടാടുവാന്‍ അവിടുന്ന് കല്‍പിച്ചിട്ടില്ല. തിരുനബി ﷺ ക്ക് അല്ലാഹു ഏഴ് സന്താനങ്ങളെ നല്‍കിയിട്ടുണ്ട്, അതില്‍ ഒരു കുട്ടിയുടെയും ജന്മദിനം അദ്ദേഹം കൊണ്ടാടിയിട്ടില്ല. 

പിന്നെ നാം എങ്ങിനെയാണ് അല്ലാഹുവില്‍ നിന്നും അനുഗ്രഹമായി ലഭിച്ച സന്താനങ്ങളുടെ ജന്മദിനം കൊണ്ടാടുക. ജന്മദിനത്തോടനുബന്ധിച്ച് മധുരപലഹാരങ്ങളുണ്ടാക്കുകയും, കേക്ക് മുറിക്കുകയും വിതരണം നടത്തുകയും ചെയ്യല്‍ മറ്റുള്ളവരില്‍നിന്ന് കടമെടുത്തതാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ''ആരെങ്കിലും ഒരു സമുദായത്തോട് യോജിച്ചാല്‍ അവന്‍ അവരില്‍ പെട്ടവനായി തീരുന്നതാണ്'' (അബൂദാവൂദ്).

ആയതിനാല്‍ ജീവിതത്തിന്റെ മുഴൂവന്‍ മേഖലകളിലും കഴിവിന്റെ പരമാവധി ഇസ്‌ലാമിന്റെ നിയമങ്ങള്‍ അനുധാവനം ചെയ്യാന്‍ നാം പരിശ്രമിക്കുക. ഒരു പ്രവാചകനും സ്വന്തത്തിന്റെയോ, മറ്റു പ്രവാചകന്മാരുടെയോ, സ്വന്തം മക്കളുടെയോ, മറ്റുള്ളവരുടെയോ ബര്‍ത്ത്‌ഡേ കൊണ്ടാടിയിട്ടില്ല. അത്‌കൊണ്ട് ഈ കാര്യം നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. പാശ്ചാത്യ സംസ്‌കാരം വാരിപ്പുണരേണ്ടവരല്ല മുസ്‌ലിംകള്‍. അല്ലാഹു പറയുന്നത് കാണുക: 

'''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'''(ക്വുര്‍ആന്‍ 3:31). 

പ്രവാചക ചര്യ അനുധാവനം ചെയ്യുന്നതിലൂടെ മാത്രമെ അല്ലാഹുവിന്റെ ഇഷ്ടം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ക്വുര്‍ആനും തിരുസുന്നത്തും ഒരു കാര്യം വ്യക്തമാക്കിക്കഴിഞ്ഞാല്‍ അതില്‍ പിന്നെ തര്‍ക്കിക്കുവാനും അതിനോട് എതിരാകുവാനും ഒരു മുസ്‌ലിമിന് പാടില്ല. 

റബീഉല്‍ അവ്വല്‍ മാസം കടന്നുവന്നാല്‍ നബി ﷺ യുടെ ജന്മദിനാഘോഷത്തിന്റെ ലഹരിയില്‍ അലിയുന്നവരാണ് നമ്മുടെ നാട്ടില്‍ നല്ലൊരു വിഭാഗം മുസ്‌ലിംകളും. അത് പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണ് എന്നാണ് സാധാരണക്കാര്‍ മനസ്സിലാക്കിവെച്ചിരിക്കുന്നത്. അത് നബി ﷺ പഠിപ്പിക്കാത്ത കാര്യമായതിനാല്‍ ഇസ്‌ലാമികമല്ല. നബി ﷺ യെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ ചര്യകള്‍ പിന്‍പറ്റുവാന്‍ താല്‍പര്യം കാണിക്കുകയാണ് വേണ്ടത്. പ്രമാണങ്ങള്‍ പഠിപ്പിക്കാത്ത ആചാരങ്ങള്‍ ചെയ്യുവാന്‍ മതം അനുവാദം തരുന്നില്ല.

അല്ലാഹു വ്യക്തമാക്കുന്നത് കാണുക: 

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു'' (ക്വുര്‍ആന്‍ 28:68).

''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (ക്വുര്‍ആന്‍ 4:115).

''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരുവിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല'' (ക്വുര്‍ആന്‍ 4:65).

0
0
0
s2sdefault