ജലക്ഷാമം ക്ഷണിച്ചുവരുത്തരുത്

പത്രാധിപർ

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28

പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കുന്നത് ഭൂമിയില്‍ മാത്രമാണെന്നാണ് കരുതപ്പെടുന്നത്. മനുഷ്യരെപ്പോലെ ജന്തുക്കളും സസ്യങ്ങളും ജലത്തെ ആശ്രയിക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വെള്ളം മാത്രമെ ജന്തുക്കളും സസ്യങ്ങളും ഉപയോഗിക്കുന്നുള്ളൂ. എന്നാല്‍ മനുഷ്യന്‍ കുടിക്കാനും കുളിക്കാനും ജലസേചനത്തിനും വ്യവസായത്തിനും എന്നുവേണ്ട, പലതരം ആവശ്യങ്ങള്‍ക്കായി വെള്ളം ഉപയോഗിക്കുന്നു. ലോകാരംഭം മുതല്‍ ഇന്നോളമുള്ള മാനവരാശിയുടെ സാമ്പത്തികവും സാങ്കേതികവുമായ ഉയര്‍ച്ചയും താഴ്ചയും ജലലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭൂമിയുടെ ജലത്തിന്റെ ഭൂരിഭാഗവും സമുദ്രജലമായും മഞ്ഞുകട്ടകളായുമാണ് നിലനില്‍ക്കുന്നത്. ഉപയോഗിക്കാന്‍ കഴിയുന്ന വെള്ളം വളരെ കുറവാണ് എന്നര്‍ഥം. മലിനീകരണവും ആസൂത്രിതമായ ജലമാനേജ്‌മെന്റിന്റെ അഭാവവും മൂലം മിക്ക രാജ്യങ്ങളിലും കുടിവെള്ളം ഇന്നൊരു ജീവന്‍മരണ പ്രശ്‌നമാണ്.

ധാരാളം ജലം മഴയിലൂടെ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ചെറുതും വലുതുമായ 44 നദികളും 20 ശുദ്ധജല തടാകങ്ങളും അരുവികളും കുളങ്ങളും കിണറുകളും നിറഞ്ഞ കേരളത്തില്‍ ജലക്ഷാമമുണ്ടാകേണ്ടതല്ല. എന്നാല്‍ 1983 മുതല്‍ കേരളം വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. മഴയില്ലാത്തതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. ശരാശരി 3000 മില്ലീമീറ്റര്‍ മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്. ഏതാണ്ട് 12 കോടി ക്യുബിക് മീറ്റര്‍ വെള്ളം. ഈ വെള്ളത്തിന്റെ 60 ശതമാനവും അപ്പോള്‍ തന്നെ കുത്തിയൊലിച്ച് കടലിലെത്തിച്ചേരുകയാണ് ചെയ്യുന്നത്. ജലം സംഭരിച്ചുവെക്കണമെങ്കില്‍ മേല്‍മണ്ണ് വേണം. മണ്ണിനെ സംരക്ഷിക്കാന്‍ കാടുവേണം. 44 ശതമാനം വനമുണ്ടായിരുന്നു കേരളത്തില്‍.ഇന്ന് അത് 9 ശതമാനം മാത്രമാണ്.

ജലക്ഷാമം വന്നതോടെ ഭൂഗര്‍ഭജലം ഊറ്റാന്‍ തുടങ്ങി. ദിനംപ്രതി അനേകം കുഴല്‍കിണറുകളാണ് പുതുതായി കുഴിക്കപ്പെടുന്നത്. മഴക്കാലത്തു പോലുമിന്ന് ഭൂഗര്‍ഭജല പോഷണം നടക്കുന്നില്ല. തണ്ണീര്‍ തടങ്ങളും നെല്‍കൃഷി പാടങ്ങളുമാണ് ഭൂഗര്‍ഭജല പോഷണത്തിന്റെ പ്രധാന മാര്‍ഗങ്ങള്‍. അതെല്ലാം വികസനത്തിന്റെ പേരില്‍ നാം ഇല്ലാതാക്കി. 1975 ല്‍ 8.75 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് 2.15 ലക്ഷം ഹെക്ടര്‍ സ്ഥലം മാത്രം.

ജല സ്രോതസ്സുകളായ നദികള്‍, ഇടതോടുകള്‍, അരുവികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചിറകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുകയും മഴവെള്ളം സംഭരിക്കുകയും ചെയ്തില്ലെങ്കില്‍ അതിരൂക്ഷമായ ജലക്ഷാമം നാം അഭിമുഖീകരിക്കേണ്ടിവരും.

മഴവെള്ളം ഫലപ്രദമായി ഉപയോഗിച്ചാല്‍ ജലക്ഷാമം പരിഹരിക്കാനാകും. നീര്‍ക്കുഴി, കൈയാല, തണ്ണീര്‍ത്തട നിര്‍മാണം, തട്ടുതിരിക്കല്‍, മേല്‍ക്കൂര മഴവെള്ള ശേഖരണം തുടങ്ങിയ പല മാര്‍ഗങ്ങളും മഴവെള്ള ശേഖരണത്തിനുണ്ട്. ലോകത്തില്‍ മൂന്നില്‍ ഒരു വിഭാഗം ജനങ്ങള്‍ ഇന്ന് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നുവെന്നും 2032 ആകുമ്പോള്‍ ഇത് 50 ശതമാനമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജലത്തിന്റെ ആസൂത്രിത വിനിയോഗം, ജലസംരക്ഷണം, മഴവെള്ള സംഭരണം എന്നിവയിലൂടെ മാത്രമെ ജലക്ഷാമത്തില്‍നിന്ന് കരകയറാനാകൂ.

ജല സംരക്ഷണത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഒഴുകുന്ന പുഴയില്‍നിന്നാണ് അംഗസ്‌നാനം ചെയ്യുന്നതെങ്കിലും അമിതമാകരുതെന്നാണ് പ്രവാചകന്റെ കല്‍പന. ഒരു കാര്യത്തിലും ഇസ്‌ലാം അമിതവ്യയം അംഗീകരിക്കുന്നില്ല. കുളിക്കുമ്പോഴും വസ്ത്രങ്ങള്‍ അലക്കുമ്പോഴും ചെടികള്‍ നനക്കുമ്പോഴുമെല്ലാം വെള്ളത്തിന്റെ വിലയറിയാതെ അത് പാഴാക്കിക്കളയുന്ന ശീലം മലയാളികള്‍ക്കുണ്ട്. സത്യവിശ്വാസികളില്‍ ഈ സ്വഭാവം ഒരിക്കലും ഉണ്ടായിക്കൂടാ.

ന്നുജലം സ്രഷ്ടാവിന്റെ കാരുണ്യത്തിന്റെ ഭാഗവും അതിമഹത്തായ അനുഗ്രഹവും ദൃഷ്ടാന്തവുമാണ്. അല്ലാഹു പറയുന്നു: ''അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ- അത് നിര്‍ജീവമായികിടന്നതിന് ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്.''(16:65).

0
0
0
s2sdefault