ജലക്ഷാമം നമ്മെ ഓര്‍മിപ്പിക്കുന്നത്

മൂസ സ്വലാഹി, കാര

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19

പരാതികളും പരിഭവങ്ങളും നിറഞ്ഞതാണല്ലോ മനുഷ്യജീവിതം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ചൊല്ലിയാണ് ഏറിയ പരാതികളും. ആരോഗ്യം, സമ്പത്ത്, ഭക്ഷണം, ജോലി തുടങ്ങിയ ഒട്ടനവധി കാര്യങ്ങളില്‍ മനുഷ്യര്‍ ഏറെ പരാതികള്‍ പറയാറുണ്ട്. ഇല്ലാത്തവര്‍ക്ക് ഇല്ലാത്തതിന്റെ പേരില്‍ പരാതി; ഉള്ളവര്‍ക്ക് കുറഞ്ഞുപോയതിന്റെ പേരിലും!

ജലം ഏറ്റവും പ്രധാനപ്പെട്ട ഒരു അനുഗ്രഹമാണ്. ഇപ്പോള്‍ ഇതിന്റെ ക്ഷാമത്തിന്റെ പേരിലാണ് പരാതി. അനുഗ്രങ്ങള്‍ വര്‍ധിക്കുന്നതിനും നിലനില്‍ക്കുന്നതിനും പരിഹാരം പരാതിയല്ല; മറിച്ച് അനുഗ്രഹദാതാവിന് നന്ദികാണിക്കലാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

അല്ലാഹു പറയുന്നു: ''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും....''(14:7).

2. വെള്ളം അമൂല്യമാണ്

ഉറവകളും ജലാശയങ്ങളും പുഴകളും നദികളും കിണറുകളും വറ്റിവരണ്ട അവസ്ഥയായി. ദാഹമകറ്റാനും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമായി വെള്ളം തേടിയലയുന്ന അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു. വെള്ളംപാഴാക്കരുത്, അത് അമൂല്യമാണ്, ജലം സംരക്ഷിക്കുക, അതിനെ മലിനമാക്കരുത്... എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.ചര്‍ച്ചകള്‍ നടക്കുന്നു. പച്ചപ്പ് നഷ്ടപ്പെട്ട, ഉണങ്ങõവരണ്ട ഭൂമിയുടെ ചിത്രം നോവുന്ന കാഴ്ചയായി വാര്‍ത്താമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

അതെ, ജലം ജീവന്റെ നിലനില്‍പിന് അത്രമേല്‍ അനിവാര്യമായ ഒന്നാണ്. പക്ഷേ, അതിന്റെ നിയന്രതണം മനുഷ്യകരങ്ങളിലല്ല. അല്ലാഹു പറയുന്നു:

''ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്'' (56:68-70).

''പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?'' (67:30).

