ജനാധിപത്യം ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ടത്

അബൂയഹ്‌യ

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

ജനാധിപത്യം ദൈവിക നിയമങ്ങള്‍ക്ക് പകരമായി വെക്കപ്പെട്ട ഒരു സംവിധാനമേ അല്ല. മതത്തിന് പകരമായും അല്ല അത് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ ജനാധിപത്യത്തിന്റെ സാധുതയെ സംബന്ധിച്ചുള്ള ചര്‍ച്ച പ്രസക്തമാവുന്നത് അത് എന്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്നൂ എന്നതിനെ ആശ്രയിച്ചാണ്.

ജനാധിപത്യത്തിന് ഏകമാനമായ ഒരു നിര്‍വചനം നല്‍കപ്പെട്ടിട്ടില്ല. അതൊട്ട് സാധ്യവുമല്ല. ഏകാധിപത്യ ഭരണകൂടങ്ങളുടെ അതിക്രമത്തെ പ്രതിരോധിക്കാന്‍ ജനങ്ങളുടെ കൂടി പ്രാതിനിധ്യം ഉറപ്പു വരുത്തുന്ന ഒരു സംവിധാനം എന്ന നിലയ്ക്കും, പ്രത്യേക മതങ്ങളുടെ ആധിപത്യത്തില്‍ നിന്ന് ഓരോരുത്തര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്ന സംവിധാനം എന്ന നിലയ്ക്കും ജനാധിപത്യത്തിന് നിര്‍വചനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ആശയങ്ങള്‍ക്ക് മങ്ങലേറ്റ ഒരു കാലഘട്ടത്തില്‍ മാനവ സാഹോദര്യത്തെ പരിപോഷിപ്പിക്കാനുതകുന്ന ഒരു സംവിധാനം എന്ന നിലക്കും ജനാധിപത്യം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്.

ഭരണകൂടത്തെ തിരഞ്ഞെടുക്കുന്ന രീതിശാസ്ത്രവുമായിട്ടും ജനാധിപത്യത്തിന്റെ നിര്‍വചനത്തെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷത്തിന് സമ്മതനാകുന്ന വ്യക്തിയോ കൂട്ടായ്മയോ രാജ്യം ഭരിക്കുന്ന സംവിധാനത്തെ വ്യാപകമായി ജനാധിപത്യമായി നിര്‍വചിക്കപ്പെട്ടു പോരുന്നു. ഏകാധിപത്യ ഭരണകൂടങ്ങളുടെ പൊതുദോഷമായ; മനുഷ്യന്റെ മതം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവക്കെതിരിലുള്ള കടന്നു കയറ്റം ജനാധിപത്യ സംവിധാനത്തില്‍ കുറയും എന്നതുകൊണ്ടായിരിക്കാം ഈയൊരു നിര്‍വചനം വ്യാപകമായി അംഗീകരിക്കപ്പെട്ടത്. (The History of Democracy).

എന്നാല്‍ ജനാധിപത്യത്തിന് കൃത്യമായ നിര്‍വചനം ഇല്ലാത്തത് പോലെ തന്നെ അതിന്റെ പ്രായോഗിക മേഖലയിലും ധാരാളം അനിശ്ചിതത്വങ്ങള്‍ കാണാന്‍ സാധിക്കും. ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങള്‍ പലപ്പോഴും ഭരണകൂടനിര്‍മിതിയിലോ ഭരണനിര്‍വഹണത്തിലോ പ്രതിഫലിപ്പിക്കപ്പെടുന്നില്ല എന്നു മാത്രമല്ല ഏകാധിപത്യത്തെക്കാള്‍ ജനാധിപത്യം ഭീകര രൂപം സ്വീകരിക്കുന്നതും ചിലപ്പോള്‍ കാണാവുന്നതാണ്. 

ഏതായിരുന്നാലും ശരി മനുഷ്യന്റെ മതവും മതേതരവുമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയായിരുന്നു ജനാധിപത്യത്തിന്റെ പ്രഥമ ലക്ഷ്യം. എന്നാല്‍ പിന്നീട് അതിലും മായം ചേര്‍ക്കപ്പെട്ടു.

