ജലവും ജീവനും

ഡോ. സി.എം സാബിര്‍ നവാസ്

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28

ജലാശയങ്ങള്‍ വറ്റിവരളുകയും കുടിവെള്ളം കിട്ടാക്കനിയാവുകയും കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. പൊതുവെ, സന്തുലിതമായ കാലാവസ്ഥയുള്ള നമ്മുടെ നാട് ഇത്തവണ അതി ഭീകരമായ ജലക്ഷാമത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു സമൂഹവും സന്നദ്ധ സംഘടനകളും സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ വരാനിരിക്കുന്ന വരള്‍ച്ചാ കെടുതികളില്‍ നിന്ന് ഒരു പരിധി വരെ കരയറാനാവും.

മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും ജീവന്‍ നിലനിര്‍ത്തുക എന്ന അടിസ്ഥാന ആവശ്യത്തിനുപകരിക്കുന്ന കുടിവെള്ളത്തിന് പ്രഥമ പരിഗണന നല്‍കണം. അനിവാര്യ ഘട്ടങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വന്നാല്‍ അളവ് പരിമിതപ്പെടുത്തുവാന്‍ നാം ശ്രദ്ധിക്കണം.

ജീവിത സൗകര്യങ്ങളില്‍ വരുന്ന വര്‍ധനവ് ഊര്‍ജ നഷ്ടത്തിനുള്ള സ്വാതന്ത്ര്യമായി പരിഗണിക്കുന്ന സാഹചര്യമാണ് പലയിടത്തും ദൃശ്യമാകുന്നത്. മതപരമായ വുദൂഅ് പോലുള്ള കര്‍മ്മങ്ങള്‍ക്ക് പോലും അത്യാവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കണമെന്നാണ് മതം അനുശാസിക്കുന്നത്. ടാപ്പുകള്‍ അലക്ഷ്യമായി തുറന്നിടുന്നതും കുടിവെള്ള സംവിധാനം തകരാറിലായി വെള്ളം ഒലിച്ചു പോകുന്നതും നമ്മുടെ നാട്ടിലെ നിത്യ കാഴ്ച്ചകളാണ്.

നമ്മുടെ കൈവശമുള്ള കിണറിലെ ശുദ്ധജലം അവനവന്റെയും കുടുംബത്തിന്റെയും ആവശ്യം കഴിഞ്ഞ് അവശേഷിക്കുന്നുവെങ്കില്‍ അയല്‍വാസികളുടെയും നാട്ടുകാരുടെയും അവകാശമാണ് എന്ന് തിരിച്ചറിയാന്‍ പറ്റണം. ജലം പങ്കു വെക്കുക എന്ന സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ ഈ വരള്‍ച്ച ഒരു നിമിത്തമാകട്ടെ. ജലം വില്‍പ്പനച്ചരക്കായി നിശ്ചയിച്ച് കുത്തകയാക്കി വെക്കുന്ന സാഹചര്യം ഒരു കാരണവശാലും പ്രോല്‍സാഹിപ്പിക്കപ്പെട്ടുകൂടാ. സാധാരണക്കാരന്റെ കൂടി നീര് ഊറ്റിയെടത്ത് ഊറ്റം കൊള്ളാന്‍ ഒരു വന്‍കിട കമ്പനിയെയും നാം അനുവദിക്കാന്‍ പാടില്ല.

ഏത് കാലാവസ്ഥയിലും ജലസമൃദ്ധമായിരുന്ന കേരളത്തില്‍ ശുദ്ധജലം അപൂര്‍വ വസ്തുവായി മാറുന്ന കാലം അത്ര വിദൂരമല്ല. പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കായലുകള്‍ തുടങ്ങിയ പ്രകൃതിയില്‍ ലഭ്യമായ പൊതു ജലസംഭരണികള്‍ തിരിച്ചു പിടിക്കാന്‍ ജനകീയ അടിത്തറയുള്ള പദ്ധതികള്‍ ആവഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ സന്നദ്ധ സംഘടനകള്‍ രംഗത്ത് വരണം.

വരള്‍ച്ചാ കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളില്‍ പൊതു കുളങ്ങളും പൊതു കിണറുകളും പുതുതായി നിര്‍മ്മിക്കാന്‍ ആവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറെ അനിവാര്യമാണ്. വരള്‍ച്ച നേരിടുന്ന സമയങ്ങളില്‍ സൗജന്യ ജല വിതരണത്തിനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്.

ആഗോള താപനവും വര്‍ഷാവര്‍ഷങ്ങളില്‍ ലഭിച്ചു വരുന്ന മഴയുടെ അളവില്‍ രൂപപ്പെട്ട കനത്ത കുറവുമാണ് ഇത്തവണ നേരത്തെയുള്ള വരള്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മഴവര്‍ഷിപ്പിക്കുന്നവന്‍ അല്ലാഹു മാത്രമാണെന്നും അവനോടു പ്രാര്‍ഥിക്കുകയല്ലാതെ വേറൊരു പോംവഴിയുമില്ലെന്നും നമ്മുടെ സമൂഹം തിരിച്ചറിയണം. കഴിയുന്നത്ര പ്രദേശങ്ങളില്‍ സഘമായി മഴക്ക് വേണ്ടിയുള്ള നമസ്‌ക്കാരവും സംഘടിപ്പിക്കാവുന്നതാണ്.

ആസന്നമായിരിക്കുന്ന ജല പ്രതിസന്ധി നമുക്ക് ചില തിരിച്ചറിവുകള്‍ പകര്‍ന്ന് നല്‍കുന്നുണ്ട്.

ജീവന്റെ അടിസ്ഥാന ഘടകമായി വര്‍ത്തിക്കുന്നത് ജലമാണ്. ഭൂമി വാസയോഗ്യമാകുന്നത് തന്നെ ഒരര്‍ഥത്തില്‍ ജലസാന്നിധ്യം കൊണ്ടാണ്. പ്രപഞ്ച നാഥന്‍ ലോകത്ത് നിശ്ചയിച്ച നിയമങ്ങളുടെ താളപ്പൊരുത്തം ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഓരോ തവണയും മഴ വര്‍ഷിക്കുന്നത്.

അല്ലാഹു പറയുന്നു: ''നാം ജലത്തില്‍ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് (അല്ലാഹു)വില്‍ വിശ്വസിച്ചു കൂടേ?'' (വിശുദ്ധ ഖുര്‍ആന്‍ 21:30)

അഹങ്കാരത്തിന്റെയും അല്‍പത്തത്തിന്റെയും കൊടുമുടി കയറി ദൈവത്തെ മറന്ന് ജീവിക്കുന്നവരോട് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യം വളരെ പ്രസക്തമാണ്.

''പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?'' (67:30)

0
0
0
s2sdefault