വരള്‍ച്ചയെ ഏറെ ഭീതിയോടെത്തന്നെയാണ് നാം നോക്കിക്കാണേണ്ടത്. ഒരിക്കല്‍ വരള്‍ച്ച ബാധിച്ച നാട്ടിലെ ആളുകള്‍ പരാതിയുമായി നബി(സ്വ)യുടെ അടുക്കല്‍ ചെന്ന സംഭവം ഹദീഥ് ഗ്രന്ഥങ്ങളില്‍ വിവരിച്ചതായി കാണാം. അനസ്ബ്‌നുമാലിക്(റ)വില്‍ നിന്ന് നിവേദനം: ''ഒരു വെള്ളിയാഴ്ച നബി (സ്വ) മിമ്പറില്‍ നിന്ന് ഖുത്വുബ നിര്‍വഹിച്ചു കൊണ്ടിരിക്കെ ദാറുല്‍ ഖദാഇന്റെ ഭാഗത്തുള്ള വാതിലിലൂടെ ഒരാള്‍ പള്ളിയില്‍ പ്രവേശിച്ചു.നബി(സ്വ)ക്ക് അഭിമുഖമായി നിന്നുകൊണ്ട് അയാള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, (മഴയില്ലാത്തതുമൂലം) സമ്പത്തെല്ലാം നശിച്ചു. എല്ലാ വഴികളും അടഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ക്ക് മഴ ലഭിക്കാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.' അപ്പോള്‍ നബി(സ്വ) ഇരു കൈകളും ഉയര്‍ത്തി. ശേഷം 'അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരേണമേ' എന്ന് മൂന്ന് പ്രാവശ്യം പ്രാര്‍ഥിക്കുകയും ചെയ്തു. അനസ്(റ) പറയുന്നു: 'അല്ലാഹുവാണേ സത്യം! ഞങ്ങള്‍ അതുവരെ ആകാശത്ത് മേഘമോ, മേഘത്തിന്റെ ശകലമോ കണ്ടിരുന്നില്ല. സല്‍അ് മലയുടെയോ, ഞങ്ങളുടെ താമസ സ്ഥലത്തിന്റെയോ ഇടയില്‍ ഒരു വീടോ ജനവാസമോ ഉണ്ടായിരുന്നില്ല. അങ്ങനെ (പെട്ടെന്ന്) ആ മലക്ക് പിന്നില്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആകാശ മധ്യത്തിലെത്തിയപ്പോള്‍ അത് വ്യാപിക്കുകയും മഴ പെയ്തു തുടങ്ങുകയും ചെയ്തു. പിന്നീട് ഏതാനും ദിവസങ്ങള്‍ ഞങ്ങള്‍ സൂര്യനെ കണ്ടതേയില്ല...''(മുസ്‌ലിം/897).

മഴ വര്‍ഷിപ്പിക്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. അവനോട് നന്ദി കാണിക്കാനും പാപങ്ങള്‍ വെടിയാനും അവനോട് ചോദിക്കാനും തയ്യാറായാല്‍ അവന്‍ മഴ തന്ന് നമ്മെ സഹായിക്കും.

 

മഴ...മഴ!

മഴ കാരുണ്യമാണ്, അനുഗ്രഹമാണ്, പരീക്ഷണമാണ്, ശിക്ഷയാണ്... അങ്ങനെ പലതായും മനുഷ്യര്‍ക്ക് മഴ ലഭിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: ''തന്റെ കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിന് അത് മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി. അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല'' (25:48-50).

''...നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)'' (8:11).

അനസ്(റ)വില്‍ നിന്ന്: ''...അടുത്ത വെള്ളിയാഴ്ച അതേ വാതിലൂടെ (ദാറുല്‍ ഖദാഇന്റെ) ഒരാള്‍ പള്ളിയില്‍ പ്രവേശിച്ചു. മിമ്പറില്‍ ഖുതുബ നടത്തിക്കൊണ്ടിരിക്കുന്ന നബി(സ്വ)യുടെ അഭിമുഖമായി നിന്നുകൊണ്ട് അയാള്‍ പറഞ്ഞു: '(മഴ കാരണം)സ്വത്ത് മുഴുവന്‍ നശിച്ചു. എല്ലാ വഴികളും അടഞ്ഞു. മഴയൊന്നവസാനിപ്പിക്കാന്‍ താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചാലും.' അപ്പോള്‍ നബി(സ്വ) കൈകള്‍ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: 'അല്ലാഹുവേ, മഴയെ ഞങ്ങളുടെ ചുറ്റുപാടിലേക്ക് നിക്കേണമേ. ഞങ്ങള്‍ക്ക് എതിരായി തീര്‍ക്കരുതേ. അല്ലാഹുവേ, മലകളിലും കുന്നുകളിലും താഴ് വാരങ്ങളിലും തോട്ടങ്ങളിലുമായി നീ അതിനെ മാറ്റേണമേ.' ഉടനെ മഴ നില്‍ക്കുകയും ഞങ്ങള്‍ വെയിലത്ത് നടന്നു പോവുകയും ചെയ്തു''(മുസ്‌ലിം/897).

നൂഹ് നബി(സ്വ)യുടെ ധിക്കാരികളായ ജനതയെ അല്ലാഹു നശിപ്പിച്ചത് ശക്തമായ വെള്ളപ്പൊക്കത്താലാണ്. അല്ലാഹു പറയുന്നു:

''നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക'' (7:84).