എന്നാല്‍ ജനാധിപത്യത്തിന്റെ നിര്‍വചനങ്ങളില്‍ എവിടെയും മനുഷ്യരുടെ ദൈവവിശ്വാസത്തിനും മതവിശ്വാസത്തിനും ബദലായി നിലകൊള്ളുന്ന ഒരു ദര്‍ശനമായോ പ്രസ്ഥാനമായോ ജനാധിപത്യം പരിചയപ്പെടുത്തപ്പെട്ടിട്ടില്ല. തങ്ങളുടെ പരമ്പരാഗത ദൈവ വിശ്വാസത്തിനും മതവിശ്വാസത്തിനും എതിരായി ഒരു പുതിയ വിശ്വാസ സംഹിത എന്ന നിലയ്ക്ക് ഒരാളും ജനാധിപത്യത്തെ കണ്ടിട്ടുമില്ല. 

ഏതെങ്കിലും പ്രത്യേക മതം ഭരണകൂടമോ ഭരണഘടനയോ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുകയില്ല എന്നുമാത്രമല്ല; ജനാധിപത്യ ഭരണകൂടത്തിലെ ഭരണാധികാരികള്‍ക്ക് പോലും അവരുടെ മതവിശ്വാസ പ്രകാരം ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുവാനും ഇഷ്ടമുള്ള മതാചാരങ്ങള്‍ സ്വീകരിക്കുവാനുമുള്ള സ്വാതന്ത്ര്യം തടയപ്പെടുന്നില്ല എന്നതാണ് യഥാര്‍ഥ ജനാധിപത്യത്തിന്റെ അന്തഃസാരം. 

വസ്തുത ഇതായിരിക്കെ ജനാധിപത്യ സംവിധാനത്തെ മതവിശ്വാസികള്‍ക്കും മതവിശ്വാസത്തിനും എതിരിലുള്ള ഒരു സംവിധാനമായി വിലയിരുത്തുകയും ബഹുദൈവാരാധനക്കും മതനിഷേധത്തിനും ഉപയോഗിക്കപ്പെടുന്ന മതത്തിന്റെ സാങ്കേതിക പദങ്ങള്‍ ഉപയോഗിച്ച് (ഉദാ: ശിര്‍ക്ക്, കുഫ്‌റ്) അതിനെ നേരിടുകയും ചെയ്യുന്നത് യുക്തിയോ ബുദ്ധിയോ അല്ല എന്ന് മാത്രമല്ല അത് പ്രമാണബദ്ധമോ മതത്തിന്റെ അന്തഃസത്തക്ക് നിരക്കുന്നതോ അല്ല. 

ജനാധിപത്യത്തിന് ഏകമാനമായ നിര്‍വചനം നല്‍കപ്പെട്ടിട്ടില്ലാത്തത് പോലെത്തന്നെ അതിനെതിരിലുള്ള നിരൂപണങ്ങളും വിധികളും ഏകമാനമാകുവാന്‍ പാടില്ലാത്തതാണ്. ജനാധിപത്യം അതിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ തന്നെ കാലഘട്ടം, സാഹചര്യം, രാഷ്ട്രം എന്നിവക്കനുസരിച്ച് വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ജനാധിപത്യത്തെ ഒരൊറ്റ അടിസ്ഥാനത്തില്‍ മാത്രം നോക്കിക്കാണുന്നത് അസംബന്ധവും അനീതിയും ഒരു വേള ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നതാണ്. 

