ഇസ്‌ലാമോഫോബിയ: പുരാതന ചരിത്രത്തിന്റെ വാര്‍പ്പു മാതൃകകള്‍

മുഹമ്മദ് അജ്മല്‍ സി

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28

വര്‍ത്തമാനം പലപ്പോഴും ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. അതുകൊണ്ട് തന്നെയാണ് ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍കൊള്ളാനുണ്ട് എന്ന വാക്യം നിത്യപ്രസക്തമായി നിലകൊള്ളുന്നത്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം ഈ കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ച മുഹമ്മദ് നബി(സ)യുടെ ജീവിതത്തെ സ്വജീവിതത്തില്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും പ്രതിസന്ധിഘട്ടങ്ങളിലെ അവിടുത്തെ പ്രതികരണരീതികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ചെയ്യേണ്ടവരാണവര്‍. ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്...'' (ക്വുര്‍ആന്‍ 33:21).

ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഒട്ടനേകം പ്രതിസന്ധിഘട്ടങ്ങളിലൂടെ മുസ്‌ലിം സമൂഹം കടന്നുപോയിട്ടുണ്ട്. അതിനാല്‍ തന്നെ ആധുനിക കാലഘട്ടത്തില്‍ ഈ സമുദായം നേരിടുന്ന വെല്ലുവിളികളെ, അതേതായിരുന്നാലും പിന്നിട്ട കാലങ്ങളിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. അവയെ തരണം ചെയ്യാന്‍ പ്രവാചകനും അനുചരന്മാരും സ്വീകരിച്ച മാര്‍ഗങ്ങളും വളരെ സുവ്യക്തം! തീവ്രവാദ ചിന്തകളുടെ കടന്നുകയറ്റവും പ്രമാണവും കേവല യുക്തിയും മുന്നില്‍വെച്ചുള്ള സംവാദങ്ങളും സ്വദേശത്തുനിന്ന് പുറത്താക്കപ്പെട്ട സമുദായവുമെല്ലാം ഇന്നത്തെ മാത്രം പ്രശ്‌നമല്ല. കഴിഞ്ഞ മാസം ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെയും അഭയാര്‍ഥികളെയും നിരോധിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട ഉത്തരവിനെതിരെ ദേശമതഭേദമന്യെ മനുഷ്യസ്‌നേഹികള്‍ മുഴുവന്‍ ശബ്ദമുയര്‍ത്തുന്ന, പ്രതിഷേധങ്ങള്‍ അഴിച്ചുവിടുന്ന അവസരത്തില്‍ ചരിത്രത്തിലേക്കൊരു എത്തിനോട്ടം സന്ദര്‍ഭോചിതമാകും.

കാലചക്രം നൂറ്റാണ്ടുകള്‍ പിന്നോട്ട് തിരിക്കണം. വാദി മുഹസ്സമില്‍ മക്കയിലെ ബഹുദൈവാരാധകരുടെ യോഗം നടക്കുന്നു. മുമ്പെങ്ങുമില്ലാത്ത ഭയത്തിലാണവര്‍! ഉമര്‍(റ)വും ഹംസ(റ)വും ഇസ്‌ലാം സ്വീകരിച്ചു. ഏകദൈവാരാധനയുടെ പ്രബോധനവീഥിയില്‍ നിന്ന് താന്‍ പിന്മാറില്ല എന്ന് അര്‍ഥശങ്കകള്‍ക്കിടയില്ലാത്ത വിധം മുഹമ്മദ് നബി(സ) വ്യക്തമാക്കി. അതിലപ്പുറം അവരെ ഭയപ്പെടുത്തിയത് ബനൂഹാശിം, ബനു മുത്ത്വലിബ് കുടുംബങ്ങളിലെ വിശ്വാസികളും അവിശ്വാസികളും നബി(സ)യെ സംരക്ഷിക്കാന്‍ എടുത്ത തീരുമാനമായിരുന്നു. നബി കുടുംബത്തില്‍ നിന്ന് അബൂലഹബ് മാത്രമായിരുന്നു ആ കരാര്‍ അംഗീകരിക്കാതിരുന്നത്. നബി(സ)ക്കെതിരെ നേരിട്ട് ഒരാക്രമണം സാധ്യമല്ലാത്ത വിധത്തില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു!

ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ മക്കയില്‍ 'ഇസ്‌ലാമോഫോബിയ' വളരെ ശക്തമായിക്കഴിഞ്ഞിരിക്കുന്നു. മുഹമ്മദിനോടും അദ്ദേഹത്തെ പിന്തുണക്കുന്നവരോടും യാതൊരുവിധ ബന്ധവും -അത് സാമൂഹികമോ സാമ്പത്തികമോ ആവട്ടെ- പുലര്‍ത്താന്‍ പാടില്ല എന്നവര്‍ തീരുമാനിച്ചു. അവരുമായി കച്ചവടം നടത്തരുത്, സംസാരിക്കരുത്... പൂര്‍ണമായ ബഹിഷ്‌കരണം! 'മുഹമ്മദിനെ വധിക്കാന്‍ തങ്ങള്‍ക്ക് വിട്ടുതരുന്നത് വരെ' ഈ ബഹിഷ്‌കരണം തുടരാന്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ തീരുമാനിച്ചു. മക്കയിലെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ശിഇബ് അബീത്വാലിബ് എന്ന താഴ്‌വരയിലേക്ക് പ്രവാചകന്‍(സ)ക്കും അനുചരന്മാര്‍ക്കും, അവരെ പിന്തുണച്ച ബനൂഹാശിം, ബനൂ മുത്ത്വലിബ് കുടുംബങ്ങള്‍ക്കും പിന്‍വാങ്ങേണ്ടിവന്നു. സാമൂഹിക ബന്ധങ്ങള്‍ പൂര്‍ണമായും വിഛേദിക്കപ്പെട്ടു.

വിശന്ന് കരയുന്ന പിഞ്ചുപൈതങ്ങളുടെ ശബ്ദം താഴ്‌വരയില്‍ അലയടിച്ചു. ഹൃദയത്തില്‍ കാരുണ്യത്തിന്റെ ഉറവ ഇനിയും വറ്റാത്ത ചില മക്കാനിവാസികള്‍ നല്‍കുന്ന ഭക്ഷണ സാമഗ്രികള്‍ മാത്രമായിരുന്നു ഉപജീവനത്തിന് ആശ്രയം. മക്കക്ക് പുറത്ത് പോയി ഭക്ഷണ സാധനങ്ങള്‍ വാങ്ങാം എന്ന്‌വെച്ചാല്‍ അതിനുള്ള സാമ്പത്തിക കഴിവും ഇല്ല.

വളരെ ദുര്‍ഘടമായ സാഹചര്യം. മൃഗങ്ങളുടെ തോലും ഇലകളും തിന്ന് മനുഷ്യര്‍ വിശപ്പടക്കുന്ന അവസ്ഥയൊന്ന് ചിന്തിച്ചുനോക്കൂ! മൂന്ന് വര്‍ഷം ഈ ദുരവസ്ഥ തുടര്‍ന്നു. എന്നാല്‍ ഒടുവില്‍ മക്കയിലെ അവിശ്വാസികളില്‍ നിന്ന് തന്നെ ഒരു വിഭാഗം ഈ അനീതിക്കെതിരെ രംഗത്തെത്തി. ബനൂഹാശിം കുടുംബവുമായി രക്തബന്ധമുണ്ടായിരുന്ന പലര്‍ക്കും തങ്ങളുടെ ബന്ധുക്കള്‍ സഹിക്കുന്ന ഈ പീഡനം അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഹിശാമുബ്‌നു അംറ്, സുഹൈറുബ്‌നു അബീ ഉമയ്യ, മുത്ഇം ഇബ്‌നു അദിയ്യ്, അബുല്‍ ബുഖ്താരി, സമ്മഅ് ബിന്‍ അല്‍ അസ്‌വദ് എന്നീ അഞ്ച് പേര്‍ പരസ്യമായി കഅ്ബക്കുള്ളില്‍ കെട്ടിത്തൂക്കിയ ബഹിഷ്‌കരണ കരാര്‍ കീറിയെറിയാന്‍ പുറപ്പെട്ടു. അബൂജഹല്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല!

