ഇസ്‌ലാമിന്റെ സമാധാന സങ്കല്‍പം

പത്രാധിപർ

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

സമാധാനമാണ് മനുഷ്യന്റെ ആത്യന്തികമായ തേട്ടം. അതിനെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട്, ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സമാധാനം കണ്ടെത്താന്‍ സഹായിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. സമ്പൂര്‍ണമായി പ്രപഞ്ചനാഥന് സമര്‍പ്പിക്കുന്നതിലൂടെ കരഗതമാകുന്ന സമാധാനത്തില്‍ നിന്ന് തുടങ്ങി, സര്‍വരംഗത്തും സമാധാനത്തിന് നിമിത്തമാകുന്ന രൂപത്തിലാണ് ഇസ്‌ലാമിക വിശ്വാസ-കര്‍മ പദ്ധതികള്‍ സ്രഷ്ടാവ് സംവിധാനിച്ചിട്ടുള്ളത്. 

എന്നാല്‍ അസമാധാനവും അസഹിഷ്ണുതയും സൃഷ്ടിക്കുന്ന തരത്തില്‍ വര്‍ഗീയ ചേരിതിരിവുകള്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, ഇതിനു മുഴുവനും കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയുമാണ് എന്നുള്ളത് ഏറെ സങ്കടകരമാണ്. വലിയൊരളവോളം തെറ്റുധരിപ്പിക്കലിലൂടെയാണ് ഈ ധാരണ സമൂഹത്തില്‍ രൂപപ്പെടുത്തിയെടുത്തതെങ്കില്‍ അല്‍പം ചില അവിവേകി മുസ്‌ലിം നാമധാരികളുടെ പ്രവര്‍ത്തനങ്ങളും ഇതിന് ഹേതുവായി ഭവിച്ചിട്ടുണ്ട് എന്ന വസ്തുത മറച്ച് വെക്കുന്നില്ല.

സൃഷ്ടിപൂജകള്‍ക്കും അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനകള്‍ക്കുമെതിരെ കര്‍ശന നിലപാടെടുത്തിട്ടുള്ള മതമാണ് ഇസ്‌ലാം. എന്നാല്‍ ഇതിലെ നിരര്‍ഥകത സൗമനസ്യം അതിന്റെ വക്താക്കള്‍ക്ക് വിവരിച്ചുകൊടുക്കുക എന്നതിലപ്പുറം അവരു ടെ ആരാധ്യരെ പരിഹസിക്കാനോ ചീത്ത പറയാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. 

ക്വുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും.''(6:108) 

എന്നാല്‍ സത്യമതപ്രബോധനത്തിനെതിരെ അക്രമത്തിനു മുതിരാറുള്ള തമസ്സിന്റെ ആളുകളെ ഈ പ്രബോധനം ചൊടിപ്പിക്കുമെന്നതില്‍ സംശയമൊന്നുമില്ല. അതില്‍ പ്രകോപിതരാകാതെ പക്വമായി പ്രബോധനം തുടരുവാനാണ് ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്. ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.''(60:8)  

സമൂഹത്തില്‍ കുഴപ്പങ്ങളും അരാജകത്വങ്ങളും സൃഷ്ടിക്കുന്നത് ഏറെ വെറുക്കുന്നുണ്ട് ഇസ്‌ലാം. തന്റെ സഹോദരന്റെ നേര്‍ക്കുള്ള അത്തരം ഏതൊരു നീക്കത്തെയും നിരുല്‍സാഹപ്പെടുത്താനാണ് പ്രവാചകന്‍ നിര്‍ദേശിക്കുന്നത്. ''നിന്റെ സഹോദരന്‍ അക്രമിയായാലും അക്രമത്തിനിരയായാലും നീ അവനെ സഹായിക്കുക.'' ഇതുകേട്ട് ഒരാള്‍ ചോദിച്ചു: ''ദൈവദൂതരേ, അക്രമത്തിനിരയായവനെ സഹായിക്കാന്‍ എനിക്കറിയാം, എന്നാല്‍ അക്രമിയായാല്‍ അവനെ എങ്ങനെയാണ് ഞാന്‍ സഹായിക്കുക?'' നബി(സ്വ) പ്രതിവചിച്ചു: ''അക്രമത്തില്‍ നിന്ന് നീ അവനെ തടയണം. അങ്ങനെയാണ് നീ അവനെ സഹായിക്കേണ്ടത്.''(ബുഖാരി, മുസ്‌ലിം) 

കൊലയെയും അതിനു സമാനമായ അതിക്രമങ്ങളെയും ശക്തമായി എതിര്‍ക്കുന്ന ക്വുര്‍ആന്‍, ഒരാള്‍ അന്യായമായി കൊലപാതകം നടത്തിയാല്‍ അത് ഭൂമിയിലെ മുഴുവന്‍ മനുഷ്യരെയും കൊന്നതിന് തുല്യമാണെന്നാണ് പഠിപ്പിക്കുന്നത്. ''...മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.'' (5:32) 

ചുരുക്കത്തില്‍, പൂര്‍ണമായ നീതിയിലധിഷ്ഠിതമായ ആശയങ്ങളാണ് ഇസ്‌ലാം മാനവരാശിക്കു മുമ്പില്‍ വെച്ചിരിക്കുന്നത്. എന്നാല്‍ അതിനെ തെറ്റുധരിപ്പിക്കാന്‍ കാരണക്കാരാകുന്ന മതത്തിലെ അകത്തും പുറത്തുമുള്ള ശത്രുക്കള്‍ മേല്‍വചനങ്ങളെ മനഃപൂര്‍വം തമസ്‌കരിക്കുകയും ദൈവികവചനങ്ങള്‍ക്ക് സ്വന്തം ഭാഷ്യം ചമയ്ക്കുകയുമാണ് ചെയ്തിട്ടുള്ളത്.

0
0
0
s2sdefault