മതവും ഭരണകൂടവും

പൊതുവെ ഭരണകൂടങ്ങളോ ഭരണാധികാരികളോ മനുഷ്യരുടെ ദൈവ-മത വിശ്വാസങ്ങളെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളായി കരുതപ്പെട്ടിട്ടില്ല. മറിച്ച് എക്കാലഘട്ടങ്ങളിലെയും മനുഷ്യര്‍ വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയുമാണ് മതവിഷയങ്ങളിലെ പ്രാമാണിക അടിസ്ഥാനങ്ങളായി കണ്ടിട്ടുള്ളത്. പ്രവാചകന്മാരുടെ അധ്യാപനങ്ങളും വേദഗ്രന്ഥങ്ങളും സാധാരണക്കാര്‍ക്ക് വിശദീകരിച്ച് കൊടുക്കുന്ന വക്താക്കളായി പണ്ഡിത-പുരോഹിതന്മാരും; മതപരവും ഭൗതികവുമായ ജീവിത സൗകര്യങ്ങള്‍ രാജ്യനിവാസികള്‍ക്ക് ചെയ്ത് കൊടുക്കുകയും ശത്രുക്കളില്‍ നിന്നും മറ്റു പ്രതിബന്ധങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുകയും ചെയ്യുന്ന കേന്ദ്രങ്ങളായി ഭരണകൂടങ്ങളും ഭരണാധികാരികളും കരുതപ്പെട്ടുപോന്നു. മതാധ്യാപകര്‍ക്കോ ഭരണാധികാരികള്‍ക്കോ അപ്രമാദിത്യമോ ദൈവികതയോ കല്‍പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പൊതുവെ ഇതായിരുന്നു രീതിയെങ്കിലും ചില കാലഘട്ടങ്ങളിലും രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും ഇതിനപവാദവുമുണ്ടായിട്ടുണ്ട്. തങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരോ അവതാരങ്ങളോ ചിലപ്പോള്‍ തങ്ങള്‍ തന്നെയാണ് ദൈവങ്ങളെന്നോ വാദിച്ച് കൊണ്ട് പല രാജാക്കന്മാരും കടന്നു വന്നിട്ടുണ്ട്. അത്തരം അവകാശവാദങ്ങളില്‍ വിശ്വസിച്ചവരും അല്ലാത്തവരും ഉണ്ടായിട്ടുണ്ട്. ഫിര്‍ഔന്‍ (ഫറോവ) തന്നെ ഉദാഹരണം. ഹാമാനും ക്വാറൂനും ഫിര്‍ഔനെ പിന്‍പറ്റിയപ്പോള്‍ ബനൂഇസ്‌റാഈല്യരും എന്തിനേറെ സ്വന്തം ഭാര്യയടക്കം ഫിര്‍ഔനിന്റെ വാദത്തെ തള്ളുകയും ചെയ്തു.

എന്നാല്‍ യഹൂദ-ക്രൈസ്തവരിലെ വലിയൊരു വിഭാഗം പ്രത്യേകിച്ചും ക്രൈസ്തവരിലെ ഒരു മഹാ ഭൂരിപക്ഷം തന്നെ അവരുടെ പണ്ഡിത പുരോഹിതന്മാരെ മതനിയമങ്ങളുടെ അടിസ്ഥാന കേന്ദ്രങ്ങളായി കണ്ടു. അല്ലാഹു അനുവദനീയമാക്കിയത് (ഹലാലാക്കിയത്) നിഷിദ്ധമാക്കുവാനും (ഹറാമാക്കുവാന്‍) നിഷിദ്ധമാക്കിയത് അനുവദനീയമാക്കുവാനും പണ്ഡിത പുരോഹിതന്‍മാര്‍ക്ക് അവകാശമുണ്ട് എന്നവര്‍ വിശ്വസിച്ചു പോന്നു. യഥാര്‍ഥത്തില്‍ അവരിലൂടെ വെളിപ്പെടുന്നത് സാക്ഷാല്‍ അല്ലാഹുവില്‍ നിന്നുള്ള വെളിപാടുകളാണെന്നും അവരുടെ ജല്‍പന പ്രകാരം ത്രിയേകത്വത്തിലെ ഒരു വ്യക്തിത്വമായ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായാണ് അവരുടെ സംസാരമെന്നും ക്രൈസ്തവര്‍ വിശ്വസിക്കുകയും മത നേതാക്കളുടെ ജല്‍പനങ്ങളെ അവര്‍ മതനിയമമായി കണക്കാക്കുകയും ചെയ്യുന്നു. 

സത്യനിഷേധം, ബഹുദൈവാരാധന മുതലായവ കടന്നുവരുന്നതിവിടെയാണ്. ഹലാലുകളും ഹറാമുകളും തീരുമാനിക്കാനുള്ള അധികാരം ആര്‍ക്ക് കല്‍പിച്ച് നല്‍കിയാലും അതവര്‍ക്കുള്ള ആരാധനയും (ഇബാദത്ത്) അല്ലാഹുവില്‍ പങ്കുചേര്‍ക്കലു(ശിര്‍ക്ക്)മാണെന്ന്  പരിശുദ്ധ ക്വുര്‍ആനിലെ (9:31) വചനം ഓതിക്കൊണ്ട് നബി(സ്വ) അനുചരന്മാര്‍ക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. 

അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ ഭരണാധികാരികള്‍ക്കും ഈ സ്ഥാനം കല്‍പിച്ചിട്ടുണ്ട്. ഫിര്‍ഔനിന്റെത് ഉദാഹരണം. ഭൂരിപക്ഷം ജനങ്ങളും ക്വുര്‍ആന്‍ സൂചിപ്പിച്ച പോലെ ഫിര്‍ഔനിന്റെ കിരാതമായ അതിക്രമത്തെ ഭയപ്പെട്ടുകൊണ്ടായിരുന്നു അവനെ അനുസരിച്ചുരുന്നതെങ്കിലും ഒരു ന്യൂനപക്ഷം ദേവനായോ ദൈവത്തിന്റെ പ്രതിപുരുഷനായോ ഫിര്‍ഔനിനെ കരുതിപ്പോന്നിട്ടുണ്ട്. 

എന്നാല്‍ ഭരണാധികാരികള്‍ക്കോ ഭരണകൂടത്തിനോ വ്യാപകമായി ഈയൊരു സ്ഥാനം അഥവാ മത നിയമങ്ങള്‍ നിശ്ചയിക്കുവാനുള്ള അധികാരം കല്‍പിക്കപ്പെട്ടിട്ടില്ല. അവര്‍ അഥവാ യഹൂദ- ക്രൈസ്തവര്‍ പണ്ഡിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് പറഞ്ഞിടത്ത് അല്ലാഹു അവര്‍ അവരുടെ രാജാക്കന്മാരെ റബ്ബുകളാക്കി എന്നു പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. 

ഭരണാധികാരത്തിന്റെ സാങ്കേതിത്വങ്ങളില്‍ കാലഘട്ടത്തിനനുസരിച്ച വ്യത്യാസങ്ങള്‍ വന്നുകൊണ്ടിരുന്നെങ്കിലും ആധുനിക-ജനാധിപത്യ-മതേതരത്വ-സോഷ്യലിസ്റ്റ്-റിപ്പബ്ലിക്ക് ഭരണസംവിധാനങ്ങളിലും ഭരണ കേന്ദ്രങ്ങള്‍ക്ക് മതപരിവേഷം നല്‍കാന്‍ പൊതുജനങ്ങള്‍ -അവര്‍ ഏതു മതക്കാരാണെങ്കിലും- തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. അത് കൊണ്ടാണ് ജനാധിപത്യം ശിര്‍ക്കും കുഫ്‌റുമാണെന്നും ഇസ്‌ലാമുമായി യോജിക്കുന്ന ഒരു പോയിന്റ് പോലും അതിലില്ലെന്നും വാദിച്ച് ജനാധിപത്യ പ്രക്രിയകളില്‍ നിന്നും തെരഞ്ഞെടുപ്പില്‍ നിന്നും മുസ്‌ലിംകളോട് വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്ത ഒരു പ്രസ്ഥാനത്തിന്റെ കേരളത്തിലെ അനിഷേധ്യനായ നേതാവിന് ഏറെ വൈകിയാണെങ്കിലും 'ഇന്ത്യയിലെ മുസ്‌ലിംകളാരും തന്നെ നിയനിര്‍മാണത്തിനുള്ള പരമാധികാരം ഭരണകൂടത്തിന് വകവെച്ചു കൊടുക്കുന്നില്ല എന്നും ഇന്ദിരാഗാന്ധിയുടെ അരാധകര്‍ പോലും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്നും വിശ്വസിക്കുന്നില്ല എന്നതിനാല്‍ അവരാരും ഇന്ദിരാഗാന്ധിക്ക് ഇബാദത്ത് ചെയ്യുന്നില്ല' എന്നും തുറന്ന് പറയേണ്ടി വന്നത്. 

വൈകിവന്ന തിരിച്ചറിവാണെങ്കിലും അതാണ് യാഥാര്‍ഥ്യം. ഏതു രാഷ്ട്രത്തിലെ ഭരണകൂട നിയമങ്ങളെയും സാമാന്യ ജനങ്ങള്‍ നോക്കിക്കാണുന്നത് ആരാധനാ ഭാവത്തോടെയല്ല. മതപരമായ നിയമങ്ങളുടെ ഒരു സ്ഥാനവും അവയ്ക്ക് നല്‍കപ്പെടുന്നുമില്ല. ഭരണകൂടങ്ങളും അങ്ങനെ തന്നെ. തങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്ന നിയമങ്ങള്‍ മതനിയമങ്ങള്‍ പോലെ കാത്തുസൂക്ഷിക്കേണ്ടതാണെന്നോ അവയെ ആരാധനയോടെ ജനങ്ങള്‍ കാണേണ്ടതാണെന്നോ ഭരണകൂടവും അനുശാസിക്കുന്നില്ല. മറിച്ച് അതൊരു രാഷ്ട്രത്തിന്റെ നിലപാടുകളെയാണ് സൂചിപ്പിക്കുന്നത്. 