അതേസമയം അല്ലാഹുവിന്റെ നാമത്തില്‍ എന്ന വാചകമൊഴികെ കരാറിന്റെ മറ്റ് ഭാഗങ്ങളെല്ലാം ചിതലരിച്ച് പോയിരിക്കുന്നു എന്ന് തനിക്ക് ലഭിച്ച ദൈവിക വെളിപാട് മുഹമ്മദ് നബി(സ) പിതൃവ്യന്‍ അബൂത്വാലിബിനെ അറിയിച്ചു. ഇക്കാര്യം കരാര്‍ ലംഘിക്കാന്‍ വന്നവരോടും അബൂജഹലിനോടും അബൂത്വാലിബ് പറഞ്ഞപ്പോള്‍ ഇത് സത്യമാണെങ്കില്‍ ബഹിഷ്‌കരണം പിന്‍വലിക്കാന്‍ തയ്യാറാണ് എന്ന് ബഹുദൈവാരാധകര്‍ക്ക് സമ്മതിക്കേണ്ടി വന്നു. കരാര്‍ രേഖ എഴുതിയ തോല്‍ പരിശോധിക്കാന്‍ ചെന്ന മുത്ഇമുബ്‌നു അദിയ്യ് കണ്ട കാഴ്ച അത്ഭുതകരമായിരുന്നു!

'ബിസ്മിക്കല്ലാഹുമ്മ' എന്ന ഭാഗമൊഴികെ അനീതിയുടെയും പീഡനത്തിന്റെയും വാചകങ്ങളെല്ലാം ചിതല്‍ തിന്ന് നശിച്ചിരിക്കുന്നു. മൂന്ന് വര്‍ഷം നീണ്ട ബഹിഷ്‌കരണം പിന്‍വലിക്കാന്‍ ഇതോടെ സത്യനിഷേധികള്‍ നിര്‍ബന്ധിതരായി.

ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ മുസ്‌ലിം സമൂഹം പ്രവാചക ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. മുസ്‌ലിമാവാത്ത അബൂത്വാലിബും കുടുംബവും ആ അഞ്ച് ചെറുപ്പക്കാരും മുസ്‌ലിംകള്‍ക്കെതിരെയുള്ള ബഹിഷ്‌കരണത്തിനെതിരെ പൊരുതിയെങ്കില്‍ ഇന്ന് അമേരിക്കയിലും പുറത്തും അന്യമതസ്ഥരായ ആളുകള്‍ പോലും ഈ അനീതിക്കെതരിരെ പ്രതികരിക്കുന്നത് ചരിത്രത്തിന്റെ ആവര്‍ത്തനം തന്നെയാണ്. അല്ലാഹുവും പ്രവാചകനും കല്‍പിച്ചത് പോലെ അന്യമത സമൂഹങ്ങളോട് നീതിപാലിക്കുവാനും അവര്‍ക്ക് നന്മ ചെയ്യുവാനും ഗുണകാംക്ഷയോട് കൂടി വര്‍ത്തിക്കുവാനും മുസ്‌ലിം സമൂഹത്തിന് ഊര്‍ജം പകരുന്നതാണ് നമുക്ക് ചുറ്റുമുയരുന്ന പ്രതിഷേധങ്ങള്‍. അതോടൊപ്പം നാളെ മറ്റു സമൂഹങ്ങള്‍ക്കെതിരെ അനീതിയോ അക്രമമോ സംഭവിച്ചാല്‍ അതാര് ചെയ്താലും സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‍ക്കാ ന്‍ നാം പ്രതിജ്ഞാബദ്ധരാണ് എന്ന ഓര്‍മപ്പെടുത്തലും!

ചരിത്രം ഇനിയും ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും. മക്കയിലെ മഹാമരുഭൂമിയില്‍ പ്രവാചകനും അനുയായികളും അനുഭവിച്ച ബഹിഷ്‌കരണത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ഇതൊക്കെ എത്ര ചെറുത്!

''അല്ല, നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയവര്‍ക്കുണ്ടായതുപോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കുമെന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തുതന്നെയുണ്ട്'' (2:214).

0
0
0
s2sdefault