കടുത്ത ധിക്കാരവും അധര്‍മവും നിമിത്തം ശിക്ഷയായി മഴ വന്നേക്കാം. ''ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ട നാട്ടിലൂടെ ഇവര്‍ കടന്നുവന്നിട്ടുണ്ടല്ലോ...''(25:40).

മഴയെ പറ്റിയുള്ള കൃത്യമായ അറിവ് അല്ലാഹുവിന് മാത്രമാണ്. അത്‌കൊണ്ടുതന്നെമനുഷ്യപ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറമായി അത് അത് വര്‍ഷിക്കുകയും വര്‍ഷിക്കാതിരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: ''...അവന്‍ മഴ പെയ്യിക്കുന്നു....''(31:34).

ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന്: നബി(സ്വ)പറഞ്ഞു: ''അദൃശ്യങ്ങളുടെ താക്കോല്‍ അഞ്ചാണ്. അത് അല്ലാഹു അല്ലാതെ മറ്റാരുമറിയില്ല....മഴ എപ്പോള്‍ വരുമെന്ന് ഒരാള്‍ക്കുമറിയില്ല'' (ബുഖാരി/1039).

വരള്‍ച്ചകൊണ്ട് ബുദ്ധിമുട്ടനുഭവപ്പെട്ടാലും മഴക്കെടുതികളുണ്ടായാലുമൊക്കെ പലരും കാലത്തെ പഴിക്കാറുണ്ട്. യഥാര്‍ഥ വിശ്വാസകളില്‍നിന്ന് ഇങ്ങനെ സംഭവിക്കാന്‍ പാടില്ല.

അല്ലാഹു പറയുന്നു: ''ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു'' (23:18).

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: ''പ്രതാപവാനും മഹാനുമായ അല്ലാഹു പറഞ്ഞു:'ആദമിന്റെ സന്തതി എന്നെ ഉപദ്രവിക്കുന്നു. അവന്‍ പറയുന്നു: 'എന്തൊരു കാലക്കേട്!' നിങ്ങളിലൊരാളും എന്തൊരു കാലക്കേട് എന്ന് പറയരുത്. ഞാനാണ് കാലം. ഞാനതിന്റെ രാത്രിയും പകലും മാറ്റി മറിക്കുന്നു. ഞാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവയെ ഞാന്‍ പിടിച്ചു നിര്‍ത്തുമായിരുന്നു''(മുസ്‌ലിം/2246).

മഴ ലഭിച്ചാല്‍ അതിനെ സൃഷ്ടികളിലേക്ക് ചേര്‍ത്തു പറയുന്നത് സ്രഷ്ടാവിനോട് കാണിക്കുന്ന നന്ദി കേടാണ്. നബി(സ്വ) അത് വിലക്കിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം).

വരള്‍ച്ചയെന്ന പരീക്ഷണത്തില്‍ നിന്ന് രക്ഷനേടാനും മഴയെന്ന അനുഗ്രഹം ലഭിക്കുന്നതിനും വേണ്ടി ഏതെങ്കിലും സൃഷ്ടിയുടെ പ്രീതി സമ്പാദിക്കലോ അതിനു വേണ്ടി പൂജാകര്‍മങ്ങള്‍ ചെയ്യലോ ഒരു പോംവഴിയല്ല. ഇസ്‌ലാം പഠിപ്പിച്ച ലളിതമായ ചില പാഠങ്ങള്‍ ഉണ്ട്. അവ ഉള്‍കൊള്ളാനും ശ്രദ്ധിക്കാനും വിശ്വാസിക്ക് കഴിയണം.

1. വിശ്വാസവും ക്ഷമതയും കാത്തുസൂക്ഷിക്കുക. അല്ലാഹു പറയുന്നു.

2. പാപമോചനം തേടുകയും പാശ്ചാത്തപിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു.

3. പ്രാര്‍ഥന നിലനിര്‍ത്തുക.

''ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത് വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി'' (7:96).

4. മഴക്ക് വേണ്ടി നമസ്‌കരിക്കുക: ''എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്''(11:52).

5. സകാത്ത് അതിന്റെ അവകാശികള്‍ക്ക് നല്‍കുക.

0
0
0
s2sdefault