ഉദാഹരണത്തിന് ഒരു രാജ്യത്ത് മദ്യം അനുവദനീയമാണ് എന്ന് ഒരു ഭരണകൂടം പ്രഖ്യാപിക്കുമ്പോള്‍ മദ്യം നിഷിദ്ധമായി കണക്കാക്കിപ്പോരുന്ന ഒരു സമൂഹം ഇനി മുതല്‍ ആ നിയമം മാറ്റി മദ്യപിക്കുക എന്നത് മഹത്തായ ഒരു ആരാധനയായി കണക്കാക്കേണ്ടതാകുന്നു എന്ന അര്‍ഥത്തില്‍ അല്ല അത് പ്രഖ്യാപിക്കുന്നത്. മറിച്ച് രാജ്യത്തിന്റെ ദൃഷ്ടിയില്‍ അയാള്‍ മദ്യപിച്ചത് കൊണ്ട് കുറ്റക്കാരനാവുകയില്ല എന്നും അതിനാല്‍ മദ്യപിച്ചതിന്റെ പേരില്‍ ആ രാജ്യത്ത് അയാള്‍ ശിക്ഷിക്കപ്പെടുകയില്ല എന്നുമാണ് അര്‍ഥമാക്കപ്പെടുന്നത്. അതോടൊപ്പം മദ്യശാലകളും മദ്യവില്‍പനയും നിബന്ധനകള്‍ക്ക് വിധേയമായി ആ രാജ്യത്ത് അനുവദനീയമാണ് എന്നും അര്‍ഥമാക്കപ്പെടുന്നു. അതിനപ്പുറം ഒരു വ്യക്തി മദ്യപിച്ചേ മതിയാകൂ എന്ന് അത് അര്‍ഥമാക്കുകയോ അനുശാസിക്കുകയോ ചെയ്യുന്നില്ല. ഓരോ വ്യക്തിക്കും അയാളുടെ മത വിശ്വാസം അനുസരിച്ച് മദ്യപിക്കാതിരിക്കുവാനും അതുമായി ബന്ധപ്പെടുന്ന മേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കുവാനും അവകാശമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയില്‍ മദ്യം അനുവദനീയമായിരിന്നിട്ടും ഒരു യഥാര്‍ഥ മുസ്‌ലിമിന് ഇന്നുവരെ തന്റെ മതവിശ്വാസം തെറ്റിച്ച് നിര്‍ബന്ധിതനായി മദ്യപിക്കേണ്ട അവസ്ഥ ഇല്ലാതിരുന്നത്. 

 മദ്യം ഒരു ഉദാഹരണം മാത്രമാണ്. ഇസ്‌ലാമിന്റെ ഏകദൈവാരാധന മുതല്‍ ജീവിതത്തിന്റെ നിഖില മേഖലകളിലും പുലര്‍ത്തേണ്ടുന്ന, നിലനിര്‍ത്തേണ്ടുന്ന ഇസ്‌ലാമിക നിയമങ്ങളെ ജീവിതത്തില്‍ പകര്‍ത്തി ഒരു യഥാര്‍ഥ മുസ്‌ലിമായി ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഭരണഘടന നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഭരണകൂട നിയമങ്ങള്‍ക്ക് മതപരിവേഷം നല്‍കേണ്ടുന്ന ഒരു അവസ്ഥ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെന്നല്ല ഒരു പൗരനും ഇല്ല. അവരുടെ മത വിശ്വാസങ്ങളുമായോ ആചാരങ്ങളുമായോ ഏറ്റുമുട്ടുന്ന ഒരു നിയമവും യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഇല്ല. മത വിശ്വാസങ്ങളെയും ആചാരങ്ങളെയും പൊതുജനത്തെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന സന്ദര്‍ഭത്തിലല്ലാതെ ഭരണകൂടം മനുഷ്യന്റെ മതസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നില്ല. എന്ന് മാത്രമല്ല ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും പ്രചിപ്പിക്കുവാനും മാന്യമായ രൂപത്തില്‍ ആശയ സംവാദം നടത്തുവാനും ആരാധനാലയങ്ങള്‍, മത പാഠശാലകള്‍ തുടങ്ങിയവ സ്ഥാപിക്കുവാനും വ്യക്തിനിയമങ്ങള്‍ മതമനുശാസിക്കുന്ന രൂപത്തില്‍ നിര്‍വഹിക്കുന്ന വിഷയത്തില്‍ നിയമ പരിരക്ഷ നല്‍കുവാനും ഈ ഭരണകൂടത്തില്‍ സംവിധാനമുണ്ട് എന്നത് വലിയ അനുഗ്രഹം തന്നെയാണ്. അതിനാല്‍ തന്നെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തില്‍ ജീവിക്കുന്ന ഒരു മുസ്‌ലിമിന് ചില തല്‍പരകക്ഷികള്‍ പറയുന്നത് പോലെ 'ഭരണകൂടത്തെ അനുസരിക്കുക എന്ന ശിര്‍ക്ക്' ചെയ്തുകൊണ്ട് ജീവിക്കേണ്ടുന്ന അവസ്ഥയില്ല. 

അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കുവാനോ നേരെ തിരിച്ചോ ഉള്ള അവകാശം സൃഷ്ടികള്‍ക്ക് വകവെച്ച് കൊടുക്കുമ്പോഴാണ് അവിടെ ഇബാദത്തും അതുവഴി ശിര്‍ക്കും കടന്നു വരുന്നത് എന്ന് മഹാനായ പ്രവാചകന്‍(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മതത്തിന്റെ സാങ്കേതിക ഭാഷയില്‍ അതിന് 'ഇസ്തിഹ്‌ലാല്‍'  എന്നാണ് പറയുക. അല്ലാഹു മതനിയമമായി പഠിപ്പിച്ച ഒന്നിനെ മാറ്റിമറിക്കാനുള്ള അധികാരം ഒരാള്‍ക്ക് കല്‍പിച്ച് നല്‍കുമ്പോഴും അത്തരം വ്യക്തികളുടെ നിയമങ്ങള്‍ക്ക് ദൈവികതയോ അപ്രമാദിത്വമോ കല്‍പിക്കുമ്പോഴും മാത്രമാണ് അവിടെ ശിര്‍ക്ക് കടന്നുവരുന്നത്. ഇത്തരം ഒരു സ്ഥാനം വ്യക്തിക്കോ, കൂട്ടായ്മക്കോ, ഭരണകൂടത്തിനോ, പണ്ഡിതന്മാര്‍ക്കോ ആര്‍ക്ക് തന്നെ കല്‍പിച്ച് നല്‍കിയാലും അത് 'ഇസ്തിഹ്‌ലാലി'നുള്ള അവകാശം അവര്‍ക്ക് നല്‍കലും അത്‌വഴി അത് ശിര്‍ക്കായിത്തീരുന്നതുമാണ്. 

എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെയോ ഭരണകൂടത്തിന്റെയോ പ്രേരണകള്‍ക്ക് വഴങ്ങി, എന്നാല്‍ യാതൊരു അപ്രമാദിത്വവും കല്‍പിക്കാതെ തൃപ്തിയോടെ ഒരു തിന്മയില്‍ മേല്‍പറഞ്ഞവരെ അനുസരിച്ചാല്‍ അതൊരു പാപം മാത്രമെ ആയിത്തീരുന്നുള്ളൂ. ഇസ്‌ലാം സാങ്കേതികാര്‍ഥത്തില്‍ പരിചയപ്പെടുത്തിയ ശിര്‍ക്ക് അവിടെ കടന്നുവരുന്നില്ല. ഇനി തൃപ്തിയോടെയല്ലാതെ നിര്‍ബന്ധിക്കപ്പെട്ടുകൊണ്ടാണ് ഒരാള്‍ തെറ്റ് ചെയ്യുന്നതെങ്കിലോ അതൊരു പാപമായിപ്പോലും പരിഗണിക്കപ്പെടുകയില്ല. 

ഇനി ഏതെങ്കിലും വിഷയത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ഒരേ പോലെ ബാധിക്കുന്ന വല്ല കാര്യത്തിലും നിര്‍ബന്ധിതരായിക്കൊണ്ട് വല്ലതും ചെയ്യേണ്ടി വന്നാല്‍ പോലും അത് മനഃസംതൃപ്തിയോടെയല്ലാത്തതിനാല്‍ അവര്‍ കുറ്റക്കാരാവുകയില്ല എന്നതും മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ പെട്ടതാണ്. അതുകൊണ്ടാണ് നിര്‍ബന്ധിതനായ ഒരു വ്യക്തി വല്ല വാജിബും ഒഴിവാക്കിയാല്‍ അവനെ 'വാജിബ് ഒഴിവാക്കിയവന്‍' എന്ന അര്‍ഥത്തില്‍ അധിക്ഷേപിക്കാന്‍ പാടില്ല എന്നും അപ്രകാരം തന്നെ നിര്‍ബന്ധിതനായിക്കൊണ്ട് ഒരു ഹറാം ചെയ്യേണ്ടി വന്നാല്‍ 'ഹറാം ചെയ്തവന്‍' എന്നും ആരോപിക്കാന്‍ പാടില്ലെന്നും മഹാന്‍മാരായ പണ്ഡിതന്‍മാര്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ളത്. ''അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല...'' (2:286), ''അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക...'' (64:16) എന്നീ ക്വുര്‍ആന്‍ വചനങ്ങള്‍ പ്രകാരം വിശദീകരിക്കപ്പെട്ടിട്ടുള്ള ഇത്തരം തത്ത്വങ്ങള്‍ മതത്തിന് പുറത്തല്ല മറിച്ച് മതത്തിന് അകത്താണ് എന്നാണ് നാം മനസ്സിലാക്കേണ്ടത്. 

ഉദാഹരണം: പലിശ. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഹറാമായ പലിശയിടപാടില്‍ നിന്നും മറ്റു ധാരാളം മേഖലകളില്‍ നിന്നും സ്വമേധയാ വിട്ടുനില്‍ക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ രാജ്യത്തിന്റെ പൊതു നിയമമനുസരിച്ച് വല്ല പലിശയും നിര്‍ബന്ധിതനായി നല്‍കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അയാള്‍ പാപിയായി ഗണിക്കപ്പെടുകയില്ല. ഇനി നിര്‍ബന്ധിതമായി വല്ലതും പലിശയിനത്തില്‍ വന്നാല്‍ അതില്‍ നിന്ന് വിടുതല്‍ നേടാനുള്ള മാര്‍ഗവും പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. പൊതു ശിക്ഷാ നിയമങ്ങളും മറ്റുമാകട്ടെ അത് സാധാരണക്കാരന്റെ റോള്‍ അല്ലാത്തതിനാല്‍ ആ വിഷയത്തിലും ഒരു മുസ്‌ലിം പൗരന്‍ കുറ്റക്കാരനല്ല. എന്നിരിക്കെ ഇന്ത്യയെപ്പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്തെ മുസ്‌ലിമിന്റെ മേല്‍ ശിര്‍ക്കും മതവിരുദ്ധതയും ആരോപിക്കുന്നത് തികഞ്ഞ അക്രമവും അനീതിയും മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും അന്തഃസത്തക്കും നിരക്കാത്തതുമാണ്. 

ഇന്ത്യയുടെ ഭരണസാരഥ്യം വഹിക്കുന്നിടത്തും കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കുന്നിടത്തും മറ്റെല്ലാ ഉദ്യോഗങ്ങളും കൈകാര്യം ചെയ്യുന്നിടത്തും ഒരു മുസ്‌ലിമിന് യഥാര്‍ഥ മുസ്‌ലിമായിക്കൊണ്ട് തന്നെ അതൊക്കെ നിര്‍വഹിക്കാവുന്നതാണ്. കാരണം പ്രധാനമന്ത്രി, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ മുതല്‍ മറ്റേതൊരു മേഖലയാണെങ്കിലും ഭരണഘടന വിഭാവനം ചെയ്യുന്ന രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ മാത്രമെ അവര്‍ക്ക് സാധിക്കുകയുള്ളൂ. പൗരന്റെ അടിസ്ഥാന മൗലിക അവകാശങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തത് കൊണ്ട് തന്നെ പ്രധാനമന്ത്രിയാവുന്നത് ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യാനിയോ എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രത്യേകം പ്രസക്തമല്ല. അതുകൊണ്ടാണ് 'കുഫ്‌റിന്റെയും' 'ശിര്‍ക്കിന്റെയും' പേര് പറഞ്ഞ്, ഇന്ത്യയുടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആകുന്നതിനെക്കാള്‍ ഭേദം പ്രാസ്ഥാനിക ഓഫീസിലെ പ്യൂണാവലാണ് തുടങ്ങിയ വിതണ്ഡ വാദങ്ങളിലൂടെ തെരഞ്ഞെടുപ്പില്‍ നിന്നും ജനാധിപത്യ പ്രക്രിയകളില്‍ നിന്നും മുസ്‌ലിംകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഭീമാബദ്ധവും പരമാബദ്ധവും ആണ് പ്രവര്‍ത്തിച്ചത് എന്ന് നാം പറയുന്നത്. ഇസ്‌ലാമിക തത്ത്വങ്ങളിലുള്ള അടിസ്ഥാനപരമായ അറിവില്ലായ്മയാണ് ഇത്തരം അബദ്ധങ്ങള്‍ പറയാനും പ്രവര്‍ത്തിക്കാനും അവര്‍ക്ക് കാരണമായിത്തീര്‍ന്നത്. 

ഒരാള്‍ തനിക്ക് സാധിക്കുന്നത്ര നന്മ ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനകാര്യങ്ങളില്‍ (ഉസ്വൂലുകളില്‍) പെട്ട ഒരു പ്രധാന തത്ത്വമാണ്. ''...എനിക്ക് സാധ്യമായത്ര നന്മ വരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല...''(11:88) എന്നതാണ് പ്രവാചകന്‍മാര്‍ പോലും പറഞ്ഞ തത്ത്വം. പരിപൂര്‍ണമായും നന്മ സ്ഥാപിക്കാനോ പരിപൂര്‍ണമായും തിന്മയെ വിപാടനം ചെയ്യുവാനോ ഒരാള്‍ക്ക് സാധിച്ചു കൊള്ളണം എന്നില്ല. എന്നാല്‍ തന്നാല്‍ കഴിയുന്ന നന്മകള്‍ സ്ഥാപിക്കുവാനും അതില്‍ മറ്റുള്ളവരെ സഹായിക്കുവാനും തന്നാല്‍ കഴിയുന്ന തിന്മകളെ തടയുവാനും ഒരാള്‍ ശ്രമിക്കേണ്ടതാണ്. യൂസുഫ്ൗ ഈജിപ്തില്‍ ഒരു അനിസ്‌ലാമിക ഭരണകൂടത്തില്‍ തനിക്ക് അനുയോജ്യമായ ഒരു മേഖല തിരഞ്ഞെടുത്ത് സാധിക്കുന്നത്ര നന്മകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് ഈ വിഷയത്തിലെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതും സ്ഥാനാര്‍ഥിയായി നില്‍ക്കുന്നതും മറ്റു മേഖലകളില്‍ പരമാവധി സാന്നിധ്യം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതും മതേതര ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്ന ഏതൊരാളെയും ജാതിമത ഭേദമന്യെ ഭരണത്തില്‍ കൊണ്ട് വരാന്‍ വോട്ടു ചെയ്യുന്നതുമൊക്കെ ഒരു മുസ്‌ലിമിന് ചെയ്യാവുന്ന ഏറ്റവും നല്ല, പ്രതിഫലാര്‍ഹമായ പുണ്യകര്‍മങ്ങളാകുന്നു. ആയതിനാല്‍ സര്‍വര്‍ക്കും മതസ്വാതന്ത്ര്യവും ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ജനാധിപത്യം ദൈവ നിഷേധമോ ബഹുദൈവത്വമോ അല്ല. മറിച്ച് മഹത്തായ അനുഗ്രഹമാണ്. അത് നിലനിര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കല്‍ കുഫ്‌റിനെയോ ശിര്‍ക്കിനെയോ നിലനിര്‍ത്താന്‍ വേണ്ടി സഹായിക്കലുമല്ല. മറിച്ച് മഹത്തായ പുണ്യകര്‍മമാണ്. എന്നാല്‍ മുരട്ട് തത്ത്വവാദങ്ങള്‍ പറഞ്ഞ് മുസ്‌ലിം സമൂഹത്തെ ജനാധിപത്യ-രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ നിന്നു തടയാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ നേരം വെളുക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് സന്തോഷദായകമാണ്. (അവസാനിച്ചില്ല) 

0
0
0
s2sdefault